‘റാബ്‌ഡോ വെരിഡിയേ’ എന്ന ആര്‍.എന്‍.എ. വിഭാഗത്തില്‍പ്പെട്ട വൈറസാണ് രോഗമുണ്ടാക്കുന്നത്. വൈറസ് നാഡീവ്യൂഹത്തിലൂടെ തലച്ചോറിലത്തെി അതിന്റെ ആവരണത്തിന് വീക്കമുണ്ടാക്കുന്നതോടെ രോഗി മരിക്കുകയാണ് പതിവ്. എന്‍സെഫാലൈറ്റിസ് (encephalitis) എന്നാണ് വൈദ്യശാസ്ത്രം ഈ രോഗാവസ്ഥയെ വിളിക്കുന്നത്.
അതിപുരാതന കാലം മുതല്‍ക്കുതന്നെ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിന് മുമ്പ് ഇരുപത്തിമൂന്നാം നൂറ്റാണ്ടില്‍ ഇറാഖിലെ മെസോപ്പൊട്ടോമിയയില്‍ പേ വിഷബാധ മൂലം മനുഷ്യര്‍ മരിച്ചതായി ചരിത്ര രേഖകള്‍ പറയുന്നു. 1885ല്‍ ലൂയി പാസ്ചര്‍, എമിലി രോക്‌സ് എന്നി ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് പേവിഷത്തിനുള്ള പ്രതിരോധ കുത്തിവെപ്പ് കണ്ടത്തെുന്നത് വരെ ഈ രോഗത്തിന് ഒരു തരത്തിലുള്ള ചികിത്സയും ലഭ്യമായിരുന്നില്ല.
പട്ടി, പൂച്ച, പന്നി, കഴുത, കുതിര കുറുക്കന്‍, ചെന്നായ, കുരങ്ങന്‍, അണ്ണാന്‍, വവ്വാല്‍ തുടങ്ങിയ ജീവികളിലാണ് രോഗ വാഹകരായ വൈറസുകളെ കണ്ടുവരുന്നത്. പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളിലൂടെയാണ് രോഗം മനുഷ്യരിലത്തെുന്നത്.
രോഗബാധയേറ്റ മൃഗങ്ങളുടെ കടികൊണ്ടോ മാന്തല്‍ കൊണ്ടോ ഉണ്ടായ മുറിവ്, പോറല്‍ എന്നിവയിലൂടെ ശരീര പേശികള്‍ക്കിടയിലെ സൂക്ഷ്മ നാഡികളില്‍ എത്തുന്ന വൈറസുകള്‍ കേന്ദ്രനാഡീവ്യൂഹത്തിലൂടെ സുഷുമ്‌നാനാഡിയേയും തലച്ചോറിനേയും ബാധിക്കുന്നതോടെയാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും രോഗി മരിക്കുന്നതും.
കടിയേറ്റ ഭാഗത്ത് ചൊറിച്ചല്‍, മുറിവിന് ചുറ്റും മരവിപ്പ്, തലവേദന , തൊണ്ടവേദന, വിറയല്‍, ശ്വാസതടസ്സം, ഉത്കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും പേടി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ രോഗി മരിക്കുന്നു. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ചിലപ്പോള്‍ മാസങ്ങള്‍ക്ക് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പേ ബാധിച്ച മൃഗങ്ങളുടെ കടിയേല്‍ക്കുന്നത് കഴുതിന് മുകളിലാണെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് ഉടന്‍ നടത്തേണ്ടതാണ്.
വളര്‍ത്തുമൃഗങ്ങളുടെയോ തെരുവ് നായ്ക്കളുടെയോ കടിയേറ്റാല്‍ ഉടന്‍ പൈപ്പിന് കീഴില്‍ ഒഴുകുന്ന വെള്ളത്തില്‍ സോപ്പുപയോഗിച്ച് 15 മിനിട്ടെങ്കിലും മുറിവ് കഴുകിക്കൊണ്ടിരിക്കണം. തുടര്‍ന്ന് എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. ഉഷ്ണ രക്തമുള്ള എല്ലാ ജീവജാലങ്ങളേയും പേവിഷം ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നത്.
നമ്മള്‍ സുരക്ഷിതമെന്ന് കരുതുന്ന വളര്‍ത്തുമൃഗങ്ങളുമായി ഇടപെടുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തുകയും ഏതെങ്കിലും അവസരങ്ങളില്‍ അവയില്‍ നിന്ന് മാന്തലോ കടിയോ ഏറ്റാല്‍ സംശയിച്ച് നില്‍ക്കാതെ മുറിവ് സോപ്പുപയോഗിച്ച് കഴുകിയശേഷം ചികിത്സ തേടേണ്ടതുമാണ്.
