ഇന്ന് ജൂലൈ ഒന്ന്. നാഷണല്‍ ഡോക്ടേഴ്‌സ് ഡേ. ജനങ്ങള്‍ക്കും സമൂഹത്തിനും ഡോക്ടര്‍മാര്‍ ചെയ്യുന്ന സേവനങ്ങള്‍ക്ക് അവരെ ആദരിക്കാനും അംഗീകരിക്കാനും ഒരു ദിവസം.
കേരളത്തെയാകെ ഭയപ്പെടുത്തിയ നിപ പകര്‍ച്ചവ്യാധിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യമെത്തുന്ന മുഖമാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. അനൂപ്. കേരളം അതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നിപ എന്ന പകര്‍ച്ചവ്യാധിയെ തിരിച്ചറിയുകയും പ്രതിരോധ നടപടികള്‍ ഉടന്‍ സ്വീകരിക്കുകയും ചെയ്തു എന്ന ഒറ്റ പ്രവൃത്തി കൊണ്ടു തന്നെ കേരളം എക്കാലവും ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവിയും 2017ലെ മികച്ച ഡോക്ടര്‍ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് ജേതാവുമായ ഡോ.അനൂപ് കുമാര്‍ ഈ ഡോക്ടേഴ്‌സ് ദിനത്തില്‍ ഹെല്‍ത്തി ടിവിയുമായി സംസാരിക്കുന്നു.
- നിപ നമുക്ക് പുതിയൊരു രോഗമായിരുന്നു. അതു കൊണ്ടു തന്നെ രോഗ നിര്‍ണ്ണയവും ചികിത്സയും എളുപ്പമായിരുന്നില്ല. എങ്ങനെയാണ് ഡോക്ടര്‍ ഇതിനെ നോക്കിക്കാണുന്നത് ?
ഒരു വര്‍ഷം മുമ്പാണ് എന്‍സഫലൈറ്റിസ് ലക്ഷണങ്ങളുള്ള ഒരു രോഗിയെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടു വരുന്നത്. എന്നാല്‍ സാധാരണ എന്‍സഫലൈറ്റിസില്‍ കാണാത്ത ചില ലക്ഷണങ്ങള്‍ ആ രോഗി കാണിക്കുന്നുണ്ടായിരുന്നു. അയാളുടെ കുടുംബത്തിലുള്ളവരെയും ആ രോഗം ബാധിക്കുകയും ഒരു സഹോദരന്‍ മരിക്കുകയുമൊക്കെ ചെയ്തപ്പോഴാണ് ഇതൊരു സാധാരണ വൈറസ് രോഗമല്ലെന്നു തോന്നിയത്. പിന്നീട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഞാനടങ്ങുന്ന സംഘം രോഗത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ ശ്രമിക്കുകയും നിപയായിരിക്കാമെന്ന് സംശയിക്കുകയും തുടര്‍ന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ വൈറസ് ബാധ നിപയാണെന്ന് കണ്ടെത്തുകയും ചെയ്തത്.
- നിപ പോലെ എന്‍സഫലൈറ്റിസ് ഉണ്ടാക്കാവുന്ന വൈറസുകള്‍ കേരളത്തില്‍ സാധാരണമാണോ ?
കേരളത്തില്‍ ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കഴിഞ്ഞ വര്‍ഷമാണ്. അതിനു മുന്‍പ് ഇന്ത്യയില്‍ തന്നെ ബംഗാളില്‍ മാത്രമാണ് രണ്ടു തവണ നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടെ സാധാരണ തലച്ചോറിനെ ബാധിക്കുന്ന വൈറസ് എന്‍സഫലൈറ്റിസില്‍ ഹെര്‍പ്പസ് സിംപ്ലക്സ് എന്‍സഫലൈറ്റിസ്, ജാപ്പനീസ് എന്‍സിഫലൈറ്റിസ്, വെസ്റ്റ് നൈല്‍ എന്‍സഫലൈറ്റിസ് എന്നിവയാണ് ഇവിടെ പൊതുവെ കാണപ്പെടാറുള്ളത്. ഇവയുടെ രോഗ ലക്ഷണങ്ങള്‍ വേറെയാണ്. എന്നാല്‍ ഹൃദയമിടിപ്പ് കൂടുക, രക്തസമ്മര്‍ദ്ദം വര്‍ധിക്കുക, ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ അസാധാരണമായ ചലനങ്ങളുണ്ടാകുക, ഒരു കുടുംബത്തില്‍ തന്നെ പലരും ഒരുമിച്ച് രോഗലക്ഷണം കാണിക്കുക തുടങ്ങിയ സാധാരണ ലക്ഷണങ്ങളാണ് നിപ രോഗികള്‍ പ്രകടിപ്പിക്കുന്നത്.
- നിപയെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു ഭീതി പടര്‍ന്നിട്ടുണ്ട്. സാധാരണ പനി പോലും നിപ ആയേക്കുമോ എന്ന ഭയം അവര്‍ക്കുണ്ട്. ജനങ്ങളുടെ ഭീതി ഒഴിവാക്കാന്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് ?
നിപയും സാധാരണ പനി പോലെ തലവേദന, ശരീര വേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് തുടങ്ങുന്നത്. പിന്നീടത് രണ്ടു രീതിയിലേക്ക് രൂപാന്തരപ്പെടാം. ഒന്ന് തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്രിസ് പോലെയും, രണ്ട് ശ്വാസകോശത്തെയും മറ്റും ബാധിക്കുന്ന എആര്‍ഡിഎസ്, ന്യുമോണിയ പോലെയുള്ള രീതിയിലേക്ക് മാറാം. ചില രോഗികളില്‍ ഇത് രണ്ടുമായും മാറാറുണ്ട്. ഈ രണ്ടാമത്തെ സ്റ്റേജിലാണ് നിപയാണോ എന്ന പരിശോധനയും കൂടുതല്‍ ടെസ്റ്റുകളും നടത്തേണ്ടി വരികയും ചെയ്യുക.
- സ്രവങ്ങള്‍ പരിശോധിച്ച ഫലം കിട്ടാതെ രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി നിപ ബാധയെ തിരിച്ചറിയാന്‍ കഴിയുമോ ?
എല്ലായ്പ്പോഴും അത് സാധ്യമല്ല. കഴിഞ്ഞ തവണ ഒരു കുടംബത്തിലെ നാലു രോഗികള്‍ വരികയും അവരില്‍ നിന്ന് ഇന്‍ഡക്സ് രോഗിയെ തിരിച്ചറിയാനും കഴിഞ്ഞതു കൊണ്ടാണ് രോഗം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇത്തവണ എറണാകുളത്ത് ഒരു രോഗിയെ മാത്രമാണ് നിപ ബാധയുള്ളതായി കണ്ടെത്തിയത്. അദ്ദേഹം പ്രകടിപ്പിച്ച ലക്ഷണങ്ങള്‍ അസാധാരണവുമായിരുന്നില്ല. രോഗലക്ഷണങ്ങളും പരിശോധനാ ഫലങ്ങളും മാത്രം കൊണ്ട് നിപ വൈറസ് ബാധ തിരിച്ചറിയാനാകില്ല. അതിന് വൈറോളജി പരിശോധന കൂടിയേ തീരു.
ഇന്ത്യയിലെ ആശുപത്രികളിലെ കണക്കെടുത്താല്‍ എന്‍സഫലൈറ്റിസ് ബാധിച്ച രോഗികള്‍ വെറും 11 ശതമാനം രോഗികളില്‍ മാത്രമാണ് കൃത്യമായ കാരണം കണ്ടു പിടിക്കപ്പെട്ടിട്ടുള്ളത്. കണ്ടു പിടിക്കപ്പെടാതെ പോയ 89 ശതമാനം രോഗികളില്‍ നിപ വൈറസ് ബാധ ഉണ്ടായിരുന്നോ എന്ന് ഇപ്പോള്‍ പറയുക പ്രയാസമാണ്.
- നിപയോ മറ്റേതെങ്കിലും എന്‍സഫലൈറ്റിസ് ബാധ വലിയ തോതില്‍ വന്നാല്‍ അത് നേരിടാന്‍ നാം എത്രത്തോളം സന്നദ്ധമാണ് ?
