spot_img

ഗര്‍ഭകാലത്ത് കഴിക്കേണ്ടത് പോഷക സമൃദ്ധമായ ഭക്ഷണം; അര മണിക്കൂര്‍ വ്യായാമം സുഖപ്രസവം സാധ്യമാക്കും

ഏറ്റവുമധികം സംശയങ്ങളുണ്ടാകുന്ന ഒരു സമയമാണ് ഗര്‍ഭ കാലം. ഡോക്ടറുടെ അടുത്ത് ലഭിക്കുന്ന അഞ്ചോ പത്തോ മിനിറ്റ് പലപ്പോഴും നിങ്ങളുടെ മുഴുവന്‍ സംശയങ്ങളും ദൂരീകരിക്കാന്‍ തികയാതെ വരും. ഗര്‍ഭ കാലത്ത് ശ്രദ്ധിക്കേണ്ട ചെറുതും എന്നാല്‍ വളരെ പ്രധാനപ്പെട്ടതുമായ നിരവധി കാര്യങ്ങളുണ്ട്. അവയൊന്നും പലപ്പോഴും ഡോക്ടര്‍മാര്‍ക്ക് പറഞ്ഞു തരാന്‍ സമയം ലഭിച്ചെന്നു വരില്ല. അവ എന്തെല്ലാമാണെന്നു നോക്കാം.

ഗര്‍ഭിണികള്‍ രണ്ടു പേര്‍ക്കുള്ള ഭക്ഷണം കഴിക്കണമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, രണ്ടു പേര്‍ക്കുള്ള ഭക്ഷണം കഴിക്കുകയല്ല, ഏറ്റവും മികച്ച പോഷകങ്ങള്‍ ലഭിക്കുന്ന ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. നാം സാധാരണ മൂന്നു നേരം ഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍ ഗര്‍ഭിണികള്‍ ചെറിയ ചെറിയ ഇടവേളകളിലായി അഞ്ചോ ആറോ തവണ ഭക്ഷണം കഴിക്കണം. ഭക്ഷണം കഴിക്കുന്നതില്‍ നീണ്ട ഇടവേളകളുണ്ടായാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനും കുഞ്ഞിനെ ബാധിക്കാനും സാധ്യതയുണ്ട്. മൂന്നു നാലു മണിക്കൂറിന്റെ ഇടവേളകളില്‍ ഗര്‍ഭിണികള്‍ ഭക്ഷണം കഴിക്കണം. ഭക്ഷണത്തിന്റെ അളവല്ല, ഇടവേളകളാണ് പ്രധാനം. കാര്‍ബോ ഹൈഡ്രേറ്റ് അഥവാ അന്നജം കൂടുതലുള്ള ഭക്ഷണങ്ങളാണ് കേരളീയര്‍ അധികവും കഴിക്കുന്നത്. ചോറ്, പുട്ട്, ചപ്പാത്തി എന്നിവയാണ് പ്രധാന ഭക്ഷണങ്ങള്‍. എന്നാല്‍ പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണമാണ് ഗര്‍ഭിണികള്‍ കഴിക്കേണ്ടത്. ദിവസവും രണ്ടു ഗ്ലാസ് പാല്‍ (മോരോ തൈരോ ആയാലും മതി) വീതം കുടിക്കുക. ചോറിനേക്കാളധികം പച്ചക്കറികളും പഴങ്ങളും പയറു വര്‍ഗങ്ങളും കഴിക്കണം. പയറു വര്‍ഗങ്ങളില്‍ നിന്ന് ഗ്യാസ്ട്രിക് പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ അവ നന്നായി കുതിര്‍ത്തിയ ശേഷമോ മുളപ്പിച്ചോ കഴിക്കാം. ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കണം. മുട്ടയും പാലും കഴിക്കുന്നത് കുഞ്ഞിന്റെ ഭാരം വര്‍ധിപ്പിക്കുമെന്നത് തെറ്റായ ധാരണയാണ്. ഒരു ദിവസം അഞ്ചോ ആറോ മുട്ടയുടെ വെള്ള കഴിക്കുന്നതും ആരോഗ്യകരം തന്നെ. രാത്രി ഭക്ഷണത്തിനു ശേഷം രണ്ടു മുട്ടയുടെ വെള്ള കഴിക്കാം. നിലക്കടല, പിസ്ത, ബദാം, നട്സ് എന്നിവ കഴിക്കുന്നതും വളരെ നല്ലതാണ്. ശോധനക്കുറവുണ്ടാകുന്നത് ഗര്‍ഭകാലത്ത് സാധാരണമാണ്. അതൊഴിവാക്കാനായി നാരടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കാം. പഴങ്ങള്‍ ജ്യൂസുകളായി കഴിക്കാതെ അങ്ങനെത്തന്നെ കഴിക്കുന്നത് നാരുകള്‍ ശരീരത്തിലെത്താന്‍ സഹായിക്കും. നാരടങ്ങിയ ഭക്ഷണം ശോധന അനായാസമാക്കുന്നു.

