പ്രശ്നം നമ്മുടെ ശരീരത്തിനല്ല, മറിച്ച് ശരീരത്തെ കുറിച്ചും നമ്മളെ കുറിച്ചുമുള്ള നമ്മുടെ ചിന്താഗതിയിലാണ്. അതാണ് ആദ്യം മാറ്റേണ്ടത്. ഈ അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായ ഒരു കാര്യമാണ് ബോഡി ഷെയ്മിങ്. അടുത്തിടെ പുറത്തിറങ്ങിയ തമാശ എന്ന സിനിമ അതിനെ നന്നായി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. നിറത്തിന്റെ പേരില്‍, തടി കൂടിയതിന്റെ പേരില്‍, കുറഞ്ഞതിന്റെ പേരില്‍, ഉയരം കൂടിയതിന്റെ പേരില്‍, കുറഞ്ഞതിന്റെ പേരില്‍, ശരീര ഭാഗങ്ങളുടെ പേരില്‍ അങ്ങനെ പലവിധത്തില്‍ ബോഡി ഷെയ്മിങ് നേരിടുന്ന ഒരുപാട് പേര് നമുക്കിടയിലുണ്ട്. കളിയാക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വെറും തമാശയാണ്. പക്ഷേ അത് കേള്‍ക്കുന്നവരുടെ ഉള്ളില്‍ വളരെയേറെ വേദനയുണ്ടാക്കുന്നുണ്ട്. അത് അവരുടെ ആത്മവിശ്വാസത്തെയും ജീവിതത്തെയും തന്നെ ദോഷകരമായി ബാധിക്കുന്നു. സൗന്ദ്യര്യത്തിന്റെ അളവുകോലില്‍ നല്ലവരെന്ന് ചിന്തിക്കുന്നവര്‍ പോലും പലപ്പോഴും കളിയാക്കലുകള്‍ക്ക് വിധേയരാകാറുണ്ട്. അതിനു ശേഷം അതിനെ കുറിച്ച് ചിന്തിച്ച് അവരും ആകുലരാകാറുണ്ട്.
നിരന്തരം മീഡിയയും ചുറ്റുമുള്ളവരും നമ്മോടു പറയുകയാണ് Change Your Appearance എന്ന്. നിരവധി പരസ്യങ്ങള്‍ നാം കാണാറുണ്ട്. കളര്‍ കൂടാനുള്ളത്, തടി വയ്ക്കാനുള്ളത്, തടി കുറയാനുള്ളത്, ഉയരം വയ്ക്കാനുള്ളത് അങ്ങനെ നിരവധി കാര്യങ്ങളിലൂടെ നിങ്ങള്‍ക്കത് ചേരുന്നില്ല നിങ്ങള്‍ അതില്‍ നിന്ന് മുക്തരാകൂ എന്ന് നിരന്തരം മീഡിയ നമ്മോട് സംവദിക്കുകയാണ്. എങ്ങനെ നമുക്ക് ഈ ബോഡി ഷെയ്മിങ് എന്ന അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാം. ആദ്യമായി നാം നമ്മെ തന്നെ ആംഗീകരിക്കുക. ഞാന്‍ ഇങ്ങനെ തന്നെയാണെന്നത് പോസിറ്റീവ് വശത്തോടെ സമ്മതിക്കുക. രണ്ടാമതായി നിങ്ങള്‍ നിങ്ങളെ സ്നേഹിക്കുക. ഈ രീതി അവലംബിച്ചാല്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകും. ആളുകള്‍ നമ്മെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും, അത് അവരുടെ സന്തോഷത്തിനോ വെറുതെ തമാശയ്ക്കോ അല്ലെങ്കില്‍ വേണമെന്ന് ധരിച്ച് തന്നെയായിരിക്കാം. അതിനെ നമ്മള് മുഖവിലയ്ക്കെടുക്കാതെ ഇരുന്നാല്‍ മതി. അവര്‍ എന്ത് നെഗറ്റീവ് പറഞ്ഞാലും പോസിറ്റീവ് ചിന്തയിലൂടെ അതിനെ നാം മറി കടക്കുക. നമ്മുടെ കഴിവുകളില്‍ നാം വിശ്വസിക്കുക. ഈ ചിന്താഗതി വേഗത്തില്‍ സംഭവിക്കുന്ന ഒന്നായിരിക്കില്ല. നിരന്തരമായ ശ്രമത്തിലൂടെ ഈ രീതിയിലേക്ക് നമുക്ക് എത്തിച്ചേരാനാകും.
