മൂത്രത്തില്‍ കല്ല് എന്നാണ് പൊതുവെ പറയുന്നതെങ്കിലും വൃക്കയിലോ, വൃക്കയില്‍ നിന്ന് മൂത്രാശയത്തിലേക്ക് പോകുന്ന ട്യൂബിലോ, മൂത്ര സഞ്ചിയിലോ, അവിടെ നിന്ന് പുറത്തേക്കു പോകുന്ന യുറീത്രയിലോ ആയിരിക്കാം യഥാര്‍ത്ഥത്തില്‍ കല്ല് കാണപ്പെടുക. ഈ അവയവങ്ങളില്‍ എവിടെ കല്ലിരുന്നാലും മൂത്രത്തില്‍ കല്ല് എന്നാണ് പറയുന്നത്. അതുപോലെ തന്നെ അര സെ.മീ. മുതല്‍ അഞ്ചു സെ.മീ. വരെ ഏതളവിലുള്ള കല്ലാണെങ്കിലും ഒരേ വിഭാഗത്തിലാണ് ഇവയെ പെടുത്തുന്നത്.
കല്ല് കാണപ്പെടുന്ന സ്ഥലം, വലുപ്പം, ഘടന (കട്ടി) എന്നിവയ്ക്കനുസരിച്ച് അതിന്റെ ചികിത്സയില്‍ വ്യത്യാസമുണ്ട്. വൃക്കയിലുള്ള അര സെ.മീ വലുപ്പമുള്ള കല്ല് ഉടനെത്തന്നെ ചികിത്സിച്ചു മാറ്റണമെന്നില്ല. എന്നാല്‍ ഒന്നോ രണ്ടോ സെ.മീ. നീളമുള്ള കല്ല് ട്യൂബിലാണെങ്കില്‍ അത് പെട്ടെന്നു തന്നെ നീക്കം ചെയ്യേണ്ടതുണ്ട്.
മൂത്രത്തില്‍ കല്ല് പല തരത്തിലുള്ള ശാരീരികപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അടിവയറ്റിലെ വേദനയാണ് പ്രധാന ലക്ഷണം. വൃക്കയിലെ കല്ല് അല്‍പം വലുതാണെങ്കില്‍ കൂടിയും വളരെ നേര്‍ത്ത വേദനയേ ഉണ്ടാകുകയുള്ളു. എന്നാല്‍ ട്യൂബിലെ കല്ല് വളരെ ചെറുതാണെങ്കിലും കഠിനമായ വേദനയുണ്ടാകുന്നു. മൂത്രാശയത്തിലെ കല്ല് മൂലമുണ്ടാകുന്ന വേദനയും വലുപ്പത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
മൂത്രത്തില്‍ കല്ല് കണ്ടെത്താന്‍ സ്‌കാനിങ് പരിശോധനയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സിടി സ്‌കാനാണ് ഇതിന് നല്ലതെങ്കിലും അള്‍ട്രാ സൗണ്ട് സ്‌കാനാണ് പൊതുവെ ഉപയോഗിക്കുന്നത്. പരിശോധന നടത്തി കല്ല് എവിടെയിരിക്കുന്നു, എത്ര വലുപ്പമുണ്ട് എന്നിവ കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സ ആരംഭിക്കുന്നു. വൃക്കയിലിരിക്കുന്ന ചെറിയ കല്ലുകള്‍ക്ക് പലപ്പോഴും ഭക്ഷണക്രമീകരണം പോലുള്ള ചികിത്സയാണ് നിര്‍ദ്ദേശിക്കാറുള്ളത്. അതേസമയം ട്യൂബിലുള്ള അഞ്ചു മില്ലി മീറ്ററില്‍ താഴെയുള്ള കല്ലുകളെ ഇല്ലായ്മ ചെയ്യുന്നതിന് മരുന്നുകള്‍ നല്‍കാറുണ്ട്.
