അഴകുള്ള മിഴികളോടൊപ്പം തന്നെ പുരികങ്ങള്‍ വഴിയും ആളുകള്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് എത്രപേര്‍ക്കറിയാം? രസകരമായ ഒരു പഠനത്തില്‍, പ്രഗത്ഭരായ ചില താരങ്ങളുടെ പുരികങ്ങളില്ലാത്ത മോര്‍ഫ് ചെയ്ത ചിത്രങ്ങളില്‍ അവരെ തിരിച്ചറിയാന്‍ ആളുകള്‍ ബുദ്ധിമുട്ടുന്നതായി കണ്ടെത്തി. പുരികങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഈ പഠനം വിശദീകരിക്കുന്നു.
പുരികക്കൊടിയിലെ രോമങ്ങള്‍ അമിതമായി നഷ്ടപ്പെടുന്നത് ഹൈപ്പോതൈറോയിഡിസം അല്ലെങ്കില്‍ മാഡറോസിസ് പോലുള്ള ആരോഗ്യാവസ്ഥകളെ സൂചിപ്പിക്കുന്നു. മാനസിക സമ്മര്‍ദ്ദം അല്ലെങ്കില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ എന്നിവയുടെ കുറവ് മൂലവും കണ്‍പീലിയും പുരികവും പൊഴിയാന്‍ സാധ്യതയുണ്ട്. പുരിക രോമം നഷ്ടപ്പെടുന്നത് അലോപ്പീസിയ അരാറ്റ എന്ന രോഗവസ്ഥയാണ്. ഈ സന്ദര്‍ഭങ്ങളിലെല്ലാം, തലമുടിയും കൊഴിയും. രോഗാവസ്ഥ സ്ഥിരീകരിക്കാന്‍ ഡോക്ടറെ സന്ദര്‍ശിക്കുന്നത് നല്ലതാണ്.
കട്ടിയുള്ള പുരികങ്ങള്‍ ലഭിക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗങ്ങളും പരീക്ഷിക്കാം. നിങ്ങള്‍ക്ക് കട്ടിയില്ലാത്ത പുരികമാണെങ്കിലോ പുരികത്തില്‍ നിന്ന് രോമം നഷ്ടപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ആവണക്കെണ്ണ, വെളിച്ചെണ്ണ, ഒലിവ് ഓയില്‍ എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. ഇവയെല്ലാം പുരികത്തില്‍ ഈര്‍പ്പം കൂട്ടുകയും രക്തചംക്രമണം വര്‍ധിപ്പിക്കുകയും മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ഇ മൂലവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. സവാള ജ്യൂസും ഇക്കാര്യത്തിന് മികച്ച പോംവഴിയാണ്, പ്രത്യേകിച്ചും നിങ്ങള്‍ക്ക് അലോപ്പീസിയ അരാറ്റ ഉണ്ടെങ്കില്‍. ഉലുവ, കറ്റാര്‍വാഴ നീര് എന്നിവയും പ്രയോഗിക്കാം.
- ആവണക്കെണ്ണ
പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പരമ്പരാഗതമായി മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ആവണക്കെണ്ണ ഉപയോഗിക്കാറുണ്ട്. ഇത് രോമകൂപങ്ങളെ പോഷിപ്പിക്കുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ കണ്പീലികളും പുരികവും വളരെ വേഗത്തില്‍ വളരാന്‍ ആവണക്കെണ്ണയുടെ ശരിയായ ഉപയോഗം സഹായിക്കും.
– ശുദ്ധമായ ആവണക്കെണ്ണയില്‍ കോട്ടണ്‍ മുക്കി പുരികങ്ങളില്‍ പുരട്ടുക.
– 2-3 മിനിറ്റ് കൈവിരലുകള്‍ കൊണ്ട് മസാജ് ചെയ്യണം.
– 30 മിനിറ്റ് വെക്കുകയോ രാത്രി മുഴുവന്‍ വെക്കുകയോ ചെയ്യുക.
– ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയുക.
– ദിവസേന ചെയ്യാവുന്ന പൊടിക്കൈയാണിത്. കിടക്കുന്നതിനു മുന്‍പ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.