ശരീരത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ വളരെ ആകുലരാണ്. അത് കണ്ടാല്‍ മനസിലാകും. കാരണം, അവര്‍ക്ക് ഒരു ഗ്രൂപ്പിന്റെ മുന്നില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഞാന്‍ നല്ലതാണോ എന്നവര്‍ ഇടയ്ക്കിടയ്ക്ക് ചഞ്ചലരായി ചിന്തിച്ചു കൊണ്ടേയിരിക്കുകയാണ്. ശരീരത്തിന് നല്കുന്ന ഈ അമിത ആകുലതയില്‍ നിന്ന് നമുക്ക് എന്ന് പുറത്തു വരാന്‍ സാധിക്കുന്നുവോ, സ്വന്തം കഴിവുകളില്‍ എന്ന് വിശ്വസിക്കാന്‍ സാധിക്കുവോ അവിടെ നിന്ന് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും.
ബോഡി ഷെയ്മിങ്ങിന്റെ ഉല്മൂലനം അതിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഉണ്ടാകണം. ഒരു കുഞ്ഞ് ഉണ്ടാകുമ്പോള്‍ മിക്കവരും ആകുലപ്പെടുന്നത് കുട്ടിയുടെ തൂക്കത്തെ കുറിച്ചും നിറത്തെ കുറിച്ചും ചിന്തിച്ചാണ്. അത്തരത്തിലുള്ള ചോദ്യങ്ങളാണ് കൂടുതലായും വരുന്നത്. കുട്ടി കറുത്തതാണെങ്കില്‍ കുട്ടിയെ വെളുപ്പിക്കാനുള്ള കൈ ക്രിയകളായി പിന്നെ. ഇതിലൂടെയൊക്കെ കുട്ടിക്കാലത്തെ കുട്ടികളുടെ മനസില്‍ നെഗറ്റീവ് എനര്‍ജി കുത്തി വെയ്ക്കപ്പെടുകയാണ്. ആ ഒരു സന്ദര്‍ഭം ഇനിയെങ്കിലും സൃഷ്ടിക്കാതിരിക്കുക. ചെറുപ്പത്തിലെ ശരീരത്തെ കുറിച്ച് ആകുലരാകാതെ കുട്ടികള്‍ക്ക് വളരാനായാല്‍ വലുതായാലും അവരുടെ ആത്മ വിശ്വാസത്തെ, അവരുടെ ശാരീരിക കാഴ്ച്ചപ്പാടിനെ തകര്‍ക്കാന്‍ ആര്‍ക്കുമാവില്ല. ഇതൊക്കെ പറയുമ്പോള്‍
നമ്മളെ കളിയാക്കുന്നവരെ തിരുത്തിയാല്‍ പോരെ എന്നൊരു ചിന്ത വരും. ഈ ലോകത്തിലുള്ള എല്ലാവരെയും നമുക്ക് നന്നാക്കാനാവില്ല. നാം നന്നാവുക എന്നതാണ് പ്രധാനം. അതിന് ഏറെ പ്രയാസമില്ല താനും. ശരീരത്തെ കുറിച്ചുള്ള അധിക ആകുലതകള്‍ ഓരോരുത്തരും സ്വയമേ ഇല്ലാതാക്കിയാല്‍ സമൂഹത്തില്‍ നിന്ന് തന്നെ ബോഡി ഷെയ്മിങിനെ ഉല്മൂലനം ചെയ്യാം.