രാജ്യത്ത് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വിപ്ലവമാണ് നടക്കുന്നത്. ഇന്റര്‍നെറ്റ് കൂടി സുലഭമായതോടെ ചുറ്റുമുള്ളതൊന്നും കാണാന്‍ ഇന്നത്തെ തലമുറയിലെ പലര്‍ക്കും സമയമില്ല. അവരെല്ലാം മൊബൈല്‍ഫോണിലേക്ക് മുഖം പൂഴ്ത്തിവെച്ചിരിക്കുകയാണ്. മൊബൈല്‍ വളരെയേറെ ഉപയോഗപ്രദമാണെങ്കില്‍ പോലും അതിന്റെ അമിത ഉപയോഗം നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. നിരന്തരമായുള്ള മൊബൈല്‍ ഉപയോഗം അതില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. ഇതിലൂടെ വിലപ്പെട്ട സമയം മനുഷ്യര്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മാനസിക പിരിമുറുക്കം, അശ്രദ്ധ, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിവയിലേക്ക് പിന്നീടിത് വ്യാപിക്കുന്നു.
എവിടേയും മൊബൈല്‍ ഫോണുമായി പോകുന്നവരാണ് നമ്മില്‍ പലരും. ബാത്ത്റൂമില്‍ പോലും മൊബൈല്‍ ഇല്ലാതെ കേറാന്‍ വയ്യാത്ത അവസ്ഥയിലെത്തിയവരും ഉണ്ട്. മൊബൈല്‍ ഒരു ലഹരിയായി തന്നെ ഇക്കാലത്ത് മാറിക്കഴിഞ്ഞു. മൊബൈലിനോടുള്ള ഈ ആസക്തി നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. പക്ഷേ, അവയിലേക്ക് കടക്കുംമുന്‍പ് മൊബൈലിന് അടിമയാകുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.
നിങ്ങള്‍ എത്രത്തോളം മൊബൈല്‍ഫോണിന് അടിമയാണ്?
18നും 44 നും ഇടയില്‍ പ്രായമുള്ള ഭൂരിഭാഗം ആളുകളും ദിവസവും കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും മൊബൈലില്‍ സമയം ചെലവഴിക്കുന്നവരാണ്. ചാറ്റിങ്, സ്ക്രോളിങ്, യൂട്യൂബിങ് അങ്ങനെ പലതും നടക്കുന്നു. ഇവരില്‍ 80 ശതമാനം ആളുകളും ഓരോ പതിനഞ്ചു മിനിറ്റിനിടയിലും മൊബൈല്‍ നോക്കുന്നവരാണ്. മെസേജ്, നോട്ടിഫിക്കേഷന്‍ വന്നത് നോക്കാനോ അല്ലെങ്കില്‍ വെറുതെ സമയം കളയാനോ വേണ്ടിയെങ്കിലും ഇടയ്ക്കിടെ മൊബൈല്‍ നോക്കുന്നവര്‍ ധാരാളമാണ്. ബെഡ്റൂമില്‍ പോലും ഈ സ്വഭാവം കാണിക്കുന്നു. ഇതൊരു അപായ സൂചനയാണ്.നിരന്തരമായ മൊബൈല്‍ഫോണ്‍ ഉപയോഗം ഒരാളുടെ സ്വഭാവത്തെ കാര്യമായി തന്നെ ബാധിച്ചേക്കാം.
മൊബൈല്‍ അടിമയുടെ ലക്ഷണങ്ങള്‍
- പെട്ടെന്ന് മെസേജുകള്‍ക്ക് മറുപടി ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന ആകാംഷ, ക്ഷമയില്ലായ്മ, മനോവിഷമം
- ഫോണ്‍ കൈയ്യിലില്ലെങ്കില്‍ ഉണ്ടാകുന്ന ഏകാന്തത, മടുപ്പ്, ബുദ്ധിമുട്ടുകള്‍
- ജോലി ചെയ്യുമ്പൊഴോ, കുടുംബത്തോടൊപ്പം ആയിരിക്കുമ്പോഴോ ഇടയ്ക്കിടെ ഫോണ്‍ നോക്കാനുള്ള പ്രേരണ
- ഏറെ നേരം മൊബൈല്‍ ഉപയോഗിച്ചതിന്റെ ഫലമായി പിന്നീട് ചെയ്യേണ്ട കാര്യങ്ങള്‍ മറന്നുപോകുക, എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ
- ഉറക്കം നഷ്ടപ്പെടുത്തി രാത്രികാലങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുക
- ആരോഗ്യപരമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ താല്പര്യക്കുറവ് കാണിക്കുക
ഈ ലക്ഷണങ്ങളെല്ലാം മൊബൈല്‍ ഉപയോഗിക്കുന്ന സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പലരിലും കണ്ടുവരുന്നതാണ്. 14-18 വയസ് പ്രായമുള്ളവരില്‍ നടത്തിയ പഠനത്തില്‍ അനാരോഗ്യപരമായ മൊബൈലിനെ ആശ്രയിക്കുന്നവര്‍ 31.33 ശതമാനമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരക്കാര്‍ക്ക് മൊബൈല്‍ മാറ്റിവെച്ച് മറ്റെന്തെങ്കിലും ചെയ്യാനാവില്ല. ഇനി അഥവാ മൊബൈല്‍ മാറ്റിവെക്കേണ്ടി വന്നാലോ അവര്‍ ചെയ്യുന്ന ജോലികളില്‍ ഒട്ടും ശ്രദ്ധയുണ്ടാകില്ല ഒപ്പം മൊബൈല്‍ ഫോണിനെ കുറിച്ചുള്ള ചിന്തകളായിരിക്കും മനസ് നിറയെ..
