spot_img

നടത്തം മുതല്‍ ധ്യാനം വരെ; പ്രഭാതങ്ങള്‍ ആനന്ദകരമാക്കാന്‍ ചില വഴികള്‍

മ്മുടെ പ്രഭാതങ്ങള്‍ എല്ലാം തന്നെ അങ്ങേയറ്റം പ്രശ്‌ന ഭരിതമാണ്. രാത്രി വൈകി ടിവി കണ്ടിരുന്ന്, എപ്പോഴെങ്കിലും ഒക്കെ ഭക്ഷണം കഴിച്ച്, ഉറങ്ങാന്‍ കിടക്കും. അലാറം മാറ്റി മാറ്റി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു സമയമാകും. പിന്നെ കണ്ണ് തുറക്കുന്നതിനു മുന്‍പ് ഫോണ്‍ എടുത്തു പിടിക്കും. കുറച്ച് നേരം സ്‌ക്രോള്‍ ചെയ്ത് പിന്നെ ഓടിപ്പിടിച്ച് ഓരോ കാര്യങ്ങള്‍ ചെയ്യും. എന്തെങ്കിലും കഴിച്ചെന്ന് വരുത്തി ഒരോട്ടമാണ്, ഓഫീസിലേക്ക്. ഇന്ന് മിക്കവാറും പേരുടെ ദിനചര്യ ഇങ്ങനെയാണ്. ഒരാള്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് രാവിലെകളിലാണ്. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുന്ന രീതി തന്നെ പ്രശ്‌നമാകുമ്പോള്‍ ദിവസം മുഴുവന്‍ അത് നമ്മെ ബാധിക്കുമെന്ന് പലരും അറിയുന്നില്ല. രാവിലത്തെ തിരക്കുകളില്‍ നമുക്ക് ഒന്നിനും സമയം തികയാറില്ല.

പ്രഭാതങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ ചില വഴികള്‍

എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ കാര്യമില്ല. ഉറക്കം ശരിയാകാതെ രാവിലെ ഉണര്‍ന്നാല്‍ അന്നത്തെ ദിവസം പോയത് തന്നെ. ദിവസം മുഴുവന്‍ ഉറക്കം തൂങ്ങി, ചെയ്യാന്‍ വിചാരിച്ച കാര്യങ്ങളൊന്നും തന്നെ ചെയ്യാനും പറ്റാതെ കഷ്ടപ്പെട്ട് പോകും നമ്മള്‍.

രാത്രി വൈകി കിടന്നു രാവിലെ ഏതോ സമയത്ത് എഴുന്നേല്‍ക്കുന്ന അവസ്ഥ ഒഴിവാക്കണം. കൃത്യമായ ഉറക്കം ശീലമാക്കണം. കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങിയിരിക്കണം. ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

രാവിലെ വളരെ വൈകി എഴുന്നേല്‍ക്കുന്നവരില്‍ മിക്കവാറും പേരും പ്രധാനമായും ഒഴിവാക്കുന്നത് പ്രഭാത ഭക്ഷണമാണ്. ദിവസം മുഴുവന്‍ മുന്നോട്ട് പോകാനുള്ള ഊര്‍ജം നല്‍കുന്നതില്‍ പ്രധാനമാണ് പ്രഭാത ഭക്ഷണം. രാവിലെ ഭക്ഷണം കഴിക്കാതെ ജോലിക്ക് പോകുന്നത് പൂര്‍ണമായും ഒഴിവാക്കുക. കൃത്യമായ പോഷക സമൃദ്ധമായ ഭക്ഷണം ശീലമാക്കുക. ഒപ്പം ഭക്ഷണത്തിന്റെ കാര്യത്തില്‍ സമയനിഷ്ഠ പാലിക്കുക. അസമയത്തെ ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. പ്രകൃതി ആരെയും അമ്പരപ്പിക്കും. രാവിലെ മോശം വാര്‍ത്തയും വര്‍ത്തമാനങ്ങളുമായി ഉണരുന്നത് ദിവസം തന്നെ ഇല്ലാതാക്കും.

പ്രകൃതിയുമായി അടുത്ത് ജീവിക്കുക. രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോവുക. പ്രകൃതിയുമായുള്ള സമ്പര്‍ക്കം നിങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഗുണം ചെയ്യും. രാവിലത്തെ ഇളം വെയില്‍ കൊള്ളുന്നത് തലച്ചോറില്‍ നമ്മുടെ ക്ഷേമത്തെയും സന്തോഷത്തേയും ഉണര്‍ത്തുന്നഹോര്‍മോണ്‍ ആയ സെറോട്ടോണിന്‍ ഉത്പാദനത്തിന് സഹായിക്കും. ഇനി രാവിലത്തെ നടത്തം മുടക്കണ്ട. നിങ്ങളെ ഉന്‍മേഷവാനാക്കാന്‍ അത് മതി.

ദിവസവും രാവിലെ കുറച്ച് സമയം ധ്യാനം ചെയ്യുന്നത് നിങ്ങളുടെ മനസ് ശാന്തമാകാന്‍ സഹായിക്കും.ഒപ്പം ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. എല്ലാ ദിവസവും എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് കൃത്യമായി ചാര്‍ട്ട് ചെയ്യുക. മള്‍ടി ടാസ്‌കിങ്ങ് നമ്മുടെ തലച്ചോറിന് പറ്റിയ കാര്യമല്ല. ചെയ്യേണ്ട കാര്യങ്ങള്‍ അവയുടെ പ്രാധാന്യം അനുസരിച്ച് കൃത്യമായി ചെയ്തു പോവുക. എന്താണ് ചെയ്യേണ്ടതെന്ന പ്ലാന്‍ എപ്പോഴും ഉണ്ടാകണം. ഭക്ഷണ കാര്യത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ അത് നിങ്ങള്‍ക്ക് ഗുണം മാത്രേ ഉണ്ടാക്കൂ. പഴങ്ങള്‍ കൂടുതല്‍ കഴിക്കുക.

കഴിവതും നേരത്തെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക. രാത്രി വൈകിയുള്ള ഉറക്കം നിര്‍ത്തി നേരത്തെ കിടന്ന് നേരത്തെ ഉണരുന്നത് ശീലമാക്കുക. ചെയ്യുന്ന ഓരോ കാര്യങ്ങളും ആസ്വദിച്ചു ചെയ്യുക. ഒന്നും ഒരു ഭാരമായി നിങ്ങള്‍ക്ക് തോന്നില്ല. നിങ്ങളുടെ ഓരോ ദിവസവും സന്തോഷം നിറഞ്ഞതാവും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.