സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുഖത്തിനെ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ശരീര ഭാഗമാണ് പാദങ്ങള്‍. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്ന് വരണ്ടുണങ്ങി നാശമാകും ഇവ. മിക്കവാറും ആളുകളുടെയെല്ലാം പ്രശ്നമാണ് ഉപ്പൂറ്റി വിണ്ടു കീറുന്നത്. പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് പാദങ്ങള്‍ വിണ്ടു കീറുന്നത്. ചിലപ്പോള്‍ ഇവ വരണ്ട് പൊട്ടി വേദനയുണ്ടാകാനും സാധ്യതയുണ്ട്. ശരീരത്തിലെ മറ്റ് ഭാഗങ്ങളേക്കാള്‍ കട്ടി കൂടുതലാണ് പാദങ്ങളിലെ തൊലിക്ക്. തൊലിക്ക് ഈര്‍പ്പം നല്കുന്ന എണ്ണ ഗ്രന്ഥികള്‍ പാദങ്ങളിലില്ല. കൂടാതെ പരുപരുത്ത പ്രതലങ്ങളുമായി ഏറ്റവും കൂടുതല്‍ സമ്പര്‍ക്കത്തില്‍ വരുന്ന ശരീര ഭാഗവും പാദങ്ങളാണ്. അതു കൊണ്ട് തന്നെ ഇവ പെട്ടെന്ന് വരളാനുള്ള സാധ്യതയുണ്ട്.
പാദങ്ങള്‍ സംരക്ഷിക്കാനായി വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. പാദങ്ങളുടെ ഭംഗിക്കായി സ്ഥിരമായി പെഡിക്യൂര്‍ ചെയ്യാം. ആവശ്യമില്ലാതെ നീണ്ട് നില്ക്കുന്ന നഖങ്ങളൊക്കെ മുറിച്ചു കളയണം. പഴയ നെയില്‍ പോളിഷ് നീക്കം ചെയ്യാന്‍ മറക്കണ്ട. ഒരു പാത്രത്തില്‍ ചൂടു വെള്ളം എടുത്ത് അതില്‍ അല്പം ബോഡി ലോഷന്‍ അല്ലെങ്കില്‍ സോപ്പ് ലായനി ചേര്‍ക്കുക. ഇതില്‍ കുറച്ച് ചെറുനാരങ്ങയുടെ നീരും അല്പം ഡെറ്റോളും ഒഴിച്ചു നന്നായി പതപ്പിക്കണം. ഇരുപത് മിനുട്ടോളം ഈ വെള്ളത്തില്‍ കാലുകള്‍ മുക്കി വയ്ക്കുക. ശേഷം കാലുകള്‍ വൃത്തിയായി തുടച്ച് പ്യുമിസ് സ്റ്റോണ്‍ ഉപയോഗിച്ചു കട്ടിയുള്ള ഭാഗങ്ങളില്‍ ഉരക്കണം. ശേഷം കാലുകള്‍ തിരുമ്മി കഴുകാം. പാദങ്ങളില്‍ ഏതെങ്കിലും മോയ്സ്ചറൈസിംഗ് ക്രീം തേച്ചു പിടിപ്പിക്കുക.
ചെറു ചൂടു വെള്ളത്തില്‍ അല്‍പ്പം ഉപ്പും വാസ്ലിനും ചേര്‍ത്ത് പാദങ്ങള്‍ അതില്‍ മുക്കി വെക്കാം. ശേഷം പ്യൂമിസ് സ്റ്റോണോ അല്ലെങ്കില്‍ ഫൂട്ട് സ്ക്രബ്ബോ ഉപയോഗിച്ചു വൃത്തിയാക്കുക. ചൂടുവെള്ളത്തില്‍ ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ഇതില്‍ കാലുകള്‍ ഇറക്കി വയ്ക്കുക. ഇത് പാദം മൃദുവാകാന്‍ സഹായിക്കും. വെളിച്ചെണ്ണ വിണ്ടു കീറിയ പാദങ്ങള്‍ക്ക് പറ്റിയ മരുന്നാണ്. പദങ്ങളില്‍ ദിവസവും വെളിച്ചെണ്ണ തേച്ചു മസാജ് ചെയ്യുക. ഇത് ചര്‍മത്തെ തിളക്കമുള്ളതാക്കുന്നു. രക്തയോട്ടം കൂടാനും സഹായിക്കുന്നു. ഒലിവ് ഓയില്‍ നല്ലത് പോലെ കാലുകളില്‍ മസാജ് ചെയ്യുന്നത് കാലുകള്‍ക്ക് നല്ല നിറം നല്‍കും.