വളര്‍ത്തുമൃഗങ്ങള്‍ കടിക്കുകയാണെങ്കില്‍ അവയെ കെട്ടിയിട്ട് ചുരുങ്ങിയത് 10 ദിവസമെങ്കിലും നിരീക്ഷിക്കണം. പേവിഷബാധയേറ്റ ജീവിയും രോഗലക്ഷണം തുടങ്ങി ഏഴ് ദിവസത്തിനകം മരണപ്പെടും. രോഗലക്ഷണം തുടങ്ങുന്നതിന് 3 ദിവസങ്ങള്‍ക്ക് മുമ്പു മുതല്‍ അതിന്റെ ശരീരത്തിലെ സ്രവങ്ങളില്‍ രോഗമുണ്ടാക്കാന്‍ ശേഷിയുള്ള അണുക്കളുണ്ടാകും. അതിന്റെ അര്‍ത്ഥം കടിച്ച മൃഗം 10 ദിവസം ജീവിച്ചിരുന്നാല്‍ അതു കടിക്കുന്ന സമയത്ത് പേ വിഷബാധയുടെ അണുക്കള്‍ അതിന്റെ സ്രവങ്ങളിലുണ്ടാകില്ല എന്നാണ്. അതുകൊണ്ടു തന്നെ കുത്തിവെപ്പ് 10 ദിവസത്തിനു ശേഷം തുടരേണ്ടതില്ല. അതായത് കടിയേറ്റശേഷം ആദ്യ ദിവസം, 3-ാം ദിവസം, 7-ാം ദിവസം എന്നിങ്ങനെ കുത്തിവെപ്പ് നടത്തിയാല്‍ മതിയാകും.
മുന്‍കാലങ്ങളില്‍ വയറില്‍ പൊക്കിളിന് ചുറ്റിലുമായി 14 ദിവസം തുടര്‍ച്ചയായി പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിരുന്നെങ്കില്‍ വൈദ്യശാസ്ത്രം പുരോഗമിച്ചതിനെ തുടര്‍ന്ന് ഇന്ന് ഏതാനും കുത്തിവെപ്പുകള്‍ കൊണ്ടുതന്നെ പ്രതിരോധശേഷി കൈവരിക്കാനാവും.
വിഷബാധ സംശയിച്ചാല്‍ ഉടന്‍ കുത്തിവെപ്പെടുക്കണം. തുടര്‍ന്ന് 3, 7, 14, 28 എന്നിങ്ങനെ ദിവസങ്ങളില്‍ കുത്തിവെപ്പ് ആവര്‍ത്തിക്കണം. ഇതിന് പുറമെ വിലകൂടിയ ‘സിറം’ ഉപയോഗിച്ചും കുത്തിവെപ്പടുക്കാവുന്നതാണ്. മൃഗങ്ങളുടെ സിറം ഉപയോഗിച്ചുള്ള കുത്തിവെപ്പുകളില്‍ ചിലര്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഹ്യൂമന്‍ ഇമ്യൂണോ ഗ്‌ളോബുലിന്‍ എന്ന ഏറ്റവും പുതിയ വാക്‌സിനാണ് ഉപയോഗിക്കുന്നത്.
പേവിഷബാധ 100 ശതമാനം മാരകമായ വൈറസ് രോഗമാണ്. എന്നാല്‍ അടിയന്തര ചികിത്സയിലൂടെയും പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും പൂര്‍ണമായും പ്രതിരോധിക്കാന്‍ കഴിയുന്ന അവസ്ഥയാണ് പേവിഷബാധയെന്ന് സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ കോ-ഓര്‍ഡിനേറ്ററും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയായ ഡോ. ഇന്ദു പി.എസ്. പറഞ്ഞു.
മൃഗങ്ങളുടെ കടിയേറ്റാല്‍ എന്ത് ചെയ്യണം?
പട്ടി മാത്രമല്ല പൂച്ച, പശു, ആട് തുടങ്ങിയ വളര്‍ത്തു മൃഗങ്ങളില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും പേവിഷബാധയോല്‍ക്കാം. ഇവയുടെ കടിയേറ്റാല്‍ ആദ്യമായി കടിയേറ്റ ഭാഗം സോപ്പുപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. അണുക്കളുടെ ഭൂരിഭാഗവും നിര്‍വീര്യമാക്കാന്‍ സോപ്പിന് കഴിയുന്നതാണ് ഇതിന് കാരണം. എന്നിട്ട് ഒട്ടും വൈകാതെ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പേ വിഷത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. മുറിവിന്റെ ഗുരുതരാവസ്ഥ അനുസരിച്ചാണ് ചികിത്സ. പൊക്കിളിന് ചുറ്റുമുള്ള ഇഞ്ചക്ഷനല്ല ഇപ്പോള്‍ എടുക്കുന്നത്. മറ്റ് കുത്തിവയ്പ്പുകള്‍ പോലെ കൈകളിലാണ് ആന്റി റാബിസ് വാക്സിന്‍ എടുക്കുന്നത്. ആഴത്തിലുള്ള മുറിവാണെങ്കില്‍ ആന്റി റാബിസ് സിറം കൂടി എടുക്കേണ്ടതാണ്.
പേ വിഷബാധ വളരെപ്പെട്ടെന്ന് തലച്ചോറിനേയും നാഡീ വ്യൂഹത്തേയും ബാധിക്കുന്നതിനാല്‍ ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്കും എത്തുന്നതിനാല്‍ ആരും പരീക്ഷണത്തിന് നില്‍ക്കരുത്. ഇനിയൊരാള്‍ക്കും ഈയൊരവസ്ഥ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക.
(കടപ്പാട്: ആരോഗ്യവകുപ്പ്, കെയര്‍ ഹെല്‍ത്ത് കെയര്‍ ഫ്യൂച്ചര്‍)