കേട്ടു പഴകിയ ഒരു പഴമൊഴിയാണ് ‘അസൂയക്കും കഷണ്ടിക്കും മരുന്നില്ല’ എന്നത്. എന്നാല്‍ അത് ശരിയാണോ?
കഷണ്ടിയില്‍ നിന്നും തുടങ്ങാം. 50% പുരുഷന്മാരിലും 40 വയസ്സ് കഴിഞ്ഞ ഏതാണ്ട് അത്രതന്നെ സ്ത്രീകളിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് കഷണ്ടി (Androgenic Alopecia ). ചരിത്രാതീത കാലം മുതല്‍ തന്നെ പലവിധ മാര്‍ഗങ്ങളും ലോകത്തെമ്പാടുമുള്ള ആളുകള്‍ ഇത് മാറാനായി പരീക്ഷിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെ പിതാവായ സാക്ഷാല്‍ ഹിപ്പോക്രാറ്റസിനും കഷണ്ടി ഉണ്ടായിരുന്നു. ഒപിയം, മുള്ളങ്കി, ബീറ്റ്‌റൂട്ട്, പ്രാവിന്റെ കാഷ്ടം, തുടങ്ങിയവയൊക്കെ പരീക്ഷിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. എന്നാല്‍ അദ്ദേഹം ഒരു കാര്യം നിരീക്ഷിച്ചു. വൃഷണങ്ങള്‍ നീക്കം ചെയ്തവര്‍ക്ക് (Enunchs ) കഷണ്ടി ഉണ്ടാവുന്നില്ല എന്ന്. ( പുരുഷ ഹോര്‍മോണുകളായ Testosterone, DHT എന്നിവ രോമകൂപങ്ങളില്‍ അമിതമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കഷണ്ടി ഉണ്ടാവുന്നത്. അത് ശരിയാണെന്ന് പിന്നീട് 1995ല്‍ നടത്തിയ പഠനത്തില്‍ നിസ്സംശയം തെളിയിക്കപ്പെട്ടു)
ജൂലിയസ് സീസറിന്റെ സാമ്രാജ്യം വളര്‍ന്നു വന്നതോടൊപ്പം പുള്ളിയുടെ മുടിയുടെ എണ്ണവും കുറഞ്ഞുവന്നു. കാമുകി ക്ലിയോപാട്ര നിര്‍ദ്ദേശിച്ച, കുതിരയുടെ പല്ല്, കരടി നെയ്യ് തുടങ്ങിയവ പരാജയപ്പെട്ടപ്പോള്‍ laurel wreath (ഇലകള്‍ കൊണ്ടുണ്ടാക്കുന്ന കിരീടം) ഉപയോഗിക്കാന്‍ തുടങ്ങി. പിന്നെ അത് പൗരുഷത്തിന്റെയും കരുത്തിന്റെയും പ്രതീകമായി മാറി.
ഫ്രാന്‍സിലെ ലൂയി പതിമൂന്നാമന്‍ വിഗ് ഉപയോഗിച്ച് തുടങ്ങിയതില്‍ പിന്നെ അത് ഒരു സ്റ്റാറ്റസ് സിംബലായി മാറി. പഴയകാല രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ന്യായാധിപന്മാരുടെയുമൊക്കെ ചിത്രങ്ങളില്‍ ഇത് കാണാം.
തണുത്ത തേയില, പാമ്പിന്‍ നെയ്യ്, ചെറുനാരങ്ങ മസാജ്, ഇതൊക്കെ പലരും പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങള്‍, Vacuum Cup Machine, UV രശ്മികള്‍ പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍, ഇവയെല്ലാം രോമകൂപങ്ങളെ ഉത്തേജിപ്പിക്കാന്‍ ബാര്‍ബര്‍ ഷോപ്പുകളും ക്ലിനിക്കുകളും ഉപയോഗിച്ചിരുന്നു.
പൊള്ളയായ അവകാശവാദങ്ങള്‍ക്ക് അപ്പുറത്തേക്ക് ഒരു പ്രയോജനവും ഇല്ലാത്ത പലവിധ ഹെര്‍ബല്‍ മരുന്നുകളും ഔഷധക്കൂട്ടുകളും അന്നും ഇന്നും ആളുകള്‍ പ്രതീക്ഷയോടെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. കഷണ്ടിക്ക് നിലവിലുള്ള ഫലപ്രദമായ ചികിത്സകളെ കുറിച്ചുള്ള അജ്ഞതയാണ് പലരും ഈ വഴികള്‍ ഇപ്പോഴും സ്വീകരിക്കുന്നതിന് കാരണം.
ആന്‍ഡ്രോജന്‍ ( പുരുഷ ഹോര്‍മോണുകള്‍) ആണ് കഷണ്ടിക്ക് കാരണമെന്ന് കണ്ടെത്തിയതോടെ രോമകൂപങ്ങളില്‍ Androgens ന്റെ പ്രവര്‍ത്തനം തടയുന്ന പല മരുന്നുകളും കഷണ്ടിക്ക് ഫലപ്രദമാണെന്ന് കണ്ടെത്തി. നിലവില്‍ FDA അംഗീകരിച്ച രണ്ടു മരുന്നുകളാണ്, Minoxidil & Finasteride. രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്ന് എന്ന നിലയിലാണ് മിനോക്‌സിഡില്‍ വികസിപ്പിച്ചത്(1950s). പക്ഷേ ഇത് ഉപയോഗിച്ചവരില്‍ അപ്രതീക്ഷിതമായി മുടിവളര്‍ച്ച കണ്ടെത്തിയതോടെയാണ് മിനോക്‌സിഡില്‍ അടങ്ങിയ ലേപനങ്ങള്‍ കഷണ്ടിക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്.
