spot_img

ഇടയ്ക്കിടെയുള്ള ഉപവാസം : പാര്‍ശ്വ ഫലങ്ങള്‍ 

ഇടയ്ക്കിടെയുള്ള ഉപവാസം ആരോഗ്യത്തിനു പ്രദാനം ചെയ്യുന്ന ഗുണങ്ങളെപ്പറ്റി നിരവധി ലേഖനങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകാം. എന്നാല്‍ ഉപവാസം അനുഷ്ഠിക്കുന്ന ഒരാള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അധികം വായിച്ചുകാണില്ല. ഇടയ്ക്കിടെയുള്ള ഉപവാസം എല്ലാവര്‍ക്കും പ്രയാസങ്ങള്‍ വരുത്തിവെക്കുന്നില്ല. ചിലര്‍ക്കു മാത്രമാണ് ഇതുകൊണ്ട് പ്രശ്‌നമുണ്ടാകുന്നത്. എന്നാല്‍ ഉപവാസം ചെയ്യുന്നവര്‍ ഇവ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. 

  1. അമിതമായി കഴിക്കുന്നു

ഉപവാസം ചെയ്യുന്നവര്‍ പലപ്പോഴും ഉപവാസം തുടങ്ങുന്നതിനു മുമ്പും ഉപവാസം അവസാനിപ്പിച്ച ശേഷവും വളരെയധികം ഭക്ഷണം കഴിക്കുന്നു. ഇത് തീര്‍ത്തും അനാരോഗ്യകരമാണ്. രാത്രി അമിതമായി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ മോശമായി ബാധിക്കുന്നു. 

  1. എപ്പോഴും ഭക്ഷണത്തെക്കുറിച്ച് ആലോചിക്കുന്നു

പലപ്പോഴും ഉപവസിക്കുന്നവര്‍ ഭക്ഷണം കഴിക്കാനുള്ള സമയം കണക്കുകൂട്ടിക്കൊണ്ടിരിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ എപ്പോഴും ഭക്ഷണത്തെക്കുറിച്ചു തന്നെ ആലോചിക്കുന്നതിന് കാരണമാകുന്നു. ഇത് അനാരോഗ്യകരമായി ഭാരം കുറയുന്നതിനും പെട്ടെന്നുതന്നെ വീണ്ടും ഭാരം തിരിച്ചുവരുന്നതിനും കാരണമാകുന്നു. 

  1. കോഫിയില്‍ ആശ്രിതത്വം ഉണ്ടാകുന്നു

ഉപവാസത്തിന്റെ പല പ്ലാനുകളിലും വിശപ്പ് നിയന്ത്രിക്കാന്‍ കോഫി നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത് പലപ്പോഴും കോഫിയില്‍ ആശ്രിതത്വം ഉണ്ടാക്കുന്നതിനും ഒടുവില്‍ ആസക്തിക്ക് കാരണമാകുകയും ചെയ്യുന്നു. കോഫി കൂടുതല്‍ കുടിക്കുന്നത് ഉറക്കം കുറക്കുകയും സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും കൂട്ടുകയും ഭാവിയില്‍ ഭാരം കൂടുന്നതിന് കാരണമാകുകയും ചെയ്യുന്നു. 

  1. കായിക പ്രവൃത്തികള്‍ കുറയുന്നു

ഉപവാസ സമയത്ത് കായിക പ്രവൃത്തികള്‍ കുറയുന്നു. റമദാന്‍ സമയത്ത് അത്‌ലറ്റുകളുടെ പ്രകടനം കുറയുന്നതായി കാണാറുണ്ട്. ഉപവസിച്ചുകൊണ്ട് വര്‍ക്കൗട്ട് / വ്യായാമം ചെയ്യുന്നവര്‍ പെട്ടെന്നുതന്നെ ക്ഷീണിക്കുന്നു.

  1. നെഞ്ചെരിച്ചില്‍

ഇടയ്ക്കിടെയുള്ള ഉപവാസം പലര്‍ക്കും നെഞ്ചെരിച്ചിലിന്റെ പ്രയാസം ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഇത് 5-6 ആഴ്ച കൊണ്ട് ശരിയാകുമെങ്കിലും ചിലര്‍ക്ക് വിട്ടുമാറണമെന്നില്ല. അങ്ങനെയുള്ളവര്‍ ഡോക്ടറെ കണ്ട് വൈദ്യസഹായം തേടണം. നെഞ്ചെരിച്ചിലുണ്ടാകുന്നത് നിങ്ങളുടെ ശരീരം പഴയ ഭക്ഷണരീതിയോട് ശീലിച്ചുപോയതുകൊണ്ടാണ്. ശരീരം ഇടയ്ക്കിടെ ആസിഡ് പുറപ്പെടുവിക്കുന്നു. നിങ്ങള്‍ ഭക്ഷണരീതിയില്‍ മാറ്റം വരുത്തുമ്പോഴും ശരീരം അതില്‍ത്തന്നെ തുടരാന്‍ ശ്രമിക്കുന്നതാണത്.

