കളരി ഒരു ആയോധനകല മാത്രമല്ല, ചികിത്സാ പാരമ്പര്യം കൂടിയാണ്. പൂര്‍വ്വികരായ കളരി ഗുരുക്കന്മാര് വളരെ ഫലപ്രദമായ ഒരു കളരി ചികിത്സാ രീതി ചിട്ടപ്പെടുത്തിയിരുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും നവീകരണത്തിന് കളരിയുഴിച്ചില്‍ വളരെയധികം സഹായിക്കുന്നു എന്നതാകാം കളരി ചികിത്സയ്ക്ക് അടുത്ത കാലത്തുണ്ടായ ജനപ്രീതിക്ക് കാരണം. ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ്. മനസ്സിന്റെയും ശരീരത്തിന്റെയും സമ്പൂര്‍ണ്ണ ഏകോപനമാണ് കളരിപ്പയറ്റ് പരിശീലനത്തിന്റെ ലക്ഷ്യം.
പണ്ടുകാലത്ത് കളരി സാധാരണ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആണ്-പെണ് വ്യത്യാസമില്ലാതെ ബാല്യത്തില്‍ തന്നെ കളരിയില്‍ ചേര്‍ത്ത് മെയ്യഭ്യാസം പരിശീലിപ്പിക്കുന്ന രീതി പഴയകാലത്ത് കേരളത്തിന്റെ പല പ്രദേശങ്ങളിലുമുണ്ടായിരുന്നു.
ജീവിതശൈലീ രോഗങ്ങള്‍ക്ക് കളരി ചികിത്സ പരിഹാരമാണെന്നത് പലര്‍ക്കും അറിയില്ല. അസ്ഥികള്‍ക്ക് ബാധിക്കുന്ന രോഗങ്ങള്‍, പ്രധാനമായും നടുവേദന, കഴുത്തുവേദന, മുട്ടുവേദന എന്നിവയ്ക്ക് കളരി ചികിത്സയില്‍ പൂര്‍ണ്ണ പരിഹാരം സാധ്യമാണ്. മര്‍മ്മ ചികിത്സ, തിരുമ്മല്‍, വ്യായാമ ചികിത്സ തുടങ്ങി കളരി ചികിത്സയില്‍ വ്യത്യസ്ത ശാഖകളുണ്ട്. ഇതില്‍ മര്‍മ്മ ചികിത്സ ഒട്ടുമിക്ക അസ്ഥിരോഗങ്ങള്ക്കുമുള്ള മരുന്നാണ്. സ്പോണ്ടിലൈറ്റിസ് പോലുള്ള രോഗങ്ങള്‍ മര്‍മ്മ ചികിത്സയിലൂടെ ഭേദമാക്കാന്‍ കഴിയുമെന്ന് കളരി പരിശീലകര്‍ ഉറപ്പുനല്‍കുന്നു.
