spot_img

പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ.., എങ്കില്‍ മരുന്ന് ഉപയോഗിക്കാത്ത മാര്‍ഗങ്ങളും ഉണ്ട്

പുകവലി ഉണ്ടാക്കാത്ത പുകിലുകളില്ല. പുകവലിക്കുന്നത് കൊണ്ട് ദോഷം മാത്രമേ ഉണ്ടാകൂ എന്നറിഞ്ഞിട്ടും പലര്‍ക്കും അത് നിര്‍ത്താന്‍ കഴിയാറില്ല. ഇന്ത്യയില്‍ കണക്ക് അനുസരിച്ച് ഏകദേശം പത്ത് ലക്ഷം പേരാണ് പുകവലി മൂലം മരണത്തിനു കീഴ്‌പ്പെടുന്നത്. ഇനിയെങ്കിലും പുകവലി നിര്‍ത്തിയാല്‍ കൊള്ളാമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഇത് തന്നെയാണ് പറ്റിയ സമയം. നിങ്ങള്‍ ഒരു മുഴുവന്‍ സമയ ഹെവി സ്‌മോക്കറോ വല്ലപ്പോഴും കൂടി വലിക്കുന്നയാളോ ആരുമായിക്കൊള്ളട്ടെ, ഒരിക്കലും ഈ തീരുമാനമെടുക്കാന്‍ വൈകിയിട്ടില്ല എന്ന് മാത്രം ഓര്‍ക്കുക. തുടക്കത്തില്‍ അല്‍പം ബുദ്ധിമുട്ടുകള്‍ അഥവാ പിന്‍ വാങ്ങല്‍
ലക്ഷണങ്ങള്‍ ഉണ്ടാകും എന്നതൊഴിച്ചാല്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ നിങ്ങള്‍ ഇതില്‍ നിന്ന് പൂര്‍ണമായും മോചിതനാകും.

പുകയിലയിലെ ലഹരി മരുന്നായ നിക്കോട്ടിനില്‍ നിന്നുള്ള പിന്‍ വാങ്ങല്‍
ലക്ഷണങ്ങളാണ് പുകവലി നിര്‍ത്തുമ്പോള്‍ പ്രധാനമായി ഉണ്ടാകുന്നത്. തലവേദന,മനം പിരട്ടല്‍, ഉത്കണ്ഠ, വിഷാദം, വലിക്കാനുള്ള അടങ്ങാത്ത ത്വര എന്നിവയാണ് പിന്‍വാങ്ങല്‍ ലക്ഷണങ്ങളായി കണ്ടു വരുന്നത്.

നിക്കോട്ടിന്‍ തലച്ചോറില്‍ ഒരു തരം രാസ ആശ്രിതത്വം അഥവാ കെമിക്കല്‍ ഡിപ്പന്‍ഡന്‍സി ഉണ്ടാക്കുന്നു.കൃത്യമായ ഒരളവില്‍ നിക്കോട്ടിന്‍ ശരീരത്തിലേക്ക് എത്താനുള്ള ത്വര ഇങ്ങനെയാണ് ഉണ്ടാകുന്നത്. ഫലമോ, വീണ്ടും വലിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. പുകവലി ഉപേക്ഷിച്ച് കഴിഞ്ഞാലുടന്‍ തന്നെ അതിനു

ഫലം കണ്ടു തുടങ്ങും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

പുകവലി ഉപേക്ഷിച്ച് രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും. പുകവലിക്കാനുള്ള അടങ്ങാത്ത കൊതി, മാനസിക സമ്മര്‍ദ്ദം, നിരാശ, ഉറക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍, ഉത്കണ്ഠ, വിശപ്പ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ഈ സമയത്ത് ഉണ്ടാകുന്നത്. ദാഹം, ശ്രദ്ധക്കുറവ്, മലബന്ധം, വിറയല്‍, ഹൃദയമിടിപ്പ് കുറയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. പുകവലി നിര്‍ത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നിക്കോട്ടിന്‍ ശരീരത്തില്‍ നിന്ന് പൂര്‍ണമായും പോകും. എന്നാല്‍ ഈ സമയത്ത് പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ അല്‍പം കഠിനമാകും. തലവേദനയും ഉറക്കം തൂങ്ങലും ശരീര വേദനയും ഒക്കെ ഈ സമയത്ത് സ്വാഭാവികമാണ്. വലി നിര്‍ത്തിയതിന് ശേഷമുള്ള ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള മാസങ്ങള്‍ക്കുള്ളില്‍ ശ്വാസകോശത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു തുടങ്ങും. ചുമ, ശ്വാസ തടസം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും പതിയെ മാറുന്നു. ഈ കാലയളവില്‍ എത്ര വല്യ വലിക്കാരന്‍ ആണെങ്കിലും പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറും.

പുകവലി ഉപേക്ഷിച്ച് ഒരു വര്‍ഷത്തിനു ശേഷം ഹൃദ്രോഗം വരാനുള്ള സാധ്യത പാതിയായി കുറയുന്നു. പുകവലി നിര്‍ത്തിയതിന് ശേഷം ക്രമേണ ശരീരത്തിന് നഷ്ടപ്പെട്ട ആരോഗ്യം തിരിച്ചു കിട്ടുന്നു.

ശ്വാസകോശം, വായ, സ്തനങ്ങള്‍, ഗര്‍ഭപാത്രം, വൃക്ക, പാന്‍ക്രിയാസ് എന്നിവിടങ്ങളിലെ ക്യാന്‍സര്‍ സാധ്യത പുകവലിക്കുന്നവര്‍ക്ക് കൂടുതലാണ്. പുകയില ചവക്കുന്നവര്‍ക്ക് വായ, ശ്വാസനാളം, അന്നനാളം, വയര്‍, പാന്‍ക്രിയാസ് എന്നീ ഭാഗങ്ങളിലെ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യതയുണ്ട്.

