ശാരീരിക പീഡനങ്ങളെക്കാള്‍ ഒരാളെ ഏറ്റവും അധികം ബാധിക്കുന്നത് മാനസിക പീഡനങ്ങളാണ്. പ്രത്യേകിച്ചും അത് അവരുടെ മാനസിക ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം. ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും നീണ്ടു നില്ക്കുന്ന പല പ്രശ്നങ്ങളും ഇത്തരക്കാര്‍ക്ക് അനുഭവപ്പെട്ടേക്കാം. ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന മാനസിക പ്രശ്നങ്ങള്‍ ഏറെ അപകടകരവുമാണ്. മാനസിക പീഡനങ്ങളില്‍ കൂടി കടന്നുപോകുന്ന ഒരാള്‍ക്ക് ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരുന്നു. ഷോക്ക്, ആത്മവിശ്വാസക്കുറവ്, പ്രകോപനത്തില്‍ വീഴുക, പേടി, കുറ്റബോധം എന്നിവ ഇത്തരക്കാര്‍ നേരിടുന്ന ഹ്രസ്വകാല പ്രശ്നങ്ങളാണ്. എന്നാല്‍ വിഷാദരോഗം, ആത്മഹത്യാ പ്രവണത, ഉറക്കക്കുറവ്, പെട്ടെന്നുണ്ടാകുന്ന സ്വഭാവമാറ്റം എന്നിവയെല്ലാം ദീര്‍ഘകാല പ്രശ്നങ്ങളാണ്. ഇവ ഏറ്റവും അപകടകരവും സൂക്ഷിക്കേണ്ടുന്നതുമാണ്. ചെറിയ കാലത്തേക്കാണ് മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെങ്കില്‍ ഇരയ്ക്ക് ഒരു കാലഘട്ടം കഴിയുമ്പോള്‍ സ്വഭാവവും മാനസിക നിലയും വീണ്ടെടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍ നിരന്തരമായി മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നവരുടെ അവസ്ഥ ഏറെ അപകടത്തിലൂടെയാകും കടന്നു പോകുക.
മാനസിക പിരിമുറുക്കം മൂലമുണ്ടാകുന്ന താല്‍ക്കാലിക പ്രശ്നങ്ങള്‍
ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്ത, നഗ്നമായ സത്യങ്ങള്‍ എന്നിവയൊക്കെ ഇത്തരക്കാര്‍ക്ക് വലിയ ഷോക്കായിരിക്കും. വിശ്വസിച്ചതിന് വിപരീതമായി ഓരോന്നും നടക്കുന്നതിലുള്ള നിരാശയും ദുഃഖവും അവര്ക്കുള്ളിലുണ്ടാകും. ജീവിതം തകര്‍ന്നതായി ഇത്തരക്കാര്‍ ചിന്തിക്കാനും ഇടയുണ്ട്. അതിനനുസരിച്ച് അവരുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ സംഭവിച്ചേക്കാം.
പലവിധ ചിന്തകള്‍ മൂലമുണ്ടാകുന്ന ആശയക്കുഴപ്പം
മാനസിക പീഡനങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളിലും മുതിര്‍ന്നവരിലും ഇനിയെന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച ആശയക്കുഴപ്പം കടന്നു വരാറുണ്ട്. പലപ്പോഴും പലവിധ ചിന്തകളിലൂടെ അവരുടെ മനസുകള്‍ കടന്നു പോകുകയും ഒരു കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുക്കാനാവാതെ ബുദ്ധിമുട്ടുന്നതും ഇത്തരക്കാരുടെ പ്രശ്നമാണ്.
പേടിയും കുറ്റബോധവും തോന്നുക
മാനസിക പീഡനം നേരിടുന്നവര്‍ തങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തെയോര്‍ത്ത് കുറ്റബോധം തോന്നുകയും പീഡിപ്പിക്കുന്നവരെ വളരെയേറെ പേടിക്കുകയും ചെയ്യുന്നവരാണ്. ഇത്തരം ഒരു സാഹചര്യത്തിലേക്ക് എത്തിപ്പെടാനുണ്ടായ കാരണങ്ങളെ ഓര്‍ത്ത് അവര്‍ക്ക് കുറ്റബോധം ഉണ്ടാകുന്നു. എന്നാല്‍ പ്രതികരിക്കാനോ, പ്രതിഷേധിക്കാനോ ആവാത്തവിധം പീഡിപ്പിക്കുന്ന ആളെ അവര്‍ക്ക് ഭയവുമായിരിക്കും.
ദേഷ്യവും വിഷാദവും പാരമ്യത്തിലായിരിക്കും
മാനസിക പീഡനങ്ങള്‍ നേരിടുന്നവരില്‍ ചിലര്‍ വളരെ അപകടകാരികളായിരിക്കും. ഇത്തരക്കാര്‍ തങ്ങളുടെ ദേഷ്യവും കോപവുമെല്ലാം പീഡിപ്പിക്കുന്ന ആളിലോ, മറ്റുള്ളവരിലോ കാണിച്ചേക്കാം. എന്നാല്‍ മറ്റു ചിലര്‍ ഇതിന്റെ നേരെ വിപരീതമായിരിക്കും. എന്ത് ചെയ്താലും പ്രതികരിക്കാതെ പീഡിപ്പിക്കുന്നയാള് പറയുന്നതെന്തും അനുസരിക്കുന്ന ഒരു പാവ പോലെയായിരിക്കും ഇത്തരക്കാര്‍. പലപ്പോഴും കരയുന്ന പ്രകൃതമുള്ളവരാണ് ഇത്തരക്കാര്‍.
