spot_img

നേത്ര രോഗങ്ങളെ കരുതിയിരിക്കുക!

ജീവിതത്തില്‍ എപ്പോഴെങ്കിലും കണ്ണിന് അസുഖം വരാത്തവര്‍ ഇല്ലെന്നു തന്നെ  പറയാം. മനുഷ്യ ശരീരത്തിലെ മര്‍മ പ്രധാനമായ അവയവമാണ് കണ്ണുകള്‍. അതു കൊണ്ട് തന്നെ അവയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ചൂടു കൂടി വരുന്നത് കണ്ണുകളെ ചെറുതായൊന്നുമല്ല ബാധിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കണ്ണുകള്‍ക്ക് അത്ര നല്ലതല്ല. തണുപ്പ് നീങ്ങി വേനല്‍ കടന്നുവരുന്ന ഈ സമയമാണ് കണ്ണുകള്‍ക്ക് അസുഖം ബാധിക്കാന്‍ സാധ്യത കൂടുതല്‍.

കണ്ണുകളെ പ്രധാനമായും ബാധിക്കുന്ന ചില രോഗങ്ങളുണ്ട്. ഇവ ഏതൊക്കെയെന്ന് നോക്കാം.

ചെങ്കണ്ണ്

വേനല്‍ക്കാലത്ത് സാധാരണയായി കണ്ടുവരുന്ന നേത്ര രോഗങ്ങളില്‍ ഒന്നാണ് ചെങ്കണ്ണ് അഥവാ കണ്‍ജങ്ക്ടിവൈറ്റിസ്. ബാക്ടീരിയ, വൈറസ് എന്നിവയാണ് ഈ രോഗത്തിന് കാരണം. കണ്ണിനുള്ളിലെ വെളുത്ത പാടയെ ആണ് ഇത് ബാധിക്കുന്നത്. അലര്‍ജി, രാസ വസ്തുക്കള്‍ എന്നിങ്ങനെ പലതും ചെങ്കണ്ണിനു കാരണമായേക്കാം. എങ്കിലും ബാക്ടീരിയയോ വൈറസോ ഉണ്ടാക്കുന്ന അണുബാധയാണ് പ്രധാനമായും രോഗം വരുത്തുന്നത്.

കണ്ണിന് ചുവപ്പ്, ചൊറിച്ചില്‍, കണ്ണില്‍ വെള്ളം നിറയുക, വെളിച്ചത്തിലേക്ക് നോക്കുമ്പോള്‍ അസ്വസ്ഥത തോന്നുക എന്നിവയാണ് ചെങ്കണ്ണിന്‍റെ ലക്ഷണങ്ങള്‍. ഇത് കൂടാതെ കണ്ണില്‍ നിന്നും പഴുപ്പ് വരുന്നതും മണല്‍ത്തരി വീണത് പോലെ തോന്നുന്നതും കണ്‍ പോളകള്‍ തടിക്കുന്നതും ഇതിന്‍റെ ലക്ഷണങ്ങളാണ്.  മൂന്ന് ദിവസം മുതല്‍ ഒരാഴ്ച വരെ രോഗം നീണ്ടു നില്‍ക്കാം.

പൊടി, അഴുക്ക്, മറ്റ് അലര്‍ജികള്‍ എന്നിവ രോഗത്തിന് കാരണമായേക്കാം. അടുത്ത് പെരുമാറുന്നതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരാനും സാധ്യതയുണ്ട്. അസുഖം തിരിച്ചറിഞ്ഞാലുടന്‍ തന്നെ ചികിത്സ തേടുന്നതാണ് ഉത്തമം. കണ്ണില്‍ ഒഴിക്കാവുന്ന തുള്ളി മരുന്നുകള്‍, ഗുളികകള്‍, ആന്‍റി ബയോട്ടിക്കുകള്‍ അടങ്ങിയ ഓയിന്‍മെന്‍റ് എന്നിവ വഴി രോഗം തടയാം.

ഗ്ലോക്കോമ

കണ്ണിലെ ഒപ്റ്റിക് ഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിക്കുന്നത്‌ മൂലം ഉണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ. കണ്ണില്‍ നിന്നും തലച്ചോറിലേക്ക് കാഴ്ച്ചയുടെ സിഗ്നലുകള്‍ എത്തിക്കുന്നത് ഒപ്റ്റിക് ഞരമ്പുകളാണ്. ഈ ഞരമ്പുകള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അന്ധതയിലേക്കാണ് അത് നമ്മെ നയിക്കുക. ഞരമ്പുകളുടെ തകരാര്‍ അനുസരിച്ച് കാഴ്ച ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെട്ടേക്കാം. അതു കൊണ്ട് തന്നെ അങ്ങേയറ്റം ശ്രദ്ധ വേണ്ടുന്ന ഒരു രോഗം കൂടിയാണിത്.

