spot_img

ഓട്ടിസം എങ്ങനെ മറികടക്കാം

ഇപ്പോഴും പലര്‍ക്കും ധാരണയില്ലാത്ത അസുഖമാണ് ഓട്ടിസം. അതുകൊണ്ട് തന്നെ ഓട്ടിസം ബാധിതര്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്നു. ഇവരും സമൂഹത്തിന്‍റെ ഭാഗമാണെന്ന് ഓര്‍മപ്പെടുത്താനാണ് ഏപ്രില്‍ രണ്ട് ഐക്യരാഷ്ട്ര സഭ ഓട്ടിസം ദിനമായി ആചരിക്കുന്നത്. കുട്ടികളുടെ വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഓട്ടിസം. ഇത് കുട്ടിയുടെ സാമൂഹിക ഇടപെടലിനെയും കൃത്യമായി ആശയ വിനിമയം നടത്താനുള്ള ശേഷിയെയും മോശമായി ബാധിക്കുന്നു. പന്ത്രണ്ട് വയസില്‍ താഴെയുള്ള പതിനായിരം കുട്ടികളില്‍ അഞ്ച് ശതമാനം പേര്‍ക്കും ഓട്ടിസം ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ പലപ്പോഴും രോഗം തിരിച്ചറിയാന്‍ മാതാപിതാക്കള്‍ വൈകുന്നു. അതു കൊണ്ട് തന്നെ രോഗം വഷളായതിനു ശേഷമാകും ഡോക്ടറെ കാണിക്കുക.

പെണ്‍കുട്ടികളെ അപേക്ഷിച്ച് ഓട്ടിസം വരാനുള്ള സാധ്യത കൂടുതല്‍ ആണ്‍കുട്ടികള്‍ക്കാണ്. ചെറുപ്പത്തില്‍ തന്നെ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനാകും. പെരുമാറ്റത്തിലെ വ്യത്യാസങ്ങളില്‍ നിന്നാണ് ഇത് തിരിച്ചറിയാനാവുന്നത്. പൊതുവേ സ്വന്തം ലോകത്തേക്ക് ഉള്‍വലിഞ്ഞു ജീവിക്കുന്നവരാകും ഓട്ടിസം ബാധിച്ച കുട്ടികള്‍. പദസമ്പത്തിന്‍റെ കാര്യത്തില്‍ ഏറെ പുറകോട്ടാകും ഇവര്‍. ഇത് കൂടാതെ ആവര്‍ത്തിച്ചുള്ള ചില ചേഷ്ടകളും ഇവര്‍ കാണിക്കും. ആറു വയസിന് മുന്‍പ് രോഗം തിരിച്ചറിഞ്ഞാല്‍ സാധാരണ കുട്ടികളെ പോലെയുള്ള ജീവിതം ഇവര്‍ക്ക് തിരിച്ചു കിട്ടും. ആശയ വിനിമയ ശേഷി വളര്‍ത്താനുള്ള ചികിത്സകളാണ് ഇതിനായി ചെയ്യുന്നത്.

ഓട്ടിസത്തിന് പല ലക്ഷണങ്ങളുണ്ട്‌. ആറു മാസം പ്രായമായിട്ടും കുട്ടി ചിരിക്കുകയോ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയോ ചെയ്യാതിരുന്നാല്‍ അത് ഓട്ടിസം ആകാം. പേര് വിളിച്ചാല്‍ മനസിലാവാതിരിക്കുക, സംസാരിക്കാന്‍ വിഷമമുണ്ടാവുക, സംസാരിച്ചു തുടങ്ങാന്‍ താമസമെടുക്കുക, തീരെ സംസരിക്കാതിരിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കുട്ടി കാണിച്ചാല്‍ അത് വിട്ട് കളയാതിരിക്കുക. അസുഖ ബാധിതരായ കുട്ടികള്‍ ഉച്ചാരണത്തിനിടയില്‍ ചില വാക്കുകള്‍ വിട്ട് കളയാറുണ്ട്. വാക്കുകളുടെ അര്‍ത്ഥം മനസിലാകാതെ അവ ഉച്ചരിക്കുകയും ചെയ്യും ഇവര്‍. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ അത് ശ്രദ്ധിക്കാന്‍ പോലും കഴിയില്ല ഇവര്‍ക്ക്. പലര്‍ക്കും പൊതുവേ ശബ്ദം പ്രശ്നമായിരിക്കും. കൂടാതെ ദേഷ്യം, മറ്റുള്ളവരെ ഉപദ്രവിക്കുക, ഒച്ചയിടുക എന്നിവയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ശൈശവ ഓട്ടിസം ബാധിച്ച കുട്ടികളില്‍ വളരെ ചെറുപ്പത്തില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടു വരുന്നു. എന്നാല്‍ ചില കുട്ടികളില്‍ പതിനഞ്ച് മുതല്‍ പതിനെട്ടു മാസം വരെ ഒരു പ്രശ്നവും കാണാറില്ല. ഇതിന് ശേഷം ഇവരുടെ വളര്‍ച്ചയില്‍ കാര്യമായ കുറവ് സംഭവിക്കും. കൂട്ടുകാരോടൊത്തുള്ള കളികളും ഇവര്‍ക്ക് കുറവായിരിക്കും. ഉള്‍വലിയല്‍ സ്വഭാവം ഉള്ളത് കൊണ്ട്  തന്നെ സുഹൃത്തുക്കളെ ഉണ്ടാക്കാനും ഇവര്‍ക്ക് ബുദ്ധിമുട്ടാകും. ജീവിത രീതിയിലെ ചെറിയ മാറ്റങ്ങള്‍ പോലും ഇവര്‍ക്ക് അസഹ്യമായിരിക്കും. ചില വാക്കുകള്‍ ഇവര്‍ ഒരിക്കല്‍ പറഞ്ഞാല്‍ പിന്നീട് നാളുകളോളം പറയാറില്ല. ഓട്ടിസം ബാധിതരായ ചില കുട്ടികള്‍ വാക്കുകളിലും അക്ഷരങ്ങളിലും കാര്യമായ മികവ് പുലര്‍ത്താറുണ്ട്.

