spot_img

ജാഗ്രത പാലിച്ചാല്‍ എച്ച് 1 എന്‍ 1 തടയാം

എച്ച്1 എന്‍1 പനിയുടെ കാര്യത്തില്‍ ജാഗ്രതയാണ് ഏറ്റവും പ്രധാനം. സാധാരണ പനി പോലും പകര്‍ച്ച പനിയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല. ആരംഭ ദശയില്‍ തന്നെ കൃത്യമായ ചികിത്സ തേടേണ്ടതാണ്.

തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമാകുന്നവയാണ് എല്ലാത്തരം പകര്‍ച്ച പനികളുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും സാധാരണ പനിയും തൊണ്ട വേദനയുമാണെങ്കില്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

എന്താണ് എച്ച്1 എന്‍1?

മനുഷ്യനെ ഗുരുതരമായി ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് എച്ച്1 എന്‍1. ജലദോഷ പനികള്‍ പോലെ തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഇത് പകരുന്നത്. 2009 മുതല്‍ ഇത് കേരളമടക്കം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി പകര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്നു. 2016നെ അപേക്ഷിച്ച് 2017ല്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രോഗ ലക്ഷണങ്ങള്‍

പനി, ജലദോഷം, ചുമ, തൊണ്ട വേദന, ശരീര വേദന, ശ്വാസംമുട്ടല്‍ എന്നിവയാണ് എച്ച്1 എന്‍1 രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദിയും വയറിളക്കവും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ അസാധാരണമായി നീണ്ടു പോകുകയോ ക്രമാതീതമായി കൂടുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഗര്‍ഭിണികള്‍, വയോധികര്‍, പ്രമേഹം, ആസ്ത്മ, ഹൃദ്രോഹം, കരള്‍ രോഗം, വൃക്ക രോഗം, രക്താദി സമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സേവനം തേടേണ്ടതാണ്. സ്വയം ചികിത്സ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

രോഗപ്പകര്‍ച്ച എങ്ങനെ തടയാം?

രോഗം ബാധിച്ചവരുടെ സ്രവങ്ങള്‍ യാത്രയ്ക്കിടേയും മറ്റും കൈയ്യില്‍ പുരളാന്‍ സാധ്യതയുള്ളതിനാല്‍ കൈ ശുചീകരിക്കും മുമ്പ് മുഖത്ത് തൊടാന്‍ പാടില്ല. എച്ച്1 എന്‍1 പകര്‍ച്ച തടയാനായി രോഗബാധിതര്‍ പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂള്‍, അംഗന്‍വാടി, ഉത്സവപ്പറമ്പ് പോലെയുള്ള ആളുകള്‍ കൂടുന്ന സ്ഥലത്ത് രോഗം പൂര്‍ണമായും മാറിയതിന് ശേഷം മാത്രം പോകുക.

രോഗികളും പരിചരിക്കുന്നവരും ശദ്ധിക്കേണ്ട കാര്യങ്ങള്‍

1. ആവശ്യത്തിന് വിശ്രമം എടുക്കുക
2. രോഗിക്കായി പ്രത്യകം മുറി ഏര്‍പ്പെടുത്തുക
3. മുറിയില്‍ വായു സമ്പര്‍ക്കം ഉറപ്പു വരുത്തുക
4. ഒരാള്‍ മാത്രം രോഗിയുടെ പരിചരണ ചുമതല ഏറ്റെടുക്കുക
5. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ചെറിയ ടവല്‍ കൊണ്ട് വായും മൂക്കും മൂടുക
6. സന്ദര്‍ശകരെ കഴിവതും ഒഴിവാക്കുക
7. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
8. പോഷകാഹാരങ്ങളും കഞ്ഞിവെള്ളമോ മറ്റ് ചൂടു പാനീയങ്ങളോ ധാരാളമായി കഴിക്കേണ്ടതാണ്.

എച്ച്.1 എന്‍.1 പനി – ജാഗ്രത പാലിക്കുക
സാധാരണ വരുന്ന ജലദോഷപനി രണ്ടു ദിവസത്തിനുള്ളില്‍ കുറഞ്ഞില്ലെങ്കിലോ, പനി കൂടുകയാണെങ്കിലോ, ശ്വാസംമുട്ട്, നെഞ്ചു വേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലോ ഉടനെ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ചികിത്സ തേടുന്നതിലുള്ള കാലതാമസം രോഗം ഗുരുതരമാകുവാനും, മരണം വരെ സംഭവിക്കുവാനും ഇടയാക്കും.

തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും എച്ച്.1 എന്‍.1 രോഗബാധിതരില്‍ നിന്നും പുറത്തേക്ക് വരുന്ന രോഗാണുക്കള്‍ വഴിയാണ് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത്.

പനി, ചുമ, തൊണ്ടവേദന, തലവേദന, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം സാധാരണ ഗതിയില്‍ ഏതാനും ദിവസത്തെ വിശ്രമം , പോഷക മൂല്യമുള്ള ആഹാരവും, കഞ്ഞി വെള്ളം പോലുള്ള ചൂടുപാനീയങ്ങളും കഴിക്കുന്നത് കൊണ്ടും മാറുന്നതാണ്. എന്നാല്‍ ഗര്‍ഭിണികളിലും, ഹൃദയ, വൃക്ക, പ്രമേഹ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിലും, മറ്റു ഗുരുതര രോഗങ്ങളുള്ളവരിലും എച്ച് 1 എന്‍ 1 രോഗാണുബാധ ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും ഇടയുണ്ട്.

മുന്‍കരുതലുകള്‍ 
1. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക.
2. പുറത്ത് പോയി വന്നതിന് ശേഷം കൈകള്‍ തീര്‍ച്ചയായും സോപ്പുപയോഗിച്ച് കഴുകുക.
3. രോഗലക്ഷണങ്ങളുള്ളവര്‍ തിരക്കേറിയ മാളുകള്‍, തീയേറ്ററുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക.
4. സാധാരണ മാറുന്ന സമയം കൊണ്ട് പനി മാറിയില്ലെങ്കിലോ, പനി കൂടുതലാകുകയാണെങ്കിലോ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.
5. ഗര്‍ഭാവസ്ഥയില്‍ രോഗം ബാധിച്ചാല്‍ അത് ഗുരുതരമാകാനിടയുണ്ട്. ഗര്‍ഭിണികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ എച്ച്.1 എന്‍.1 പനിക്കെതിരായ ചികിത്സ ആരംഭിക്കണം. എച്ച്.1 എന്‍.1 പനിക്കെതിരായ ഫലപ്രദമായ മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്.
6. രോഗബാധയുള്ളവര്‍ സ്‌കൂള്‍, ഓഫീസ് , എന്നിവിടങ്ങളില്‍ നിന്നും രോഗം പൂര്‍ണമായി ഭേദമാകുന്നവരെ വിട്ടു നില്‍ക്കണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.