- വെളിച്ചെണ്ണ
വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇയും അയണും ആരോഗ്യമുള്ള മുടി വളരാന്‍ സഹായിക്കും. മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡായ ലോറിക് ആസിഡ് മുടിക്കാവശ്യമായ പ്രോട്ടീന്‍ നല്‍കും. മുടിയില്‍ വെളിച്ചെണ്ണ തേച്ച് മസാജ് ചെയ്യുമ്പോള്‍ കണ്പീലിയിലും പുരികങ്ങളിലും കൂടി പുരട്ടുക. മുടിക്ക് കൂടുതല്‍ കരുത്ത് കിട്ടാന്‍ അശ്വഗന്ധ വേര് പൊടിച്ചത് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നത് നല്ലതാണ്.
– കൈവിരലുകളുപയോഗിച്ച് വെളിച്ചെണ്ണ മൃദുവായി പുരികങ്ങളില്‍ മസാജ് ചെയ്യുക
– മസാജ് ചെയ്യുമ്പോള്‍ രക്തചംക്രമണം കൂടുകയും മുടി വളരുകയും ചെയ്യും.
– രാത്രി കിടക്കുന്നതിനു മുന്‍പ് ചെയ്യുക.
– രാവിലെ ഇളം ചൂടുവെള്ളത്തില്‍ കഴുകുക.
-ദിവസേന ചെയ്താല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യാസം കാണാന്‍ സാധിക്കും.
- ഒലിവ് ഓയില്‍
പുരികം കട്ടിയാക്കാന്‍ ഒലിവ് ഓയില്‍ ഉപയോഗിക്കാം. വെളിച്ചെണ്ണ പോലെ, ഒലിവ് എണ്ണയിലും ഒലിയിക് ആസിഡ് എന്ന ഫാറ്റി ആസിഡ് ഉണ്ട്. ഇത് പുരികത്തിന്റെ മുടിവേരിനു ബലം നല്‍കും. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കാപ്പിലറികളുടെ വളര്‍ച്ചയെ ഉത്തേജിപ്പിച്ച് മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ആരോഗ്യമുള്ള കാപ്പിലറികള്‍ രക്തചംക്രമണം വര്‍ധിക്കുന്നു. ആരോഗ്യവും ബലവും ഉള്ള മുടിവളരുന്നതിന്
ഇത് നല്ലതാണ്.
– ഒന്നു രണ്ടു തുള്ളി ഒലിവ് ഓയില്‍ ഉപയോഗിച്ച് കൈവിരലുകള്‍ കൊണ്ട്
പുരികത്തില്‍ മസാജ് ചെയ്യുക.
– രാത്രി കിടക്കുന്നതിന് മുന്‍പോ, പുരട്ടി 30 മിനിറ്റിന് ശേഷമോ
കഴുകിക്കളയാം.
– ഒലിവ് എണ്ണയോടൊപ്പം ഒന്നു രണ്ടു തുള്ളി തേന്‍ ചേര്‍ത്ത് മസാജ് ചെയ്യുന്നതും നല്ലതാണ്.
– ഇളം ചൂടുവെള്ളത്തില്‍ കഴുകുക.
– ദിവസേനയുള്ള ഉപയോഗം പുരിക വളര്‍ച്ചയ്ക്ക് നല്ലതാണ്.
- ഉള്ളിനീര്
ആരോഗ്യകരമായ ഭക്ഷണം മാത്രമല്ല, മുടിയുടെ വളര്‍ച്ചയ്ക്കും ഉള്ളിയും സവാളയും മികച്ചതാണ്. മുടിയ്ക്ക് അത്യാവശ്യമായ ധാതുക്കളായ ആന്റിഓക്സിഡന്റ് ഫ്ളാവനോളുകളും സള്‍ഫറും ഉള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ച കുറവുള്ള സ്ഥലങ്ങളില്‍ ഉള്ളിനീര് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുന്നത് ഗുണകരമാണെന്ന് അലോപ്പീസിയ അരാറ്റ രോഗികളെക്കുറിച്ചുള്ള ഒരു പഠനത്തില്‍ കണ്ടെത്തി. നാലു മുതല്‍ ആറാഴ്ച വരെ, ദിവസത്തില്‍ രണ്ടുതവണ ഈ രീതി പിന്തുടര്‍ന്നതിന് ശേഷം, പങ്കെടുത്തവരില്‍ 86.9% പേര്‍ക്കും പുതിയ മുടി വളര്‍ന്നു. മുടിയും പുരികങ്ങളും അമിതമായി പൊഴിയുന്നുണ്ടെങ്കില്‍ ഈ ഉള്ളി തെറാപ്പി ചെയ്യുന്നത് നല്ലതാണ്.