ആത്മവിശ്വാസം നഷ്ടപ്പെടുന്നു
ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ വളരെയേറെ പ്രയാസമുണ്ടാകും. മറ്റുള്ളവരെ കുറിച്ചുള്ള മുന്‍വിധികളാണ് പലപ്പോഴും ഇത്തരം സാഹചര്യങ്ങളിലേക്ക് അവരെ തള്ളിവിടുന്നത്. താന്‍ ഉപയോഗശൂന്യമാണെന്ന് തോന്നുക, മറ്റുള്ളവരുമായി കണ്ണുകളില്‍ നോക്കി സംസാരിക്കാതിരിക്കുക, ഒന്നും ഇനി ചെയ്യാനാവില്ല, സഹായിക്കാനാരുമില്ല എന്നുള്ള തോന്നലുകള്‍ ഇത്തരക്കാര്‍ക്ക് ഉണ്ടാകുന്നു.
മാനസിക പിരിമുറുക്കം മൂലമുണ്ടാകുന്ന നീണ്ടകാല പ്രശ്നങ്ങള്‍
നീണ്ട നാളുകളായി മാനസിക പ്രശ്നം അനുഭവിക്കുന്നവര്‍ ശാരീരികമായും മാനസികമായും അനാരോഗ്യം ഉള്ളവരായിരിക്കും. മറ്റ് അവസ്ഥകളെക്കാള്‍ ഏറ്റവും അപകടകരവും ഈ സാഹചര്യങ്ങളില്‍ കൂടി കടന്നുപോകുന്നവര്ക്കായിരിക്കും. നീണ്ട നാളുകളായി മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നവരില്‍, പ്രത്യേകിച്ച് കുട്ടികളില്‍ അതുണ്ടാക്കുന്ന മുറിപ്പാടുകള്‍ ചിലപ്പോള്‍ മരണംവരെ നീണ്ടു നിന്നേക്കാം.
വിഷാദവും പിന്തിരിയലും
ദീര്‍ഘ നാളുകളായി മാനസിക പീഡനം അനുഭവിക്കുന്നവര്‍ക്ക് തങ്ങളെ സഹായിക്കാനോ രക്ഷിക്കാനോ ആരുമില്ലെന്ന ചിന്ത ഉണ്ടാകുന്നു. ഇത് പിന്നീട് താന്‍ ഒറ്റയ്ക്കാണെന്ന ചിന്തയില്‍ കൊണ്ടെത്തിക്കുന്നു. പതിയെ ഇത്തരം ആളുകള്‍ വിഷാദരോഗത്തിന് അടിമപ്പെടുന്നു. മറ്റുള്ളവരുടെ സഹായമോ, ക്യത്യമായ ചികിത്സയോ ഇല്ലെങ്കില്‍ ഇത്തരക്കാരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുക അസാധ്യമായെന്നുവരാം.
മാനസിക പീഡനം അനുഭവിക്കുന്ന മുതിര്‍ന്നവരില്‍ അത്തരം സാഹചര്യങ്ങളില്‍ നിന്ന് പിന്തിരിയാനുള്ള സാധ്യത കണ്ടുവരാറുണ്ട്. എന്നാല്‍ ചെറുപ്പത്തിലേ മാനസിക പീഡനങ്ങള്‍ ഏല്ക്കേണ്ടിവരുന്ന കുട്ടികളില്‍ പ്രതികരണശേഷി നഷ്ടപ്പെടുന്നതായാണ് കാണാറുള്ളത്. മറ്റുള്ളവരുമായി സംവദിക്കാതെ സ്വന്തം വിഷമങ്ങള്‍ മനസില്‍ കൊണ്ടു നടന്ന് കൂടുതല്‍ മാനസിക പിരിമുറുക്കങ്ങളിലേക്ക് അവര്‍ എത്തുന്നു.
ആക്രമണ സ്വഭാവം
മാനസിക പീഡനം അനുഭവിക്കുന്ന പലരും തങ്ങളുടെ ദേഷ്യം മറ്റുള്ളവരിലാകും കൂടുതലായും കാണിക്കുക. ഇത്തരക്കാര്‍ക്ക് തങ്ങളെ പീഡിപ്പിക്കുന്നവരെ ഭയമായിരിക്കും. മാനസികമായി പീഡിപ്പിക്കുന്ന ആളോടുള്ള വെറുപ്പും വിദ്വേഷവും സുഹൃത്തുക്കളോടോ, ബന്ധുക്കളോടോ, കുടുംബത്തോടോ, കുട്ടികളോടോ ഇത്തരക്കാര്‍ കാണിക്കുന്നു.
