ലോക രോഗ പ്രതിരോധ വാരാചരണം ഏപ്രില്‍ 30ന് സമാപിക്കും. ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ചാണ് വാരാചരണം. ‘വാക്സിനുകള്‍ ഫലപ്രദം, നമ്മള്‍ സുരക്ഷിതരാണ്’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
വാക്സിനുകളെ കുറിച്ചുള്ള അവബോധം ഉയര്‍ത്തുക, ആഗോള വ്യാപകമായും പ്രാദേശികമായും കുട്ടികളുടെ ആരോഗ്യത്തില്‍ വാക്സിനുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് വിദ്യാഭ്യാസം നല്‍കുക, രോഗ പ്രതിരോധ രംഗത്തുള്ള പുരോഗതിക്ക് പ്രാമുഖ്യം നല്‍കുക, ആരോഗ്യ സംരക്ഷണത്തിന് യഥാ സമയത്തുള്ള രോഗ പ്രതിരോധമാണ് ശക്തമായ അടിത്തറയെന്ന് ബോധവല്‍ക്കരണം നല്‍കുക എന്നിവയാണ് ഉദ്ദേശ ലക്ഷ്യങ്ങള്‍. ആരോഗ്യ സംരക്ഷണത്തിന് ശൈശവം മുതല്‍ യഥാ സമയത്തുള്ള രോഗ പ്രതിരോധ വാക്‌സിനുകള്‍ക്ക് അതീവ പ്രാധാന്യം ഉണ്ട്. എല്ലാ പ്രായത്തിലും വാക്‌സിനുകള്‍ ജീവന് സംരക്ഷണം നല്‍കുന്നു. ഇത് ആയുഷ്‌കാലം ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള സാദ്ധ്യത ഉറപ്പു നല്‍കുന്നു.
സൂക്ഷമാണുക്കള്‍ക്കെതിരെയുള്ള പ്രതിരോധം കൗമാരാരോഗ്യം ഉറപ്പാക്കല്‍, ഗര്‍ഭിണികളുടെയും, നവജാത ശിശുക്കളുടെയും ആരോഗ്യം തുടങ്ങിയവക്കുള്ള അടിസ്ഥാനപരമായ മാര്‍ഗ്ഗമാണ് വാക്‌സിനുകള്‍. അതിനാല്‍ ഈ വാരാചരണത്തിന് അതിയായ പ്രാധാന്യം നല്‍കുന്നത്. സംസ്ഥാനത്ത് പല പ്രദേശിലും ആളുകള്‍ വാക്സിനുകള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്തിയത് മുമ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിനാല്‍ തന്നെ കേരളത്തിലെ ആരോഗ്യ രംഗത്ത് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ലോക രോഗ പ്രതിരോധ വാരാചരണം സഹായകരമായി മാറുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.