spot_img

മനുഷ്യനാണ് ഏറ്റവും വലിയ ലഹരി, ഏറ്റവും നല്ല മരുന്നാണ് ചങ്ങാതി

ഇംഗ്ലണ്ടിലെ പ്രഭു കുടുംബം അവധിക്കാലത്ത് താമസിക്കാനായിട്ട് കാട്ടിലൊരു ചെറിയ കൊട്ടാരം പണിതിരുന്നു. ഒരു അവധിക്കാലത്ത് പ്രഭു കുടുംബത്തിലെ എല്ലാ ആളുകളും ആ കൊട്ടാരത്തിലേക്ക് താമസം മാറ്റി. ഒരു വൈകുന്നേരം പ്രഭുക്കളായ ആളുകളെല്ലാം ചെസ് കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അവരുടെ കൂട്ടത്തിലുള്ള കുട്ടികള്‍ അവിടെയുള്ള കുളത്തില്‍ ചാടി കുളിക്കാന്‍ പോയി. അവര്‍ക്ക് പരിചയമില്ലാത്ത കുളമാണ്, കുളിക്കുന്നതിനിടയില്‍ ഒരു കുട്ടി കുളത്തില്‍ മുങ്ങിത്താണു.

ആ കുട്ടി അപകടത്തിലാണ് എന്ന് തിരിച്ചറിഞ്ഞ ഉടനെ അവിടെയുള്ള മറ്റൊരു കുട്ടി കുളത്തിലേക്ക് എടുത്തുചാടി. തോട്ടപ്പണിക്കാരന്റെ മകനായിരുന്നു അത്. അങ്ങനെ അവന്‍ പ്രഭുവിന്റെ പുത്രനെ മരണത്തില്‍ നിന്ന് രക്ഷിച്ചു. ഇത് പ്രഭുക്കള്‍ അറിഞ്ഞു, അവര്‍ തോട്ടപ്പണിക്കാരനെ വിളിച്ച് ചോദിച്ചു ‘നിങ്ങളുടെ മകന് ഞങ്ങള്‍ എന്ത് സമ്മാനമാണ് കൊടുക്കേണ്ടത്?’ അവന്‍ പഠിക്കാന്‍ വലിയ ആഗ്രഹമാണ് അതിനാല്‍ അവനെയൊന്ന് പഠിപ്പിച്ചാല്‍ മതിയെന്ന് തോട്ടപ്പണിക്കാരന്‍ പറഞ്ഞു . അവന്റെ പഠനം പ്രഭുക്കള്‍ ഏറ്റെടുത്തു. പറഞ്ഞ വാക്ക് പാലിക്കുക എന്നതിലുപരിയായി അവന് അവര്‍ മികച്ച വിദ്യാഭ്യാസം നല്‍കി. അവന്‍ ഒരു ഡോക്ടറായി മാറി. ലോകമറിയുന്ന വൈദ്യനായി. അലക്സാണ്ടര്‍ ഫ്ളെമിങ്. പെന്‍സുലിന്‍ കണ്ടു പിടിച്ച മഹാന്‍. കുളത്തില്‍ മുങ്ങിത്താണ ആ കുട്ടി പിന്നീട്‌ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തീര്‍ന്ന വിന്‍സെന്റ് ചര്‍ച്ചിലായിരുന്നു.

കഥ അവസാനിച്ചിട്ടില്ല. ലോക മഹായുദ്ധ കാലത്ത് ടെഹ്റാനില്‍ വെച്ച് വിന്‍സെന്റ് ചര്‍ച്ചലിന് ന്യുമോണിയ പിടിപെട്ടു. ഇത്തവണയും അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ഓടിയെത്തിയത്‌ ആ പഴയ ചങ്ങാതി തന്നെയായിരുന്നു, അലക്സാണ്ടര്‍ ഫ്ളെമിങ്. ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളില്‍ മരണത്തിന്റെ വക്കില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കുകയാണ് ആ ചങ്ങാതി ചെയ്തത്‌. ഏതൊരു സൗഹൃദത്തിലും സംഭവിക്കേണ്ടത് ഇത്തരത്തിലൊരു കൈ പിടിച്ചുയര്‍ത്തലാണ്‌. സുഹൃത്തുക്കള്‍ സങ്കടങ്ങളിലേക്കും മാനസിക അഘാതത്തിലേക്കും കരച്ചിലിലേക്കും പതിയെ വീണു പോകുമ്പോള്‍ ഒരു കൈ കൊണ്ട് താങ്ങി നിര്‍ത്തേണ്ടവനാണ് അടുത്ത ചങ്ങാതി.

