ജനങ്ങളില്‍ സാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചില്‍. രണ്ടു രീതിയില്‍ മുടി കൊഴിച്ചില്‍ ഉണ്ടാവാം. ഒന്ന്, പെട്ടെന്നുള്ള, കടുപ്പത്തിലുള്ള മുടി കൊഴിച്ചില്‍. രണ്ടാമത്തേത്, ക്രമേണയുള്ള മുടി കൊഴിച്ചില്‍.
പെട്ടെന്നുള്ള മുടി കൊഴിച്ചില്‍ – പൊതുവെ കടുത്ത പനി, സര്‍ജറി, പ്രസവം എന്നിങ്ങനെ തീവ്രമായ ജീവിത സംഭവങ്ങള്‍ ഉണ്ടായതിനു ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞ് മിക്കവരിലും മുടി കൊഴിച്ചില്‍ കാണപ്പെടാറുണ്ട്. അതുപോലെ രക്തക്കുറവ്, ചില പോഷകങ്ങളുടെ കുറവ്, ഹോര്‍മോണ്‍ തകരാറുകള്‍ (പ്രത്യേകിച്ച് തൈറോയിഡ് ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍), മരുന്നുകളുടെ പാര്‍ശ്വഫലം എന്നിവ കാരണവും പെട്ടെന്നുള്ള മുടി കൊഴിച്ചില്‍ ഉണ്ടാവാം.
ജനിതകമായി ക്രമേണയുണ്ടാകുന്ന മുടി കൊഴിച്ചിലിനെയാണ് patterned hair loss എന്ന് പറയുന്നത്. patterned hair loss അഥവാ കഷണ്ടി സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത രീതിയിലാണ് കാണപ്പെടുന്നത്. സ്ത്രീകളില്‍ മുടിയുടെ കട്ടി കുറയുക, നടുവ് എടുക്കുമ്പോഴുള്ള ഭാഗത്തിന്റെ വീതി കൂടുക, നെറ്റി കയറുക എന്നിങ്ങനെയാണ് ലക്ഷണങ്ങള്‍.
പുരുഷന്മാരില് ഇരു വശങ്ങളിലും നെറ്റി കയറുക, മൂര്‍ദ്ധാവില്‍ മുടിയുടെ കട്ടി കുറയുക എന്നിങ്ങനെയാണ് തുടക്കം. പുരോഗമിക്കുന്തോറും നെറ്റി കൂടുതല്‍ കയറുകയും മൂര്‍ദ്ധാവില്‍ കട്ടി കുറയുകയും അവസാനം മുന്‍ഭാഗത്ത് പൂര്‍ണ്ണമായും മുടിയില്ലാത്ത അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യും. ചെവിയുടെ മുകള്‍ഭാഗത്തെ മുടി, അതായത് തലയുടെ വശങ്ങളിലെ മുടിയെയും പുറകു വശത്തെ മുടിയെയും കഷണ്ടി ബാധിക്കാറില്ല.
ഇത്രയുമാണ് ഒട്ടാകെയുള്ള മുടികൊഴിച്ചില്‍ അല്ലെങ്കില്‍ diffuse hair lossന്റെ കാരണങ്ങള്‍. ചിലരില്‍ ചില ഭാഗങ്ങളില്‍ മാത്രമായി വട്ടത്തില്‍ മുടി കൊഴിയാറുണ്ട്. ഫംഗല്‍ അണുബാധ കാരണമാവാം ഇങ്ങനെ മുടി കൊഴിച്ചില്‍ ഉണ്ടാവുന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷി രോമകൂപങ്ങള്ക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അസുഖമാണ് alopecia areata. ഈ രോഗത്തിലും വട്ടത്തില്‍ മുടി കൊഴിച്ചിലുണ്ടാവാം. ട്രൈക്കോട്ടില്ലോമാനിയ എന്ന മാനസിക വൈകല്യത്തില്‍ രോഗി മുടി വലിച്ചു പറിക്കുന്നു. മുതിര്‍ന്നവരേക്കാളും കുട്ടികളെയാണ് ഈ മാനസിക വൈകല്യം ബാധിക്കാറുള്ളത്.