ഉറങ്ങുന്നതിന് മുന്‍പ് ഒരു സ്പൂണ്‍ നാരങ്ങാനീര്, പനിനീര് എന്നിവ നന്നായി മിക്സ് ചെയ്ത് പാദങ്ങളില്‍ തേക്കുക. സോക്സ് ഇട്ട് കിടക്കുക. ശേഷം പിറ്റേന്ന് രാവിലെ ചെറിയ ചൂടു വെള്ളത്തില്‍ കഴുകി കളയുക. കാലുകള്‍ക്ക് നല്ല നിറം ലഭിക്കുകയും വരള്‍ച്ച മാറുകയും ചെയ്യും. അത് പോലെ തന്നെ ഏത്തപ്പഴം നല്ലത് പോലെ പള്‍പ്പ് ആക്കി കാലുകളില്‍ തേച്ചു പിടിപ്പിക്കുക. പതിനഞ്ച് മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. അര ബക്കറ്റ് ചൂടു വെള്ളത്തില്‍ ഒരു കപ്പ് തേന്‍ ചേര്‍ക്കുക. ഇതില്‍ ഇരുപത് മിനുട്ടോളം പാദങ്ങള്‍ നനയ്ക്കുക. ശേഷം നന്നായി ഉരച്ചു കഴുകുക. തേനിലെ ആന്റി സെപ്റ്റിക് ഗുണങ്ങള്‍ ഉപ്പൂറ്റി വരളുന്നത് തടയാന്‍ സഹായിക്കും. ഒപ്പം ത്വക്കിനെ പുനരുജ്ജീവിപ്പിക്കാനും തേനിനു സാധിക്കും.
വരള്‍ച്ച തടയാന്‍ സഹായിക്കുന്ന മറ്റൊരു വസ്തുവാണ് ബേക്കിംഗ് സോഡ. മുക്കാല്‍ ബക്കറ്റ് ചെറു ചൂടുവെള്ളത്തില്‍ അല്പം ബേക്കിംഗ് സോഡ ചേര്‍ക്കുക. പതിനഞ്ച് മിനുട്ട് നേരം ഇതില്‍ കാല് മുക്കി വെക്കുക. ശേഷം പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ചു നന്നായി തിരുമ്മി കഴുകണം. ബേക്കിംഗ് സോഡ ചര്‍മത്തിലെ ഡെഡ് സെല്ലുകളെ നീക്കി തിളക്കം നല്കുന്നു. കറ്റാര്‍വാഴ ത്വക്കിന് നല്ലതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ചെറു ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കി വെക്കുക. അല്പം കഴിഞ്ഞ് നന്നായി തുടച്ച് കറ്റാര്‍വാഴ ജെല്‍ പുരട്ടുക. ശേഷം സോക്സ് ധരിച്ചു രാത്രി മുഴുവന്‍ വെക്കുക. പിറ്റേന്ന് രാവിലെ കഴുകി കളയാം. ഒരാഴ്ചയോളം ഇങ്ങനെ ചെയ്യുന്നത് പാദങ്ങളുടെ വരള്‍ച്ച നീക്കാന്‍ സഹായിക്കും. ഇതിലെ അമിനോ ആസിഡുകള്‍ ചര്‍മം മൃദുവാക്കാന്‍ നല്ലതാണ്.
ഉപ്പൂറ്റി ഈര്‍പ്പമുള്ളതായി സൂക്ഷിക്കണം. ധാരാളം വെള്ളം കുടിക്കാന്‍ മറക്കണ്ട. ഇടക്കിടെ കാലുകള്‍ നന്നായി മസാജ് ചെയ്യുക. കാത്സ്യം, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ധാന്യങ്ങള്‍, മുട്ട, പച്ചക്കറി, ബീന്‍സ് എന്നിങ്ങനെ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. പഴങ്ങള്‍ പച്ചക്കറികളും ധാരാളം കഴിക്കാന്‍ ശ്രമിക്കുക.