spot_img

ഹൃദയാഘാതം: അറിയാം മറികടക്കാം

പുതിയ ജീവിത ശൈലികള്‍ ഉണ്ടാക്കാത്ത രോഗങ്ങളില്ല. ജീവിത സാഹചര്യങ്ങള്‍ മാറിയത് കൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ കൂടി വരികയാണ്‌. ഒരേയിരുപ്പ് ഇരുന്നുള്ള ജോലികള്‍ ഉണ്ടാക്കുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ ഒന്നാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക്. ദൈനംദിന പരിപാടികളില്‍ ഏര്‍പ്പെടുന്നതിനിടയിലാകും പെട്ടെന്നൊരു നെഞ്ച് വേദന. മിക്കവാറും പേര്‍ ഇത്തരം വേദനകള്‍ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഇങ്ങനെ ശ്രദ്ധിക്കാതെ പോകുന്ന ചില വേദനകള്‍ ഹൃദയാഘാതത്തിന്‍റെ ലക്ഷണമാണ്. എല്ലാ നെഞ്ച് വേദനകളും ഹൃദയാഘാതം അല്ലെങ്കിലും ഇത്തരം വേദനകളെ അവഗണിക്കാതിരിക്കുന്നതാകും നല്ലത്.

ഹൃദയത്തിന്‍റെ ഒരു ഭാഗത്തില്‍ രക്തം കട്ട പിടിക്കുന്നത് മൂലം രക്ത പ്രവാഹം നിലക്കുകയും ഇതിനെ തുടര്‍ന്ന് ഹൃദയ പേശികള്‍ നശിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഇത് മയോ കാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നും അറിയപ്പെടുന്നു. ഈ അവസ്ഥയില്‍ രക്തക്കുഴലുകള്‍ അടഞ്ഞ് ഹൃദയത്തിലേക്കുള്ള ഓക്സിജന്‍ പ്രവാഹം നിലക്കുകയും ഹൃദയപേശികള്‍  നശിച്ചു പോവുകയും ചെയ്യും. മനുഷ്യ ശരീരത്തിലെ ഏറ്റവും കഠിനമായ വേദനയാണ് ഹൃദയാഘാതത്തിലൂടെ അനുഭവപ്പെടുന്നത്. ഹൃദയാഘാതങ്ങളില്‍ 90 ശതമാനവും ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ പലര്‍ക്കും ഇതിനെ പറ്റി വലിയ അറിവൊന്നുമില്ല. കുറച്ച്‌ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തടയാവുന്നതേയുള്ളൂ ഈ വില്ലനെ.

ഹൃദയമാംസ പേശികളിലേക്ക് രക്തം എത്തിക്കുന്ന സൂക്ഷ്മ രക്തധമനികളാണ് കൊറോണറി രക്തധമനികള്‍. ഹൃദയത്തിലേക്ക് ഓക്സിജന്‍ അടങ്ങിയ രക്തം എത്തിക്കുന്നത് ഈ ധമനികളാണ്. ഇവയുടെ ഭിത്തികളില്‍ ഇതിന്‍റെ ഉള്‍ഭാഗത്ത്‌ കൊളസ്ട്രോള്‍ അഥവാ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍ രക്തധമനികളുടെ വ്യാസം കുറയുന്നു. ഇങ്ങനെ വ്യാസം കുറഞ്ഞു പോയ ഭാഗങ്ങളില്‍ രക്തം കട്ട പിടിച്ചു ഹൃദയ പേശികളിലേക്കുള്ള രക്ത സഞ്ചാരം പൂര്‍ണമായും നിലക്കുന്നു. ഇത് മൂലം ഹൃദയ പേശികളിലെ കോശങ്ങള്‍ നശിച്ചു പോകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഇത് വളരെ സമയമെടുത്ത് സംഭവിക്കുന്ന കാര്യമാണ്. പ്രായമാകുന്നതിനനുസരിച്ച് എല്ലാവരിലും ഇങ്ങനെ കൊഴുപ്പ് അടിഞ്ഞുകൂടാറുണ്ട്. എന്നാല്‍ മറ്റ് ചില സാഹചര്യങ്ങള്‍ മൂലം ഈ പ്രക്രിയ വേഗത്തിലാകാന്‍ സാധ്യതയുണ്ട്.

കഠിനമായ നെഞ്ചുവേദന, മാനസിക സമ്മര്‍ദ്ദം, ശ്വാസം മുട്ടല്‍, മനം പുരട്ടല്‍, അമിതമായ വിയര്‍പ്പ് എന്നിവയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ഹൃദയത്തില്‍ നിന്നും തുടങ്ങി ഇടത് തോളിലേക്ക് പടര്‍ന്ന് ഒടുവില്‍ താടിയെല്ല് വരെ ഈ വേദന ചെന്നെത്തും. ഹൃദയത്തിന് ആവശ്യമായ ഓക്സിജന്‍ കിട്ടാത്തതാണ് വേദനയുണ്ടാകാനുള്ള കാരണം. ഇതിനെ ആന്‍ജിന എന്ന് വിളിക്കുന്നു. ജീനുകള്‍, പ്രായം, ലിംഗം, എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ഹൃദയാഘാതത്തെ സ്വാധീനിക്കുന്നു. പുകവലി, രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍, പൊണ്ണത്തടി എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യതയുണ്ട്. ഇതോടൊപ്പം അനാരോഗ്യകരമായ ഭക്ഷണ രീതികള്‍ മൂലവും ഈ അസുഖം വന്നേക്കാം. വിഷാദ രോഗവും മാനസിക സംഘര്‍ഷങ്ങളും ഇത് വരാനുള്ള സാധ്യത കൂട്ടുന്നു. ജീവിത ശൈലികളും ഭക്ഷണ രീതികളിലും ഉണ്ടായ മാറ്റങ്ങളാണ് ഇതിനുള്ള സാധ്യത കൂട്ടുന്നത്.