ഗര്‍ഭകാലത്തെ ആരോഗ്യകരമായ ഭാരം എത്രയാണെന്നതിനെ കുറിച്ച് വ്യക്തമായ അറിവില്ലാത്തത് പലരിലും ആശങ്കയുണ്ടാക്കാറുണ്ട്. ആദ്യത്തെ മൂന്നു മാസം ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകുന്നതിനാല്‍ മൂന്നു മുതല്‍ അഞ്ചു കിലോ വരെ ഭാരം കുറയുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. നാലാം മാസം മുതലാണ് ഭാരം കൂടുന്നത്. ഒരു മാസം രണ്ടു കിലോ വീതം കൂടുക എന്നതാണ് സാധാരണയായി സംഭവിക്കുന്നതും ആരോഗ്യകരവും. അതില്‍ക്കൂടുതല്‍ ഭാരം വര്‍ധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഭക്ഷണം നിയന്ത്രിക്കണം. മെലിഞ്ഞ സ്ത്രീകളിലും വണ്ണമുള്ള സ്ത്രീകളിലും ഭാരം കൂടുന്നത് വ്യത്യസ്ത തരത്തിലാണ്. മെലിഞ്ഞ സ്ത്രീകളില്‍ 12 മുതല്‍ 19 കിലോ വരെ ഭാരം കൂടുന്നതില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ വണ്ണമുള്ള സ്ത്രീകളില്‍ എട്ടു മുതല്‍ 11 കിലോ വരെ മാത്രമേ ഭാരം കൂടാന്‍ പാടുള്ളൂ. അതില്‍ കൂടുതല്‍ ഭാരം കൂടുന്നത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചേക്കാം.

ആദ്യമായി ഗര്‍ഭിണിയാകുന്ന സ്ത്രീകളില്‍ വയറിന്റെ പേശിക്ക് ബലമുള്ളതിനാല്‍ അഞ്ചാമത്തെയോ ഏഴാമത്തെയോ മാസങ്ങളിലാണ് വയര്‍ വലുതാകുന്നത്. എന്നാല്‍ രണ്ടാമതോ മൂന്നാമതോ ഗര്‍ഭിണിയാകുന്നവരില്‍ പേശികള്‍ക്ക് ബലക്കുറവുള്ളതിനാല്‍ മൂന്നാമത്തെ മാസം മുതല്‍ തൂങ്ങിയ വലിയ വയറുകളുണ്ടാകുന്നു. ഇതില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. തികച്ചും സ്വാഭാവികം മാത്രമായ പ്രതിഭാസമാണെന്നു മനസ്സിലാക്കുക.

ഗര്‍ഭകാലത്ത് ഏറ്റവും സുരക്ഷിതമായ യാത്രകള്‍ ബസ്, ട്രെയിന്‍, വിമാന യാത്രകളാണ്. ബൈക്കിലും ഓട്ടോയിലുമുള്ള കുലുങ്ങുന്ന യാത്രകള്‍ ഒഴിവാക്കണം. ദൂരയാത്രകള്‍ പോകുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക.

ഗര്‍ഭസ്ഥ ശിശു മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉറങ്ങാം. അതിനാല്‍ മൂന്നോ നാലോ മണിക്കൂര്‍ കുഞ്ഞിന്റെ അനക്കം അറിയുന്നില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ അതില്‍ക്കൂടുതല്‍ സമയം അനക്കമില്ലാതെ തുടര്‍ന്നാല്‍ എന്തെങ്കിലും ഭക്ഷണം കഴിച്ച് ഇടതുവശം ചരിഞ്ഞ് കിടക്കുക. മണിക്കൂറില്‍ മൂന്ന് അനക്കമോ, ദിവസവും പത്ത് അനക്കമോ ലഭിക്കുന്നുണ്ടെങ്കില്‍ കുഞ്ഞിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല എന്നര്‍ത്ഥം.

ഗര്‍ഭിണികള്‍ വ്യായാമം ചെയ്യേണ്ടത് ആവശ്യമാണ്. രാവിലെയും വൈകുന്നേരവും അര മണിക്കൂര്‍ നടത്തം, ബട്ടര്‍ഫ്ളൈ പോസ്ചര്‍, നീന്തല്‍, സ്‌ക്വാക്സ് എന്നിവ ചെയ്യുന്നത് ഇടുപ്പെല്ലുകള്‍ വികസിപ്പിച്ച് സുഖപ്രസവം സാധ്യമാക്കുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.