ലോകത്തൊരിടത്തും ഇതിനു മുമ്പ് നിപ വൈറസ് രണ്ടാമത്തെ രോഗിയില്‍ നിന്നു തന്നെ തിരിച്ചറിഞ്ഞ സംഭവം ഉണ്ടായിട്ടില്ല. കൂടാതെ രോഗ നിര്‍ണയം നടത്തി 12 ദിവസം കൊണ്ട് പ്രതിരോധം പൂര്‍ണ്ണമായി സാധ്യമാക്കാനും ഇതിനു മുമ്പ് ഒരിടത്തും കഴിഞ്ഞിട്ടില്ല. ലോക പ്രശംസ പിടിച്ചു പറ്റിയ കേരള മോഡല്‍ നിപ പ്രതിരോധ മാതൃക ഇന്ന് നമുക്കുണ്ട്. കേരള സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പും സംഘവും നടത്തിയ കൃത്യമായ ആസൂത്രണം ഒരു മാതൃകയാണ്. അതു കൊണ്ടു തന്നെ ഇനിയൊരു നിപയോ മറ്റെന്തെങ്കിലും ഔട്ട് ബ്രേക്കോ ഉണ്ടായാലും നമുക്ക് മാനേജ് ചെയ്യാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. നിപ പകര്‍ച്ച വ്യാധിയുണ്ടായ സമയത്ത് ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വിഭാഗം, ജില്ലാ അതോറിറ്റി, സ്വകാര്യ ആശുപത്രികള്‍, മാധ്യമങ്ങള്‍ എന്നിവ ശക്തമായാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ തന്നെയും നിപ സംഭവത്തില്‍ നിന്ന് നാം പഠിക്കേണ്ട ചിലതുണ്ട്. ആശുപത്രികളിലെ അണു നിര്‍മ്മാര്‍ജ്ജനം കുറ്റമറ്റതാക്കല്‍ രോഗപ്രതിരോധത്തിന് അത്യാവശ്യമാണ്. അതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. അതു പോലെത്തന്നെ ആശുപത്രികളെ ഷോപ്പിങ് മാളുകളായി കാണുന്ന സംസ്‌ക്കാരവും നമ്മള്‍ മാറ്റിയെടുക്കേണ്ടതുണ്ട്. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.
- ക്രിട്ടിക്കല്‍ കെയര്‍ സംവിധാനത്തെ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ് ?
വളരെ ഗുരുതരമായ നിലയിലുള്ള രോഗികളെ ജീവന്‍ രക്ഷാ മരുന്നുകളും ജീവന്‍ രക്ഷാ ഉപകരണങ്ങളും ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്തുന്ന സംവിധാനമാണ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം. നിപ വൈറസ് ബാധയുണ്ടാകുന്ന സമയത്തു തന്നെ രോഗിയുടെ ജീവന്‍ 24 മണിക്കൂര്‍ പിടിച്ചു വെക്കാന്‍ കഴിഞ്ഞതു കൊണ്ടു മാത്രമാണ് രോഗകാരണം കണ്ടെത്താന്‍ കഴിഞ്ഞത്. അതു കൊണ്ടു തന്നെ ചികിത്സ ലഭ്യമാക്കാന്‍ വളരെ അത്യാവശ്യമുള്ള ഒരു വിഭാഗമാണ് ക്രിട്ടിക്കല്‍ മെഡിസിന്‍ വിഭാഗം. ശക്തമായ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം എല്ലാ ആശുപത്രികളിലും നടപ്പിലാക്കണമെന്നാണ് എന്റെ നിര്‍ദ്ദേശം.
- ഡോക്ടേഴ്സ് ദിനത്തില്‍ താങ്കള്‍ക്ക് വായനക്കാരോടുള്ള സന്ദേശം എന്താണ് ?
സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് മെഡിക്കല്‍ പ്രൊഫഷണലുകള്‍. നിപയുടെ സമയത്ത് ജീവന്‍ വെടിഞ്ഞ സിസ്റ്റര്‍ ലിനിയെപ്പോലെ നിരവധി പേര്‍ ലോകത്തെല്ലായിടത്തും തികഞ്ഞ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ന് കാണുന്ന ഒരു പ്രവണത ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും സമാധാനപരമായി ജോലി ചെയ്യാനുള്ള അവസരമില്ലായ്മയാണ്. അവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. അത്തരം മനോഭാവങ്ങള്‍ മാറേണ്ടതുണ്ട്. അതു പോലെ തന്നെ ഡോക്ടര്‍മാരും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുമായി ദൃഢമായ ബന്ധം സ്ഥാപിക്കണം. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഡോക്ടര്‍-രോഗീ ബന്ധം താരതമ്യേന മികച്ചതാണ് കേരളത്തില്‍. ഏറ്റവും മികച്ച ബന്ധങ്ങളുണ്ടാകുന്നത് ചികിത്സയെ നല്ലരീതിയില്‍ സ്വാധീനിക്കും.