കൂട്ട് എന്ന് നമ്മള്‍ പറയുമല്ലോ. കേവലമൊരു സൗഹൃദം മാത്രമല്ല, അതൊരു രസക്കൂട്ട് കൂടിയാണ്. പാചക കാര്യത്തിലും മറ്റും നമ്മള്‍ പറയുന്നതു പോലെ ഒരു കൂട്ട്. നെരൂദ പറയുന്നുണ്ട് മരണത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ഒന്നിനും സാധിക്കില്ല. എന്നാല്‍ നല്ല സ്നേഹത്തിന് ജീവിത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ സാധിക്കും. വിവാഹം പോലെ തന്നെ ഓരോ സൗഹൃദവും ദൈവ നിശ്ചയമാണ്. പോറലേല്‍ക്കാതെ കാത്തു സൂക്ഷിക്കണം. മൊബൈല്‍ ഫോണ്‍ നിലത്തു വീണ് പോറലേറ്റാലോ പൊട്ടിയാലോ നമുക്ക് എത്രത്തോളം വിഷമമാണ് ഉണ്ടാകുക. വളരെ വേഗം അതിന് പരിഹാരം കാണാനുള്ള തിരക്കാവും നമുക്ക്. അതുപോലെ തന്നെ സൗഹൃദങ്ങളും ബന്ധങ്ങളും പോറല്‍ ഏല്‍ക്കാതെ കാത്തു സൂക്ഷിക്കണം. പൊരുത്തക്കേടുകള്‍ വേഗത്തില്‍ പരിഹരിക്കണം. പ്രിയപ്പെട്ട ചങ്ങാതിയെ നെഞ്ചോടു ചേര്‍ത്ത് നെറ്റിയില്‍ ഉമ്മ കൊടുത്ത് അവനോട് പറയേണ്ടത് എനിക്ക് നിന്നോട്  സ്നേഹമാണെന്ന് മാത്രമല്ല, I value you എന്നു കൂടിയാകണം. അവനെ അല്ലെങ്കില്‍ അവളെ അത്രമേല്‍ വില കല്‍പ്പിക്കുന്നു, ആ സാന്നിധ്യം അത്രമേല്‍ വിലപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്തണം.

വിഷമങ്ങളിലേക്കും മാനസിക അഘാതങ്ങളിലേക്കും മനുഷ്യന്‍ വളരെ വേഗത്തില്‍ വീണുപോകുന്ന സാഹചര്യമാണ് ഇന്നുള്ളത്. ചെറിയ കാര്യങ്ങള്‍ പോലും മനസിന് വലിയ വേദന സമ്മാനിക്കുന്നു. അവിടെ ഒരു ചങ്ങാതിയ്ക്ക് നല്ലൊരു മരുന്നാകാനാകും. മനുഷ്യനാണ് ഏറ്റവും വലിയ ലഹരി. അവനേക്കാള്‍ വലിയ ലഹരിയൊന്നും ലോകത്തിലില്ല. അങ്ങാടി പാക്കറ്റുകള്‍ നല്‍കുന്ന ലഹരിയേക്കാള്‍ എത്രയോ ഇരട്ടിയാണ് മനുഷ്യനെന്ന ലഹരി. എല്ലാവര്‍ക്കും സൗഹൃദ ദിനത്തിന്റെ സ്നേഹോഷ്മളമായ ആശംസകള്‍.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.