ഉറക്കമില്ലായ്മയും ദുഃസ്വപ്നങ്ങളും
ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനങ്ങള്‍ ഇത്തരക്കാരുടെ ഉറക്കത്തെ കാര്യമായി ബാധിക്കുന്നു. ഉറങ്ങാന്‍ സാധിക്കാതെ വരുക, രാത്രിയില്‍ ഞെട്ടിയുണരുക, പിന്നീട് ഉറക്കം വരാതിരിക്കുക, ദുഃസ്വപ്നങ്ങള്‍ കാണുക തുടങ്ങിയവയെല്ലാം ഇത്തരക്കാരുടെ പ്രശ്നങ്ങളാണ്. ക്യത്യമായി ഉറക്കം ലഭിക്കാതെ വരുന്നതോടെ ഇവര്‍ കൂടുതല്‍ ക്ഷീണിതരും അനാരോഗ്യമുള്ളവരുമായി മാറുന്നു.
പീഡിപ്പിക്കുന്ന ആളില്‍ തന്നെ ആശ്രയിക്കുക
തന്നെ പീഡിപ്പിക്കുന്ന ആള് എന്നെങ്കിലും മനസ് മാറി നന്നായി പെരുമാറുമെന്ന ചിന്ത അപൂര്‍വം ചിലരിലെങ്കിലും ഉണ്ടാകാറുണ്ട്. പീഡിപ്പിക്കുന്ന ആള് ചെയ്യുന്നത് ‘ശരിയാണെന്ന’ തെറ്റായ ധാരണയും ചിലര്‍ക്ക് ഉണ്ടാകും. മാനസിക പീഡനങ്ങളില്‍ നിന്ന് മോചനം ഉണ്ടാവില്ലെന്ന തിരിച്ചറിവും ഇത്തരക്കാര്‍ക്ക് പലപ്പോഴായി ഉണ്ടായിക്കൊണ്ടിരിക്കും.
ആത്മഹത്യാ പ്രവണത
മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ ഇതില്‍ നിന്നും രക്ഷ നേടാനായി കണ്ടെത്തുന്ന മാര്‍ഗങ്ങളിലൊന്നാണ് ആത്മഹത്യ. ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണമാണെന്ന ചിന്തയായിരിക്കും ഇത്തരക്കാര്‍ക്ക്. പീഡനങ്ങളില്‍ നിന്നും ഒരിക്കലും മോചനമുണ്ടാകില്ലെന്ന ചിന്തയാണ് ഇവരെ ആത്മഹത്യകള്‍ക്ക് പ്രേരിപ്പിക്കുന്നത്.
മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുക
മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ തേടി പോകുന്ന വഴികളാണ് മദ്യവും മയക്കുമരുന്നുമെല്ലാം. ഇവയുടെ ഉപയോഗത്തിലൂടെ താല്ക്കാലികമായ ആശ്വാസം ഇത്തരക്കാര്‍ക്ക് ലഭിക്കുന്നു. ഈ അവസ്ഥ നിലനിര്‍ത്താന്‍ മദ്യപാനവും പുകവലിയും ശീലമാക്കുന്നവര്‍ നിരവധിയാണ്.
ആരേയും വിശ്വാസമില്ലാതിരിക്കുക
മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നവരുടെ വലിയ ഒരു പ്രശ്നമാണ് മറ്റുള്ളവരെ വിശ്വസിക്കാതിരിക്കുക. പീഡിപ്പിക്കുന്ന ആളുടെ അതേ സ്വഭാവമായിരിക്കും ഇവര്‍ക്കും എന്ന മുന്‍ധാരണയാണ് ഇത്തരം ചിന്തകളിലേക്ക് ഇവരെ നയിക്കുന്നത്. അതിനാല്‍ തന്നെ തനിക്ക് നേരിടുന്ന പ്രശ്നങ്ങള്‍ വിശ്വാസത്തോടെ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കാറില്ല. മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ പ്രത്യേകിച്ചും തങ്ങളുടെ മുന്നോട്ടുള്ള ജീവിത്തില്‍ മറ്റുള്ളവരെ വിശ്വസിക്കുന്നവരായിരിക്കില്ല.
ഏത് തരം പീഡനങ്ങളായാലും, മാനസികമോ ശാരീരികമോ ആയിക്കോട്ടെ അത് മനുഷ്യത്വരഹിതമാണ്. അത്തരം പീഡനങ്ങള്‍ക്ക് അവസാനം ഉണ്ടാകണം. ഇത്തരം പീഡനങ്ങളില്‍ കൂടി കടന്നു പോകുന്നവരുണ്ടെങ്കില്‍ മറ്റുള്ളവരുടെ സഹായം ചോദിക്കാന്‍ ഒരിക്കലും മടിക്കേണ്ട ആവശ്യമില്ല. നിങ്ങളെ സ്നേഹിക്കുന്ന ഒരാളും നിങ്ങളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കില്ലെന്ന് തിരിച്ചറിയുക, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ നിങ്ങളെ സ്നേഹിക്കുന്നില്ലെന്നും..