മൊബൈലിനോടുള്ള ഇത്തരം ആസക്തികള്‍ ജീവിതത്തെ ആകെപ്പാടെ ബാധിക്കുന്നതാണ്. തുടര്‍ച്ചയായുള്ള ടെക്സ്റ്റിങ് മനോനിലയെ സാരമായി ബാധിച്ചേക്കാം. സ്വഭാവത്തിലും നിറയെ മാറ്റങ്ങള്‍ക്ക് കാരണമാകാം. എല്ലാ ദിവസവും അനാവശ്യമായ ടെന്‍ഷനും മനോവിഷമവും ഉണ്ടാകാന്‍ മൊബൈലുകള്‍ കാരണമാകാറുണ്ട്.
മാനസിക പിരിമുറുക്കം, ആകാംഷ, വിഷാദം എന്നിവ അനുഭവപ്പെടുക
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മദ്യപാനം, പുകവലി, മോശം പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത് പിന്നീട് അയാളെ മാനസികമായി ബാധിക്കുകയും സ്വയം പര്യാപ്തത നഷ്ടപ്പെടുത്തി മൊബൈലിന് അടിമയായിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
എപ്പോഴും മൊബൈലുമായി ബന്ധപ്പെട്ടിരിക്കണം എന്ന അവസ്ഥയിലുള്ളവര്‍ക്ക് ആകാംഷ അധികമായിരിക്കും, പ്രത്യേകിച്ചും മൊബൈല്‍ അവരുടെ അടുത്തില്ലാത്തപ്പോള്‍ പോലും. മാറ്റിവെച്ചിരിക്കുന്ന ഫോണില്‍ നിന്ന് നോട്ടിഫിക്കേഷന്റെ സൗണ്ട് വരുമ്പോള്‍ അത് ഹൃദയത്തിന്റെ സ്പന്ദനം പോലും വേഗത്തിലാക്കുന്നു. ഫോണ്‍ കൈയ്യിലെടുത്ത് അത് എന്താണെന്ന് അറിയുന്നത് വരെ ആകാംഷ നിലനില്ക്കുന്നു. ഫോണില്‍ എന്താണ് വരുന്നതെന്നറിയാന്‍ എപ്പോഴും ഇത്തരക്കാര്‍ താല്പര്യം കാണിക്കുന്നു. ഇത്തരക്കാരില്‍ പ്രത്യേകിച്ച് കുട്ടികളിലും യുവാക്കളിലും മൊബൈല്‍ ഫോണിന്റെ ഉപയോഗം മൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കവും ആകാംഷയും മാനസികാരോഗ്യത്തെയും ശരീകരത്തേയും ബാധിക്കുന്നു. മാനസിക പിരിമുറുക്കവും പ്രതീക്ഷയില്ലായ്മയും പിന്നീട് വിഷാദത്തിലേക്ക് ഇത്തരക്കാരെ എടുത്തെറിയുന്നു
ഉറക്കം നഷ്ടപ്പെടുത്തുന്നു
പണ്ടു പുസ്തകള്‍ വായിച്ചുറങ്ങുന്ന ഒരു തലമുറയുണ്ടായിരുന്നെങ്കില് ഇന്ന് അതു മാറി മൊബൈല്‍ ഫോണുകളിലേക്ക് ചുരുങ്ങി. രാത്രി കിടക്കുന്നതിന് മുന്‍പ് അവസാനമായി നോക്കുന്നതും രാവിലെ എഴുന്നേല്ക്കുമ്പോള് ആദ്യം നോക്കുന്നതും മൊബൈല്‍ ഫോണ്‍ തന്നെയാണ്. മൊബൈല്‍ഫോണിലെ വെളിച്ചം മൂലം ഉറക്കം കൃത്യമല്ലാതാകുക, താമസിച്ച് ഉറക്കം വരിക, കുറച്ച് മാത്രം ഉറങ്ങുക എന്നീ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇവയെല്ലാം ഉറക്കത്തിന്റെ ചംക്രമണത്തെ ബാധിക്കുന്നു. ഉറക്കം ശരിയായി നടന്നില്ലെങ്കില്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം, ശരീരതാപനില, ദഹനപ്രക്രീയ എന്നിങ്ങനെ ശരീരത്തിലെ പ്രധാന പ്രവര്‍ത്തനങ്ങളെയെല്ലാം ബാധിക്കും. ചുരുക്കത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ നിങ്ങളുടെ ഉറക്കം മാത്രമല്ല ആരോഗ്യവും കൂടിയാണ് നഷ്ടപ്പെടുന്നത്.
