ചര്‍മ്മത്തിലുണ്ടാകുന്ന അര്‍ബുദം ചില നാടുകളില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത് തിരിച്ചറിയാനായി ചര്‍മ്മത്തിലെ ചില മറുകുകളുടെ ലക്ഷണം നോക്കിയാല്‍ മതിയാകും. നമ്മുടെ ശരീരത്തിലെ മറുകുകള്‍ നിരുപദ്രവകരമാണോ അതോ കാന്‍സര്‍ പുള്ളിയാണോയെന്ന് അടയാളങ്ങളും ലക്ഷണങ്ങളും കൊണ്ട് കണ്ടെത്താന്‍ പഠിക്കാം.
കാന്‍സര്‍ പുള്ളിയല്ലാത്ത മറുകുകള്‍
നമ്മുടെ ശരീരത്തില്‍ കാണുന്ന എല്ലാ മറുകുകളും അര്‍ബുദത്തിന്റെ ലക്ഷണമാണെന്നു ചിന്തിക്കരുത്. ചിലര്‍ക്ക് ജന്മനാ മറുകുകള്‍ ഉണ്ടാകാം. അല്ലെങ്കില്‍ കാലക്രമേണ മറുകുകള്‍ പ്രത്യക്ഷപ്പെടാം. അതില്‍ മിക്കതും നിരുപദ്രവകാരികളാവാം. അത്തരം മറുകുകളെ കണ്ടെത്താന്‍ തഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.
– കറുപ്പ്, തവിട്ട് നിറമുള്ള മറുക്
– ചെറുതായി ഉയര്‍ന്ന് നില്‍ക്കുന്നതോ, പരന്നതോ ആയ മറുക്
– ഓവല്‍, വൃത്താകൃതിയിലുള്ളവ
– 6 മില്ലിമീറ്ററിനു താഴെ വലുപ്പമുള്ളവ
– ആകൃതിയും വലിപ്പവും നിറവും മാറാത്തവ
– മാഞ്ഞു പോകുന്നവ
അര്‍ബുദ സ്വഭാവമുള്ള മറുകുകള്‍ എങ്ങനെ തിരിച്ചറിയാം
- പുതിയ മറുകുകള്‍
സാധാരണയായി പ്രായപൂര്‍ത്തിയായതിനു ശേഷം പുതിയ മറുകുകള്‍ വരാറില്ല. മറുകുകള്‍ പൊതുവെ ജന്മനാ പ്രത്യക്ഷപ്പെടുന്നവയോ പിന്നീട് വരുന്നവയോ ആണ്. പ്രായപൂര്‍ത്തിയായതിനു ശേഷം ചര്‍മത്തിലുണ്ടാകുന്ന മറുകുകള്‍ ശ്രദ്ധിക്കണം.
- കൃത്യമായ ആകൃതിയില്ലാത്തവ
ഓവല്‍ അല്ലെങ്കില്‍ വൃത്താകൃതിയിലല്ലാത്ത മറുകുകള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുന്നതാണ് നല്ലത്. കൃത്യമായ ആകൃതിയില്ലാത്ത മറുകുകള്‍ ശ്രദ്ധിക്കണം.
- കൃത്യമായ അതിരില്ലാത്തവ
മറുകിനു ചുറ്റും ചായം പൂശിയതുപോലെ പരന്നു കിടക്കുന്ന നിറവിത്യാസം ചിലരില്‍ കാണാറുണ്ട്. ഇത് ഒരുപക്ഷേ ചര്‍മത്തിലുണ്ടാകുന്ന കരുവാളിപ്പാകാം. എന്നാലും ഇത്തരത്തിലുള്ള മറുകുള്ളവര്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്.
- നിറ വ്യത്യസമുള്ളവ
സാധാരണയായി കറുപ്പ്, തവിട്ട്, റോസ് നിറങ്ങളില്‍ മറുകുകള്‍ കാണാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യാസമായി ചാര നിറത്തിലോ, നീല, ചുവപ്പ്, വെള്ള നിറങ്ങളിലോ കാണുന്ന മറുകുകള്‍ അപകടകാരികളാവാം.
- മറുകിന്റ വലുപ്പം.
പെട്ടന്നു വലുതാകുന്ന മറുകുകള്‍ വളരെ ശ്രദ്ധിക്കേണ്ടവയാണ്. പയറുമണിയേക്കാള്‍ വലുപ്പമുള്ള മറുകുകള്‍ ചര്‍മത്തിലുണ്ടാകുന്ന മെലനോമ എന്ന അര്‍ബുദമാകാം. ഇത്തരം മറുകുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം.
- മറുകില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍
മറുകില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടവ തന്നെയാണ്. പെട്ടന്നുണ്ടാകുന്ന നിറവ്യത്യാസം, മറുകിനു മുകളിലായി തടിപ്പ്, ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടല്‍, ചൊറിച്ചില്‍, വേദന, നേര്‍ത്തതായി തോന്നുക ഇതെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
- വീക്കം, ചുവന്ന തടിപ്പ്
മറുകിലുണ്ടാകുന്ന വീക്കം, ചുവന്ന തടിപ്പ് എന്നിവ മെലനോമയുടെ ലക്ഷണങ്ങളാകാം. ചര്‍മ്മത്തില്‍ ഇത്തരം മറുകുണ്ടെങ്കില്‍ വൈദ്യസഹായം തേടണം.
- ഉണങ്ങാത്ത വ്രണം, ചിരങ്ങ്
മറുകിന്മേല്‍ ഉണങ്ങാത്ത വ്രണമോ ചിരങ്ങോ, പൊറ്റയോ ഉണ്ടെങ്കില്‍ അവ മെലനോമയുടെ ലക്ഷണങ്ങളാകാം. ചര്‍മ്മത്തില്‍ ഇത്തരം മറുകുണ്ടെങ്കില്‍ വൈദ്യസഹായം ലഭ്യമാക്കണം.
കാന്‍സര്‍ മറുകുകള്‍ പരിശോധിക്കുമ്പോള്‍
– ഒരു വലിയ കണ്ണാടി ഉപയോഗിച്ച് സ്വയം ശരീരം മുഴുവന്‍ പരിശോധിക്കുക. അതുവഴി നിങ്ങളുടെ ശരീരത്തെ വിവിധ കോണുകളില്‍ നിന്ന് നോക്കാനും പാടുകള്‍ ശ്രദ്ധിക്കാതെ പോകുന്നത് ഒഴിവാക്കാനും കഴിയും.
– മുന്നിലും പിന്നിലും പരിശോധിക്കുക, തുടര്‍ന്ന് ഓരോ വശവും.
– അടുത്തതായി നിങ്ങളുടെ കൈകള്‍, കക്ഷം, കൈമുട്ടുകള്‍, കൈപ്പത്തികള്‍, എന്നിവയുടെ എല്ലാ വശങ്ങളും നോക്കുക. നിങ്ങളുടെ കാലുകള്‍, ഉപ്പൂറ്റി, കാല്‍വെള്ള, കാല്‍വിരലുകള്‍ എന്നിവയും പരിശോധിക്കുക.
– മുടി ഒരു വശത്തേക്ക് നീക്കി തലയോട്ടിയും കഴുത്തും പരിശോധിക്കുക.
– നിങ്ങളുടെ നിതംബവും പുറവും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കാന്‍ കൈയില്‍ കണ്ണാടി പിടിച്ച് നോക്കുക.