പുതിയ ജീവിതശൈലിയില്‍ ഹൃദ്രോഗം എന്നത് സാധാരണമായ അസുഖങ്ങളിലൊന്നാണ്. വര്‍ധിച്ചു വരുന്ന ഹൃദ്രോഗവും അതിനുളള കാരണങ്ങളും പ്രതിവിധിയും സംബന്ധിച്ച് ഒരു ശാസ്ത്ര സമൂഹം നടത്തിയ പഠനം എത്തി നില്‍ക്കുന്നത് യുവാക്കളുടെ വിരലുകളുടെ നീളം നോക്കി ഹൃദ്രോഗ സാധ്യത നേരത്തേ അറിയാമെന്നതാണ്.
വിരലുകള്‍ നോക്കി ഹൃദ്രോഗം കണ്ടുപിടിക്കാമെന്ന പുതിയ പഠനം നടത്തിയിരിക്കുന്നത് ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയാണ്. മോതിര വിരലിനേക്കാള്‍ ചൂണ്ടു വിരലിനു നീളം കൂടിയ യുവാക്കളില്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ചെറിയ മോതിര വിരലുകളുള്ള പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണിന്റെ (പേശിവളര്‍ച്ചയെയും ലൈംഗിക വളര്‍ച്ചയെയും നിയന്ത്രിക്കുന്ന ഹോര്‍മോണ്‍) അളവ് വളരെ കുറവാണ് കാണപ്പെടുന്നത്. ഇതാണ് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നതെന്ന് പഠനം പറയുന്നു. ആമവാതം, പരന്നതും കനമില്ലാത്തതുമായ കോശങ്ങളാല്‍ നിര്‍മിതമായ എന്‍ഡോതീലിയത്തിന്റെ പ്രവര്‍ത്തനം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവയെല്ലാം ഹൃദ്രോഗത്തിലേക്കുള്ള ചവിട്ടു പടികളാണ്. ആരോഗ്യകരമായ ജീവിതശൈലിയും സമയത്തുള്ള ചികിത്സയും കൊണ്ട് ഹൃദ്രോഗത്തെ ചെറുക്കാന്‍ സാധിക്കും.
ഹൃദ്രോഗവും വിരലുകളുടെ നീളവും
സാധാരണയായി കൈനോട്ടക്കാര്ക്കാണ് കൈകള്‍ നോക്കി വിശദാംശങ്ങള്‍ പറയാന്‍ താല്പര്യം. എന്നാല്‍ ലിവര്‍പൂള്‍ സ്കൂള്‍ ഓഫ് ബയോളജിക്കല്‍ സ്റ്റഡീസ് യൂണിവേഴ്സിറ്റി അടുത്തിടെ നടത്തിയ പഠനം യുവാക്കളില്‍ മോതിര വിരലിന്റെയും ചൂണ്ടുവിരലിന്റെയും നീള വ്യത്യാസം നോക്കി ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കണ്ടുപിടിക്കാം എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നു.
ഇതിനായി ഗവേഷകര്‍ ഹൃദയാഘാതമുണ്ടായ 151 യുവാക്കളെ പഠനവിധേയരാക്കി. അതില്‍ 35 നും 80 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരുടെ ചൂണ്ടുവിരല്‍ മോതിര വിരലിനെ അപേക്ഷിച്ച് നീളം കൂടുതലായിരുന്നു. എന്നാല്‍ 58 നും 80 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരുടെ മോതിര വിരലിനായിരുന്നു നീളക്കൂടുതല്‍. വിദഗ്ധര്‍ പറയുന്നത് ഈ പഠനം സൂചിപ്പിക്കുന്നത് ചൂണ്ടുവിരലിനു നീളം കൂടിയ യുവാക്കില് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ്.
മോതിര വിരലിനു നീളമുള്ള യുവാക്കളില്‍ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണെന്നാണ് പറയപ്പെടുന്നത്. പുരുഷന്മാരിലുണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനുള്ള കഴിവ് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിനുണ്ട്. അതുകൊണ്ടുതന്നെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറഞ്ഞതും ചെറിയ മോതിരവിരലുകളുമുള്ള യുവാക്കളില്‍ ഹൃദ്രോഗത്തിനു സാധ്യതയുണ്ട്.
