എന്ത് വലിയ പ്രശ്‌നത്തേയും പുഞ്ചിരിയോടെ നേരിടുന്നവർക്ക് വിജയമുണ്ടാകുമെന്നത് നിശ്ചയമാണ്. ടെൻഷനും, മനോവിഷമവും പേടിയും അലട്ടുന്ന ആളുകൾ പലപ്പോഴും ചിരിയുടെ പ്രാധാന്യത്തെ കുറിച്ചും അത് ശരീരത്തിനും മനസിനും നൽകുന്ന ആരോഗ്യത്തെ കുറിച്ചും മറന്നുപോകുന്നവരാണ്. ഇഷ്ടപ്പെട്ട കോമഡി പ്രോഗ്രാം, കൂട്ടുകാരുമൊത്തുള്ള നർമ്മ സംഭാഷണങ്ങൾ ഇവയ്‌ക്കെല്ലാം നിങ്ങളുടെ ഉള്ളിലെ സ്‌ട്രെസിനെ കുറയ്ക്കാനോ ഇല്ലതാക്കാനോ സാധിക്കും. ശരീരത്തിലെ എൻഡ്രോഫിൻ ഹോർമോണിന്റെ അളവ് വർധിക്കുന്നതാണ് ഇതിന് കാരണം. ചിരി ആയുസ് വർധിപ്പിക്കുമെന്ന് പറയുന്നത് വെറുതെയല്ല. ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഹ്യദയാരോഗ്യത്തിനും, രക്തസമ്മർദം നിയന്ത്രിക്കുന്നതിനുമെല്ലാം ചിരിക്ക് പ്രത്യേക സ്ഥാനമുണ്ട്. 10 മിനിറ്റ് നാചുറൽ എയ്‌റോബിക് എക്‌സസൈസിലൂടെ 40 കലോറി കുറയ്ക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ചിരി ഒരു വേദന സംഹാരി
വലിയ ബുദ്ധിമുട്ടുകളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുമ്പോൾ ചില സുഹൃത്തുക്കളുടെ തമാശകൾ, ടിവി പ്രോഗ്രാമുകൾ ഇവയെല്ലാം മനസിന് ആശ്വാസം നൽകാറുണ്ട്. ചിലർക്ക് പാട്ട് കേൾക്കുന്നതും സ്‌ട്രെസ് റിലീഫാണ്. പക്ഷേ അതിലും മികച്ചതാണ് ചിരി. നന്നായി ചിരിക്കുന്നവരിൽ എൻഡ്രോഫിൻ ഹോർമോണിന്റെ പ്രവർത്തനം കാര്യക്ഷമമാകുന്നു. ഇത് മാനസിക പിരിമുറുക്കം, വിഷമങ്ങൾ, വേദനകൾ എന്നിവയെ മറക്കാൻ സഹായിക്കുകയും അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. പലപ്പോഴും മരുന്നുകൾ പോലും പരാജയപ്പെടുന്നിടത്ത് ചിരി വിജയിച്ചിട്ടുണ്ട്. മാനസിക, ശാരീരിക അസ്വസ്ഥതകൾ മറന്ന് മനസിനും ശരീരത്തിനും സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യാൻ ചിരിക്കേ സാധിക്കൂ..
