പനി ഒരു രോഗമല്ല, രോഗ ലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ടതില്ല, രോഗിയെ ശ്രദ്ധയോടെ പരിചരിക്കുക. പനികള്‍ പൊതുവെ വൈറല്‍ പനികളാണ്. അവയ്ക്ക് മിക്കപ്പോഴും പലതരം പരിശോധനകളും നിരവധി ഔഷധങ്ങളും വേണ്ടതില്ല. സാധാരണ വൈറല്‍ പനികള്‍ സുഖമാവാന്‍ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ വേണ്ടിവരും.
പനിക്കെതിരെ എല്ലാ മരുന്നുകളും – ഏറ്റവും ലളിതമായ പാരസെറ്റമോള്‍ പോലും – ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുന്നതാണ് നല്ലത്.
ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിന് വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കേണ്ടതാണ്. രോഗം വേഗം മാറാനും പനി വിട്ടു പോയശേഷമുള്ള ക്ഷീണം കുറയ്ക്കാനും ഈ കാര്യങ്ങള്‍ ചെയ്യുക.
1. ചൂടുള്ള പാനിയങ്ങള്‍ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പുചേര്‍ത്ത കട്ടിയുള്ള കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീര് എന്നിവ കട്ടന്‍ചായ, കട്ടന്‍കാപ്പി, ജീരകവെള്ളം, വെറും ചൂടുവെള്ളം എന്നിവയേക്കാള്‍ നല്ലതാണ്.
2. നന്നായി വേവിച്ച മൃദുവായ, പോഷക പ്രധാനമായ ഭക്ഷണവും ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും ചെറിയ അളവില്‍ ഇടവിട്ട് തുടര്‍ച്ചയായി കഴിക്കുക
3. പനി പൂര്‍ണ്ണമായും മാറും വരെ വിശ്രമിക്കുക. രോഗം വേഗം വിട്ടൊഴിയാന്‍ അത് സഹായിക്കും. പനി പകരുന്നത് തടയുകയും ചെയ്യും.
കുത്തിവെയ്പ്പിനുവേണ്ടിയും ഡ്രിപ്പിനു വേണ്ടിയും ഡോക്ടര്‍മ്മാരെ നിര്‍ബന്ധിക്കാതിരിക്കുക. മിക്കപ്പോഴും അവ ആവശ്യമീല്ല. ചിലപ്പോള്‍ അവ വിറയല്‍, വേദന, മനംപുരട്ടല്‍ തുടങ്ങിയ പാര്‍ശ്ശ്വഫലങ്ങള്‍ ഉണ്ടാക്കാം. ഇവ ഒരു പക്ഷേ ഗുരുതരമായി തീരുകയും ചെയ്യാം.
കഴിക്കുന്ന പാരസെറ്റമോള്‍ ഗുളികകളേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലും വേഗത്തിലും കുത്തിവെയ്പ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നറിയുക.
വീട്ടില്‍ ചികിത്സിക്കുന്നവര്‍ താഴെ പറയുന്ന ഘട്ടങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചേരുക.
1. പ്രതീക്ഷിച്ച സമയം കൊണ്ട് പനി ഭേദമാകുന്നില്ല
2. നല്ല ചികിത്സയും പരിചരണവും ലഭിച്ച ശേഷവും പനി മൂര്‍ച്ഛിക്കുന്നു.
3. ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, പെരുമാറ്റ വ്യതിയാനം എന്നിങ്ങനെ സാധാരണമല്ലാത്ത ലക്ഷണങ്ങള്‍ ഉണ്ടാവുന്നു.
4. ഭക്ഷണം കഴിക്കാന്‍ വയ്യാതാവുന്നു.
തുമ്മുമ്പോഴും ചീറ്റുമ്പോഴും, മൂക്കും വായും പൊത്തുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ കഴുകുക. വൈറല്‍ പനികള്‍ പടര്‍ന്നു പിടിക്കുന്നത് തടയാനും ശ്വാസകോശരോഗങ്ങള്‍ വീട്ടിലെ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കാനും ഈ ശീലം സഹായിക്കും.
ഓര്‍ക്കുക, സ്വയം ചികിത്സ അപകടകരമായ ഒരു ശീലമാണ്, ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്ന് വാങ്ങി കഴിക്കുന്നത് ഒഴിവാക്കുക.