രോമകൂപങ്ങളില്‍ പുരുഷ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണ് Finasteride ഗുളികകള്‍ ചെയ്യുന്നത്(FDA -1992). Minoxidil ലേപനങ്ങളും Finasteride ഗുളികകളും കഷണ്ടിക്ക് വളരെ ഫലപ്രദമാണെങ്കിലും മരുന്ന് ഉപയോഗം നിര്‍ത്തി മാസങ്ങള്‍ കഴിയുമ്പോള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് പോകും എന്നതാണ് ഈ മരുന്നുകളുടെ പരിമിതി. Finasteride ഉപയോഗിക്കുന്ന 2% ആളുകള്‍ക്ക് ലൈംഗിക താല്‍പര്യക്കുറവും ഉത്തേജനക്കുറവും ഉണ്ടാകുന്നു എന്നത് ഇതിന്റെ ഒരു പാര്‍ശ്വഫലമാണ് ( മരുന്നു നിര്‍ത്തിയാല്‍ ആ പ്രശ്‌നം തീരുന്നു)
കഷണ്ടിയോട് സാമ്യമുള്ള മറ്റു ചില അസുഖങ്ങളാണ്, Telogen Effluvium, Alopecia aerata (AA), Psoriasis കൊണ്ടുണ്ടാകുന്ന മുടികൊഴിച്ചില്‍ എന്നിവ. ഇവയുടെയെല്ലാം കാരണങ്ങളും ചികിത്സകളും തികച്ചും വ്യത്യസ്തമാണ്. ഇതില്‍ AA യുള്ള ചിലര്‍ക്ക് പൂര്‍ണമായും മുടിയും പുരികം ഉള്‍പ്പെടെയുള്ള ശരീര രോമങ്ങളും ഇല്ലാതെ വരാം(Alopecia Universalis ).
റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സോറിയാസിസ് എന്നിവയുടെ ചികിത്സയ്ക്ക് വേണ്ടി ഈ അടുത്തകാലത്ത് വികസിപ്പിച്ചെടുത്ത ഒരു മരുന്നാണ്, Tofacitinib. സോറിയാസിസ് ഉള്ള Kyle Rhods എന്ന ഒരു രോഗിയെ, Yale University യിലെ Dr Brett King എന്ന ത്വക് രോഗ വിദഗ്ധന്‍ Tofacitinib ഉപയോഗിച്ച് ചികിത്സിച്ചു. Alopecia aerata അസുഖം കാരണം ശരീരത്തില്‍ മുടി പൂര്‍ണമായും നഷ്ടപ്പെട്ട ഒരാള്‍ കൂടിയായിരുന്നു ആ വ്യക്തി. രണ്ടു മാസത്തെ ചികിത്സയ്ക്ക് ശേഷം സോറിയാസിസ് ഭേദമായി തുടങ്ങി. പക്ഷേ തലയിലും പുരികത്തിലും മുടി വളരുന്നതായി കണ്ടു. മൂന്നുമാസം കഴിഞ്ഞപ്പോള്‍ അവിശ്വസനീയമായ രീതിയില്‍ മുടി വളര്‍ന്നുവന്നു. ഒരുപക്ഷേ മുടികൊഴിച്ചില്‍ ചികിത്സയില്‍ ഇന്നേവരെയുള്ള ഏറ്റവും വലിയ നാഴികക്കല്ല് 2014 ലെ ഈ യാദൃശ്ചിക കണ്ടുപിടുത്തം ആയിരിക്കാം. Tofacitinib ഉം അതിന്റെ വിഭാഗത്തില്‍പ്പെടുന്ന Ruxolitinib ഉം മറ്റ് മുടികൊഴിച്ചില്‍ രോഗങ്ങളില്‍ എത്രമാത്രം ഫലപ്രദമാണ് എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Hair transplant ആണ് കഷണ്ടിക്ക് ശാശ്വത പരിഹാരം. വിവിധ തരം ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ടെക്‌നിക്കുകള്‍ നിലവില്‍ പ്രയോഗത്തിലുണ്ട്. പല സെലിബ്രിറ്റികളും ഈ രീതിയില്‍ കഷണ്ടിക്ക് പരിഹാരം കണ്ടെത്തിയവരാണ്. വലിയ ചെലവ് വരും എന്നതാണ് ഇതിന്റെ പരിമിതി.
അങ്ങനെ കഷണ്ടിയുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി. ഇനി അസൂയ (jealousy)യുടെ കാര്യം. അസൂയ മനുഷ്യസഹജമായ ഒരു വികാരമാണ്. സ്വയവും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള അതിരു കവിഞ്ഞ അസൂയ ഒരു മാനസിക വൈകല്യമാണ്. Morbid jealousy അഥവാ Pathological jealousy എന്നാണ് അതിനെ വിളിക്കുന്നത്. Delusional disorders, Obsessive Compulsive Disorder എന്നീ മനോരോഗങ്ങളുടെ വിഭാഗത്തിലാണ് Morbid jealousy യെ പെടുത്തിയിരിക്കുന്നത്. ഷേക്‌സ്പിയറുടെ Othello യും, ‘വടക്കുനോക്കിയന്ത്ര’ ത്തിലെ ശ്രീനിവാസന്റെ കഥാപാത്രവും ഇതിന് ഉദാഹരണങ്ങളാണ്. OCD ആയാലും Delusional disorder ആയാലും വളരെ ഫലപ്രദമായ ചികിത്സ ഇന്നുണ്ട്.
അപ്പോള്‍ ‘അസൂയക്കും കഷണ്ടിക്കും മരുന്നില്ല’ എന്ന പഴഞ്ചൊല്ലിന് ഇനി എന്താണ് പ്രസക്തി?