- മുട്ടയുടെ മഞ്ഞക്കരു
മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ ആവശ്യമാണ്. മുട്ടയുടെ മഞ്ഞക്കരുവിന് വെള്ളക്കരുവിനേക്കാള് പ്രോട്ടീന്‍ ഇല്ലെങ്കിലും അതില്‍ വിറ്റാമിന്‍ ഡി ഗണ്യമായ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിനും ആവശ്യമാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ സള്‍ഫറും അടങ്ങിയിട്ടുണ്ട്.
– മുട്ട പൊട്ടിച്ച് മഞ്ഞക്കരു വെള്ളയില്‍ നിന്ന് വേര്‍തിരിക്കുക. മുട്ടയുടെ മഞ്ഞക്കരു മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.
– ക്രീം രൂപത്തിലാകുന്നതുവരെ മഞ്ഞക്കരു അടിച്ചു പതപ്പിക്കുക.
– ഒരു കോട്ടണ്‍ അതില്‍ മുക്കി പുരികത്തില്‍ പുരട്ടുക.
– ഇത് 15-20 മിനിറ്റ് വരെ വയ്ക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകുക.
– ആഴ്ചയില്‍ രണ്ടുതവണ ചെയ്യണം.
- ഉലുവ
മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും കാലങ്ങളായി ഉലുവ ഉപയോഗിക്കാറുണ്ട്. ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും (വിറ്റാമിന്‍ ബി 3) ലെസിത്തിനും ഉലുവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
– ഉലുവ രാത്രി മുഴുവന്‍ അല്ലെങ്കില്‍ കുറഞ്ഞത് 5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.
– കട്ടിയുള്ള പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക.
– പേസ്റ്റിലേക്ക് വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം ഓയില്‍ ചേര്‍ക്കുക.
– ഉറങ്ങുന്നതിനുമുമ്പ് ഈ പേസ്റ്റ് പുരികങ്ങളില്‍ പുരട്ടുക.
– പിറ്റേന്ന് രാവിലെ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക.
– ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കാം.
- പാല്
പാലില്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്.
– ശുദ്ധമായ പാത്രത്തില്‍ കുറച്ച് പാല് എടുക്കുക.
– അതില്‍ കോട്ടണ്‍ മുക്കി ഓരോ പുരികത്തിലും പുരട്ടുക.
– പാല് ഉണങ്ങാന്‍ അനുവദിക്കുക.
– ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.
- കറ്റാര്‍വാഴ
കറ്റാര്‍വാഴയില്‍ മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. ഇത് രോമകൂപങ്ങള്‍ക്ക് ഗുണം ചെയ്യുകയും ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
– കറ്റാര്‍വാഴ ഇലയില്‍ നിന്ന് നീര് വേര്‍തിരിച്ചെടുക്കുക.
– ഇത് പുരികത്തില്‍ മൃദുവായി മസാജ് ചെയ്യുക.
– 30 മിനിറ്റ് വയ്ക്കുക.
– ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക.
– കറ്റാര്‍വാഴ നീരില്‍ വെളിച്ചെണ്ണയോ ഏതാനും തുള്ളി തേനോ ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കാം.
– ആഴ്ചകളോളം തുടരണം.
- നാരങ്ങ
നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി പുരികവളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്.
– ഒരു കഷണം നാരങ്ങ എടുത്ത് ഓരോ പുരികത്തിലും തടവുക.
– കുറച്ചു നേരത്തേയ്ക്ക് നീര് പുരികത്തിലിരിക്കാന് അനുവദിക്കുക.
– ഇളം ചൂടുള്ള വെള്ളത്തില്‍ ഇത് കഴുകിക്കളയുക.
– പുരികത്തിന്റെ വളര്‍ച്ച വര്‍ധിപ്പിക്കുന്നതിന് ദിവസത്തില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ പുരിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.
ഈ പ്രകൃതിദത്ത പരിഹാരങ്ങള്‍ക്കൊപ്പം, മുടിയുടെ വളര്‍ച്ചയ്ക്ക് പൊതുവെ ആവശ്യമായ ശരിയായ വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം മുടിയുടെ വളര്‍ച്ചയില്‍ പ്രധാന ഘടകമാണ്. വിറ്റാമിന്‍ എ, ബി, സി, ഇ, ഇരുമ്പ്, ഒമേഗ 3 കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.