കണ്ണുകള്‍ക്ക് വേണ്ടുന്ന പോഷകങ്ങള്‍ എത്തിക്കുന്ന ജോലി ചെയ്യുന്നത് അക്വസ് ഹ്യൂമര്‍ ദ്രാവകമാണ്. ആരോഗ്യമുള്ള കണ്ണുകളില്‍ അക്വസ് ഹ്യൂമര്‍ ദ്രാവകം വറ്റിപ്പോകുന്നതിന് അനു
സരിച്ച് നിര്മിക്കപ്പെടും. ഇവ പിന്നീട് ഡ്രെയിനേജ് ആംഗിളിലൂടെ ഒഴുകി രക്തത്തില്‍ ചെന്ന് ചേരും. 
ഈ വ്യവസ്ഥയ്ക്ക് തകരാര്‍ സംഭവിച്ചാല്‍ അക്വസ് ഹ്യൂമര്‍ ദ്രാവകത്തിന്‍റെ ഒഴുക്ക് തടസപ്പെടുന്നു. ഇത് കെട്ടിക്കിടന്നാല്‍ കണ്ണുകള്‍ക്കുള്ളിലെ മര്‍ദ്ദം അഥവാ ഇന്‍ട്രാ ഒകുലര്‍ പ്രെഷര്‍ കൂടാന്‍ സാധ്യതയുണ്ട്. ഇത് ഒപ്റ്റിക് ഞരമ്പുകളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഗ്ലോക്കൊമയുടെ കാരണം.

കാര്യമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് ഈ രോഗത്തിന്‍റെ വെല്ലുവിളി. പലപ്പോഴും കാഴ്ച കുറയുമ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിയുന്നത്.  കാഴ്ച ശക്തി തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും പെട്ടെന്ന് കൃത്യമായ ചികിത്സ തേടാന്‍ മറക്കണ്ട. തുള്ളി മരുന്നുകള്‍, ലേസര്‍ സര്‍ജറി, മൈക്രോ സര്‍ജറി എന്നിവയിലൂടെ രോഗം ചികിത്സിച്ച് ഭേദമാക്കാം.

അസ്റ്റിഗ്മാറ്റിസം

കണ്ണിന്‍റെ കോര്‍ണിയയുടെ ആകൃതിയിലോ ലെന്‍സിന്‍റെ വക്രതയിലോ വ്യത്യാസമുണ്ടാകുന്നതാണ് അസ്റ്റിഗ്മാറ്റിസം. ഇത് മൂലം കാഴ്ച മങ്ങല്‍ അനുഭവപ്പെടാം. കാഴ്ചക്കുറവ്, തലവേദന, കണ്ണിന് ചുവപ്പ്, വേദന എന്നിവ അനുഭവപ്പെടുന്നത് ഇതിന്‍റെ ലക്ഷണങ്ങളാണ്. ഇത് കൂടാതെ കണ്ണില്‍ നിന്നും വെള്ളം വരികയും വെളിച്ചത്തേക്ക് നോക്കാന്‍ ബുദ്ധിമുട്ട് തോന്നുന്നതും അസ്റ്റിഗ്മാറ്റിസം അഥവാ വിഷമ ദൃഷ്ടിയുടെ ലക്ഷണങ്ങളാണ്.

രോഗം വഷളായാല്‍ അടുത്തും അകലെയുമുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയാതെ വരുന്നു. കാഴ്ച മങ്ങുന്നത് മൂലം കണ്ണുകള്‍ക്ക് വസ്തുക്കളെ/വ്യക്തികളെ തിരിച്ചറിയാന്‍ കൂടുതല്‍ ആയാസം വേണ്ടി വരുന്നു. ഇത് വിട്ടുമാറാത്ത തലവേദനക്ക് കാരണമായേക്കാം.

രോഗ പ്രതിരോധത്തിനായി സിലിണ്ട്രിക്കല്‍ ലെന്‍സ്‌ ഉള്ള കണ്ണട, കോണ്ടാക്റ്റ് ലെന്‍സ്‌, എന്നിവ ലഭ്യമാണ്. കണ്ണട ഉപയോഗിക്കുന്നത് ഒരു പരിധി വരെ തലവേദന അകറ്റി നിര്‍ത്താന്‍ സഹായിക്കും. ലാസിക്(LASIK) എന്ന ലേസര്‍ ചികിത്സയും കണ്ണിലെ സര്‍ജറിയും രോഗം അകറ്റാന്‍ സഹായിക്കും.