ഗര്‍ഭാവസ്ഥയില്‍ കുട്ടിയുടെ വളര്‍ച്ചയിലെ വൈകല്യങ്ങളാണ് ഓട്ടിസത്തിന് കാരണം. ഓട്ടിസ്റ്റിക് കുട്ടികളുടെ തലച്ചോറിന് അല്ലാത്തവരുടേതുമായി വ്യത്യാസമുണ്ട്. സെറോടോണിന്‍ എന്ന രാസവസ്തുവിന്‍റെ അളവ് ഇവരില്‍ കൂടുതലാണ്. ജനിതക ഘടകങ്ങളും ഓട്ടിസം വരാന്‍ കാരണമാകും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഓട്ടിസം വന്നിട്ടുണ്ടെങ്കില്‍ ഇവരുടെ വരും തലമുറക്കും രോഗം വരാം. മാനസികമായി പ്രശ്നമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഓട്ടിസം വരാനുള്ള സാധ്യതയുണ്ട്. വിഷാദ രോഗം, ബൈപോളാര്‍ ഡിസോഡര്‍ എന്നീ മാനസിക പ്രശ്നങ്ങള്‍ ഉള്ളവരുടെ കുട്ടികള്‍ക്കും അസുഖം വരാം.

രോഗ നിര്‍ണയത്തിനായി ചില പരിശോധനകളുണ്ട്. പെരുമാറ്റ  പരിശോധന, കാഴ്ചക്കോ കേള്‍വിക്കോ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന പരിശോധന, ഒക്കുപ്പേഷണല്‍ തെറാപ്പി സ്ക്രീനിംഗ്, ഡിഎന്‍എ പരിശോധന എന്നിങ്ങനെ പോകുന്നു അവ. ഓട്ടിസത്തിന്‍റെ ചികിത്സകളില്‍ പ്രധാനം  കോഗ്നിറ്റീവ് സ്റ്റിമുലേഷന്‍ തെറാപ്പി, സ്പീച്ച് ആന്‍ഡ്‌ ലാംഗ്വേജ് തെറാപ്പി എന്നിവയാണ്. ഈ ചികിത്സകളിലൂടെ കുട്ടിയുടെ ആശയ വിനിമയ ശേഷിയും ഭാഷയും വളര്‍ത്താനാണ് ശ്രമിക്കുന്നത്. ഇതിനോടൊപ്പം ഒക്യുപ്പേഷണല്‍ തെറാപ്പിയും ചെയ്യും. ഉറക്ക പ്രശ്നങ്ങള്‍ കുറയ്ക്കാനായി മെലാടോണിന്‍ ചികിത്സ ഉപകാരപ്പെടും. അപസ്മാരമുള്ള കുട്ടികളില്‍ അതിനുള്ള ചികിത്സയും നല്‍കും.

കുട്ടികള്‍ക്ക് പറ്റുന്ന വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുണം ചെയ്യും. കുട്ടികളുമായി കുറച്ച്‌ സമയം നടക്കാനിറങ്ങുക. നീന്തല്‍ ഇവര്‍ക്ക് നല്ലതാണ്. ഓട്ടിസത്തെ മനസിലാക്കുക എന്നതാണ് പ്രധാന കാര്യം. അസുഖ ബാധിതരായ കുട്ടികളുടെ അച്ഛനമ്മമാര്‍ രോഗത്തെ പറ്റി കൃത്യമായി മനസിലാക്കണം. ഇവരുടെ സുഹൃത്തുക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും രോഗത്തെ പറ്റി ധാരണയുണ്ടാകണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.