spot_img

കുഞ്ഞുങ്ങള്‍ എത്ര സമയം ഉറങ്ങണം?

നവജാത ശിശുക്കള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഉറങ്ങാനാണ്. കുട്ടികള്‍ പലപ്പോഴും 11 മുതല്‍ 17 മണിക്കൂര്‍ ഉറങ്ങിയേക്കും. ആദ്യത്തെ ഒരു വര്‍ഷം കുഞ്ഞുങ്ങള്‍ എത്ര ഉറങ്ങുന്നുവോ അത്രയും നല്ലതാണ്. അവരുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അത് ആവശ്യമാണ്.

ജനനശേഷമുള്ള ആദ്യത്തെ ഒരു വര്‍ഷം നന്നായി ഉറങ്ങുന്നതുകൊണ്ട് പലവിധത്തിലുള്ള ഗുണങ്ങളുണ്ട്.

 

  1. ശാരീരിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു

കുഞ്ഞുങ്ങളുടെ ശാരീരിക വളര്‍ച്ചയ്ക്ക് ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. വളര്‍ച്ചയുടെ ഹോര്‍മോണുകള്‍ ശരീരത്തില്‍ പുറപ്പെടുവിക്കപ്പെടുന്നത് ഗാഢമായ ഉറക്കത്തിലാണ്. കുട്ടികളുടെ ഉറക്കവും അവരുടെ ഉയരവും ഭാരവും തമ്മില്‍ ബന്ധമുള്ളതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

 

  1. നാഡീ സംവേദന വികാസം

കുഞ്ഞുങ്ങളുടെ നാഡീ സംവേദന വ്യവസ്ഥയുടെ വികാസത്തിനും ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. കുഞ്ഞുങ്ങള്‍ ഉറക്കത്തിലായിരിക്കുമ്പോഴാണ് അവരുടെ നാഡീ സംവേദന ക്ഷമത ഉത്തേജിപ്പിക്കപ്പെടുന്നത്. ന്യൂറോണുകളില്‍ നിന്നുള്ള ഡിസ്ചാര്‍ജുകള്‍ സംഭവിക്കുന്നത് ഉറക്കത്തിലാണ്. അതിന് കുഞ്ഞിന്റെ ബാഹ്യ ചുറ്റുപാടുകളുമായി ബന്ധമില്ല. ഈ ഡിസ്ചാര്‍ജുകള്‍ നാഡീ സംവേദന വികാസത്തിന്റെ സാധാരണ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. കാഴ്ച, കേള്‍വി, സ്പര്‍ശനം, എന്നിവയുടെ വികാസവും തലച്ചോറും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഉറത്തക്കിലെ ആര്‍ഇഎം എന്ന സ്റ്റേജിലാണ് ഇത് സംഭവിക്കുന്നത്. ആര്‍ഇഎം സ്റ്റേജില്‍ ഉറക്കം തടസ്സപ്പെടുന്നത് ഇവയുടെ അസ്വാഭാവികതയ്ക്കും വൈകല്യങ്ങള്‍ക്കും ഇടയാക്കിയേക്കും.

മൃഗങ്ങളില്‍ നടത്തിയ പഠനമനുസരിച്ച് ആര്‍ഇഎം സ്റ്റേജിലെ ഉറക്കം നഷ്ടപ്പെടുന്നത് കാഴ്ച വൈകല്യത്തിന് ഇടയാക്കിയിരുന്നു. തലച്ചോറിലെ ലാറ്ററല്‍ ജെനിക്കുലേറ്റ് ന്യൂക്ലിയസും റെറ്റിനല്‍ ഗ്യാംഗ്ലിയോണ്‍ സെല്ലുകളും തമ്മിലുള്ള ബന്ധം രൂപപ്പെടാന്‍ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇലക്ട്രിക്കല്‍ സിഗ്നലുകളായി മാറുന്ന പ്രകാശത്തെ ഫോട്ടോ റിസപ്‌റ്റേഴ്‌സില്‍ നിന്ന് വഹിച്ച് ലാറ്റല്‍ ജെനിക്കുലേറ്റ് ന്യൂക്ലിയസിലെത്തിക്കുന്ന സെല്ലുകളാണിവ.

 

  1. തലച്ചോറിന്റെ വികാസം

ഉറക്കം സ്വാധീനിക്കുന്ന മറ്റൊരു പ്രധാന വികാസം തലച്ചോറിന്റേതാണ്. തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമുള്ള ഒരു ഘടകമാണ് ബ്രെയിന്‍ പ്ലാസ്റ്റിസിറ്റി. കാര്യങ്ങളോട് പ്രതികരിക്കാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാനുമെല്ലാം തലച്ചോറിനെ സഹായിക്കുന്ന ഘടകമാണിത്. മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നത് ബ്രെയിന്‍ പ്ലാസ്റ്റിസിറ്റി നഷ്ടപ്പെടുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിരുന്നു. പഠന വൈകല്യത്തിനും പെരുമാറ്റ വൈകല്യത്തിനും തലച്ചോറ് ചെറുതാവാനും ഇത് കാരണമാകും.

