spot_img

ഗര്‍ഭിണിയായിരിക്കുമ്പോള്‍ വ്യായാമം ചെയ്യൂ; സുഖമായി ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കൂ; വ്യായാമം ശീലമാക്കുന്നതുകൊണ്ടുള്ള ഒന്‍പത് ഗുണങ്ങള്‍

ഗര്‍ഭിണികളായിരിക്കുമ്പോള്‍ വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. പ്രസവം പെട്ടെന്ന് നടക്കാനും പ്രസവശേഷം പെട്ടെന്ന് സുഖം പ്രാപിക്കാനും വ്യായാമം സഹായിക്കുന്നു. വലിയ വ്യായാമ മുറകള്‍ ചെയ്ത് ശരീരം ക്ഷീണിപ്പിക്കേണ്ടതില്ല. നടത്തം, സൈക്കിള്‍ സവാരി, നീന്തല്‍ അങ്ങനെ ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ഗര്‍ഭിണികള്‍ ചെയ്യുന്നതാണ് ഉത്തമം.

 

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ശരീരം അനക്കാമോ ജോലി ചെയ്യാമോ എന്നൊക്കെയുള്ള സംശയങ്ങളെ പോലെ തന്നെ വ്യായാമം ചെയ്യുന്നതില്‍ കുഴപ്പമുണ്ടോ എന്നും സംശയിക്കുന്ന നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. നിങ്ങള്‍ ശരീരം ശ്രദ്ധിക്കുന്ന കൃത്യമായി വ്യായാമം ചെയ്യുന്ന ഒരാളാണെങ്കില്‍ പോലും ഇനി വ്യായാമം ചെയ്യേണ്ടെന്ന് പറയാനും ആളുകള്‍ വന്നേക്കാം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം നിങ്ങള്‍ക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കില്‍ ഗര്‍ഭകാലത്ത് വ്യായാമം ചെയ്യുന്നതില്‍ യാതൊരു കുഴപ്പവുമില്ല. വ്യായാമം കൊണ്ടുള്ള ഗുണങ്ങളെന്തൊക്കെയെന്ന് നോക്കാം

 

ശരിയായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുന്നു

 

ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം കൂടുന്നത് സാധാരണമാണങ്കിലും അമിതഭാരം ഗര്‍ഭകാലത്തും പ്രസവ സമയത്തും വലിയ പ്രശ്നങ്ങള്‍ സ്യഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ ക്യത്യമായ ശരീരഭാരം നിലനിര്‍ത്തുകയാണ് വേണ്ടത്. അമിതഭാരം ഉള്ളവരില്‍ ഉയര്‍ന്ന രക്ത സമര്‍ദം,  ഗര്‍ഭകാല പ്രമേഹരോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമിത വണ്ണവും പ്രമേഹം മൂലം നിങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞിനും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ വിദഗ്ധ നിര്‍ദേശം സ്വീകരിച്ച് നിങ്ങള്‍ക്ക് ചെയ്യാനാവുന്ന ലഘുവ്യായാമവും ശരീയായ ഭക്ഷണക്രമീകരണങ്ങളും ശീലമാക്കുക. പ്രസവം നേരത്തേയാണെങ്കില്‍ ഡോക്ടറിനെ സമീപിച്ച് അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക.

 

തളര്‍ച്ച മാറ്റി നല്ല ഉറക്കം ലഭിക്കുന്നു

 