നിങ്ങളുടെ ആസക്തി തിരിച്ചറിയുക എന്നതാണ് പ്രധാനം. പ്ലാനിങ്ങിലാണ് എല്ലാം നിങ്ങള്‍ വലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെങ്കില്‍ ആദ്യം തന്നെ കൃത്യമായ ഒരു പ്ലാന്‍ ഉണ്ടാക്കാന്‍ മറക്കരുത്. മോട്ടിവേഷന്‍ പ്ലാന്‍ ഉണ്ടാകുന്നത് ആത്മവിശ്വാസം ഉണര്‍ത്താന്‍ നിങ്ങളെ സഹായിക്കും. വലി ഉപേക്ഷിക്കാന്‍ ഒരു തീയതി കണ്ടെത്തുകയും നിങ്ങളുടെ തീരുമാനത്തെ കുറിച്ച് പ്രിയപ്പെട്ടവരോട് സംസാരിക്കുകയും വേണം. വലി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു കൂട്ടുകാരന്‍ നിങ്ങളുടെ കൂടെ ഉണ്ടെങ്കില്‍ അയാളെയും കൂടെ കൂട്ടുക. വലി ഉപേക്ഷിക്കല്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സംസാരിച്ചു കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കൊരാളായി.

വലിയുടെ ട്രാക്ക് രേഖപ്പെടുത്താന്‍ ഒരു ബുക്ക് കയ്യില്‍ വെക്കുന്നത് നന്നാകും.
എപ്പോഴാണ് നിങ്ങള്‍ക്ക് വലിക്കാന്‍ തോന്നുന്നത്, എന്തെങ്കിലും കാരണങ്ങള്‍ നിങ്ങളെ വലിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്നൊക്കെ ഇതില്‍ രേഖപ്പെടുത്തി വെക്കാം. വലിക്കാനുള്ള ആഗ്രഹത്തിന്റെ തീവ്രത ഒന്ന് മുതല്‍ പത്ത് വരെയുള്ള നമ്പറുകളില്‍ എത്രയാണെന്ന് എഴുതാം. എപ്പോഴും ബിസി ആയിരിക്കുന്നത് പുകവലി നിര്‍ത്തുമ്പോള്‍ ഗുണം ചെയ്യും.

വായന, സിനിമ, സംഗീതം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വ്യാപൃതരാകുന്നത് ഈ അവസരത്തില്‍ നല്ലതാണ്. വ്യായാമം ചെയ്യുന്നത് പുകവലിയുടെ പിന്‍വാങ്ങല്‍ ലക്ഷണങ്ങളെ അകറ്റാന്‍ സഹായിക്കും. ശരീരത്തിലെ രക്തമൊഴുക്ക് കൂട്ടി ഊര്‍ജസ്വലരായിരിക്കാന്‍ വ്യായാമം നിങ്ങളെ സഹായിക്കും. വലിക്കാന്‍ തോന്നുമ്പോള്‍ പുറത്തേക്ക് അല്‍പം നടക്കാം. ഇതോടൊപ്പംമധുരമില്ലാത്ത ചൂയിങ്ഗം ചവക്കാം. ആവശ്യത്തിന് വെള്ളം കുടിക്കാന്‍ മറക്കണ്ട. പിന്‍വാങ്ങല്‍ ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം കിട്ടാന്‍ ഇത് സഹായിക്കും.

പുകവലിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കുക എന്നതാണ് പ്രധാനമായും ചെയ്യാനുള്ളത്. ഉദാഹരണത്തിന് സാധാരണ മദ്യപിക്കുമ്പോള്‍ കൂടെ പുകവലിക്കുന്ന ശീലമുള്ള ആളുകളുണ്ട്. ഇവര്‍ മദ്യം പൂര്‍ണമായും ഒഴിവാക്കണം. നിങ്ങളുടെ കൈവശമുള്ള സിഗരറ്റ്, ബീഡി, ലൈറ്റര്‍, ആഷ്ട്രേകള്‍ എന്നിവ കണ്‍മുന്നില്‍ നിന്ന് മാറ്റാം. കാപ്പി കുടിക്കുന്നതിനോടൊപ്പം വലി ശീലമാക്കിയവര്‍ കഫീന്‍ ഉപഭോഗം കുറയ്ക്കുക.

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും ചെയ്യണം. ശരീരം അതിലെ ടോക്‌സിന്‍സ് അഥവാ വിഷാംശങ്ങളെ എല്ലാം തന്നെ പുറന്തള്ളുമ്പോള്‍ നിങ്ങളുടെ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ എല്ലാം തന്നെ ആപ്രത്യക്ഷമാകും. ഇനി മറ്റാരുടെയെങ്കിലും സഹായമില്ലാതെ നിങ്ങള്‍ക്ക് പുകവലി നിര്‍ത്താന്‍ സാധിക്കില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മടിക്കണ്ട. ഇത് നിര്‍ത്താന്‍ കൃത്യമായ ചികിത്സകളുണ്ട്. നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പി, നോണ്‍ നിക്കോട്ടിന്‍ മെഡിക്കേഷന്‍, ബീഹേവിയറല്‍ തെറാപ്പി, മോട്ടിവേഷണല്‍ തെറാപ്പി എന്നീ ചികിത്സകളുടെ
സഹായത്തോടെ നിങ്ങള്‍ക്ക് പൂര്‍ണമായും പുകവലിയില്‍ നിന്ന് രക്ഷനേടാവുന്നതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.