വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയിട്ട് വര്‍ഷം രണ്ടായെങ്കിലും അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രിയതമ മിഷേല്‍ ഒബാമയ്ക്ക് ആരാധകരേറെയാണ്. ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന വ്യക്തികളെക്കുറിച്ച് ആഗോള പൊതുജനാഭിപ്രായ ഡേറ്റ കമ്പനിയായ യു-ഗവ് നടത്തിയ അന്വേഷണത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് മിഷേല്‍ ആയിരുന്നു. അത്രയ്ക്കുണ്ട് ജനങ്ങള്‍ക്കിടയില്‍ ഇവരുടെ സ്വാധീനം. തങ്ങളുടെ ജീവിതം മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നവരോട്, വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചു മിഷേല്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്.
പ്രായം 55 ആയെങ്കിലും ഇപ്പോഴും ഏതു കാര്യത്തിലും അവര്‍ മുന്നിലുണ്ട്. കുടുംബ കാര്യങ്ങള്‍ക്കൊപ്പം പൊതുകാര്യങ്ങളിലും സാമൂഹിക വിഷയങ്ങളിലും കൃത്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഹാര്‍വഡ് സര്‍വകലാശാലയില്‍ നടന്ന ‘ബീറ്റ് ഡ് ഓഡ്സ്’ ഉച്ചകോടിയിലും മിഷേല്‍ കുട്ടികളുമായി സംവദിച്ചിരുന്നു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മിഷേല്‍ കുട്ടികളോടു സംസാരിച്ചു.
‘കൗണ്സിലിങ്ങിലൂടെയല്ല, സന്തുലിതമായ ജീവിതത്തിലൂടെയാണ് നല്ല മാനസികാരോഗ്യം നേടേണ്ടത്. ആവശ്യത്തിനുള്ള വ്യായാമം ലഭിച്ചുവോ എന്നത് അവനവന് സ്വയം പരിശോധിക്കേണ്ടതാണ്. നിങ്ങള്‍ കഴിക്കുന്നതെന്താണോ അതാണ് നിങ്ങളുടെ ജീവിതരീതിയെയും ബാധിക്കുന്നത്. അതിനാല്‍ ആരോഗ്യകരമായ രീതിയില്‍ ഡയറ്റ് ക്രമീകരിക്കണം’- അവര്‍ വിദ്യാര്‍ഥികളോടു പറഞ്ഞു.
അടുത്തിടെ മിഷേല്‍ തന്റെ ആരോഗ്യ രഹസ്യവും ആരാധകരുമായി പങ്കുവച്ചിരുന്നു. കുടുംബത്തോടൊപ്പം എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റും വ്യായാമവും പിന്തുടരുന്നതാണ് ആരോഗ്യത്തിന്റെയും യുവത്വത്തിന്റെയും രഹസ്യമെന്നും മിഷേല്‍ പറയുന്നു.
ദിവസവും പുലര്‍ച്ചെ 4.30നും അഞ്ചിനും ഇടയ്ക്ക് ഉണരും. എഴുന്നേറ്റയുടന്‍ ആദ്യം ഒരു ഗ്ലാസ്സ് വെള്ളം കുടിക്കും. പിന്നെ ഓട്ടം, സ്കിപ്പിങ് തുടങ്ങി എന്തെങ്കിലും വാംഅപ്പ് വ്യായാമങ്ങള്‍ ചെയ്യും. ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കുന്നതാണ് ഇഷ്ടം.
ഓട്സ്, ഫ്രൂട്ട് സലാഡ്, കൊഴുപ്പ് നീക്കം ചെയ്ത് പാല് എന്നിവയാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് പച്ചക്കറികളും കൊഴുപ്പ് നീക്കം ചെയ്ത ഇറച്ചിയും കഴിക്കും. അത്താഴത്തിന് ചിക്കന്‍, സ്ക്രാംബിള്‍ഡ് എഗ്, ഫിഷ് ഫ്രൈഡ് റൈസ്, ഫ്രഷ് മുന്തിരി എന്നിവയാണ് കഴിക്കുന്നത്. ചായ, കാപ്പി, അരി, ഗോതമ്പ് എന്നിവ വല്ലപ്പോഴും മാത്രം. ഒരു ദിവസം മൂന്ന് ലീറ്റര്‍ വെള്ളം കുടിക്കുമെന്നും മിഷേല്‍ പറയുന്നു.