ഗര്‍ഭിണികളാകുന്ന സ്ത്രീകളില്‍ നിരവധി പേര്‍ക്ക് ആദ്യത്തെ മൂന്ന് മാസവും 7,8,9 മാസങ്ങളിലും വലിയ തോതില്‍ ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ചില സ്ത്രീകളില്‍ ഗര്‍ഭത്തിന്റെ തുടക്ക കാലത്തുണ്ടാകുന്ന തലകറക്കം, ഛര്‍ദി എന്നിവയ്ക്ക് പുറമേ ഉറക്കക്കുറവും അനുഭവപ്പെട്ടേക്കാം. ഇതു മുന്നോട്ടുള്ള സമയങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ സ്യഷ്ടിച്ചേക്കാം. എന്നാല്‍ ഈ അവസ്ഥകളെല്ലാം നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് അവയോട് പൊരുത്തപ്പെടാന്‍ ശരീരം തന്നെ കണ്ടെത്തുന്ന വഴികളാണ്. ആദ്യ മാസങ്ങളിലുണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും ശരീരത്തില്‍ ഹോര്‍മോണ്‍ വ്യത്യാസം മൂലമുണ്ടാകുന്നതാണ്. പ്രൊജെസ്ട്രോണ്‍ ഹോര്‍മോണിന്റെ അളവ് ഈ സമയങ്ങളില്‍ ഉയര്‍ന്നിരിക്കും. ഗര്‍ഭകാലത്ത് ശരീരത്തില്‍ രക്തത്തിന്റെ അളവ് കൂടുതലായിരിക്കും അതിനാല്‍ ഹൃദയമിടിപ്പ് സാധാരണയിലും കൂടുതലായിരിക്കും. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതിനാലാണ് 7,8,9 മാസങ്ങളില്‍ തളര്‍ച്ച അനുഭവപ്പെടുന്നത്.

 

ചെറിയ രീതിയിലുള്ള വ്യായാമ മുറകള്‍ ശീലമാക്കുന്ന ഗര്‍ഭിണികള്‍ക്ക് ദിവസം മുഴുവന്‍ ഉന്‍മേഷവും രാത്രി നല്ല ഉറക്കവും ലഭിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചെറു നടത്തങ്ങള്‍ ശീലമാക്കുകയോ, ഗര്‍ഭിണികള്‍ക്കായുള്ള യോഗ ക്ലാസുകളില്‍ പങ്കെടുക്കുകയോ ചെയ്ത് ശീലിച്ചാല്‍ നിങ്ങളിലെ മാറ്റം സ്വയം തിരിച്ചറിയാനാകും.

 

നടുവിനും സന്ധികള്‍ക്കുമുണ്ടാകുന്ന വേദന മാറ്റുന്നു

 

വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ ഭാരം വര്‍ധിക്കുന്നതിനനുസരിച്ച് ആ ഭാരം നടുവിനും കാലിനും കൂടുതല്‍ സമ്മര്‍ദം നല്‍കുന്നു. ഗര്‍ഭകാലയളവിലെ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ മൂലം ശരീരത്തില്‍ വേദന അനുഭവപ്പെടുന്നു. ഇതു ഗര്‍ഭകാലം കൂടുതല്‍ പ്രയാസമുള്ളതാക്കും. നിങ്ങളുടെ നടുവിനും പുറത്തേയും മസിലുകള്‍ക്ക് ബലമേകുന്ന തരം വ്യായാമങ്ങള്‍ ശീലമാക്കിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. പുറകിലെ പേശികള്‍ക്ക് ബലം നല്‍കുന്ന വ്യയാമങ്ങളും, യോഗയും ശീലമാക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഗര്‍ഭിണിയായിരിക്കുമ്പോഴും വളഞ്ഞ് കുനിഞ്ഞ് നടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവയിലൂടെയെല്ലാം ശരീരത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.

 

മലബന്ധം ഒഴിവാക്കുന്നു

 

ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് ശരീരത്തില്‍ പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനം വര്‍ധിക്കുന്നു. ഗര്‍ഭിണികളുടെ മസിലുകളെ ശാന്തമാക്കി കുഞ്ഞുങ്ങളെ താങ്ങാനുള്ള ശക്തി ഈ ഹോര്‍മോണ്‍ സ്ത്രീകള്‍ക്ക് നല്‍കുന്നു. ഹോര്‍മോണിന്റെ അളവ് ശരീരത്തില്‍ കൂടുന്നതോടെ മലബന്ധ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. അതുമാത്രമല്ല, ഗര്‍ഭാവസ്ഥയില്‍ ഇരുമ്പിന്റെ അംശം കൂടുതലടങ്ങിയ മരുന്നുകള്‍ കഴിയ്ക്കുന്നതും മലബന്ധത്തിന് കാരണമാകുന്നു. എല്ലാ ദിവസവും കൃത്യമായി വ്യാമായം ചെയ്യുന്നതിലൂടെയും നാരുകളടങ്ങിയ ആഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താം.