ഹൃദയാഘാതം ഉണ്ടായാല്‍ ആദ്യ മണിക്കൂറുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ചികിത്സിച്ചാല്‍ പെട്ടെന്ന് പ്രയോജനം ലഭിക്കുന്നതും ഈ സമയത്താണ്. നിര്‍ണായകമായ ഈ സമയത്തെ ഗോള്‍ഡന്‍ അവര്‍ എന്നാണ് വിളിക്കുക. ആദ്യം രോഗിയെ ആയാസ രഹിതമായി കിടത്തുക. അല്ലെങ്കില്‍ ഭിത്തിയോട് ചാരി കാല്‍ മടക്കി ഇരുത്തുക. രോഗി ഇറുകിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കില്‍ അത് അയച്ചിടണം. രോഗിക്ക് ആവശ്യമായ ധൈര്യം പകരാന്‍ ശ്രദ്ധിക്കണം. ഇത് സംഭവിച്ചാലുടന്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കണം. ആന്‍ജിയോ പ്ലാസ്റ്റിയാണ് ഹൃദയാഘാതത്തിനുള്ള പ്രധാന ചികിത്സ. ശസ്ത്രക്രിയക്ക് മൂന്ന് മാസങ്ങള്‍ക്ക് ശേഷം  സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാം. ഓപ്പറേഷന് ശേഷം ഏഴു മുതല്‍ പത്ത് മാസങ്ങള്‍ വരെ ആശുപത്രിയില്‍ കിടക്കേണ്ടി വരും.

ശസ്ത്രക്രിയക്ക് ശേഷം വീട്ടിലെത്തിയാല്‍ മരുന്ന് വേണ്ടെന്നു വക്കരുത്. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ആസ്പിരിന്‍ പോലെയുള്ള ഗുളികകള്‍, ഹൃദയമിടിപ്പ്‌ കൂടാതിരിക്കാനുള്ള മരുന്നുകള്‍, ഹൃദയത്തിന്‍റെ പമ്പിങ് നില മെച്ചപ്പെടുത്താനുള്ള ഗുളികകള്‍ എന്നിങ്ങനെയുള്ള മരുന്നുകള്‍ ശസ്ത്രക്രിയക്ക് ശേഷം നല്‍കും. അതുപോലെ തന്നെ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാനുള്ള ഗുളികകളും ഇതിനോടൊപ്പം നല്‍കാറുണ്ട്. ഇവ കൃത്യമായി കഴിക്കാന്‍ മറക്കണ്ട. ചെക്കപ്പുകള്‍ എല്ലാം തന്നെ മുടങ്ങാതെ ചെയ്യണം. ഇതോടൊപ്പം ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. എണ്ണയും കൊഴുപ്പും കുറച്ച്‌ കൊണ്ടുള്ള പാചക രീതിയായിരിക്കണം പിന്തുടരേണ്ടത്. രക്തസമ്മര്‍ദ്ദം കൂടുതലുള്ളവര്‍ ഉപ്പ് നിയന്ത്രിക്കണം. കൊഴുപ്പ് കൂടുതലുള്ള ചുവന്ന മാംസം ഒഴിവാക്കി, കോഴി, കാട, താറാവ് എന്നിങ്ങനെയുള്ള ഇറച്ചികള്‍ തൊലി നീക്കകം ചെയ്ത ശേഷം കറി വച്ച് കഴിക്കാം.

ഒമേഗ3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുക. അയല, മത്തി, ചൂര എന്നിങ്ങനെയുള്ള മീനുകളില്‍ ഒമേഗ3 ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകള്‍ക്ക് മതിയായ സംരക്ഷണം നല്‍കും. വ്യായാമം അത്യാവശ്യം വേണ്ടുന്ന കാര്യങ്ങളില്‍ ഒന്നാണ്. ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മാത്രം വ്യായാമം  ചെയ്യാം. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറക്കാന്‍ വ്യായാമം സഹായിക്കും. ശസ്ത്രക്രിയക്ക് ശേഷം ലൈംഗികത പാടില്ല എന്നുള്ള ധാരണ തെറ്റാണ്. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ചോര്‍ത്തു ഭയപ്പെടണ്ട. ആദ്യത്തെ ആറ് ആഴ്ചക്ക് ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മദ്യവും പുകവലിയും ഒഴിവാക്കി മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.