spot_img

കരള്‍ വീക്കത്തിന്റെ കാരണങ്ങള്‍; ഹെപ്പറ്റൈറ്റിസിനെ കുറിച്ച് അറിയേണ്ടതെല്ലാം

ജൂലൈ 28 ലോകാരോഗ്യ സംഘടന ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുകയാണ്. ഈ വര്‍ഷത്തെ ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ തീം എന്നു പറയുന്നത് Find the missing millions എന്നുള്ളതാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിനുണ്ടാകുന്ന ഒരു വീക്കമാണ് ഹെപ്പറ്റൈറ്റിസ്. കരള്‍ ശരീരത്തിലെ ഒരുപാട് ധര്‍മങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒരു ഗ്രന്ഥിയാണ്. അതിനുണ്ടാകുന്ന വീക്കം ശരീരത്തിലെ പല ലക്ഷണങ്ങളായി കാണപ്പെടാം.

ഒരുപാട് കാരണങ്ങള്‍ കൊണ്ട് കരള്‍ വീക്കമുണ്ടാകാം. അമിത മദ്യപാനവും വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കവും ഹെപ്പറ്റൈറ്റിസിന് ഇടയാക്കിയേക്കാമെങ്കിലും ഒട്ടുമിക്കപ്പോഴും വൈറസുകളാണ് രോഗത്തിന്റെ പ്രധാന കാരണക്കാര്‍. രോഗകാരികളായ അഞ്ചു വൈറസുകളെ ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഡി,ഇ എന്നിവയാണ് അവ. വേദന സംഹാരികള്‍ അധിക നാള്‍ ഉപയോഗിക്കുമ്പോഴും ഹെപ്പറ്റൈറ്റിസ് വരാം. ഭക്ഷണത്തിലൂടെയുള്ള അമിത ഫാറ്റും അമിതമായ കാര്‍ബോ ഹൈഡ്രേറ്റും കാരണം ഇത് ഫാറ്റി ലിവര്‍ എന്നൊരു അവസ്ഥ സൃഷ്ടിക്കുന്നു. ഇവരില്‍ നല്ലൊരു പങ്കും ലിവര്‍ സിറോസിസ്, ലിവര്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളിലേക്കാണ് ചെന്നെത്തുന്നത്.

രക്തം ഛര്‍ദ്ദിക്കുക, സുബോധം നഷ്ടപ്പെടുക, ശരീരം മുഴുവന്‍ നീരു വെക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ജനിതകപരമായ പല കാരണങ്ങളും ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നുണ്ട്. ഉദാഹരണമായി ഹീമോ ക്രൊമറ്റോസിസ് എന്നുള്ള അസുഖം. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടുകയും അതെല്ലാം കരളില്‍ അടിഞ്ഞ് കൂടുകയും ചെയ്യുന്ന അസുഖമാണിത്. ഇതൊക്കെയാണെങ്കിലും വൈറസുകള്‍ തന്നെയാണ് ഏറ്റവും അപകടകാരിയായി പ്രവര്‍ത്തിച്ച് മരണത്തില്‍ എത്തിക്കുന്നത്. ഇതില്‍ ഹെപ്പറ്റൈറ്റിസ് ബിയും സിയും വന്നാല്‍ ശരീരത്ത് ഒരുപാട് കാലം നീണ്ടു നില്‍ക്കുകയും കരളിനെ തുടരെ തകരാറിലാക്കി സിറോസിലേക്കും ലിവര്‍ കാന്‍സറിലേക്ക് നയിക്കുകയും ചെയ്യും. എന്നാല്‍ ഹെപ്പറ്റൈറ്റിസ് എ,ഡി,ഇ എന്നിവ കുറച്ചു കാലം മാത്രം ശരീരത്തില്‍ നിലനില്‍ക്കുകയും സ്വയമേ മാറുകയും ചെയ്യുന്നവയാണ്. ഇവിടെ തികച്ചും അപൂര്‍വമായി മാത്രമേ രോഗി മരിക്കുന്ന അവസ്ഥയുള്ളു.

