ജീവിതശൈലീ രോഗങ്ങളുടെ കാലമാണിത്. ജീവിതത്തിലെയും ഭക്ഷണ ക്രമത്തിലെയും മാറ്റങ്ങള്‍ പ്രായഭേദമന്യേ എല്ലാവരെയും ഇന്ന് ബാധിക്കുന്നുണ്ട്. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്ന് തുടങ്ങി ഹൃദ്രോഗം വരെ എത്തി നില്‍ക്കുന്നു ഇത്തരത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍. ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനിയാണ് കൊളസ്ട്രോള്‍. രക്തത്തിലും കോശ ഭിത്തികളിലും ശരീരത്തിലെ കലകളിലും കാണുന്ന മെഴുക് രൂപത്തിലുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍. പല ഹോര്‍മോണുകളുടെയും ഉത്പാദനത്തിന് ഇതാവശ്യമാണ്. സ്ത്രീ ഹോര്‍മോണുകള്‍, പുരുഷ ഹോര്‍മോണുകള്‍, അഡ്രിനാലിന്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ചില ഹോര്‍മോണുകള്‍ എന്നിവയുടെ ഉത്പാദനത്തിന് കൊളസ്ട്രോള്‍ കൂടിയേ തീരൂ. എന്നാല്‍ ഇത് അധികമായാല്‍ അത് ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുകയും ചെയ്യും.
കൊളസ്ട്രോളില്‍ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്. ശരീരത്തിന് ആവശ്യമായ കൊളസ്ട്രോള്‍ ഉത്പാദിപ്പിക്കുന്നത് പ്രധാനമായും കരളാണ്. ഭക്ഷണത്തില്‍ നിന്നും കൊളസ്ട്രോള്‍ ശരീരത്തില്‍ പ്രവേശിക്കും. ഭക്ഷണത്തില്‍ പൂരിത കൊഴുപ്പിന്‍റെ അളവ് കൂടിയാല്‍ രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവും കൂടുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ സ്വാഭാവികമായി കരളിലെ കൊളസ്ട്രോള്‍ ഉത്പാദനം കുറയുകയും ചെയ്യും. ഇത് കൊളസ്ട്രോള്‍ നില കൃത്യമായി നിലനിര്‍ത്തും. എന്നാല്‍ പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണം നിയന്ത്രണാതീതമാകുന്നത് രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് ഗണ്യമായി കൂടാന്‍ കാരണമാകുന്നു. ഇത് പല രോഗങ്ങള്‍ക്കും കാരണമാകുന്നു.
കൊളസ്ട്രോള്‍ കൂടിയാല്‍ ദോഷങ്ങള്‍ പലതാണ്. ഹൃദയാഘാതം, പക്ഷാഘാതം, അമിത രക്ത സമ്മര്‍ദ്ദം, വൃക്ക രോഗങ്ങള്‍, പിത്താശയക്കല്ലുകള്‍, ലൈംഗിക ശേഷി കുറവ്, സ്തനം, കുടല്‍ എന്നിവയിലെ അര്‍ബുദം, പ്രമേഹം എന്നിങ്ങനെ നീളുന്നു രോഗങ്ങളുടെ പട്ടിക. കൊളസ്ട്രോള്‍ കുറയ്ക്കാനും മാര്‍ഗങ്ങളുണ്ട്. മരുന്നുകളുടെ സഹായവും ഭക്ഷണത്തില്‍ കൃത്യമായ നിയന്ത്രണങ്ങളും വരുത്തിയാല്‍ കൊളസ്ട്രോളിനെ അകറ്റി നിര്‍ത്താം. ഒപ്പം വ്യായാമവും ഉണ്ടെങ്കില്‍ ഇത് മൂലമുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ സാധിക്കും.
ഭക്ഷണത്തിലൂടെ ഉള്ളില്‍ ചെല്ലുന്ന ട്രാന്‍സ്ഫാറ്റുകള്‍ എന്ന കൊഴുപ്പുകള്‍ കൊളസ്ട്രോള്‍ നിലയില്‍ കാര്യമായ വര്‍ധനവുണ്ടാക്കുന്നു. കേക്ക്, ചിപ്സ്, പേസ്ട്രി എന്നിവയില്‍ ട്രാന്‍സ്ഫാറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ചുവന്ന മാംസം, മുട്ടയുടെ മഞ്ഞ, കൊഴുപ്പുള്ള പാല്, എന്നിവയിലും ട്രാന്‍സ് ഫാറ്റ് ഉണ്ട്. ഇവ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇതോടൊപ്പം ഭക്ഷണത്തില്‍ പാടേ മാറ്റം വരുത്തുക. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പരിപ്പ് എന്നിവയടങ്ങിയ റെയിന്‍ബോ ഡയറ്റ് ആണ് കൊളസ്ട്രോള്‍ രോഗികള്‍ പിന്തുടരേണ്ടത്. കൊഴുപ്പില്ലാത്ത പാല്‍ തവിടോട് കൂടിയ അരി, ഓട്സ്, ഗോതമ്പ്, റാഗി, ചെറുപയര്‍, വന്‍പയര്‍ എന്നിവ കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കും.
ഇലക്കറികള്‍ കാര്യമായി കഴിക്കുക. മുരിങ്ങയില, ചീര എന്നിവയിലെ ആന്‍റി ഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നതിനെ പ്രതിരോധിക്കുന്നു. വെളുത്തുള്ളി, ബീറ്റ്റൂട്ട്, മത്തങ്ങ, വഴുതനങ്ങ, മുരിങ്ങക്ക, മധുരക്കിഴങ്ങ് എന്നിവ യിലെ നാരുകളും ആന്‍റി ഓക്സിഡന്റുകളും കൊളസ്ട്രോള്‍ കുറക്കാന്‍ നല്ലതാണ്. കടല്‍ മത്സ്യങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡ് കൊളസ്ട്രോള്‍ രോഗികള്‍ക്ക് നല്ലതാണ്. മത്തി, അയല, ചൂര, കിളിമീന്‍, കൊഞ്ച് എന്നിവ ഒമേഗ-3 കൊണ്ട് സമൃദ്ധമാണ്. ഇവ ഭക്ഷണത്തില്‍ പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ.
കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനായി വ്യായാമം ശീലമാക്കുക. രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ വ്യായാമത്തിലൂടെ സാധിക്കും. പ്രായം അനുസരിച്ചുള്ള വ്യായാമങ്ങള്‍ ചെയ്യുക. ഓട്ടം, നടത്തം, യോഗ, ജോഗിംഗ് എന്നിങ്ങനെയുള്ള വ്യായാമങ്ങളില്‍ ഏതാണോ അഭികാമ്യം അത് പരിശീലിക്കുക. ഇതോടൊപ്പം ശരീര ഭാരവും നിയന്ത്രിച്ചാല്‍ കൊളസ്ട്രോളിനെ പമ്പ കടത്താവുന്നതേയുള്ളൂ.