 

മാനസിക പിരിമുറുക്കം കുറയ്ക്കുന്നു

 

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളില്‍ മാനസിക പിരിമുറുക്കവും ഉത്കണഠയും വളരെ കൂടുതലാണ്. ചെറിയ രീതിയിലുള്ള മാനസിക പ്രശ്നങ്ങള്‍ സാധാരണമാണെങ്കിലും ഇവ നീണ്ടു നില്‍ക്കുന്നത് ഗര്‍ഭം അലസാനും, കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടാകാനും, ഗര്‍ഭകാലയളവ് കുറയാനും കാരണമായേക്കാം. ജനിക്കുന്ന കുഞ്ഞിന് ഭാവിയില്‍ മാനസിക പ്രശ്നങ്ങള്‍ വരെയുണ്ടായെന്ന് വരാം. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ തലച്ചോറില്‍ സെറോട്ടോണിന്‍ എട്രോഫിന്‍സ് എന്നിവയുടെ ഉത്പാദനം കൂടുന്നു. ഇത് നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങള്‍ കുറച്ച് ആശ്വാസം നല്‍കുന്നു.

 

പ്രസവ ദൈര്‍ഘ്യം കുറയ്ക്കുന്നു

 

എല്ലാ ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെ പ്രസവത്തിനെടുക്കുന്ന സമയം കുറയുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ നെറോഫിനറയിന്‍ എന്ന രാസവസ്തുവിന്റെ പ്രവര്‍ത്തനം കൂടുന്നു. ഇതിന്റെ ഫലമായി ഗര്‍ഭപാത്രത്തിലെ പേശികള്‍ക്ക് ബലം വര്‍ധിക്കുകയും അവ നന്നായി വികസിക്കുകയും ചെയ്യും. അതിനാല്‍ കുറഞ്ഞ സമയം കൊണ്ട് പ്രസവം നടക്കും. കുഞ്ഞിനോ അമ്മയ്ക്കോ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.

 

പ്രസവം സുഗമമാക്കുന്നു

പ്രസവമെന്ന് പറയുമ്പോള്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും പേടിയാണ്. പ്രത്യകിച്ചും ആദ്യ പ്രസവത്തിനായി കാത്തിരിക്കുന്ന സ്ത്രീകള്‍ക്ക്. നിരവധി മാനസിക സംഘര്‍ഷങ്ങളും ടെന്‍ഷനും നിറഞ്ഞ ദിനങ്ങളായിരിക്കും അവര്‍ നേരിടുക. പ്രസവ സമയത്തെ വേദനയെ കുറിച്ച് ഭയപ്പെടുന്നവരും നിരവധിയാണ്. ഗര്‍ഭിണികളിലെ ഇത്തരം പേടികള്‍ അകറ്റാന്‍ ക്ലാസുകളും തെറാപ്പികളും ഒക്കെയുണ്ടെങ്കിലും സ്ത്രീകളുടെ പേടി മാറുന്നില്ല. എന്നാല്‍ വ്യായാമത്തിന് ഇവിടെ വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് പ്രസവ സമയത്ത് അധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൃത്യമായി മുടങ്ങാതെ വ്യായാമം ചെയ്യുന്നതിലൂടെ ഗര്‍ഭിണികളില്‍ കണ്ടുവരുന്ന അമിതവണ്ണം കുറയ്ക്കാന്‍ സാധിക്കുന്നു. അതിനാല്‍ പ്രസവം സുഗമമായിരിക്കും. അമിതവണ്ണം ഉള്ളവര്‍ക്ക് പ്രസവ സമയത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം നിങ്ങള്‍ക്ക് അനുയോജ്യമായ വ്യായാമ രീതി തിരഞ്ഞെടുക്കാവുന്നതാണ്.

