spot_img

നേത്രദാനം മഹാദാനം, നിങ്ങള്‍ നല്‍കുന്നത് മറ്റൊരാള്‍ക്ക് ഒരു പുതുജീവന്‍

നേത്രദാനം എന്നത് എല്ലാവര്‍ക്കും ചെയ്യാവുന്ന ഒരു കാര്യമാണ്. ഇതിനായി ആശുപത്രികളിലും മറ്റും ഐ ബാങ്കുകള്‍ ഉണ്ട്. മരണ ശേഷം നേത്രദാനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പേര് അവിടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മരണ ശേഷം അവരെ അറിയിച്ചാല്‍ ബാക്കി നടപടികള്‍ അവര്‍ കൈക്കൊണ്ടോളും.

ഏതൊക്കെ അവസരത്തില്‍ ദാനം ചെയ്ത കണ്ണുകള്‍ ഉപയോഗിക്കാം?

നമ്മുടെ നാട്ടില്‍ വലിയൊരു ശതമാനം ആളുകള്‍ക്ക് കൃഷ്ണമണിയുടെ പ്രശ്നങ്ങളുണ്ട്. കോണിയല്‍ കോസസ് കൊണ്ടുള്ള പ്രശ്നങ്ങളാവാം അതിന് കാരണം. അവരുടെ കണ്ണിന്റെ ബാക്കി പ്രവര്‍ത്തനങ്ങളെല്ലാം നോര്‍മല്‍ ആണെങ്കിലും കൃഷ്ണമണിയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകും. അങ്ങനെയുള്ളവര്‍ക്കാണ്  നേത്രദാനം പ്രയോജനപ്പെടുക. മരണശേഷം എത്രയും വേഗം ഐ ബാങ്കിനെ അറിയിക്കുകയാണ്‌ വേണ്ടത്. മരിച്ചവരില്‍ നിന്ന് എത്രയും പെട്ടന്ന്‌ നേത്രം എടുക്കുന്നോ അത്രത്തോളം അത് ഹെല്‍ത്തിയായിരിക്കും. മരണശേഷം 24-48 മണിക്കൂറിനുള്ളില്‍ എടുക്കുന്നതാണ് ഏറ്റവും ഉത്തമം.

മരണ ശേഷം നേത്രങ്ങള്‍ എടുത്തുമാറ്റിയാല്‍ മരിച്ചവരുടെ മുഖത്ത് വൈകല്യം ഉണ്ടാവില്ലേ എന്നത് പൊതുവെ ഉയരുന്ന ഒരു സംശയമാണ്. നേത്രദാനത്തില്‍ കണ്ണിന്റെ കൃഷ്ണമണി മാത്രമാണ് എടുത്തു മാറ്റുക. ആ സ്ഥാനത്തേക്ക് ഒരു പ്ലാസ്റ്റിക് നിര്‍മ്മിത വസ്തു ഘടിപ്പിക്കുകയും ചെയ്യും. അപ്പോള്‍ മൃതദേഹത്തില്‍ വൈകല്യം മനസിലാവില്ല.

ദാനം ചെയ്യപ്പെടുന്ന എല്ലാ കൃഷ്ണമണിയും ഉപയോഗപ്രദമാണ്. കൃഷ്ണമണിയുടെ ആരോഗ്യം ഒരു മെഷീനിലൂടെ അളന്ന് തിട്ടപ്പെടുത്തിയ ശേഷമാണ് അത് മറ്റുള്ളവരിലേക്ക്‌ മാറ്റി വയ്ക്കുക. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ഉള്ളവരാണ് കൃഷ്ണമണി ദാനം ചെയ്യുന്നതെങ്കില്‍ അതില്‍ ചില മാനദണ്ഡങ്ങളുണ്ട്. എന്നിരുന്നാലും ദാനം ചെയ്യുന്ന കണ്ണുകളില്‍ 80 ശതമാനവും ഉപയോഗിക്കപ്പെടാറുണ്ട്. ഉപയോഗിക്കാന്‍ സാധിക്കാത്ത കൃഷ്ണമണികള്‍ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്. ആര്‍ക്കാണ് കൃഷ്ണമണി നല്‍കിയതെന്ന് ദാനം ചെയ്ത വ്യക്തിയുടെ കുടുംബത്തോട് വെളിപ്പെടുത്തില്ല.

എന്നിരുന്നാലും ഇന്ന് സമൂഹത്തില്‍ നേത്രം ദാനം ചെയ്യുന്നവരുടെ എണ്ണം കുറവാണ്. നേത്രദാനത്തിനുള്ള സമ്മതപത്രം ഒപ്പുവയ്ക്കുമെങ്കിലും മരണശേഷം അവരുടെ വേണ്ടപ്പെട്ടവര്‍ അടുത്ത ഐബാങ്കില്‍ അറിയിക്കാതിരിക്കുന്നതാണ് അതിന് കാരണം. അല്ലെങ്കില്‍ അടുത്തൊരു ഐബാങ്ക് ഉണ്ടാവില്ല. പൊതുവേ ഐബാങ്കുകളുടെ എണ്ണം കുറവാണുതാനും.

പ്രായമാകും തോറും ശരീരത്തിന്റെ ആരോഗ്യം കുറയുന്നതു പോലെ കൃഷ്ണമണിയുടെ ആരോഗ്യവും കുറയും. അതിനാല്‍ വളരെ പ്രായമായവരുടെ കൃഷ്ണമണികള്‍ ഉപയോഗിക്കാന്‍ പരിമിതികളുണ്ട്. പ്രായം കുറഞ്ഞവരുടെ കൃഷ്ണമണികളാകട്ടെ  2-3 പേര്‍ക്ക് ഉപയോഗിക്കാം.

മരണ ശേഷമുള്ള നേത്രദാനം വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നല്ല. മരിച്ച ശേഷം ഐബാങ്കില്‍ അറിയിച്ചാല്‍ അവര്‍ വീട്ടിലെത്തി 1-2 മണിക്കൂര്‍ കൊണ്ട് കൃഷ്ണമണി എടുക്കും, അതും വീട്ടുകാര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും ഒരു പ്രശ്നവും ഉണ്ടാകാത്ത വിധത്തില്‍ തന്നെ. മൃതദേഹത്തിന്റെ മുഖത്ത് നേത്രദാനത്തിന്റെ യാതൊരു വിധ വൈകല്യവും ഉണ്ടായിരിക്കുകയുമില്ല. അന്ധതയില്‍ ആയിരിക്കുന്നവര്‍ക്ക് നിങ്ങളുടെ നല്ല മനസിലൂടെ വെളിച്ചം നല്‍കുന്ന പ്രക്രിയയാണ് നേത്രദാനം. ഒരാള്‍ക്ക് പുതുജീവന്‍ നല്‍കുന്നതിന് തുല്യമാണത്. അതിനാല്‍ എല്ലാവരും നേത്രദാനം എന്ന മഹാദാനത്തിനായി മുന്നോട്ടു വരിക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.