വൃക്കയിലുള്ള വലിയ കല്ലുകള്‍ പൊടിച്ചു കളയുകയാണ് ചെയ്യുന്നത്. പിസിഎന്‍എല്‍ എന്നാണ് അതിന് പറയുന്നത്. രണ്ട് സെ.മീ വരെയുള്ള വൃക്കയിലെ കല്ലുകള്‍ ലേസര്‍ പ്രക്രിയ വഴി പൊടിച്ചുമാറ്റാം. അത് മൂത്രത്തിലൂടെ പുറത്തേക്ക് പോകും. ആ ചികിത്സയ്ക്ക് ആര്‍എആര്‍എസ് എന്നാണ് പറയുന്നത്. ഇഎസ്ഡബ്ലിയുഎല്‍ എന്നൊരു ചികിത്സാരീതി കൂടിയുണ്ട്. പുറത്തു നിന്നൊരു മെഷീന്‍ ഉപയോഗിച്ച് കൊണ്ട് കല്ല് പൊടിച്ചു നീക്കുന്ന രീതിയാണിത്. കട്ടി കുറഞ്ഞ, രണ്ട് സെന്റി മീറ്ററില്‍ താഴെയുള്ള കല്ലുകളിലേ ഇഎസ്ഡബ്ലിയുഎല്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ട്യൂബിലെയും മൂത്രസഞ്ചിയിലെയും കല്ലുകള്‍ മൂത്രദ്വാരം വഴി ലേസര്‍ ചെയ്താണ് നീക്കം ചെയ്യുന്നത്. കല്ലിന്റെ വലുപ്പവും, സ്ഥിതി ചെയ്യുന്ന സ്ഥലവും അനുസരിച്ചാണ് ചികിത്സയ്ക്ക് ഏതുരീതി തെരഞ്ഞെടുക്കണമെന്ന് ഡോക്ടര്‍ തീരുമാനിക്കുന്നത് .
കല്ലിന്റെ ചികിത്സയില്‍ വളരെ പ്രധാനപ്പെട്ടതാണ് ഭക്ഷണ ക്രമീകരണം. കല്ല് അണുബാധ കൊണ്ടും, യൂറിക്കാസിഡ്, കാത്സ്യം ഓക്സിലേറ്റ്, കാത്സ്യം ഫോസ്ഫേറ്റ് എന്നിവ കൊണ്ടും ഉണ്ടാകാം. അതിനാല്‍ ഭക്ഷണ രീതിയില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. യൂറിക്കാസിഡിനെ തുടര്‍ന്നുള്ള കല്ലുകള്‍ ചിലപ്പോള്‍ അമിതമായി മാംസം കഴിക്കുന്നത് കൊണ്ടുണ്ടാകുന്നതാകാം. അത്തരം ആളുകള്‍ മാംസ ഉപയോഗം നിയന്ത്രിക്കേണ്ടി വരും. ഓക്സിലേറ്റ് കല്ലുകള്‍ നട്സ്, ചോക്ലേറ്റ്, ഇലക്കറികള്‍ എന്നിവ അമിതമായി കഴിക്കുന്നത് കൊണ്ടുണ്ടാകുന്നതാകാം. ഉപ്പ് ഉപയോഗം കുറച്ച്, വെള്ളം കുടിക്കുന്നതിന്റെ അളവ് കൂട്ടിയുമൊക്കെ കല്ല് വീണ്ടും വീണ്ടും ഉണ്ടാകുന്നതിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സാധിക്കും.
മിക്ക ആളുകളിലും മൂത്രത്തില്‍ കല്ലുണ്ടാകുന്നതിന് ഒരു കാരണം കണ്ടെത്താന്‍ കഴിയാറില്ല. ചിലരില്‍ കാരണം കണ്ടെത്താറുണ്ട്. അവര്‍ക്ക് അതിനനുസരിച്ച് ചികിത്സ ചെയ്യുന്നു.