കണ്ണിലെ കൃഷ്ണമണി പോലെ നോക്കി എന്നൊന്നും വെറുതെ പറയുന്നതല്ല, കണ്ണിനേക്കാള്‍ വലുതായി മറ്റൊന്നുമില്ല ഭൂമിയില്‍. കണ്ണുകളെ സംരക്ഷിക്കേണ്ടത് എന്തിനെക്കാളും പ്രധാനമായ കാര്യമാണ്. ലോകമെമ്പാടും സാധാരണമായ പ്രശ്‌നമാണ് കാഴ്ചക്കുറവ്. ഇത് പോഷക കുറവിന്റെ സൂചനയാണ് എന്നതാണ് സത്യം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തുള്ള 1.3 ബില്ല്യണ്‍ ജനങ്ങള്‍ക്ക് കാഴ്ച സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ട്. കണ്ണിന്റെ പ്രശ്‌നങ്ങള്‍ ഇത്ര സാധാരമായത് കൊണ്ട് തന്നെ കണ്ണുകളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ്, ദേഹമനങ്ങാതെയുള്ള ഇരിപ്പ് എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റങ്ങളും കാഴ്ച്ചക്കുറവിന് കാരണമാകുന്നു. ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നുള്ള ജോലികളും മറ്റും കണ്ണുകളെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് പറയണ്ടല്ലോ. ഇതോടൊപ്പം വിനോദത്തിനും കൂടി കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത് കണ്ണുകളെ വീണ്ടും പ്രശ്‌നത്തിലാക്കുന്നു. ഇത്തരത്തില്‍ കാഴ്ച ശക്തി നഷ്ടപ്പെടുത്തുന്നതിന് പകരം കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച്ചക്കുമായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. മത്സ്യം അതില്‍ ഒന്നാണ്. മീനുകളില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ശരീര കലകളില്‍ എണ്ണയുടെ അംശം അടങ്ങിയ മീനുകളുണ്ട്. ഇവയില്‍ ഒമേഗ-3 കൂടിയ അളവില്‍ കാണപ്പെടുന്നു. ഒമേഗ-3 കണ്ണിലെ ഇന്‍ട്രാ ഒകുലര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. തന്മൂലം കണ്ണിലെ മര്‍ദ്ദം കുറയുകയും ഗ്ലോക്കോമ സാധ്യതയില്‍ നിന്ന് കണ്ണുകളെ രക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മീനുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുക. മത്തി, അയല, ചൂര, എന്നീ മീനുകള്‍ കഴിക്കുന്നത് ശീലമാക്കുക.
കണ്ണുകളെ സംരക്ഷിക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ് ഇലക്കറികള്‍. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍, സിയക്‌സാന്തിന്‍ എന്നീ പദാര്‍ത്ഥങ്ങള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും. ഒപ്പം ഇവയിലെ വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഇലക്കറികളില്‍ മുമ്പനായ ചീര ആഹാരത്തിന്റെ ഭാഗമാക്കാന്‍ മറക്കണ്ട. മുരിങ്ങയിലയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്.
സിട്രസ് പഴങ്ങളാണ് കണ്ണുകളുടെ സംരക്ഷണത്തിന് സഹായിക്കുന്ന പഴങ്ങള്‍. ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിങ്ങനെയുള്ള സിട്രസ് പഴങ്ങള്‍ കണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആന്റി ഓക്‌സിഡന്റുകളായി പ്രവര്‍ത്തിച്ച് പ്രായമാകുമ്പോള്‍ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കും. ഒപ്പം തിമിര സാധ്യത കുറക്കാനും ഓറഞ്ച് പോലെയുള്ള പഴങ്ങള്‍ നല്ലതാണ്. സ്‌ട്രോബെറി, തക്കാളി എന്നിവയിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് സ്വയം ഉത്പാദിപ്പിക്കാന്‍ കഴിയാത്ത പോഷകമാണ് വിറ്റാമിന്‍ സി. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ നിന്ന് ഇത് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് കാഴ്ച ശക്തി കൂട്ടാന്‍ നമ്മെ സഹായിക്കും. ഇവയില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ പ്രായം മൂലം കണ്ണിന് സംഭവിക്കുന്ന തകരാറുകളെ ഇല്ലാതാക്കുന്നു. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം, കപ്പലണ്ടി, വാല്‍നട്ട്, അവോകാഡോ എന്നിങ്ങനെയുള്ള ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക.
പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് കണ്ണിന് ഗുണം ചെയ്യും. പയറില്‍ ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നു. സിങ്ക് കരളില്‍ നിന്നും റെറ്റിനയിലേക്ക് വിറ്റാമിന്‍ എയെ എത്തിക്കുന്നു. ഇത് മെലാനിന്‍ ഉത്പാദനത്തിന് കാരണമാകുന്നു. കണ്ണുകളുടെ നിറത്തിനും കൂടിയ വെളിച്ചത്തില്‍ നിന്നുള്ള സംരക്ഷണത്തിനും കാരണമായ ഇവയുടെ ഉത്പാദനത്തിന് പയറുവര്‍ഗങ്ങള്‍ ആക്കം കൂട്ടും. ഒപ്പം കണ്ണുകളില്‍ പ്രായം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുറക്കാനും ഇവ സഹായിക്കും. തിമിര സാധ്യത കുറച്ച് കാഴ്ച ശക്തി മെച്ചപെടുത്താന്‍ ഇത് നല്ലതാണ്.
ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറുന്നു. കാഴ്ച ശക്തി വര്‍ധിപ്പിക്കാനുള്ള ഘടകമായി ഇത് പ്രവര്‍ത്തിക്കുന്നു. വിറ്റാമിന്‍ എയുടെ കുറവ് മൂലം ഉണ്ടാകുന്ന നിശാന്ധത പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ക്യാരറ്റ് കഴിക്കുന്നത് ഉത്തമമാണ്. ബീറ്റാ കരോട്ടിന്‍ അടങ്ങിയ മത്തങ്ങാ, മധുരക്കിഴങ്ങ്, ചേന, ചീര എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുമല്ലോ.
മുഴുധാന്യങ്ങള്‍ കഴിക്കുന്നത് കണ്ണുകളെ സംരക്ഷിക്കുമെന്ന് മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നല്ലതാണ്. നാരുകള്‍ ഏറെ അടങ്ങിയ ധാന്യങ്ങള്‍ തോടോട് കൂടി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇവ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് റെറ്റിനയെ സംരക്ഷിക്കുന്നു. ഭക്ഷണ രീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ എല്ലാ കാഴ്ചകളും കണ്ട് തന്നെ ജീവിക്കാം നമുക്ക്.