നിശാന്ധത

പകല്‍ സമയത്ത് നല്ല കാഴ്ചയുണ്ടെങ്കിലും മങ്ങിയ വെളിച്ചത്തില്‍ കാഴ്ചക്കുറവ് അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് നിശാന്ധത. പ്രകാശമുള്ളയിടത്ത് നിന്നും പെട്ടെന്ന് ഇരുട്ടിലേക്ക് എത്തുമ്പോള്‍ ഈ പ്രശ്നം കൂടുതൽ വഷളാവുന്നു. മറ്റ് പല രോഗങ്ങളുടെ ലക്ഷണമാകാം നിശാന്ധത. തിമിരം, ഹ്രസ്വദൃഷ്ടി, ഗ്ലോക്കോമ, പ്രമേഹം എന്നീ രോഗങ്ങളുടെ ലക്ഷണമായാണ് പ്രധാനമായും നിശാന്ധത കാണപ്പെടുന്നത്. ഇത് കൂടാതെ വൈറ്റമിന്‍ എയുടെ കുറവ് മൂലവും രോഗം സംഭവിക്കാം.  

രോഗ ബാധിതര്‍ക്ക് രാത്രിയിൽ ആകാശത്ത് നക്ഷത്രങ്ങളെ കാണുന്നതിനും വെളിച്ചം കുറവുള്ള സ്ഥലത്ത് കൂടി നടക്കുന്നതിനും രാത്രി വണ്ടിയോടിക്കാനും മറ്റും ബുദ്ധിമുട്ടുണ്ടാകും. കൃത്യമായി ചികിത്സിച്ചാല്‍ ഭേദപ്പെടുന്ന അസുഖമാണ് നിശാന്ധത. ഇത് മറ്റ് രോഗങ്ങളുടെ ലക്ഷണമായതിനാല്‍ മൂലകാരണം കണ്ടെത്തുക എന്നതാണ് പ്രധാനം.

തിമിരം മൂലമാണ് രോഗമെങ്കില്‍ ശസ്ത്രക്രിയയാണ് പരിഹാരം. പ്രമേഹമാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടി വരും. ഭക്ഷണ രീതിയില്‍ വ്യത്യാസം വരുത്തുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. വൈറ്റമിന്‍ എ, സിങ്ക് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗം തടയാന്‍ സഹായിക്കും.

തിമിരം

കണ്ണിലെ ലെന്‍സിന്‍റെ സുതാര്യത നഷ്ടപ്പെടുന്നത് മൂലം കാഴ്ചക്കുറവ് അനുഭവപ്പെടുന്ന രോഗമാണ് തിമിരം. ലെന്‍സില്‍ പാട മൂടുന്നത് മൂലമാണ് കാഴ്ചക്കുറവുണ്ടാകുന്നത്. മറ്റ് രോഗങ്ങള്‍ മൂലവും തിമിരം ഉണ്ടായേക്കാം. പ്രമേഹം, റെറ്റിനൈറ്റിസ്, കണ്ണില്‍ ഉണ്ടാകുന്ന മുറിവുകള്‍, വിറ്റാമിന്‍ ബി 2, സി എന്നിവയുടെ ദൌര്‍ലഭ്യം, ഗ്ലോക്കോമ എന്നീ രോഗങ്ങള്‍ തിമിരത്തിന് കാരണമാകാം.

രണ്ട് കണ്ണുകള്‍ക്കും അന്ധതയുണ്ടാക്കുന്ന ഈ രോഗം ഇന്ത്യയില്‍ ഒരു കാലത്ത് സര്‍വ സാധാരണമായിരുന്നു. ശസ്ത്രക്രിയയാണ് ഇതിനുള്ള പ്രധാന ചികിത്സ.

വെള്ളെഴുത്ത്

നാല്‍പ്പത് വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് വെള്ളെഴുത്ത് പ്രധാനമായും കണ്ടുവരുന്നത്. രോഗ ബാധിതര്‍ക്ക് അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയാതെ വരുന്നു. പ്രായം കൂടുന്നതിനനുസരിച്ച് കണ്ണിലെ ലെന്‍സിന്‍റെ ഇലാസ്തികത നഷ്ടപ്പെടും. ഇതാണ് രോഗികളിലെ കാഴ്ചക്കുറവിന് കാരണം.

രോഗികള്‍ക്ക് വായന, എഴുത്ത്, തയ്യല്‍ എന്നിങ്ങനെ കണ്ണിനോട് അടുത്ത് വച്ച് ചെയ്യേണ്ട ജോലികള്‍ ചെയ്യാന്‍ പ്രയാസമായിരിക്കും. വസ്തുക്കള്‍ കണ്ണില്‍ നിന്നും ദൂരെ പിടിച്ച് ഇതിനെ മറികടക്കാമെങ്കിലും പ്രായം കൂടുന്നതനുസരിച്ച് കാഴ്ച കുറയുന്നു.  

നേത്ര രോഗങ്ങളെ അവഗണിക്കരുത്, വലിയ വില കൊടുക്കേണ്ടി വരും നമ്മള്‍. കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ അന്ധതയാകും ഫലം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.