 

കുറഞ്ഞ സമയത്തിനുള്ളില്‍ പ്രസവാനന്തര ആരോഗ്യം വീണ്ടെടുക്കാം

 

പ്രസവം സുഗമമാക്കുന്നതിനൊപ്പം തന്നെ പ്രസവശേഷമുള്ള സുഖം പ്രാപിക്കലും എളുപ്പമാക്കാന്‍ വ്യായാമത്തിലൂടെ സാധിക്കുന്നു. പ്രസവ സമയത്ത് വ്യായാമം ചെയ്യുന്ന സ്ത്രികള്‍ പ്രസവാനന്തരം വേഗം ആരോഗ്യം വീണ്ടടുക്കുന്നതായി പഠനങ്ങളില്‍ നിന്നും വ്യക്തമാണ്. ഗര്‍ഭാവസ്ഥയില്‍ വെറുതെ ഇരിക്കുന്ന സ്ത്രീകളേക്കാള്‍ വ്യായാമം ചെയ്യുന്നവര്‍ വേഗത്തില്‍ ആരോഗ്യം തിരിച്ചു പിടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിസേറിയന്‍ ആവാനുള്ള സാധ്യതയും വ്യായാമം ചെയ്യുന്നതിലൂടെ ഒഴിവാകുന്നു.

 

ഗര്‍ഭകാലത്തെ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നു

 

ഗര്‍ഭകാലത്തെ സങ്കീര്‍ണതകളുമായി വ്യായാമം ബന്ധപ്പെട്ടിരിക്കുന്നു. കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെ ഗര്‍ഭധാരണത്തെ കുറിച്ചുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഉദാഹരണത്തിന് ഗര്‍ഭകാല പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, മൂത്രത്തില്‍ പ്രോട്ടീനിന്റെ അംശം കൂടുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ വ്യായാമത്തിലൂടെ സാധിക്കുന്നു. വ്യായാമത്തിലൂടെ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുകയും ഇന്‍സുലിന്‍ തടസം ഒഴിവാക്കുകയും ചെയ്യുന്നു. ഗര്‍ഭകാല പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു.

 

ഗര്‍ഭിണികള്‍ക്ക് ചെയ്യാനാവുന്ന വ്യായാമങ്ങള്‍

 

നിങ്ങളുടെ ശരീര ആരോഗ്യവും പ്രസവ സമയവും നോക്കിയാണ് അനുയോജ്യമായ വ്യായാമങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. ഡോക്ടറിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ വ്യായാമ മുറകള്‍ പരിശീലിക്കാവൂ.

 

ആദ്യ മൂന്നുമാസങ്ങള്‍

 

ആദ്യത്തെ മൂന്ന് മാസങ്ങളില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു പോകാന്‍ ബുദ്ധിമുട്ടുന്ന സമയമാണ്. ക്ഷീണം, തളര്‍ച്ച, തലക്കറക്കം എന്നിവയെല്ലാം കണ്ടുവരുന്ന സമയമാണിത്. 30 മിനിറ്റുള്ള നടത്തം, മെഡിറ്റേഷന്‍ യോഗ എന്നിവയാണ് ഈ സമയത്ത് ചെയ്യാവുന്ന വ്യായാമങ്ങള്‍

 

അടുത്ത മൂന്ന് മാസങ്ങള്‍

 

ഈ മാസങ്ങളില്‍ ശരീരത്തിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന സ്ത്രീകള്‍ കുറേ കൂടി ഉന്‍മേഷവദികളായിരിക്കും. അതിനാല്‍ ഈ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് കുറച്ചു കൂടി ആയാസമുളള വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. സൈക്കളിങ്, യോഗ, നിന്തല്‍, ജോഗിങ് എന്നിവ ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് ചെയ്യാവുന്നതാണ്. കായിക താരങ്ങള്‍ക്ക് ഈ സമയത്ത് ട്രെയിനിഗുകള്‍ എടുക്കാവുന്നതാണ്. എന്നാല്‍ കഠിനമായ ടെയ്നിങുകള്‍ പാടില്ല. ഒരു നല്ല വ്യായാമ പരിശീലകന്റെ സഹായം തേടുന്നത് വളരെ ഉചിതമായിരിക്കും.