  1. തലവേദന

ഉപവസിക്കുന്നവരില്‍ പലര്‍ക്കും ഇടയ്ക്കിടെയും ചിലര്‍ക്ക് സ്ഥിരമായും തലവേദനയുണ്ടാകാറുണ്ട്. നിരന്തരം വെള്ളം കുടിക്കുക എന്നതാണ് ഇതിനുള്ള പോംവഴി.

  1. ഗര്‍ഭിണികള്‍ക്ക് നല്ലതല്ല

ഗര്‍ഭകാലത്ത് ഉപവസിക്കുന്നത് അമ്മയ്‌ക്കോ കുഞ്ഞിനോ കുഴപ്പങ്ങള്‍ വരുത്തില്ല എന്ന് നിരവധി പഠനങ്ങളുണ്ടെങ്കിലും ഉപവാസം ഒഴിവാക്കുന്നതാണ് നല്ലത്. വിശപ്പിനനുസരിച്ച് ഭക്ഷണം കഴിക്കാന്‍ അനുവദിക്കേണ്ട സമയമാണിത്. ഉപവാസത്തിന്റെ പേരില്‍ അമ്മയോ കുഞ്ഞോ പട്ടിണി കിടക്കരുത്. കൂടാതെ ഉപവാസം ഗര്‍ഭിണികള്‍ക്ക് പ്രത്യേകിച്ച് ആരോഗ്യനേട്ടങ്ങളൊന്നും ഉണ്ടാക്കിക്കൊടുക്കുന്നുമില്ല. അത് ഗര്‍ഭകാലം ആയാസകരമാക്കുകയും ചെയ്യും.

  1. വയറിളക്കം

ഉപവാസത്തിനു ശേഷം പലര്‍ക്കും സ്ഥിരമായി വയറിളക്കം / അതിസാരം ഉണ്ടാവാറുണ്ട്. ഉപവാസത്തിന്റെ ദൈര്‍ഘ്യമനുസരിച്ച് വയറിളക്കത്തിന്റെ ഗൗരവം വ്യത്യാസപ്പെട്ടിരിക്കും. നീണ്ടസമയത്തെ ഉപവാസമായിരുന്നെങ്കില്‍ വയറിളക്കം കൂടുതല്‍ ഗുരുതരമായിരിക്കും. ദ്രാവക പദാര്‍ത്ഥങ്ങള്‍ (വെള്ളം, കോഫി, ചായ എന്നിവ) അമിതമായി കുടിക്കുന്നതാണ് ഇതിനു കാരണം. 

  1. സ്ത്രീ ഹോര്‍മോണുകളില്‍ നെഗറ്റീവ് ഫലം

സ്ഥിരമായി ഉപവസിക്കുന്ന സ്ത്രീകളില്‍ പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാകാറുണ്ട്. ആര്‍ത്തവചക്രം തെറ്റുക, ചയാപചയ പ്രവര്‍ത്തനങ്ങളില്‍ വ്യതിയാനങ്ങളുണ്ടാകുക, ആര്‍ത്തവവിരാമം നേരത്തേയുണ്ടാകുക എന്നിവ നിരന്തരം ഉപവസിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകാനുള്ള സാധ്യതയുണ്ട്. സ്ത്രീകളുടെ പ്രത്യുല്‍പാദന ഹോര്‍മോണുകള്‍ ധാരാളമായി ഊര്‍ജ്ജം ആവശ്യമുള്ളവയാണ്. അതിനാല്‍ ദീര്‍ഘനേരത്തേക്ക് ഭക്ഷണം കിട്ടാതെ വരുന്നത് ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. 

  1. ഊര്‍ജ്ജക്കുറവ്

ഉപവസിക്കുന്നവര്‍ക്ക് സ്വാഭാവികമായും ഊര്‍ജ്ജക്കുറവും തളര്‍ച്ചയും ഉണ്ടാകും. സ്ത്രീകള്‍ക്ക് ഇത് താരതമ്യേന കൂടുതലായിരിക്കും. ഇത് വ്യായാമം ചെയ്യുന്നതില്‍ നിന്നും ശാരീരികമായി പ്രവര്‍ത്തനനിരതരായിരിക്കുന്നതില്‍ നിന്നും തടയുന്നു.

ഭാരം കുറക്കാനായി ഉപവസിക്കുന്നവര്‍ എത്ര നേരം ഭക്ഷണം കഴിക്കുന്നു എന്നതല്ല, എത്ര കലോറി ഭക്ഷണം കഴിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. ദിവസവും രണ്ടു നേരം മാത്രമായി ഭക്ഷണം ചുരുക്കുകയും എന്നാല്‍ അമിതമായി കഴിക്കുകയും ചെയ്യുന്നതില്‍ പ്രയോജനമില്ല. അതിനാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും കലോറിയിലും ശ്രദ്ധിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.