 

  1. നന്നായി പഠിക്കാന്‍ സഹായിക്കുന്നു

ഓര്‍മശക്തി വികസിപ്പിക്കാന്‍ ഉറക്കം സഹായിക്കുന്നു. ഓര്‍മശക്തി വര്‍ധിക്കുന്നത് കുട്ടികള്‍ക്ക് നന്നായി പഠിക്കാന്‍ സഹായകമാകും. ഇത് നിരവധി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ലഘു ഉറക്കം മാത്രം ലഭിക്കുന്ന കുട്ടികളേക്കാള്‍ കൂടുതല്‍ ശക്തമായ ഓര്‍മ്മ നന്നായി ഉറക്കം കിട്ടുന്ന കുട്ടികള്‍ക്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

 

  1. സ്വഭാവഗുണത്തെ സ്വാധീനിക്കുന്നു

ഇത് വളരെ സ്വാഭാവികമായ കാര്യമാണ്. കുഞ്ഞുങ്ങളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും ഉറക്കം കുറയുന്നത് അവരുടെ സ്വഭാവത്തെ ബാധിക്കുന്നു. ഉറക്കം കുറയുന്നവരില്‍ അസ്വസ്ഥമായ പെരുമാറ്റ രീതികള്‍ കാണാറുണ്ട്. മൂന്നു മാസം പ്രായമുള്ള കുട്ടികള്‍ പോലും ഉറക്കം നഷ്ടപ്പെട്ടാല്‍ അസ്വസ്ഥതകള്‍ കാണിക്കുകയും തീരെ സൗഹൃദപരമല്ലാതെ പെരുമാറുകയും ചെയ്യും.

 

കുഞ്ഞുങ്ങളുടെ പ്രായത്തിനനുസരിച്ച് അവര്‍ക്കാവശ്യമായ ഉറക്കത്തിന്റെ സമയവും വ്യത്യാസപ്പെട്ടിരിക്കുന്നു. നവജാതശിശുവിനാണ് ഏറ്റവും കൂടുതല്‍ ഉറക്കം വേണ്ടത്. നവജാതശിശു പകല്‍ സമയം 8-9 മണിക്കൂറും രാത്രി എട്ടു മണിക്കൂറും ഉറങ്ങിയേക്കും.

 

  1. മൂന്നു മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ദിവസം 14-17 മണിക്കൂര്‍ ഉറക്കം വേണം.
  2. നാലു മാസം മുതല്‍ 11 മാസം വരെയുള്ള കുട്ടികള്‍ക്ക് 12-16 മണിക്കൂര്‍ ഉറക്കം വേണം.
  3. 12 മാസം മുതല്‍ 35 മാസം വരെയുള്ള കുട്ടികള്‍ക്ക് 11-14 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്.

 

രാത്രി ഉറക്കം മാത്രമല്ല, പകല്‍ സമയത്തെ മയക്കവും ചേര്‍ത്താണ് ഈ സമയം കണക്കാക്കേണ്ടത്. നവജാത ശിശുക്കള്‍ ധാരാളമായി ഉറങ്ങുമെങ്കിലും പല തവണകളായാണ് ഉറങ്ങുന്നത്. അവര്‍ ഉണരുകയും ഉടന്‍ തന്നെ വീണ്ടും ഉറങ്ങുകയും ചെയ്യും. ഓരോ മാസം ചെല്ലുന്തോറും ഉറക്കത്തിന്റെ എണ്ണം കുറഞ്ഞുവരികയും ഉറങ്ങുന്ന സമയം കൂടിവരികയും ചെയ്യും. മൂന്നു മാസമായി കഴിഞ്ഞാല്‍ രാത്രി കൂടുതല്‍ സമയം ഉറങ്ങിത്തുടങ്ങും.

 

ഡോക്ടറെ കാണേണ്ടതെപ്പോള്‍ ?

കുഞ്ഞുങ്ങള്‍ ആവശ്യത്തിനോ അതില്‍ക്കൂടുതലോ ഉറങ്ങുന്നുണ്ടെങ്കിലും അവരുടെ ഭാരം ക്രമമായി വര്‍ധിക്കാതിരിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും അസുഖം ഉണ്ടെന്നതിന്റെ സൂചനയായിരിക്കും. മഞ്ഞപ്പിത്തമോ മറ്റെന്തെങ്കിലും അണുബാധയോ ഉണ്ടെങ്കില്‍ അമിതമായി ഉറങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിങ്ങളുടെ കുട്ടി അസാധാരണമായി ഉറങ്ങുകയും എന്നാല്‍ ഉദാസീനനായി കാണപ്പെടുകയും പനിയോ മറ്റു അസ്വസ്ഥതകളോ പ്രകടിപ്പിക്കുകയും ചെയ്താല്‍ ഉടന്‍ ശിശുരോഗ വിദഗ്ധനെ കാണുക.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.