ഹെപ്പറ്റൈറ്റിസ് എ സാധാരണ നമ്മുടെ നാട്ടില്‍ കണ്ടു വരുന്ന അസുഖമാണ്. ശുദ്ധമല്ലാത്ത ഭക്ഷണം, വെള്ളം എന്നിവയിലൂടെ മാത്രമാണ് ഇത് പകരുക. വ്യക്തി ശുചിത്വം നന്നായി ശ്രദ്ധിച്ചാല്‍ ഈ രോഗത്തില്‍ നിന്ന് മുക്തരായി ഇരിക്കാം. ഇതിന് വാക്സിനുകള്‍ ലഭ്യമാണെങ്കിലും സ്വയം പരിരക്ഷയ്ക്കാണ് മുന്‍ഗണന കൊടുക്കേണ്ടത്. ഹെപ്പറ്റൈറ്റിസ് ബി പ്രധാനമായും രക്തത്തിലൂടെ അല്ലെങ്കില്‍ ഈ രോഗം ബാധിച്ച വ്യക്തിയുടെ ശരീര സ്രവത്തിലൂടെയാണ് മറ്റൊരാളിലേക്ക് പകരുക. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച അമ്മയില്‍ നിന്നും കുഞ്ഞിലേക്ക്, ലൈംഗിക ബന്ധത്തിലൂടെയും ഈ രോഗം പകരാം. ഇത് പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ സാധിക്കുന്ന അസുഖമല്ല. എന്നാല്‍ ഇതിന്റെ അളവിനെ രക്തത്തില്‍ നിന്ന് കുറയ്ക്കാന്‍ സാധിക്കുന്ന മരുന്നുകള്‍ ലഭ്യമാണ്. ഇതിലൂടെ ഇത്തരം ലിവര്‍ കാന്‍സറില്‍ നിന്ന് ഏറെക്കുറെ രക്ഷപ്പെടാം.

ഹെപ്പറ്റൈറ്റിസ് സിയും രക്തത്തിലൂടെയാണ് പ്രധാനമായും പടരുക. ഇതിനെയും ആന്റി വൈറല്‍ മരുന്നുകള്‍ കഴിക്കുന്നതിലൂടെ നിയന്ത്രിക്കാനാകും. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബിയും സിയും 90 ശതമാനം ആളുകള്‍ക്കും ശരീരത്തിലുണ്ടെന്ന് കണ്ടു പിടിക്കാന്‍ സാധിക്കില്ല. പലപ്പോഴും വേറെന്തെങ്കിലും അസുഖം സംബന്ധമായ ചികിത്സയിലോ രക്ത പരിശോധനയിലൂടെയോ മറ്റുമോ ആകും ഹെപ്പറ്റൈറ്റിസ് ബി,സി കണ്ടു പിടിക്കപ്പെടുക. ഈ അസുഖങ്ങളെ കണ്ടെത്തുക എന്നതാണ് ഈ വര്‍ഷത്തെ ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ തീം.

ഇതിലൂടെ ഈ രോഗത്തെ കുറിച്ച് വ്യക്തമായ അറിവില്ലാത്ത രോഗികള്‍ക്കും ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കും ഈ രോഗത്തിന്റെ തീവ്രത മനസിലാകാത്തതു കൊണ്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക, രോഗ നിര്‍ണയവും ചികിത്സയും വേഗത്തിലാക്കി മാരകമായ പ്രശ്നങ്ങള്‍ തടയുക 2030 ആകുമ്പോഴേക്കും ഈ അസുഖം കൊണ്ടുള്ള മരണം കുറയ്ക്കുക എന്നൊക്കെയാണ് ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷം 14 ലക്ഷത്തോളം മരണങ്ങള്‍ ഹെപ്പറ്റൈറ്റിസ് കൊണ്ട് ഉണ്ടാകുന്നുണ്ട്. ഏകദേശം 29 കോടിയോളം ആള്‍ക്കാര്‍ ഈ രോഗം ഉണ്ടെന്നറിയാതെ കഴിയുന്നുണ്ട്. മരണക്കണക്കില്‍ ഹെപ്പറ്റൈറ്റിസ് കൊണ്ടുള്ള മരണം ഏഴാം സ്ഥാനത്തുണ്ട്. വ്യക്തി ശുചിത്വം സ്വയം ശ്രദ്ധയും തന്നെയാണ് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ഉത്തമ മാര്‍ഗം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.