പിരിമുറുക്കം ഒഴിവാക്കുന്നു
മാനസിക പിരിമുറുക്കം ഇല്ലാത്ത മനുഷ്യർ ഭാഗ്യവാൻമാർ എന്ന് പറയുന്ന കാലഘട്ടമാണിത്. എല്ലാവരും എന്തെങ്കിലും കാര്യത്തിൽ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. ഇത്തരം പിരിമുറുക്കങ്ങൾ ശരീരത്തിന്റെ ആരോഗ്യത്തെയും കാര്യമായി ബാധിക്കുന്നു. ഒരാൾ മാനസിക പിരിമുറുക്കത്തിൽ ആയിരിക്കുമ്പോൽ അയാളുടെ ശരീരത്തിലെ അഡ്രീനൽ ഗ്രന്ഥി വഴി പിരിമുറുക്കം വർധിപ്പിക്കുന്ന കോർടിസോൾ ഹോർമോണിന്റെ ഉത്പാതനം വർധിക്കുന്നു. ഇത് ഹൃദയസംബന്ധ രോഗങ്ങൾക്കും ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. പിന്നീട് വിഷാദം പോലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു. എന്നാൽ ചിരിയിലൂടെ നിങ്ങൾക്ക് പിരിമുറുക്കം കുറയ്ക്കുന്നതിനൊപ്പം തലച്ചോറിനെ സ്വതന്ത്രമായി ചിന്തിക്കാനും അതുവഴി പല പ്രശ്‌നങ്ങൾക്കും ഉടനടി പരിഹാരം കാണാനും സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
വിഷാദത്തിനുള്ള മരുന്ന്
ചിരി നിങ്ങളുടെ ചടഞ്ഞുകൂടിയുള്ള മൂഡ് മാറ്റി കൂടുതൽ ഊർജവും ചിന്തശേഷിയും നൽകുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് വിഷാദം പോലുള്ള രോഗങ്ങൾ വരുന്നത് തടയാൻ സഹായകരമാണ്. നല്ല സെൻസ് ഓഫ് ഹ്യൂമർ ഉള്ള ആളുകൾക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ പെട്ടെന്ന് ചിന്തിച്ച് പ്രവർത്തിക്കാനും, പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കുന്നു. ചിരി തലച്ചോറിന് നൽകുന്ന ഒരു മസാജാണ്. ഉണർന്ന് ഉൻമേഷത്തോടെ പ്രവർത്തിക്കാൻ തലച്ചോറിനെ സഹായിക്കുന്ന ഒരു മസാജ്. ഇതിലൂടെ നിങ്ങളുടെ മൂഡ് മാറി ഊർജസ്വലമാകുന്നു. വിഷാദം, മാനസിക പിരിമുറുക്കം, ആകാംഷ എന്നിവ ഒഴിവാക്കുന്നതിനൊപ്പം നല്ല ഉറക്കം ലഭിക്കാനും ചിരി അനുകൂല ഘടകമാണ്.
രക്തസമ്മർദം നിയന്ത്രണ വിധേയമാക്കുന്നു
ചിരിക്കുമ്പോൾ നിങ്ങളുടെ രക്തസമ്മർദം വർധിക്കുകയാണ് ചെയ്യുന്നത്. പക്ഷേ അത് ശരീരത്തിന് ദോഷമല്ല, ഗുണമാണ് സമ്മാനിക്കുന്നത്. താൽക്കാലികമായ വർധനവ് മാത്രമാണ് ചിരിക്കുമ്പോൾ ഉണ്ടാകുന്നത്. സ്ഥിരമായി നന്നായി ചിരിക്കുന്നവരിൽ രക്തചംക്രമണം സുഗമമായി നടക്കുകയും പിന്നീട് രക്തസമ്മർദം നിയന്ത്രണ വിധേയമാകുകയും ചെയ്യുന്നു. പിരിമുറുക്കം വർധിക്കുന്നതോടെ അതുമായി ബന്ധപ്പെട്ട ഹോർമോണിന്റെ പ്രവർത്തനവും ശരീരത്തിൽ വർധിക്കുന്നു. ഇത് തടയാൻ ചിരിക്ക് സാധിക്കുന്നു. ചിരിക്കുന്നതിലൂടെ ഇത്തരം ഹോർമോണുകളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം സുഗമമാക്കാനും സാധിക്കുന്നു. രക്തസമ്മർദം നിയന്ത്രണ വിധേയമാക്കാൻ ചിരി നല്ലതാണെന്ന് ഇനി അധികം പറയേണ്ടതില്ലല്ലോ..