മുടി കൊഴിച്ചിലിനുള്ള ചികിത്സ
എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടുണ്ടാവുന്ന മുടി കൊഴിച്ചിലില്‍ അതായത് പോഷകങ്ങളുടെ കുറവ്, മറ്റു അസുഖങ്ങളുടെ ഭാഗമായുള്ള മുടി കൊഴിച്ചില്‍ എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ കാരണങ്ങളുടെ ചികിത്സയാണ് പ്രധാനം. കടുപ്പത്തിലുള്ള പനിക്കു ശേഷം അല്ലെങ്കില്‍ മറ്റെന്തെങ്കിലും കഠിനമായ അസുഖത്തിന് ശേഷം ഉണ്ടാകുന്ന മുടി കൊഴിച്ചിലില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള് ശ്രദ്ധിക്കണം. മുടി എന്നു പറയുന്നത് അടിസ്ഥാനപരമായി കെരാറ്റിന്‍ എന്നു പേരുള്ള ഒരു പ്രോട്ടീനാണ്. അതിനാല്‍ ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. പാല്, മുട്ടയുടെ വെള്ള, കടല, ചെറുപയര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
മുടി കൊഴിച്ചിലിന്റെ ചികിത്സയ്ക്ക് മരുന്നുകളടങ്ങിയ ലോഷനും ഗുളികകളും ലഭ്യമാണ്. ഇവ ഉപയോഗിക്കുമ്പോള്‍ രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ആദ്യത്തേത്, മരുന്നുകളുടെ ഉപയോഗത്തിന്റെ ഫലം കണ്ടു തുടങ്ങാന്‍ ചുരുങ്ങിയത് 6-8 ആഴ്ചവരെ സമയമെടുക്കും. കാരണം മുടിയുടെ വളര്‍ച്ച ഒരു ദിവസത്തില്‍ 0.5 മില്ലിമീറ്ററിന് താഴെ എന്ന തോതിലാണ്. അപ്പോള്‍ നമുക്ക് കാണാന്‍ പാകത്തിലുള്ള വളര്‍ച്ച എത്തണമെങ്കില്‍ ആഴ്ചകളോളമെടുക്കും. ചുരുങ്ങിയത് 2-3 മാസം മരുന്നുകള്‍ ചെയ്താലേ അത് ഫലിക്കുന്നുണ്ടോ എന്ന് പറയാനാവൂ. ലോഷനുകള്‍ ഉപയോഗിക്കേണ്ട രീതി ഡോക്ടറോട് കൃത്യമായി ചോദിച്ചു മനസ്സിലാക്കണം. മിക്ക ലോഷനുകളും മുടിയിലല്ല, തലയോട്ടിയിലാണ് പുരട്ടേണ്ടത്.
മരുന്നുകളുടെ ഒപ്പം ചെയ്യാവുന്ന ഫലപ്രദമായ ചികിത്സയാണ് PRP അഥവാ platelet rich plasma therapy. ഇതില്‍ രോഗിയുടെ രക്തം എടുത്തിട്ട് അതില്‍ നിന്ന് platelet എന്ന കോശങ്ങള്‍ വേര്‍പെടുത്തുന്നു. എന്നിട്ട് ഇത് concentrate ചെയത് തലയിലെ തൊലിയിലേക്ക് കുത്തി വെക്കുന്നു. ഇതില്‍ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും.
കഷണ്ടിയില്‍ മരുന്നുകള്‍ കൊണ്ട് ഫലം ലഭിക്കാത്തവര്‍ക്കും ശാശ്വത പരിഹാരം ആഗ്രഹിക്കുന്നവര്‍ക്കുമുള്ള ചികിത്സയാണ് hair transplantation. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ചെയ്യാറുണ്ടെങ്കിലും പുരുഷന്മാരിലാണ് ഇത് കൂടുതലും ചെയ്യുന്നത്. തലയില്‍ മാത്രമല്ല, മീശ നഷ്ടപ്പെട്ടവര്‍ക്കും ഇത് ചെയ്യാവുന്നതാണ്. എത്ര കഷണ്ടിയുള്ളവരിലും പുറകു വശത്തെ മുടി കൊഴിഞ്ഞു പോകാറില്ല. അതിനെ സേഫ് സോണ്‍ എന്നാണ് പറയുന്നത്. അവിടുത്തെ മുടികള്‍ ഓരോന്നായി ഒരു പേന പോലത്തെ punch ഉപയോഗിച്ച് അടര്‍ത്തിയെടുക്കുന്നു. ശേഷം അത് ഓരോന്നായി കഷണ്ടിയുള്ള ഭാഗത്ത് സ്ലിറ്റുകളുണ്ടാക്കി അവിടെ വെക്കും. ഈ മുടികളുടെ വേരില്‍ നിന്ന് പുറകിലുള്ള പോലെ മുന്നിലും മുടികള്‍ വളരും. hair transplant ചെയ്യാന്‍ ഏകദേശം 6-8 മണിക്കൂര്‍ വരെ എടുക്കാം. എന്നാല്‍ അഡ്മിറ്റ് ആവേണ്ട ആവശ്യം വരാറില്ല.