 

അവസാന മൂന്ന് മാസങ്ങള്‍

 

അവസാന മൂന്നു മാസങ്ങള്‍ ഗര്‍ഭിണികളെ സംബന്ധിച്ച് അത്ര സുഖകരമായിരിക്കില്ല. നടുവിന് വേദന, സന്ധി വേദന എന്നിങ്ങനെ പലവിധ പ്രശ്നങ്ങളുണ്ടാകും. കുഞ്ഞിന്റെ ഭാരം കൂടുന്നത് നടുവിനും കാലിനും കൂടുതല്‍ സമ്മര്‍ദം നല്‍കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ സമയത്ത് നീന്തല്‍, നടത്തം എന്നിവ ചെയ്യാവുന്നതാണ്. യോഗയിലെ ചില വ്യായാമങ്ങള്‍ ചെയ്യുന്നതിലും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. വയറിന് ക്ഷതമേല്‍ക്കാന്‍ സാധ്യതയുള്ള കായിക ഇനങ്ങളായ ഫുട്ബോള്‍, ഹോക്കി, ക്രിക്കറ്റ്, ബോക്സിങ് എന്നിവയൊന്നും പരീക്ഷിക്കരുത്. അത് വലിയ ക്ഷതങ്ങള്‍ ഉണ്ടാക്കിയേക്കാം. അതിനാല്‍ ഇവ നിര്‍ബന്ധമായും ഒഴിവാക്കണം. കൂടുതല്‍ സമയം വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും ഭാരമുള്ള വസ്തുക്കള്‍ എടുക്കുന്നതും ഒഴിവാക്കേണ്ടതാണ്.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

ഗര്‍ഭകാലത്ത് വ്യായാമം ചെയ്താല്‍ അതു കുഞ്ഞിനെ ബാധിക്കുമോ, പ്രസവം ദുഷ്‌കരമാക്കുമോ, ഗര്‍ഭം അലസുമോ എന്നൊക്കെയുള്ള ധാരാളം ആശങ്കകളും തെറ്റിദ്ധാരണഖളും പല സ്ത്രീകള്‍ക്കുമുണ്ട്. എന്നാല്‍ അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വിദഗ്ധ നിര്‍ദേശത്തിനനുസരിച്ച് വ്യായാമം ശീലിക്കാവുന്നതാണ്. ഗര്‍ഭിണികള്‍ വ്യായാമം ഒഴിവാക്കേണ്ട സാഹചര്യങ്ങളുമുണ്ട്.

 

1 യോനിയില്‍ രക്തസ്രാവം ഉണ്ടാകുന്ന സാഹചര്യം

2 പ്രസവം നേരത്തേയാകാനുള്ള സാധ്യത

3 രണ്ടോ അതിലധികമോ കുഞ്ഞുങ്ങള്‍ വയറ്റിലുണ്ടെങ്കില്‍

4 വ്യായാമത്തിനായി വിദഗ്ധ നിര്‍ദേശം സ്വീകരിക്കാത്ത അമിതവണ്ണമുള്ള ഗര്‍ഭിണികള്‍

5 പ്ലാസെന്റ പ്രെവിയ എന്ന അവസ്ഥയുള്ളവര്‍

6 നേരത്തേ വലിയ പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍

7 ഗര്‍ഭാശയഗളത്തിലുണ്ടാകുന്ന തടസ്സങ്ങള്‍

8 അനിയന്ത്രിതമായ രക്തസമ്മര്‍ദം

 

എന്തെങ്കിലും അസ്വാഭാവികതള്‍ തോന്നുന്നെങ്കില്‍ ഡോക്ടറിന്റെ നിര്‍ദേശം തേടാവുന്നതാണ്. നേരത്തേ ഗര്‍ഭം അലസിയ അവസ്ഥ, ശാരീരിക പ്രശ്നങ്ങളായ ശരീര വേദന ഉളുക്ക് എന്നിവയ്ക്ക് നിര്‍ദേശം തേടാവുന്നതാണ്. വ്യായാമം തുടങ്ങാന്‍ തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് വീതം 20 മിനിറ്റ് വ്യായാമം ചെയ്ത് തുടങ്ങാം. നിങ്ങളുടെയും കുഞ്ഞിന്റെയും പൂര്‍ണ ആരോഗ്യത്തിനായി വ്യായാമം ശീലമാക്കൂ…

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.