spot_img

പ്രസവത്തിന് മുമ്പ് തയ്യാറെടുപ്പുകള്‍ വേണം; ആരോഗ്യത്തിന് ഊന്നല്‍ കൊടുക്കുക

അമ്മ ഒരു ജീവനെ ഭൂമിയിലേക്ക് കൊണ്ടു വരുന്നവളാണ്. ഗര്‍ഭ കാലത്തിന് മുമ്പ് സ്ത്രീകള്‍ അതിനായി ശാരീരികമായും മാനസികമായും തയ്യാറാകണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയാറുണ്ട്. അമ്മയാകുന്നതിന് മുമ്പ് ഒരു സ്ത്രീ മാനസികമായി എങ്ങനെയാണ് ഒരുങ്ങേണ്ടത് എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇതിനെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. ഗര്‍ഭ കാലത്തിന് മുമ്പുള്ള സമയം, ഗര്‍ഭകാലം, പ്രസവത്തിന് ശേഷമുള്ള സമയം.

ഗര്‍ഭ കാലത്തിന് മുമ്പുള്ള സമയത്ത് നമ്മുടെ പങ്കാളിയുമായി നമുക്കൊരു നല്ല ആശയ വിനിമയമുണ്ടായിരിക്കണം. ഗര്‍ഭാവസ്ഥയെ കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങള്‍, ആകുലതകള്‍, സംശയങ്ങള്‍ മുതലായവ ഇരുവരും തുറന്ന മനസ്സോടെ പരസ്പരം പങ്കു വെയ്ക്കണം. ഇതാണ് ആദ്യമായി ചെയ്യേണ്ടത്. രണ്ടാമതായി ബന്ധുക്കളോടും മാതാപിതാക്കളോടും തുടങ്ങി ചുറ്റിലുമുള്ളവരുമായി ഒരു സപ്പോര്‍ട്ടിംഗ് സിസ്റ്റം രൂപപ്പെടുത്തി എടുക്കണം. കാരണം, നമുക്ക് എന്തെങ്കിലും ആകുലതകളും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ അത് ഇവരുമായി നാം പങ്കു വെയ്ക്കുമ്പോള്‍ അത് നമുക്കൊരു പോസിറ്റീവ് എനര്‍ജി തരും.

മൂന്നാമതായി പല തരത്തിലുള്ള ടെന്‍ഷനുകളും ആകുലതകളും നമുക്കുണ്ടാകും. ആദ്യം ഇതിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്തുക. അത് കണ്ടെത്തി അതിന് പരിഹാരം കാണേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം, ഗര്‍ഭ കാലത്ത് അമ്മയ്ക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ കുഞ്ഞിനെ കൂടിയാണ് ബാധിക്കുന്നത്. നാലാമതായി നമ്മള്‍ ഗര്‍ഭാവസ്ഥയെ കുറിച്ച് അറിവുള്ളവരായിരിക്കണം. പലരും ആദ്യത്തെ പ്രസവമാണെങ്കില്‍ മറ്റുള്ളവരുടെ രീതി കണ്ടാണ് പഠിക്കുക. അതിനനുസരിച്ചാണ് തന്റെ ഗര്‍ഭ കാലത്തെയും അവര്‍ അളക്കുക. അത് ശരിയല്ല. അറിവുള്ളവരുടെ സഹായം ഇവിടെ തേടുക.