ഗവേഷകര്‍ പറയുന്നത് യുവാക്കള്‍ക്ക് തങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്തി ഹൃദ്രോഗങ്ങള്‍ മുളയിലേ നുള്ളിമാറ്റാന്‍ സാധിക്കുമെന്നാണ്. ഇതാദ്യമായല്ല വിരലുകള്‍ പഠന വിധേയമാക്കി അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കണ്ടെത്തുന്നത്. സ്ത്രീകളിലുണ്ടാകാവുന്ന വന്ധ്യതയും സ്തനാര്ബുദവുമെല്ലാം വിരലുകളുടെ അളവുകള്‍ വെച്ച് മുന്‍കൂട്ടി കാണാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൈവിരലുകളുടെ നീളം നിരീക്ഷണ വിധേയമാക്കിയതിന് കാരണം ശരീരവണ്ണം ജീവിത രീതിയനുസരിച്ച് മാറാം, എന്നാല്‍ കൈവിരലുകളുടെ നീളം സ്ഥായിയായിരിക്കും എന്നതിനാലാണ്. ജീനുകളുടെ സ്വഭാവമനുസരിച്ചും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയാം. അതുമൂലം വിരലുകളുടെ നീളവും വ്യത്യാസപ്പെടാം.
ഹൃദ്രോഗത്തിനുള്ള മറ്റു കാരണങ്ങള്‍
- ആമവാതം : ശക്തമായ വേദനയുണ്ടാക്കുന്ന ഒരു തരം സന്ധിവാതമാണ് ആമവാതം. ആമവാതം പുരുഷന്മാരില് ഹൃദ്രോഗത്തിനു കാരണമാകാമെന്നു ഫിന്‍ലാന്‍ഡിലെ 8000ത്തോളം പേരില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഒരു വിരലിന്റെ സന്ധിയിലുണ്ടാകുന്ന ആമവാതം പോലും ഹൃദ്രോഗത്തിനുള്ള സാധ്യതയുണ്ടാക്കും.
- എന്‍ഡോതീലിയത്തിന്റെ പ്രവര്‍ത്തനം : ഹൃദയം, രക്തവാഹിനികള്‍, ലിംഫ് നാളികള്‍, സന്ധികള്‍, ശരീരഭിത്തിക്കും ആന്തരികാവയവങ്ങള്‍ക്കും ഇടയ്ക്കുള്ള ഭാഗങ്ങള്‍ എന്നിവയുടെ ഉള്‍വശത്തായി കാണപ്പെടുന്ന പരന്നതും കനമില്ലാത്തതുമായ കോശങ്ങളാല്‍ നിര്‍മിതമായ എന്‍ഡോതീലിയത്തിന്റെ ശരിയല്ലാത്ത പ്രവര്‍ത്തനങ്ങളും ഹൃദ്രോഗത്തിനുള്ള കാരണമാകാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എന്‍ഡോതീലിയത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്നത് നല്ലതാണ്.
- ജീവിതശൈലി : പുകവലിക്കുന്നവരിലും, ക്യത്യമായ ഡയറ്റില്ലാത്തവരിലും, കൂടുതല്‍ മദ്യം കഴിക്കുന്നവരിലും, ശാരീരികമായി അധ്വാനിക്കാത്തവരിലും ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇതിനു പുറമെ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, പൊണ്ണത്തടി എന്നിവയും ഹൃദ്രോഗത്തിനുള്ള കാരണങ്ങളാണ്. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയുന്നതും പ്രധാനമാണ്. നെഞ്ചുവേദന, താടിയെല്ലുകളിലെ വേദന, കഴുത്തുവേദന, തലവേദന, ഓക്കാനം, ശ്വാസം മുട്ടല്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. ഹൃദ്രോഗസാധ്യതകളെ നിയന്ത്രിക്കുന്നതിന് ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്.
ഹൃദ്രോഗം തടയാനുള്ള ചില വഴികള്‍
- പുകവലി ഉപേക്ഷിക്കുക
- കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണവും ആരോഗ്യകരമായ കൊഴുപ്പും ഉപയോഗിക്കുക
- ഉപ്പ്, പഞ്ചസാര, പാകം ചെയ്ത് പാക്കറ്റുകളില്‍ ലഭ്യമാകുന്ന ഭക്ഷണം എന്നിവ ഒഴിവാക്കുക
- മദ്യപാനം നിയന്ത്രിക്കുക
- ശരീരഭാരം നിയന്ത്രിക്കുക
- വ്യായാമം ചെയ്യുക
- ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രണ വിധേയമാക്കുക
- മാനസിക സംഘര്‍ഷം നിയന്ത്രിക്കുക
കൂടാതെ കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാക്കുകയും പാരമ്പര്യമായ കാരണങ്ങളാല്‍ കൊളസ്ട്രോള്‍ സാധ്യതയുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പരിശോധന നടത്തുകയും വേണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഹൃദ്രോഗത്തിനുള്ള മറ്റ് അപകട ഘടകങ്ങളോ ഉണ്ടായില്ലെങ്കിലും രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു തവണയെങ്കിലും രക്തസമ്മര്‍ദ്ദം പരിശോധിക്കണം.