spot_img

പ്രാതലിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ദീർഘ നേരത്തെ ഉറക്കത്തിന് ശേഷം രാവിലെ കഴിയ്ക്കുന്ന പ്രാതലാണ് ഒരാളുടെ ആ ദിവസത്തിന് ഊർജം പകരുന്നത്. ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങളും കാർബോഹൈഡ്രേറ്റും രാവിലത്തെ ഭക്ഷണത്തിൽ നിന്ന് ലഭിക്കണം. മറ്റെന്തെല്ലാം ഒഴിവാക്കേണ്ടി വന്നാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. അത് ശരീരത്തിന് ദോഷം ചെയ്യും. പ്രഭാത ഭക്ഷണം ഇന്ന് ഇൻസ്റ്റന്റ് വിഭവങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു. പ്രത്യേകിച്ചും കുടുംബത്തിലെ അച്ഛനും അമ്മയും ജോലിക്ക് പോകുന്നവരാണെങ്കിൽ പെട്ടെന്ന് ഉണ്ടാക്കി കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാകും തയ്യാറാക്കുക. എന്നാൽ പ്രാതൽ കഴിക്കേണ്ടതു പോലെ തന്നെ എന്ത് കഴിയ്ക്കുന്നു എന്നതും ശരീരത്തിന്റെ ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന ഒരു വിഷയമാണ്. പ്രഭാത ഭക്ഷണത്തിൽ എന്തെല്ലാം വിഭവങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് നോക്കാം.

അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ

പഞ്ചസാരയുടെ ഉപയോഗം പ്രമേഹരോഗികൾക്ക് മാത്രമല്ല സാധാരണക്കാരുടെ ആരോഗ്യവും തകരാറിലാക്കും. പ്രത്യേകിച്ചും രാവിലെയുള്ള ഭക്ഷണങ്ങളിൽ പഞ്ചസാര അമിതമായി ചേർന്ന ഭക്ഷണങ്ങൾ കഴിയ്ക്കുമ്പോൾ ആദ്യ കുറച്ച് മണിക്കൂറുകളിൽ ശരീരത്തിന് ക്ഷീണം തോന്നുന്നു. പഞ്ചസാരയിലെ ഗ്ലൂക്കോസ് ശരീരം പെട്ടെന്ന് ആഗീകരണം ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് വീണ്ടും വിശപ്പുണ്ടാക്കുന്നു. പ്രാതലിന് ശേഷം വീണ്ടും സ്‌നാക്‌സ്, ചിപ്‌സ്, കുക്കീസ് പോലുളളവ കഴിയ്ക്കാനും പ്രേരിപ്പിക്കുന്നു. ഇത്തരം അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഭാവിയിൽ പ്രമേഹം, കൊളസ്‌ട്രോൾ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ക്ക് വഴിവെക്കുന്നു. ഡോനട്ട്,പാൻകേക്ക് തുടങ്ങി മധുരം നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഭക്ഷണത്തിൽ ഉപ്പിന്റെയും പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കേണ്ടതുണ്ട്. 

കാർബോ ഹൈഡ്രേറ്റ് കൂടിയ ഭക്ഷണങ്ങൾ

കാർബോ ഹൈഡ്രേറ്റ് അധികമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും പഞ്ചസാരയെപ്പോലെ തന്നെ അപകടകാരികളാണ്. കാർബോഹൈഡ്രേറ്റ് ശരീരത്തിൽ അമിതമായി എത്തുന്നത് ഇൻസുലിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. ഇത് ചിലപ്പോൾ രക്തസമ്മർദത്തിന് കാരണമായേക്കാം. വൈറ്റ് ബ്രഡ്, ഉരുളക്കിഴങ്ങ് തുടങ്ങി നിരവധി ഭക്ഷണങ്ങളിൽ നമ്മുടെ ശരീരത്തിന് ആവശ്യമായതിലും അധികം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. അതിനാൽ ശരീരത്തിന്റെ ആവശ്യത്തിന് അനുസരിച്ച് മാത്രം പ്രഭാത ഭക്ഷണം ക്രമീകരിക്കുന്നതാണ് ഉത്തമം. 

കൊഴുപ്പ് ധാരാളം  അടങ്ങിയ ഭക്ഷണം ഒഴിവാക്കുക

ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ പ്രാതലിൽ നിന്ന് ഒഴിവാക്കുന്നത്  ഉത്തമമാണെന്ന് ആയുർവേദം പറയുന്നു. അമിതമായ ആഹാരവും കൊഴുപ്പ് അടങ്ങിയ ഭക്ഷണവും പ്രഭാതത്തിൽ ദഹനപ്രക്രിയയുടെ താളം തെറ്റിക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. മാംസം വേവിച്ചോ, ഗ്രില്ല് ചെയ്‌തോ കഴിയ്ക്കാം. കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പന്നങ്ങൾ ശീലമാക്കുക. കൊഴുപ്പ് ധാരാളമടങ്ങിയ ഭക്ഷണം വയർ എരിച്ചിൽ, നെഞ്ച് എരിച്ചിൽ എന്നിവയ്ക്ക് കാരണമാകും. 

തണുത്ത ഭക്ഷണം

ആയുർവേദ വിധി പ്രകാരം പ്രഭാത ഭക്ഷണം എപ്പോഴും ചൂടോടെയുള്ളതായിരിക്കണം. പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. എന്നാൽ ഫ്രിഡ്ജിന്റെ വരവോടെ ഭക്ഷണങ്ങൾ കേടുകൂടാതെ സൂക്ഷിക്കാം എന്ന നിലയിലേക്ക് എത്തിയതോടെ പലരും ചൂടാക്കാതെ തണുത്ത ഭക്ഷണങ്ങൾ, തണുത്ത പാൽ എന്നിവയാണ് കഴിയ്ക്കുന്നത്. ശരീരത്തിൽ ഉൻമേഷവും ഊർജവും നിലനിൽക്കണമെങ്കിൽ ചെറുചൂടോടെയുള്ള, പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങളാണ് ശീലമാക്കേണ്ടത്. പച്ചക്കറികളും പഴങ്ങളും ഫ്രിഡ്ജിൽ നിന്നെടുത്ത് അതുപോലെ തന്നെ കഴിയ്ക്കരുത്. തണുപ്പ് പോയ ശേഷം കഴുകി കഴിയ്ക്കാം. പ്രഭാതത്തിൽ കഴിവതും തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.

എപ്പോഴും പ്രാതലിന് പ്രാധാന്യം നൽകുക. ഫൈബർ, വിറ്റാമിൻ, മറ്റ് പോഷക ഘടകങ്ങൾ എന്നിവ പ്രഭാത ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നത് അന്നത്തെ ദിവസത്തിന് മാത്രമല്ല ജീവിതത്തിന് തന്നെ ഗുണകരമായിരിക്കും. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പാലിക്കുന്നവർക്ക് അസുഖങ്ങൾ വരാനുള്ള സാധ്യതയും കുറവാണ്.  

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.