ശ്രദ്ധയും താല്പര്യവും കുറയുന്നത് പഠനത്തെ ബാധിക്കുന്നു
ഇന്ന് സ്കൂളില്‍ പോകുന്ന പല കുട്ടികളുടെ കൈയ്യിലും സ്മാര്‍ട്ട് ഫോണുകള്‍ കണ്ടുവരാറുണ്ട്. മൊബൈല്‍ ഫോണ്‍ കൈയ്യിലുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശ്രദ്ധ കുറവായിരിക്കും. കാരണം പഠനത്തിനിടയില്‍ പോലും മൊബൈല്‍ കയ്യിലുണ്ടെന്നും നോട്ടിഫിക്കേഷനുകളെ കുറിച്ചുമുള്ള വിചാരം അവരിലേക്ക് തനിയെ എത്തുന്നു. പഠിക്കുന്ന സമയത്ത് മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികള്‍ പഠിപ്പിക്കുന്ന ഒരു കാര്യത്തിലും ശ്രദ്ധയുണ്ടായിരിക്കില്ല. മൊബൈലിലേക്ക് വരുന്ന മിസ്കോളുകള്‍, മെസേജുകള്‍, നോട്ടിഫിക്കേഷനുകള്‍ എന്നിവയെ കുറിച്ചുള്ള ചിന്തകള്‍ക്കായിരിക്കും കുട്ടികള്‍ പ്രാധാന്യം കൊടുക്കുകയെന്ന് ഗവേഷകര്‍ പോലും വ്യക്തമാക്കുന്നു. ഫോണ്‍ കൈവശമില്ലാത്തവര്‍ക്ക് ശ്രദ്ധയോടെ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടാനും കഴിയാതെ പോകുന്നു.
ശരീരത്തിന്റെ നില്‍പ്പിലും നടപ്പിലുമൊക്കെയുളള ദോഷകരമായ മാറ്റങ്ങള്‍
മൊബൈല്‍ ഫോണ്‍ കൈയ്യിലുള്ളവരെ ശ്രദ്ധിച്ചാല്‍ മനസിലാകും, അവരുടെ കഴുത്ത് എപ്പോഴും താഴ്ന്ന് തന്നെയിരിക്കും. പഠനങ്ങള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ സ്ഥിരമായി ഇരിക്കുന്നവര്‍ക്ക് ഭാവിയില്‍ നട്ടെല്ലിനും കഴുത്തിനും കാര്യമായ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകാം. ഭാവിയില്‍ ശ്വസന പ്രക്രീയയെ പോലും കാര്യമായി ബാധിക്കാന്‍ ഇടയുണ്ട്.
കാഴ്ചയെ ബാധിക്കുന്നു
തുടര്‍ച്ചയായുള്ള മൊബൈള്‍ ഫോണ്‍ ഉപയോഗം കാഴ്ചയെ ബാധിക്കുന്നതിനൊപ്പം തന്നെ കണ്ണില്‍ അസ്വസ്ഥതകളും ഉണ്ടാകും. കണ്ണുകള്‍ വരളാനും ചുവക്കാനും സാധ്യതയുണ്ട്.
സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം നിങ്ങളെ ഒരു കണ്ണടക്കാരനോ ലൈന്‍സ് ഉപയോഗിക്കുന്ന ആളായോ വ്യക്തിയായോ മാറ്റിയേക്കാം. ഫോണില്‍ തുടര്‍ച്ചയായി ഏറെ നേരം നോക്കിയിരിക്കുന്നവരില്‍ മയോപിയ അവസ്ഥ ഉണ്ടായേക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഫോണിലൂടെ ബുക്ക് വായിക്കുന്നവര്‍, വലിയ മെസേജുകള്‍ വായിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഇത്തരം പ്രശ്നം ഉണ്ടാകുക. സ്മാര്‍ട്ഫോണിലെ എച്ച്.ഇ.വി അല്ലെങ്കില്‍ നീല വെളിച്ചം കണ്ണുകളിലെ കോശങ്ങളെ അപകടകരമായ രീതിയില്‍ ബാധിക്കുന്നു. റെറ്റിനയുടെ പ്രവര്‍ത്തനം പോലും താളം തെറ്റിക്കാന്‍ ഈ വെളിച്ചത്തിന് സാധിക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. കണ്ണിലെ മാറ്റങ്ങള്‍ പതിയെ ആണ് സംഭവിക്കുക, പിന്നീട് തലവേദന, കാഴ്ചക്കുറവ് എന്നിങ്ങനെ വലിയ പ്രശ്നങ്ങളിലേക്ക് അവ എത്തുന്നു.
കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് ഏറെ നാളായി നാം കേട്ടുകൊണ്ടിരിക്കുന്നതാണ്. മൊബൈല്‍ ഫോണില്‍ നിന്നും പുറപ്പെടുന്ന റേഡിയോ തരംഗങ്ങളാണ് അപകട സാധ്യത വര്‍ധിക്കുന്നത്. ഈ റേഡിയേഷനുകള്‍ ശരീരത്തിലെ കോശങ്ങളുമായി ബന്ധപ്പെടുമ്പോള്‍ കൂടുതല്‍ അപകടകരമായേക്കാം. ഇതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ഇനിയും നടത്തേണ്ടതായുണ്ട്. മുതിര്‍ന്നവരെക്കാള്‍ കൂടുതല്‍ കുട്ടികളുടെ നാഡീവ്യൂഹത്തെയാണ് റേഡിയേഷന് ഏറെ ബാധിക്കുക. എക്സ്പോഷര്‍ കുറച്ച്, ഇയര്‍ഫോണ്‍ വെച്ച് മൊബൈല്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി അഭിപ്രായപ്പെടുന്നു.
സെല്‍ഫോണ്‍ അടിമത്തത്തില്‍ നിന്ന് രക്ഷനേടാം
ജീവിതശൈലിയില്‍ കുറച്ചധികം മാറ്റങ്ങള്‍ വരുത്തിയാല്‍ മൊബൈല്‍ ഫോണിനോടുള്ള ആസക്തി കുറച്ചുകൊണ്ടുവരാന്‍ സാധിക്കും.
1 എല്ലാ ദിവസവും മൊബൈല്‍ ഫോണ്‍ കുറച്ച് സമയത്തേക്ക് പൂര്‍ണമായും മാറ്റിവെക്കുക
2 കിടക്കയ്ക്ക് സമീപം മൊബൈല്‍ വെക്കുന്ന ശീലം ഒഴിവാക്കുക. അലാറാം വെയ്ക്കാന്‍ ടൈംപീസുകളോ ചെറിയ ക്ലോക്കുകളോ ഉപയോഗിക്കാം.
3 വാഹനമോടിക്കുന്നതിനു മുന്നോടിയായി മൊബൈല്‍ ഓഫ് ചെയ്യുക
4 മൊബൈല്‍ ഫോണില്‍ മെസേജ് ചെയ്യുന്നത് കുറച്ച് നേരിട്ട് കണ്ട് കൂടുതല്‍ സംസാരിക്കുക, ആളുകളുമായി ഇടപഴകുക
5 മൊബൈല്‍ കൈയില്ലില്ലാത്തപ്പോള് ബുദ്ധിമുട്ട് അനുഭവിക്കുന്നെങ്കില്‍ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞ് പ്രശ്നം പരിഹരിക്കാന്‍ സഹായം ചോദിക്കുക
6 പുതിയ ഒരു നല്ല ശീലം വളര്‍ത്തിയെടുക്കുക. അതിനായി കൂടുതല്‍ സമയം ചിലവഴിക്കുക
7 ഡിജിറ്റല്‍ ഐ സ്ട്രെയ്ന്‍ ഒഴിവാക്കാന്‍ ഓരോ ഇരുപത് മിനിറ്റിനിടയിലും 20 സെക്കന്റ് ദൂരേക്ക് നോക്കിയിരിക്കുക.