സ്വയം മതിപ്പില്ലാത്തതാണ് ജീവിതത്തിൽ പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണം. അവനവനിൽ തന്നെ വിശ്വസിക്കാതെ, സ്വന്തം കഴിവുകളെ മനസിലാക്കാതെ, സ്വയം കുറ്റപ്പെടുത്തിയും സങ്കടപ്പെട്ടുമിരുന്നാൽ ജീവിതത്തിൽ ഒരിക്കലും ഉയരങ്ങൾ കീഴടക്കാൻ സാധിക്കില്ല. സ്വന്തം ശക്തിയെന്താണെന്ന് തിരിച്ചറിഞ്ഞ് സ്വയം മനസിലാക്കി മുന്നോട്ട് നീങ്ങിയാലേ ജീവിതം സുന്ദരമാകൂ. അതിനായി ആദ്യം സ്വയം ഇഷ്ടപ്പെടുകയാണ് വേണ്ടത്. താൻ ഒന്നിനും കൊള്ളില്ലെന്ന നെഗറ്റീവ് ചിന്തകൾക്കൊക്കെ ബൈ പറഞ്ഞ്, ചിരിക്കുന്ന മുഖത്തോടെ ആത്മവിശ്വാസത്തോടെ ജീവിത്തതെ നേരിടുന്നവർക്കാണ് വിജയമുണ്ടാകുക.
സ്വയം അഭിനന്ദിക്കുക
ആത്മാഭിമാനം അല്ലെങ്കിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് അവനവനെ അഭിനന്ദിക്കുകയാണ് വേണ്ടത്. ചെറിയ കാര്യമായിക്കോട്ടേ വലുതായിക്കോട്ടേ.. തനിക്ക് എല്ലാം ചെയ്യാൻ സാധിക്കും എന്നുള്ള വിശ്വാസം വളർത്തിയെടുക്കാൻ ഇത് സഹായിക്കും.മറ്റുള്ളവരെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക. സ്വയമായി കാര്യങ്ങൾ ചെയ്യാൻ ശീലിക്കുമ്പോൾ ആത്മാഭിമാനം വർധിക്കും. നന്നായി ചെയ്ത കാര്യങ്ങളെ ആത്മപ്രശംസ ചെയ്യുന്നത് ഒരു തെറ്റല്ല.
നിങ്ങളുടെ തെറ്റുകൾ മറക്കുക
കഴിഞ്ഞു പോയ കാര്യങ്ങൾ, പണ്ട് ചെയ്ത തെറ്റുകൾ എന്നിവയെ കുറിച്ച് വർത്തമാന കാലത്തും ആകുലപ്പെടുന്നവർ നിരവധിയാണ്. സംഭവിച്ച തെറ്റുകളെ അംഗീകരിക്കുകയും അത് ഇനി ആവർത്തിക്കില്ല എന്ന് ദ്യഢനിശ്ചയം എടുക്കുക. ഓരോ തെറ്റുകളിൽ നിന്നും എന്തെങ്കിലും ഒരു പാഠം പഠിക്കാനുണ്ടാകും. വീഴാതെ നടക്കാൻ പഠിക്കില്ല എന്ന് പറഞ്ഞതുപോലെ ചെയ്ത തെറ്റുകളെ കുറിച്ച് ആകുലപ്പെടാതെ അവയിൽ നിന്നും പഠിച്ച പാഠങ്ങൾ മുന്നോട്ടുള്ള ജീവിതത്തിൽ എങ്ങനെ പ്രയോജനപ്രദമാക്കാം എന്ന് ചിന്തിക്കുക.
പോസിറ്റീവ് ആയിരിക്കുക
കഴിവുകെട്ടവനാണ്, എങ്ങുമെത്തിയില്ല, ഒന്നുമായില്ല എന്ന് ചിന്തിക്കാതിരിക്കുക. എപ്പോഴും ജീവിതത്തെ പോസിറ്റീവായി അഭിമുഖീകരിക്കുക. തന്നെക്കാൾ ദുഖവും ദുരിതവും അനുഭവിക്കുന്ന നിരവധിയാളുകൾ ഈ ലോകത്ത് ഉണ്ടെന്ന് ചിന്തിക്കുക. നിങ്ങൾ ചെയ്യുന്ന ജോലി എന്തുമാവട്ടെ, മറ്റുള്ളവർക്ക് ഏതെങ്കിലും തരത്തിൽ ഉപകാര പ്രദമാണെങ്കിൽ അതിൽ ആനന്ദം കണ്ടെത്തുക. നല്ലത് ചിന്തിക്കുക, നല്ലത് പ്രതീക്ഷിക്കുക, നല്ലത് തന്നെ സംഭവിക്കും.,
മറ്റുള്ളവരുമായി സ്വയം താരതമ്യം നടത്താതിരിക്കുക
ഇന്നത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത്. ഈ താരതമ്യപ്പെടുത്തൽ കൊണ്ട് സ്വയം മനോവിഷമം ഉണ്ടാകുന്നെന്നല്ലാതെ യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന സത്യം തിരിച്ചറിയുക. നിങ്ങളുടെ ഇല്ലായ്മകളെ കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ നിങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് സന്തോഷിക്കുക. വലിയ ലക്ഷ്യങ്ങൾ മുന്നിൽ കാണുക. അതിനായി കഠിന പ്രയത്നം ചെയ്യുക.
ആരോഗ്യത്തോടെയിരിക്കുക
മാനസിക പിരിമുറുക്കങ്ങളിൽ നിന്നും മറ്റും ശരീരത്തേയും മനസിനേയും മോചിപ്പിക്കാൻ വ്യായാമത്തിലൂടെ സാധിക്കും. മനസിനുണ്ടാകുന്ന പല പ്രശ്നങ്ങളും പിന്നീട് ആരോഗ്യത്തെയും ബാധിക്കുന്നതായി കണ്ടുവരാറുണ്ട്. ഇത് ഒവിവാക്കാനായി അനാവശ്യ ചിന്തകൾക്ക് കണ്ടെത്തുന്ന സമയം വ്യായാമത്തിനും ഫിറ്റ്നസിനുമായി ചിലവഴിക്കുക. മനസും ശരീരവും എപ്പോഴും ശാന്തമായിരിക്കും. ഇത് നല്ല രീതിയിൽ പ്രവർത്തിക്കാനുള്ള ഊർജം നൽകും.
അവനവനായി അൽപസമയം നീക്കി വെക്കുക
ജീവിത്തിന്റെ പരക്കം പാച്ചിലിനിടയിൽ സ്വന്തം സന്തോഷത്തിനായി സമയം കണ്ടെത്തുന്നവർ ചുരുക്കമാണ്. എന്നാൽ കുറച്ച് സമയം അവനവനായി നീക്കി വെക്കുന്നത് മികച്ച തീരുമാനമാണ്. ആത്മപരിശോധന നടത്താനും തെറ്റുകൾ തിരുത്താനുംമെല്ലാം ഈ സമയം വിനിയോഗിക്കാം, അതിനേക്കാളുപരി ആത്മസന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാനുള്ള സമയം കൂടിയാണിത്. ഇഷ്ടപ്പെട്ട യാത്രകൾ, സിനിമ, പുസ്തകം, മ്യൂസിക്, ഡാൻസ് എന്നിങ്ങനെ അവനവന്റെ സന്തോഷത്തിനായി അൽപം സമയം നീക്കിവെക്കുക കൂടി വേണം.. കാരണം നാം ജീവിക്കുന്നത് നമുക്ക് കൂടി വേണ്ടിയാണല്ലോ….