spot_img

ഭക്ഷണത്തിലെ മായം കണ്ടുപിടിക്കാം

ഒരു പദാര്‍ത്ഥത്തിന്റെ പ്രകൃത്യാലുള്ള ഘടനയെയും ഗുണത്തെയും ബാധിക്കുന്ന തരത്തില്‍ എന്തെങ്കിലും അധികമായി ചേര്‍ക്കുകയോ കുറയ്‌ക്കുകയോ ചെയ്യുന്നതിനെയാണ് മായം ചേര്‍ക്കല്‍ അഥവാ ഫുഡ് അഡള്‍ട്ടറേഷന്‍ എന്ന് പറയുന്നത്. വളരെ എളുപ്പവും ആദായകരവുമായതു കൊണ്ട് പാലിലാണ് ഏറ്റവുമധികം മായം ചേര്‍ക്കുന്നത്.

2012 ല്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി അതോറിറ്റീസ് ഓഫ് ഇന്ത്യ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം പാലില്‍ വെള്ളം, ഡിറ്റര്‍ജന്റ്, കൊഴുപ്പ്, യൂറിയ എന്നിവ ചേര്‍ക്കപ്പെടുന്നുണ്ട്. പാലിലും പാലുല്‍പ്പന്നങ്ങളിലും ആട്ട, എണ്ണ, ഭക്ഷ്യധാന്യങ്ങള്‍, ബേക്കിംഗ് പൗഡര്‍, വിനാഗിരി, കറിപൗഡറുകള്‍, കടലമാവ് മുതലായവയിലുമാണ് അധികമായും മായം ചേര്‍ക്കപ്പെടുന്നത്.

മായം വീട്ടില്‍ത്തന്നെ കണ്ടുപിടിക്കാം

ഭക്ഷണസാധനങ്ങളില്‍ പൊതുവായി ചേര്‍ക്കപ്പെടുന്ന മായങ്ങളും അവ കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങളും ചുവടെ കൊടുക്കുന്നു.

  1. പാല്‍

പാലില്‍ വെള്ളം ചേര്‍ത്തത് കണ്ടുപിടിക്കാനായി ചരിഞ്ഞ ഒരു പ്രതലത്തിലേക്ക് ഒരു തുള്ളി പാല്‍ ഇറ്റിക്കുക. വെള്ളം ചേര്‍ത്ത പാല്‍ പ്രതലത്തിലൊരു രേഖ പോലും അവശേഷിപ്പിക്കാതെ ഒഴുകിപ്പോകും. മായം ചേരാത്ത പാലാണെങ്കില്‍ ഒഴുകിപ്പോയതിന്റെ രേഖ പ്രതലത്തില്‍ കാണാനാകും.

 

സിന്തറ്റിക് പാലും മായമായി ചേര്‍ക്കാറുണ്ട്. സിന്തറ്റിക് പാലിന് നേരിയ ചവര്‍പ്പുണ്ടാകും. ഒരു തുള്ളി പാലെടുത്ത് വിരലിനിടയില്‍ വെച്ച് ഉരസുക. സോപ്പ് പോലെ പതയുന്നുണ്ടെങ്കിലും തിളപ്പിക്കുമ്പോള്‍ മഞ്ഞനിറമാകുന്നുണ്ടെങ്കിലും അതില്‍ മായമുണ്ടെന്ന് മനസ്സിലാക്കാം.

 

പാലില്‍ അന്നജം ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ ഒരു ടെസ്റ്റ് ട്യൂബില്‍ 3 മില്ലി ലിറ്റര്‍ പാലെടുത്ത് തിളപ്പിക്കുക. അത് തണുപ്പിച്ച ശേഷം 1 % അയഡിന്‍ ലായനി 3 തുള്ളി ഇറ്റിക്കുക. പാല്‍ നീല നിറമാവുകയാണെങ്കില്‍ പാലില്‍ അന്നജം ചേര്‍ന്നിട്ടുണ്ട്.

 

വിഷാംശം അടങ്ങിയിട്ടുള്ള ഫോര്‍മാലിന്‍ ചേര്‍ത്ത പാല്‍ കൂടുതല്‍ കാലം കേടുകൂടാതെയിരിക്കും. ഒരു ടെസ്റ്റ് ട്യൂബില്‍ 10 മില്ലി ലിറ്റര്‍ പാലെടുക്കുക. അതിലേക്ക് ടെസ്റ്റ് ട്യൂബ് അനക്കാതെ തന്നെ, വശങ്ങളിലൂടെ 5 മില്ലി ലിറ്റര്‍ കോണ്‍സണ്‍ട്രേറ്റഡ് സള്‍ഫ്യൂരിക് ആസിഡ് ഒഴിക്കുക. അപ്പോള്‍ രൂപപ്പെടുന്ന രണ്ട് പാളികള്‍ക്കിടയില്‍ നീല നിറത്തിലോ വയലറ്റ് നിറത്തിലോ ഉള്ള വളയം കാണപ്പെട്ടാല്‍ അതില്‍ ഫോര്‍മാലിന്റെ സാന്നിധ്യം ഉറപ്പാക്കാം.

