ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെ ആരോഗ്യവാന്മാരായിരിക്കാന് സാധിക്കും. നാമെല്ലാം നല്ല ഭക്ഷണം കഴിയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഭക്ഷണം രുചികരമാകുന്നതിനൊപ്പം ആരോഗ്യകരവുമായിരിക്കണം. രോഗങ്ങളിലേക്കോ, രോഗ സാധ്യതകളിലേക്കോ തള്ളിവിടുന്നവയാവരുത് അവ ഒരിക്കലും . നാം കഴിയ്ക്കുന്ന ആഹാരത്തില്‍ ധാന്യങ്ങള്‍, പയര്‍-പരിപ്പ് വര്‍ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പാല്, മുട്ട, മത്സ്യം, മാംസം, നട്സ് തുടങ്ങി വിവിധ തരം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
ഒരു നേരം പോലും ഭക്ഷണം കഴിയ്ക്കാതിരിക്കരുത്. വലിച്ചുവാരി, അമിതമായി ആഹാരം കഴിയ്ക്കുകയും അരുത്. ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ നാരുകളാല്‍ സമ്പുഷ്ടമാണ്. സാലഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ അളവ് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കുക. എണ്ണയ്ക്ക് പകരം ആവിയില്‍ വേവിച്ചതോ ചുട്ടെടുത്തോ ആയ ഭക്ഷണം ഉപയോഗിക്കുക. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ സ്നാക്സുകള്‍ക്കു പകരം പഴങ്ങള്‍, നട്സ് എന്നിവ കഴിയ്ക്കുന്നത് ശീലമാക്കുക. ഇവ നമ്മെ കൂടുതല്‍ ഉന്മേഷവാന്മാരാക്കും.
പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക. ഇവയുടെ അമിത ഉപയോഗം പല മാരക രോഗങ്ങള്‍ക്കും കാരണമാകും.
ചുവന്ന മാംസം അല്ലെങ്കില്‍ റെഡ് മീറ്റിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ഇവയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കുന്നതിന് കാരണമാകും. ഏറ്റവും പ്രധാനമായി ധാരാളം വെള്ളം കുടിയ്ക്കുക. ഒരു ദിവസം 10 ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ശരിയായ വ്യായാമവും 7,8 മണിക്കൂര്‍ ഉറക്കവും ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇങ്ങനെ ചിട്ടയായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടര്ന്നാല് എക്കാലത്തും ആരോഗ്യവാന്മാരായി കഴിയാം.