spot_img

ഒന്ന് ശ്രദ്ധിച്ചാല്‍ പിസിഓഡിയെ നിയന്ത്രിക്കാം

സ്ത്രീകളുടെ ഹോര്‍മോണ്‍ നിലയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ആര്‍ത്തവത്തോട് അനുബന്ധിച്ച് മാത്രമല്ല, ഹോര്‍മോണ്‍ നിലയില്‍ വ്യത്യസമുണ്ടാകുന്നത്. മറ്റ് പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ സംഭവിക്കാം. ഇത്തരത്തില്‍ ഹോര്‍മോണ്‍ നിലയില്‍ വ്യതിയാനമുണ്ടാക്കുന്ന രോഗങ്ങളില്‍ പ്രധാനമാണ് പിസിഓഡി അഥവാ പോളി സിസ്റ്റിക് ഓവറി ഡിസീസ്. പിസിഓഡി ഉള്ള സ്ത്രീകളില്‍ സാധാരണയില്‍ കവിഞ്ഞ അളവില്‍ പുരുഷ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ആര്‍ത്തവ ചക്രത്തിന്റെ ക്രമത്തിനെ ബാധിക്കുകയും ആര്‍ത്തവം ഉണ്ടാകാതെ വരികയും ചെയ്യുന്നതിന് കാരണമാകുന്നു.  കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ വന്ധ്യത വരെ വരുത്തിയേക്കാവുന്ന രോഗം കൂടിയാണിത്.

സ്ത്രീകളില്‍ അണ്ഡോത്പാദനത്തെ നിയന്ത്രിക്കുന്ന ചില ഹോര്‍മോണുകള്‍ ഉണ്ട്. പിറ്റിയൂട്ടറി ഗ്രന്ഥിയിലും ഹൈപ്പോ തലാമാസിലും ഉത്പാദിപ്പിക്കുന്ന ചില ഹോര്‍മോണുകളാണ് ഇത് നിയന്ത്രിക്കുന്നത്. ഫോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍, ലൂട്ടിനൈസിംഗ് ഹോര്‍മോണ്‍ എന്നിവയാണവ. ഇതിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത് അണ്ഡോത്പാദനത്തെ ബാധിക്കും.

അണ്ഡം കൃത്യമായി ഉത്പാദിപ്പിക്കപ്പെട്ടില്ലെങ്കില്‍ അണ്ഡാശയത്തില്‍ സിസ്റ്റ് രൂപപ്പെടുന്നു. ദ്രാവകം നിറഞ്ഞ അറകളാണ് സിസ്റ്റ്. ഇത്തരത്തില്‍ അണ്ഡാശയം സിസ്റ്റുകള്‍ കൊണ്ട് നിറഞ്ഞ അവസ്ഥയാണ് പൊളി സിസ്റ്റിക് ഓവറി എന്ന് അറിയപ്പെടുന്നത്. അണ്ഡാശയം ഇത്തരത്തില്‍ സിസ്റ്റുകള്‍ കൊണ്ട് നിറയുന്നത് മൂലം അണ്ഡം ഉത്പാദിപ്പിക്കാതെ വരുന്നു. അണ്ഡോത്പാദനം നിലക്കുന്നത് ഈസ്ട്രജന്‍, പ്രൊജസ്‌ട്ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ നില താഴ്ത്തുന്നു.

ഇത് പുരുഷ ഹോര്‍മോണ്‍ ആയ ആന്‍ഡ്രജന്റെ നില ഉയര്‍ത്തുന്നു. പുരുഷ ഹോര്‍മോണുകളുടെ കൂടുതല്‍ ആര്‍ത്തവ ചക്രത്തെ തകരാറിലാക്കുന്നു. ഇത് കൊണ്ട് അസുഖ ബാധിതരായ സ്തീകളില്‍ ആര്‍ത്തവ ക്രമം തെറ്റിയാകും ഉണ്ടാവുക. പുരുഷ ഹോര്‍മോണ്‍ കൂടുന്നത് ചില സ്ത്രീകളില്‍ അമിത വണ്ണത്തിനും, മുഖത്തും കൈകാലുകളിലും അമിത രോമവളര്‍ച്ച ഉണ്ടാകുന്നതിനും കാരണമാകുന്നു. ഇതിനെയെല്ലാം ചേര്‍ത്താണ് പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം/ഡിസീസ് എന്ന് പറയുന്നത്.