കളരി മര്‍മ്മ ചികിത്സയില്‍ ഉളുക്ക്, ചതവ് എന്നിവയ്ക്കൊക്കെയാണ് പ്രധാനമായും ചികിത്സയുള്ളത്. മര്‍മ്മത്തിനു ചതവ് പറ്റുമ്പോള്‍ ഉഴിച്ചിലാണ് ആദ്യം തന്നെ ചെയ്യുന്നത്. അതോടൊപ്പം മരുന്ന് (പച്ച മരുന്ന്) വെച്ചു കെട്ടും. ചെറിയ വീഴ്ചയില്‍ എല്ലുകള്‍ക്ക് സ്ഥാനമാറ്റം സംഭവിച്ചാല്‍ പ്രത്യേക രീതിയില്‍ തിരിക്കുന്നതിലൂടെയും പിടിച്ചിടുന്നതിലൂടെയും എല്ലുകളുടെ സ്ഥാനമാറ്റം പരിഹരിക്കാവുന്നതാണ്. കൂടാതെ ഉളുക്കുകള്‍ മാറാന്‍ ശാസ്ത്രീയമായ പരിഹാര മാര്‍ഗങ്ങളും കളരി മര്‍മ്മ ചികിത്സയിലുണ്ട്. മറ്റു പാര്‍ശ്വഫലങ്ങള്‍ ഒന്നുംതന്നെ മര്‍മ്മ ചികിത്സയ്ക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
സ്പോണ്ടിലൈറ്റിസ് ഇല്ലാതാക്കാം
ഐടി പ്രൊഫഷണലുകളെ വലയ്ക്കുന്ന രോഗമാണ് സ്പോണ്ടിലൈറ്റിസ്. ഏഴു മുതല്‍ 21 ദിവസം വരെ നീണ്ടുനില്‍ക്കുന്ന കളരി മര്‍മ്മ ചികിത്സയിലൂടെ സ്പോണ്ടിലൈറ്റിസ് രോഗത്തോട് വിട പറയാന്‍ സാധിക്കും. പ്രത്യേകമായി തയ്യാറാക്കിയ പച്ച മരുന്നുകള്‍ അരച്ചെടുത്തതിന് ശേഷം അത് തുണിയില്‍ വെച്ച് കഴുത്തില്‍ പ്രത്യേക രീതിയില്‍ കെട്ടിവെയ്ക്കും. അത് മാറ്റിയതിനു ശേഷം കഴുത്തില്‍ കൈകൊണ്ട് മസാജ് ചെയ്യും. കിഴി ചികിത്സയും പിന്നീട് കഷായ ചികിത്സയും ചെയ്യും. ഇത്തരം ചികിത്സാ രീതികളിലൂടെ സ്പോണ്ടിലൈറ്റിസ് രോഗം പൂര്‍ണ്ണമായും ഭേദമാക്കാനാകുമെന്ന് കളരി പരിശീലകര്‍ അഭിപ്രായപ്പെടുന്നു. ഒരുപാട് ചികിത്സാ ചിലവുകള്‍ ഇല്ലാതെ തന്നെ ഇത്തരം രോഗങ്ങളെ അകറ്റാന്‍ സാധിക്കുന്നുവെന്നതാണ് കളരി ചികിത്സയുടെ പ്രത്യേകത. ഒപ്പം തന്നെ ഡിസ്കിനു സംഭവിക്കുന്ന ചതവുകള്‍ക്കും വേദനയ്ക്കുമെല്ലാം ഈ ചികിത്സാ രീതിയില്‍ പരിഹാരമുണ്ട്. നിത്യേനയുള്ള കളരിപ്പയറ്റ് പരിശീലനത്തിലൂടെ ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുന്നതിനൊപ്പം ഇവര്‍ക്ക് ഇത്തരം രോഗങ്ങളൊന്നും അത്ര പെട്ടെന്ന് ബാധിക്കില്ലായെന്നതും തെളിയിക്കപ്പെട്ടതാണ്. ഒടിവിനു മാത്രമല്ല, വാഹനാപകടങ്ങളില്‍ സംഭവിക്കുന്ന പരിക്കുകള്‍ക്കു വരെ മര്‍മ്മ ചികിത്സയില്‍ പരിഹാരമുണ്ട്.
മര്‍മ്മ ചികിത്സയുടെ മറ്റു ഗുണങ്ങള്‍
1. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുന്നു.
2. ദഹനപ്രക്രിയ സുഗമമാക്കുന്നു.
3. ശരീരോഷ്മാവിനെ സമീകരിക്കുന്നു.
4. ആരോഗ്യകരമായ സൗന്ദര്യം നിലനിര്‍ത്തുന്നു.
5. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.
6. ആരോഗ്യം പരിപോഷിപ്പിക്കുന്നു.
7. പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തുന്നു.
8. മാനസിക പിരിമുറുക്കം, വിഷാദം, ഉല്‍ക്കണ്ഠ എന്നിവ അകറ്റി മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നു.