ഹൃദയത്തിനായി ചിരിക്കൂ
ഹൃദയാരോഗ്യത്തിന് ചിരി ബെസ്റ്റാണെന്ന് കേൾക്കുമ്പോഴേ നിങ്ങളുടെ മുഖത്തും ഒരു ചിരി വിരിഞ്ഞേക്കാം. രക്തത്തിന്റെ ഒഴുക്കിനെയും മറ്റും നിയന്ത്രിക്കുന്ന എൻഡോതെലിയം ചിരിക്കുമ്പോൾ വികസിക്കുന്നു. ഇത് രക്തത്തിന്റെ പ്രവാഹം സുഗമമാകാൻ കാരണമാകുന്നു. ചിരിക്കുമ്പോൾ ശ്വസനത്തിലൂടെ നിറയെ ഓക്‌സിജൻ ശരീരത്തിനുള്ളിൽ കടക്കുകയും ഹൃദയത്തിന്റെ പ്രവർത്തനത്തിന് സഹായകരമാകുകയും ചെയ്യുന്നു. ഒപ്പം തന്നെ ചിരിക്കുന്നതിലൂടെ ഗുഡ് കൊളസ്‌ട്രോൾ വർധിക്കുന്നു. ചുരുക്കത്തിൽ ചിരിക്കുന്നവരിൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കുറവായിരിക്കും.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
ചിരിക്കുന്നതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ബെറ്റാ-എൻഡ്രോഫിൻസ് പോലുള്ള ഹോർമോണുകൾ ടി സെല്ലുകളുടെ ഉത്പാദനം വർധിപ്പിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതാണ് ടി സെല്ലുകൾ. ജപ്പാനിൽ നടത്തിയ ഒരു പഠനത്തിൽ, ചാർളി ചാപ്ലിനിന്റെ സിനിമ കണ്ടവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ടി സെല്ലിന്റെ ഉത്പാദനം വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വൈറസ്,ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കാൻ ഇത്തരം സെല്ലുകൾക്ക് സാധിക്കുന്നു. കാൻസർ രോഗാണുക്കളെ തടയാൻ ചിരിയിലൂടെ സാധിക്കുമോ എന്ന് പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.
ചിരിക്കുന്നത് ഒരു വ്യായാമമാക്കാം
പലപ്പോഴും നമ്മൾ കരുതുന്നത് ചിരി ഒരു വികാരമാണ് എന്നാണ്. എന്നാൽ അതിനപ്പുറം അതൊരു കായിക പ്രവർത്തി കൂടിയാണ്. ചിരിക്കുമ്പോൾ നമ്മുടെ അബ്‌ഡോമിനലിലേയും മുഖത്തെയും മസിലുകൾക്ക് ചലനമുണ്ടാക്കുന്നു. ചിരിക്കുമ്പോൾ തുടർച്ചയായി ചലിക്കുന്ന ഇത്തരം മസിലുകൾ കൂടുതൽ റിലാക്‌സ് ആവുകയും രക്തത്തിലെ ഓക്‌സിജന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. 10 മിനിറ്റ് ചിരിക്കുന്നതിലൂടെ 10 മുതൽ 40 കലോറി വരെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സാധിക്കും.
ചിരിക്കുന്നതിലൂടെ നിങ്ങൾക്ക് നഷ്ടപ്പെടാൻ ഉള്ളത് ശരീരത്തിലെ അധികം വരുന്ന കലോറികൾ മാത്രമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യമാണ് ചിരി നിങ്ങൾക്ക് പ്രദാനം ചെയ്യുന്നത്. അതിനാൽ എല്ലാദിവസവും കുറച്ച് സമയമെങ്കിലും ചിരിക്കാനായി മാറ്റിവെക്കാം. ഇതിനായി അടുത്ത സുഹ്യത്തുക്കളുമായി നർമ്മ സംഭാഷണങ്ങളിൽ ഏർപ്പെടാം, കോമഡി സിനിമകൾ, വീഡിയോ എന്നിവയും കാണാം. വിഷാദവും മാനസിക പിരിമുറുക്കവും ശരീരത്തിന്റെ ആരോഗ്യത്തെ കൂടി ബാധിക്കുന്ന വിഷയമാണ്. അതിനാൽ ജീവിതം ചിരിച്ചുകൊണ്ട് ജീവിക്കൂ..