ക്രമം തെറ്റിയ ആര്‍ത്തവം, അമിത രക്തസ്രാവം, മുഖക്കുരു, ശരീരഭാരം കൂടുക, കഷണ്ടി കേറുക, ഇരുണ്ടു പോവുക, തലവേദന എന്നിവയാണ് ഇതിന്റെ മറ്റ് ലക്ഷണങ്ങള്‍. സാധാരണയിലും കവിഞ്ഞ പുരുഷ ഹോര്‍മോണുകളുടെ സാന്നിധ്യം പ്രത്യുല്പാദന ശേഷിയെ തന്നെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് മൂലം വന്ധ്യത വരെ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധ പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളിലെ വന്ധ്യതയ്ക്ക് പിന്നിലെ പ്രധാന കാരണവും ഇത് തന്നെയാണ്.

പിസിഓഡി ഉള്ള സ്ത്രീകളില്‍ 80 ശതമാനം പേരും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ്. പൊണ്ണത്തടിയും പിസിഓഡിയും അമിത രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇത് വഴി കൂടുന്നു. ഇവയെല്ലാം തന്നെ ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും കൊണ്ടെത്തിക്കുന്നു. ഇത് കൂടാതെ ഇവര്‍ക്ക് എന്‍ഡോമെട്രിയല്‍ ക്യാന്‍സറിനുള്ള സാധ്യതയും കൂടുതലാണ്. ഹോര്‍മോണ്‍ നിലയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ നമ്മുടെ മൊത്തം പെരുമാറ്റത്തെ തന്നെ ബാധിക്കും. ഇത് വിഷാദ രോഗത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നു.

കൃത്യമായ ചികിത്സയിലൂടെയും ജീവിതശൈലിയിലെ മാറ്റത്തിലൂടെയും പിസിഓഡി നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്. അമിത വണ്ണം കുറയ്ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ ഉയരത്തിന് അനുസരിച്ചാകണം ശരീരഭാരവും. ശരീരഭാരം നിയന്ത്രിക്കുന്നത് ഒരു പരിധി വരെ ആര്‍ത്തവചക്രം കൃത്യമാക്കുകയും ചെയ്യും. ഇതോടൊപ്പം കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാനും ഇത് സഹായിക്കും. അസുഖം ബാധിച്ചവര്‍ കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. കൃത്രിമ മധുരം പൂര്‍ണമായും ഒഴിവാക്കി പഞ്ചസാരയുടെ അളവ് കുറവുള്ള പഴങ്ങള്‍ കഴിക്കുക.

ഭക്ഷണത്തോടൊപ്പം വ്യായാമവും ശീലമാക്കുക. അണ്ഡോത്പാദനം വര്‍ദ്ധിപ്പിക്കാനും ഇന്‍സുലിന്‍ നില നിയന്ത്രിക്കാനും വ്യായാമത്തിന് കഴിയും. കൃത്യമായ ഡയറ്റും ഒപ്പം വ്യായാമവും ഉണ്ടെങ്കില്‍ ശരീരഭാരം എളുപ്പത്തില്‍ കുറക്കാം. ഇതോടൊപ്പം കൃത്യമായ ചികിത്സയും വേണം. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ നില കൃത്യമാക്കാനായുള്ള മരുന്നുകളാണ് ഇതിനായി നല്‍കുന്നത്. ഗുളികയുടെ രൂപത്തിലോ വജൈനല്‍ റിങ്ങിന്റെ രൂപത്തിലോ ആകും ഇവ വരിക. മെറ്റ്‌ഫോര്‍മിന്‍ എന്ന മരുന്ന് ഇന്‍സുലിന്‍ നില കൃത്യമാക്കാനായി ഉപയോഗിച്ചു വരുന്നു.

രോഗമുള്ള സ്ത്രീകളില്‍ ഗര്‍ഭിണിയാകാനായി ക്ലോമിഫിന്‍ എന്ന മരുന്ന് കൊടുക്കാറുണ്ട്. ഇത് പോലെ തന്നെ ശരീരത്തിലെ അനാവശ്യ രോമ വളര്‍ച്ച തടയാനുള്ള മരുന്നും ഇന്ന് ലഭ്യമാണ്. മറ്റ് ചികിത്സകള്‍ ഒന്നും തന്നെ ഫലിച്ചില്ലെങ്കില്‍ സര്‍ജരറിയാണ് വഴി. അണ്ഡോത്പാദനം ശരിയായി നടക്കാനാണ് സര്‍ജറി ചെയ്യുന്നത്. ഇതിനായി ലേസര്‍ ചികിത്സയാകും നല്‍കുക. ഒന്ന് ശ്രദ്ധിച്ചാല്‍ പിടിച്ചു നിര്‍ത്താം പിസിഓഡിയെ.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.