spot_img

ജങ്ക് ഫുഡ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും

നമ്മളുടെ ആരോഗ്യം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തോടു കടപ്പെട്ടിരിക്കുന്നു. ഇതറിയാത്തവരല്ല നമ്മള്‍. എന്നിരുന്നാലും ഭക്ഷണ കാര്യത്തില്‍ നമ്മള്‍ അശ്രദ്ധരാണ്. ജങ്ക് ഫുഡ് (Junk Food) അല്ലെങ്കില്‍ ഫാസ്റ്റ് ഫുഡ് എന്നൊക്കെ പൊതുവേ വിളിക്കപ്പെടുന്ന ഭക്ഷണങ്ങളോട് നമുക്ക് വലിയ പ്രിയമാണ്. ഫ്രൈഡ് ചിക്കനും, പിസയും, കോളയും, ബര്‍ഗറും, ഐസ്‌ക്രീമും, ചിപ്‌സ് പോലുള്ള എണ്ണയില്‍ വറുത്ത ഭക്ഷ്യ പദാര്‍ഥങ്ങളൊക്കെ നമുക്ക് വളരെ പ്രിയപ്പെട്ടതാണ്. പക്ഷേ, ഇവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെന്തെല്ലാമാണെന്നു കൃത്യമായ ധാരണ നമുക്ക് പലര്‍ക്കുമില്ല.

എന്താണ് ജങ്ക് ഫുഡ്?

പ്രശസ്ത ഡയറ്റീഷ്യനായ ക്രിസ്റ്റി ബ്രിസെറ്റെ ജങ്ക് ഫുഡിനെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്:’വളരെയധികം പാകം ചെയ്യപ്പെട്ട, നിരവധി പ്രോസസുകള്‍ക്ക് വിധേയമായ, കലോറി വളരെ കൂടിയതും, പോഷക സമ്പുഷ്ടതയില്‍ പിന്നോക്കം നില്‍ക്കുകയും ചെയ്യുന്ന ഭക്ഷണ പദാര്‍ഥങ്ങളാണ് ജങ്ക് ഫുഡ്. ‘ജങ്ക് എന്ന ഇംഗ്‌ളീഷ് വാക്കിന്റെ അര്‍ഥം തന്നെ ഉപയോഗ ശൂന്യമായത് എന്നോ ചപ്പു ചവറുകള്‍ എന്നൊക്കെയാണ്. അതില്‍ നിന്നു തന്നെ മനസ്സിലാക്കാമല്ലോ ജങ്ക് ഫുഡിന്റെ ഗുണ നിലവാരമെന്തായിരിക്കുമെന്ന്! പൊതുവേ, ശരീരത്തിനുപദ്രവം ചെയ്യുന്ന അളവില്‍ പഞ്ചസാരയും ഉപ്പും ട്രാന്‍സ് ഫാറ്റും ഒക്കെ അടങ്ങിയവയാണ്.

ജങ്ക് ഫുഡ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെന്തെല്ലാമാണ്?

