റമദാന്‍ വ്രതത്തിലൂടെ യഥാവിധി പ്രകാരമുള്ള ആരോഗ്യം ലഭിക്കണമെന്നുണ്ടെങ്കില്‍ വ്രതം അവസാനിപ്പിക്കുന്ന സമയത്തും തുടര്‍ന്നും നാം കഴിയ്ക്കുന്ന ആഹാരം എന്താണെന്നുള്ളതും പ്രധാനമായ ഒന്നാണ്. എപ്പോള്‍, എന്ത്, എങ്ങനെ കഴിയ്ക്കുന്നു എന്നതെല്ലാം നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നോമ്പ് തുറ കഴിഞ്ഞ ഉടനെ തന്നെ കിട്ടുന്നതെല്ലാം വാരി വലിച്ച് കഴിയ്ക്കുന്നത് ശരീരത്തിന് താങ്ങാന്‍ പറ്റുന്നതല്ല. പ്രത്യേകിച്ചും 12 മണിക്കൂറോളം ഭക്ഷണം കിട്ടാതെയിരിക്കുന്ന അവസ്ഥയില്‍. നോമ്പ് തുറ കഴിഞ്ഞ് ഭക്ഷണമായി വെള്ളം, ഫ്രഷ് ജ്യൂസ്, പഴങ്ങള്‍ എന്നിവ കഴിച്ച് ഉപവാസം അവസാനിപ്പിക്കാവുന്നതാണ്. അതായത് തുടക്കത്തില്‍ ലഘു ഭക്ഷണം മാത്രം കഴിയ്ക്കുക. വിശപ്പ് ഉണ്ടാകുമെങ്കിലും ആദ്യമേ അമിതമായി ഭക്ഷണം കഴിയ്ക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പഴങ്ങളും ജ്യൂസും കഴിച്ച ശേഷം ചെറിയ ഇടവേളകളില്‍ വീണ്ടും ഭക്ഷണം കഴിയ്ക്കാവുന്നതാണ്. രണ്ടോ മൂന്നോ മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം കഴിയ്ക്കാം.
നോമ്പ് തുറക്കുമ്പോള്‍ നല്ലത് ബാലന്‍സ്ഡ് ഡയറ്റ്
നോമ്പ് തുറക്കുമ്പോള്‍ എന്ത് കഴിയ്ക്കുന്നു എന്നതും സുപ്രധാനമാണ്. സമീക്യതാഹാരം അല്ലെങ്കില്‍ ബാലന്‍സ് ഡയറ്റാണ് എപ്പോഴും ഉത്തമം. കഴിയ്ക്കുന്ന ഭക്ഷണത്തില്‍ അന്നജത്തിന്റെ അളവ് അന്‍പതോ അറുപതോ ശതമാനമായിരിക്കണം. ധാന്യങ്ങളില്‍ ധാരാളം കാര്‍ബോ ഹൈട്രേറ്റ് അടങ്ങിയിരിക്കുന്നു. അതോടൊപ്പം തന്നെ പ്രോട്ടീന്‍ സമ്പഷ്ടമായ ആഹാരങ്ങളും നോമ്പു തുറക്കുന്ന സമയത്ത് ഉള്‍പ്പെടുത്താവുന്നതാണ്. മാംസം, പയറു വര്‍ഗങ്ങള്‍, മുട്ട, പാല്‍ എന്നിവയിലൂടെ പ്രോട്ടീന്‍ ലഭിക്കുന്നു. 20 ശതമാനം കൊഴുപ്പുമാണ് ശരീരത്തിന് ആവശ്യം.
ശരീരത്തിന് ആവശ്യമായ അളവിലാണോ ഭക്ഷണം കഴിയ്ക്കുന്നത് എന്നു കൂടി പരിശോധിച്ച ശേഷം വേണം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ച് തീരുമാനിക്കാന്‍. ഐസിഎംആറിന്റെ കണക്ക് പ്രകാരം ഒരു പുരുഷന് ശരാശരി 2700 കലോറിയാണ് ആവശ്യമായുള്ളത്. സ്ത്രീകളില്‍ ഇത് 2300 കിലോ കലോറിയുമാണ്. നിങ്ങളുടെ ആഹാരം ഈ കലോറിയ്ക്കുള്ളില്‍ നിക്കുന്നതാവണം. സാധാരണ രീതിയില്‍ നോമ്പ് കാലത്ത് ശരീരത്തില്‍ കലോറിയുടെ അളവ് കൂടാനുള്ള സാധ്യതയാണുള്ളത്. പ്രത്യേകിച്ചും നോമ്പ് തുറക്കുമ്പോള്‍ ഭക്ഷണം കഴിയ്ക്കുന്നതിലൂടെ അധിക കലോറി ശരീരത്തില്‍ എത്തുന്നു. ഇത് തടയാന്‍ ക്യത്യമായ ഡയറ്റും, എത്ര കലോറി ഭക്ഷണം കഴിയ്ക്കണമെന്ന കാര്യത്തിലും വ്യക്തമായ തീരുമാനം എടുത്ത് അതുമായി മുന്നോട്ടു പോകുകയാണ് വേണ്ടത്.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഞ്ചസാര ധാരാളമടങ്ങിയ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. ഇവ ശരീരത്തില്‍ അമിത കലോറിക്ക് കാരണമാകുന്നു. അതിനാല്‍ നോമ്പ് സമയത്ത് പെട്ടൈന്ന് ദഹിക്കുന്ന, പോഷക സമ്പുഷ്ടമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുകയാണ് വേണ്ടത്. നോമ്പ് സ്പെഷ്യല്‍ വിഭവങ്ങള്‍ പലതും ബാലന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പക്ഷേ പലപ്പോഴും മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം ഇവ ഉണ്ടാക്കുന്നതാണ് കലോറിയുടെ അളവ് തെറ്റിക്കുന്നത്. അതിനാല്‍ ആരോഗ്യകരമായ ഒരു ഭക്ഷണ രീതി തന്നെയാണ് നോമ്പ് കാലത്തും അനുഷ്ടിക്കേണ്ടത്. ക്യത്യമായ അളവില്‍ പോഷകങ്ങളും കലോറിയും അടങ്ങിയ ഭക്ഷണം ഉപവാസത്തിന് ശേഷം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണപ്രദമാണ്.