അഞ്ചാമതായി അമ്മയാകുമ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്നൊരു മാറ്റം മാനസികമായും ശാരീരികമായും സംഭവിക്കുന്നുണ്ട്. ആ മാറ്റത്തെ ഭീതിയോടെ കാണാതെ അതിനെ അംഗീകരിക്കേണ്ടതുണ്ട്. ആദ്യത്തെ ഗര്‍ഭമല്ലെങ്കില്‍ ഒരു കുഞ്ഞുണ്ടെങ്കില്‍ ആ കുട്ടിയെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുക. കാരണം ഇത്രയും നാളും അമ്മയുടെയും അച്ഛന്റെയും ചുറ്റിലുമുള്ളവരുടെയും എല്ലാവിധ ലാളനയുമേറ്റാണ് കുട്ടി വളരുന്നത്. ആ അവസ്ഥക്ക് പെട്ടെന്ന് മാറ്റം വരികയും പുതിയ കുഞ്ഞിന് കൂടുതല്‍ ലാളനയും കിട്ടുമ്പോള്‍ ആദ്യത്തെ കുട്ടിയ്ക്ക് അത് മാനസികമായി ഒട്ടേറെ വിഷമമുണ്ടാക്കുന്ന ഒന്നാണ്. അതു കൊണ്ട് അമ്മ ഗര്‍ഭ കാലത്തിന് ഒരുങ്ങുന്നതിനൊപ്പം കുട്ടിയെയും അതിനൊപ്പം ഒരുക്കുക.

ഗര്‍ഭ കാലത്ത് ആദ്യമായി ചെയ്യേണ്ടത് മനസിലുള്ള നെഗറ്റീവ് ചിന്തകളെ ഒഴിവാക്കിയെടുക്കുക എന്നതാണ്. എപ്പോഴും പോസിറ്റീവായി ഇരിക്കുക. അനാവശ്യ ചിന്തകളുടെ ആവശ്യമില്ല. അതിനു പകരം നല്ല പുസ്തകങ്ങള്‍ വായിക്കുക, പാട്ടു കേള്‍ക്കുക അതുപോലെ തന്നെ കുഞ്ഞു വയറ്റിലായിരിക്കുമ്പോല്‍ തന്നെ ഒരു അടുപ്പം രൂപപ്പെടുത്തി എടുക്കുക. വയറ്റില്‍ തലോടുകയും കുഞ്ഞിനോട് സ്‌നേഹത്തോടെ സംസാരിക്കുകയും ചെയ്യുക.  ജീവിത പങ്കാളിയുമായി സംസാരിച്ചിരിക്കുമ്പോള്‍ കുട്ടിയുടെ കാര്യം കൂടി അവിടേയ്ക്ക് കൊണ്ടുവരിക. അങ്ങനെ സന്തോഷകരമായ ഒരു സാഹചര്യം ഗര്‍ഭ കാലത്ത് കാത്ത് സൂക്ഷിക്കുക.

പ്രസവത്തിന് ശേഷം കുടുംബത്തിലേക്ക് ഒരു പുതിയ അംഗം കൂടി വരികയാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വളരെ അഗാധമായ ഒന്നാണ്. പക്ഷേ ആ ഒരു സമീപനം സിനിമയിലോ കവിതയിലോ മറ്റോ ഉള്ളതു പോലെയോ അതു പോലെ പെട്ടെന്ന് സാധിച്ചു കൊള്ളാവുന്ന ഒന്നോ അല്ല. സ്വാഭാവികമായും ഈ സമയത്ത് ഞാനൊരു നല്ല അമ്മയല്ലേ, ഞാനെന്റെ കുഞ്ഞിനെ പരിപാലിക്കുന്നില്ലേ തുടങ്ങി അവര്‍ക്കുള്ളില്‍ ഒരുപാടു ടെന്‍ഷനുണ്ടാകും. ഈ ടെന്‍ഷന്‍ മാതൃത്വത്തെ മോശമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിന്റെയൊന്നും ആവശ്യമില്ല. സിനിമയില്‍ മറ്റും കാണുന്നതല്ല യഥാര്‍ത്ഥ മാതൃത്വം. ആ അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ കുറച്ചു സമയം എടുക്കുക തന്നെ ചെയ്യും.

സാധാരണയായി ഗര്‍ഭ കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധ കൊടുക്കാറുള്ളത് സ്ത്രീയുടെ ശരീരത്തിന്റെ ആരോഗ്യത്തിനു വേണ്ടിയാണ്. ശരീരം പോലെ തന്നെ മാനസിക ആരോഗ്യവും പ്രധാനമാണ്. ഇക്കാലയളവില്‍ എന്തെങ്കിലും ആകുലതകളോ സംശയങ്ങളോ ഉണ്ടാവുകയാണെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.