ജങ്ക് ഫുഡ് ഇടയ്ക്കിടെ കഴിക്കുന്നത് അതൊരു ശീലമാകാനും പതുക്കെ മദ്യം പോലെയോ മറ്റു ലഹരി പോലെയോ ആസക്തി ഉണ്ടാക്കാന്‍ സാദ്ധ്യതയുള്ളതാണെന്നു ചില പഠനങ്ങള്‍ പറയുന്നു. പക്ഷേ, അഡിക്ഷന്‍ ഉണ്ടാക്കിയാലും ഇല്ലെങ്കിലും പൊണ്ണത്തടി, വിഷാദരോഗം, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദ്രോഗം, സ്‌ട്രോക്ക്, ടൈപ് 2 ഡയബെറ്റിസ്, കാന്‍സര്‍, അകാല മരണം എന്നിവ ജങ്ക് ഫുഡ് കാരണം നമുക്ക് സംഭവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.ഫൈബറുകള്‍ വളരെ കുറഞ്ഞ ഭക്ഷണമായതുകൊണ്ട് ദഹനപ്രക്രിയ വളരെ പെട്ടെന്നു തന്നെ ഇവ തകരാറിലാക്കുന്നു. വളരെ പെട്ടെന്നുതന്നെ രക്തത്തിലെ ഷുഗര്‍ ലവല്‍ കൂടുകയും അതുപോലെത്തന്നെ കുറയുകയും ചെയ്യുന്നതുകൊണ്ട് ക്ഷീണം അനുഭവപ്പെടുന്നു. അതു വിശപ്പുണ്ടാക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇതു കൂടുതല്‍ അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. അതുപോലെ ആസ്തമ ഉള്ളവര്‍ ജങ്ക് ഫുഡ് കഴിക്കുന്നത് ദോഷകരമാണെന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ജങ്ക് ഫുഡ് തീര്‍ത്തും ഉപേക്ഷിക്കണമോ?

പരമാവധി ഒഴിവാക്കുന്നതാകും അഭികാമ്യം. കാരണം, ആഴ്ചയില്‍ ഒന്നില്‍ കൂടുതല്‍ തവണ ജങ്ക് ഫുഡ് കഴിക്കുന്നവര്‍ക്ക് പൊണ്ണത്തടി വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. രണ്ടുതവണയില്‍ കൂടുതല്‍ കഴിച്ചാല്‍ കൊറോണറി ഹാര്‍ട്ട് ഡിസീസ്, ടൈപ് 2 ഡയബെറ്റിസ് എന്നിവ വരുന്നതിനുള്ള സാധ്യതകള്‍ വളരെ കൂടുതല്‍ ആണ്. ഇവയുണ്ടാക്കുന്ന ഹ്രസ്വകാല ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും പഠനങ്ങള്‍ നടന്നിട്ടുണ്ട്.ഒരു പഠനത്തിന്റെ ഭാഗമായി ആരോഗ്യമുള്ള 12 ചെറുപ്പക്കാരുടെ ഭക്ഷണത്തില്‍ തുടര്‍ച്ചയായി 5 ദിവസം കൊഴുപ്പിന്റെ അംശം കൂടുതലുള്ള ജങ്ക് ഫുഡ് കൂടുതലായി ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നു ഗ്‌ളൂക്കോസില്‍ നിന്നും ഊര്‍ജ്ജം ഉല്പാദിപ്പിക്കാനുള്ള അവരുടെ പേശികളുടെ കഴിവു വളരെയധികം കുറയുന്നതായി കണ്ടെത്തി. കുറേക്കാലം ഇങ്ങനെ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് സൃഷ്ടിക്കുകയും ടൈപ് 2 ഡയബെറ്റിസ് പിടിപെടുകയും ചെയ്യുമെന്നത് സുനിശ്ചിതമാണ്.അതുകൊണ്ട് ജങ്ക് ഫുഡ് തീര്‍ത്തും ഉപേക്ഷിക്കുന്നതാണ് നല്ലത്. പകരം, എല്ലാ പോഷകങ്ങളും അടങ്ങിയ, അമിതമായ കൊഴുപ്പും പഞ്ചസാരയും ഇല്ലാത്ത ഭഷണം ശീലമാക്കുക. അതോടൊപ്പം ചിട്ടയായ വ്യായാമവും ഉറപ്പുവരുത്തുക. മദ്യം പുകവലി പോലുള്ള ലഹരികള്‍ പരിപൂര്‍ണമായി ഉപേക്ഷിക്കുക. ഇങ്ങനെയൊരു ജീവിതശൈലി രൂപപ്പെടുത്തി നിങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയെന്നുറപ്പുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ക്ക് വളരെ വളരെ അപൂര്‍വമായി ഒരു കൊതിയ്ക്ക് അല്പം ജങ്ക് ഫുഡ് കഴിക്കാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.