എസൻഷ്യൽ ഓയിലിന്റെ ഉപയോഗത്തെ കുറിച്ചും അവയുടെ ഗുണദോഷങ്ങളെ കുറിച്ചും കാലാകാലങ്ങളായി ചർച്ചകൾ നടന്നുവരികയാണ്. ചിലതരം എസൻഷ്യൽ ഓയിലുകൾ മനുഷ്യ ശരീരത്തിന് ഹാനികരമാണെങ്കിലും ഗുണമേൻമയുള്ള ഓയിലുകൾ ഉപയോഗിക്കുന്നത്‌കൊണ്ട് പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എങ്ങനെയാണ് എസൻഷ്യൽ ഓയിലുകളുടെ ഗുണമേൻമ തിരിച്ചറിയാൻ സാധിക്കുക എന്ന് പരിശോധിക്കാം.
ലേബർ വായിക്കുക
എസൻഷ്യൽ ഓയിൽ പാക്ക് ചെയ്തരിക്കുന്നതിനൊപ്പം അവയിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്ന് എഴുതിയിട്ടുണ്ടാകും. 100 ശതമാനവും ശുദ്ധമായ എണ്ണ എന്നാണെങ്കിൽ അവ ഗുണമേൻമയുള്ളതാണ്. ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചതിന്റെ അടയാളവും ഇതോടൊപ്പം പരിശോധിക്കേണ്ടതാണ്.ത ഇവ ഉണ്ടെങ്കിൽ നിങ്ങൾ ഉപയോഗിക്കുന്ന എസൻഷ്യൽ ഓയിൽ ശുദ്ധമായിരിക്കും.
ചില പ്രത്യേക എസൻഷ്യൽ ഓയിലുകൾ ഉപയോഗിക്കാതിരിക്കുക
ചിലതരം എസൻഷ്യൽ ഓയിലുകൾ മനുഷ്യ ശരീരത്തിന് ദോഷകരമാണ്. വിന്റർ ഗ്രീൻ എസൻഷ്യൽ ഓയിൽ കുട്ടികൾക്ക് നൽകാൻ പാടില്ല. പെന്നിറോയൽ ഓയിൽ ഉപയോഗിക്കുന്നത് തലച്ചോറിന് മന്ദതയും ലഹരി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നു. ഹോഴ്‌സ്‌റാഡിഷ് എസൻഷ്യൽ ഓയിൽ ഉപയോഗിക്കുന്നത് ചർമ്മം, മൂക്ക്, കണ്ണ് എന്നിവയെ ദോഷകരമായി ബാധിക്കുന്നു. എസൻഷ്യൽ ഓയിലുകൾ ഉപയോഗിക്കും മുന്നേ അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
രണ്ട് തുള്ളി മതി
ഭക്ഷണത്തിന്റെ മണവും രുചിയും വർധിക്കാനായി എസൻഷ്യൽ ഓയിൽ അമിതമായി ഉപയോഗിക്കുന്നത് കാണാറുണ്ട്. എന്നാൽ ഒന്നോ രണ്ടോ തുള്ളിയുടെ ആവശ്യമേ ഉള്ളൂ. അമിതമായി എസൻഷ്യൽ ഓയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തെ ബാധിച്ചേക്കാം.
ഏത് സീസണിലും ഉപയോഗിക്കാം
തേൻ പോലെ തന്നെ ഏറെക്കാലം കേടുകൂടാതെ ഇരിക്കുന്നതാണ് എസൻഷ്യൽ ഓയിൽ. ഏത് സമയത്തും അവ ഉപയോഗിക്കാവുന്നതാണ്. എസൻഷ്യൽ ഓയിലുകൾ ഇരുണ്ട നിറമുള്ള കുപ്പികളിലായിരിക്കും വിൽപന നടത്തുക. അവ വാങ്ങി തണുത്ത ഇരുട്ടുള്ള ഭാഗത്ത് വേണം സൂക്ഷിക്കാൻ. എങ്കിലേ ഏറേക്കാലം അവയുടെ മണവും ഗുണവും നിലനിൽക്കൂ.
എസൻഷ്യൽ ഓയിൽ ചൂടാക്കരുത്
മറ്റു ഓയിലുകളെ പോലെ എസൻഷ്യൽ ഓയിലുകൾ ചൂടാക്കരുത്. ചൂടാക്കുമ്പോൾ അവയുടെ ഗുണവും മണവും നഷ്ടപ്പെടുന്നു. അതിനാൽ ആഹാരം പാകം ചെയ്ത് ചൂട് പോയതിന് ശേഷം മാത്രം എസൻഷ്യൽ ഓയിൽ ചേർക്കുന്നതാണ് ഉത്തമം. ഇവ ഉപയോഗിക്കുന്നത് കൊണ്ട് ഭക്ഷണത്തിന് പ്രത്യേക രുചിയൊന്നും ഉണ്ടാകാറില്ല. മുലപ്പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർ എസൻഷ്യൽ ഓയിൽ ഉപയോഗിക്കാതരിക്കുന്നതാണ് ഉത്തമം.