 

  1. എണ്ണ

എണ്ണയില്‍ വിവിധ തരത്തിലുള്ള മായങ്ങള്‍ ചേര്‍ക്കുന്നുണ്ട്. എണ്ണയിലെ മായം കണ്ടെത്താനായി ഒരു ചെറിയ കുപ്പിയില്‍ എണ്ണയെടുത്ത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. എണ്ണ കട്ടിയാവുകയും മായം മറ്റൊരു പാളിയായി കാണപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.

 

  1. പഞ്ചസാര

ചോക്കാണ് പഞ്ചസാരയില്‍ ചേര്‍ക്കുന്ന മായം. ഒരു സ്പൂണ്‍ പഞ്ചസാരയെടുത്ത് വെള്ളത്തില്‍ ചേര്‍ത്തിളക്കുക. പഞ്ചസാര വെള്ളത്തില്‍ ലയിക്കുകയും ചോക്ക് ചേര്‍ന്നിട്ടുണ്ടെങ്കില്‍ അത് അടിത്തട്ടില്‍ അടിഞ്ഞുകിടക്കുന്നതായും കാണാം.

 

  1. തേന്‍

അളവ് കൂട്ടാനായി വെള്ളമാണ് മായമായി ചേര്‍ക്കുന്നത്. തേനില്‍ വെള്ളം ചേര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ തേനില്‍ ഒരു കഷ്ണം തുണി മുക്കിയ ശേഷം അത് കത്തിക്കാന്‍ നോക്കുക. വെള്ളം ചേര്‍ത്തിട്ടുണ്ടെങ്കില്‍ തുണിയില്‍ തീ പിടിക്കില്ല.

 

  1. പച്ചമുളക്

ലിക്വിഡ് പരാഫിനില്‍ കുതിര്‍ത്ത തുണി കൊണ്ട് പച്ചമുളക് മെല്ലെ ഉരസുക. തുണിയില്‍ നിറം പിടിച്ചാല്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.

 

  1. മുളകുപൊടി

രൂപത്തില്‍ സാദൃശ്യം തോന്നിപ്പിക്കുന്ന ഇഷ്ടികപ്പൊടി പോലെയുള്ള വസ്തുക്കളാണ് മുളകുപൊടിയില്‍ മായമായി ചേര്‍ക്കാറുള്ളത്. മുളകുപൊടിയില്‍ മായം ചേര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മുളകുപൊടി ചേര്‍ത്തിളക്കുക. വെള്ളത്തിന്റെ നിറം ചുവന്നതായും ഉപരിതലത്തില്‍ മണ്ണ് പോലെയും കാണപ്പെട്ടാല്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.

 

  1. കുരുമുളക്

ചുരുങ്ങിയതും മുട്ടയുടെ ആകൃതിയിലുള്ളതും പച്ച കലര്‍ന്ന കറുപ്പ് നിറത്തിലുള്ളതും തവിട്ട് കലര്‍ന്ന കറുപ്പ് നിറത്തിലുള്ളതുമായ പപ്പായ കുരുക്കള്‍ കുരുമുളകില്‍ നിന്നും വേര്‍തിരിച്ചെടുക്കാവുന്നതാണ്.

 

  1. മഞ്ഞള്‍പ്പൊടി, പരിപ്പ്, പയറുവര്‍ഗങ്ങള്‍

ഒരു സ്പൂണ്‍ പയറോ, മഞ്ഞളോ, കടലമാവോ എടുത്ത് ഇളം ചൂടുവെള്ളത്തിലിടുക. അതിലേക്ക് ഏതാനും തുള്ളി ഹൈഡ്രോ ക്ലോക്ലോറിക് ആസിഡും ഒഴിക്കുക. അതിന്റെ നിറം പിങ്കോ വയലറ്റോ ആയി മാറിയാല്‍ മെറ്റാനിന്‍ യെല്ലോ ചേര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.

 

  1. ചായ

തേയിലയുടെ നിറം തേച്ച ഇലകള്‍, ഉപയോഗിച്ച ചായപ്പൊടി, ഇരുമ്പു പൊടി എന്നിവയാണ് മായങ്ങള്‍. ഇലകള്‍ വെള്ള പേപ്പറില്‍ ഉരസുക. നിറം ചേര്‍ത്തതാണെങ്കില്‍ അത് പേപ്പറില്‍ പതിയും. നനഞ്ഞ ഫില്‍റ്റര്‍ പേപ്പറില്‍ തേയില വിതറുക. പിങ്കോ ചുവപ്പോ നിറം അതില്‍ കാണപ്പെട്ടാല്‍ കളര്‍ ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. തേയിലയുടെ അരികിലൂടെ കാന്തം ചലിപ്പിക്കുക. ഇരുമ്പുപൊടി കാന്തത്തില്‍ ഒട്ടിപ്പിടിക്കും.

 

  1. കാപ്പി

ഒരു ഗ്ലാസ് വെള്ളത്തിന്റെ ഉപരിതലത്തില്‍ കാപ്പിപ്പൊടി വിതറുക. ചിക്കറി ചേര്‍ന്നിട്ടുണ്ടെങ്കില്‍ അവ അടിത്തട്ടില്‍ അടിയുകയും കാപ്പിപ്പൊടി വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുകയും ചെയ്യും. ധാരാളം ക്യാരമല്‍ അടങ്ങിയ ചിക്കറി ചേര്‍ന്നിട്ടുണ്ടെങ്കില്‍ നിറവ്യത്യാസം കാണാന്‍ സാധിക്കും.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.