spot_img

ലഹരി ഉപയോഗം നമ്മുടെ വായ തകര്‍ക്കും; അള്‍സറിനും കാന്‍സറിനും വരെ സാധ്യത

ലഹരി ഉപയോഗിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുകയും എന്നാല്‍ ശ്രദ്ധ കിട്ടാതെ പോകുകയും ചെയ്യുന്ന ഒന്നാണ് ലഹരിയുടെ ഉപയോഗം മൂലം അവരുടെ വായിലുണ്ടാകുന്ന അസുഖങ്ങള്‍. ഇങ്ങനെ ഉണ്ടാകുന്ന അസുഖങ്ങള്‍ ഒന്നുകില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ നേരിട്ടുള്ള ഉപയോഗം കൊണ്ടുണ്ടാകുന്നതോ അല്ലെങ്കില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ആ വ്യക്തിയില്‍ ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന അസുഖങ്ങളോ ആവാം. ഉപയോഗിക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ക്കനുസരിച്ച് വായിലുണ്ടാകുന്ന അസുഖങ്ങളും വ്യത്യസ്തമായിരിക്കും.

കൊക്കെയിന്‍ ഉപയോഗിക്കുന്നവരില്‍ പ്രധാനമായും കാണുന്നത് ഇനാമലിന്റെ നാശമാണ്. അതുപോലെ കൊക്കെയിന്‍ വായിലൂടെ ഉപയോഗിക്കുന്ന ആളുകളില്‍ മോണയില്‍ അള്‍സറും ഉണ്ടാകാം. സ്ഥിരമായുണ്ടാകുന്ന അള്‍സറുകള്‍ പിന്നീട് കാന്‍സര്‍ വരെ ആയി മാറാനുമുള്ള സാധ്യതയുമുണ്ട്. മറ്റൊരു പ്രധാന പ്രശ്നം കൊക്കയിന്റെ ഉപയോഗം വായയുടെ മുകള്‍ ഭാഗത്തുള്ള പാലറ്റില്‍ ദ്വാരമുണ്ടാക്കുകയും അവ പിന്നീട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്‌. അതുപോലെ കൊക്കെയിന്‍ മൂക്കിന്റെ പാലത്തിലും ദ്വാരങ്ങളുണ്ടാക്കുന്നതിന് കാരണമാകാറുണ്ട്‌. കൊക്കയിന്റെ ഉപയോഗം മുഖത്തെയും താടിയെല്ലുകളിലെയും പേശികളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും transient Chorea എന്ന അസുഖത്തിന് കാരണമാകുകയും ചെയ്യുന്നു.

ഒപ്പിയോയിഡ് ഗണത്തില്‍ വരുന്ന ഹെറോയിന്റെ ഉപയോഗം ആളുകളില്‍ പല്ലുകളില്‍ ഞെരിക്കാനുള്ള പ്രവണത വര്‍ധിപ്പിക്കുകയും പല്ലുകള്‍ പൊട്ടിപ്പോകുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഒപ്പിയോയിഡുകളുടെ ഉപയോഗം മധുരമടങ്ങിയ ആഹാരങ്ങളുടെ ഉപയോഗം കൂട്ടുകയും അവ വായയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

മരിജുവാനയുടെ ഉപയോഗം പ്രധാനമായും വായില്‍ കാന്‍സറാണുണ്ടാക്കുന്നത്. അതോടൊപ്പം തന്നെ ഇവ ഉമിനീരുല്പാദനം കുറക്കുകയും അത് പിന്നീട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

ഡാന്‍സ് ബാറുകളിലും പബ്ബുകളിലും ആവേശം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന MDMA, GHB തുടങ്ങിയ ക്ലബ് ഡ്രഗ്ഗുകളും ഇത്തരത്തില്‍ ധരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്നഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരമെന്ന് തോന്നുന്ന ഈ പ്രശ്‌നങ്ങള്‍ നാം തള്ളി കളഞ്ഞാല്‍, റീഹാബിലിറ്റേഷന്‍ സമയത്ത് ഈ പ്രശ്‌നങ്ങള്‍ ആ വ്യക്തിയുടെ ആത്മവിശ്വാസത്തെ ബാധിക്കുകയും പിന്നീട് അയാള്‍ വീണ്ടും ലഹരിയില്‍ അഭയം തേടാനുള്ള സാധ്യത ഉണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ചികിത്സയും ആരോഗ്യ പ്രശ്ങ്ങള്‍ക്കുള്ള ചികിത്സയും ഒരുമിച്ചാണ് ചെയ്യേണ്ടത്.

ഒരേ സമയം നമ്മുടെ സമൂഹത്തെയും ആരോഗ്യത്തെയും  നശിപ്പിച്ച് കൊണ്ടിരിക്കുന്ന ലഹരിയുടെ അതി പ്രസരണത്തെ തടയാന്‍, അന്താരാഷ്ട്ര ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്ന, പൊതുബോധമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് നാം തിരിച്ചറിയണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.