ഒരു ദിവസത്തിന്റെ മുഴുവന്‍ ക്ഷീണവും മറക്കുന്നത് പലപ്പോഴും ഒരു ഡ്രിങ്കിലാണ്. എന്നാല്‍ അതിലടങ്ങിയിരിക്കുന്ന കലോറി എത്രയാണെന്നറിഞ്ഞാല്‍ മുഴുവന്‍ സന്തോഷവും അപ്രത്യക്ഷമാകും. മദ്യപാനം ശരീരഭാരം കൂട്ടുന്നതെങ്ങനെയെന്നും അതിനുള്ള പരിഹാര മാര്‍ഗങ്ങളെന്തെന്നും നോക്കാം.
അമിതമായി മദ്യപിക്കുന്നത് ഭാരം കൂടാനിടയാക്കും : പുരുഷന്മാര്‍ക്ക് കൂടുതല്‍ സാധ്യത
ആല്‍ക്കഹോള്‍ നേരിട്ട് ഭാരം കൂടുന്നതിനോ പൊണ്ണത്തടിക്കോ കാരണമാകുന്നുണ്ടോ എന്നതിനെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഉണ്ടെന്നും ഇല്ലെന്നും വ്യത്യസ്തമായ ഫലങ്ങളാണ് ഗവേഷണങ്ങളില്‍ നിന്ന് കണ്ടെത്തിയത്. ബ്രിട്ടണില്‍ അഞ്ചു വര്‍ഷത്തോളം സമയമെടുത്ത് നടന്ന ഒരു പഠനമനുസരിച്ച്, മധ്യവയസ്‌കരായ പുരുഷന്മാരില്‍ ദിവസവും 30 ഗ്രാം ആല്‍ക്കഹോള്‍ കഴിക്കുന്നത് ഒന്‍പത് ശതമാനം കലോറി നല്‍കുമെന്ന് (ദിവസവും ആവശ്യമുള്ളതിനേക്കാള്‍) കണ്ടെത്തിയിട്ടുണ്ട്. അവര്‍ കൂടുതല്‍ ഭാരം വെക്കുകയും പൊണ്ണത്തടി എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഏതു തരത്തിലുള്ള ആല്‍ക്കഹോള്‍ ആണെന്നുള്ളത് ഇതിന് മാനദണ്ഡമല്ല. അമിതമായ മദ്യപാനം സ്ത്രീകളിലും കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും.
മിതമായ മദ്യപാനം പ്രശ്‌നമല്ല
ലഘുവായ മദ്യപാനവും മിതമായ മദ്യപാനവും ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നില്ല എന്നാണ് ഭൂരിഭാഗം പഠനങ്ങളെങ്കിലും വിപരീത ഫലം ലഭിച്ച പഠനങ്ങളുമുണ്ട്. 13 വര്‍ഷം നീണ്ട ഒരു പഠനത്തില്‍ മിതമായി മദ്യപിക്കുന്ന സ്ത്രീകളില്‍ ചെറിയ തോതില്‍ ഭാരം കൂടിയതായി കണ്ടെത്തിയിരുന്നു.
ആല്‍ക്കഹോളിനൊപ്പം മറ്റു ഘടകങ്ങളും ഭാരം കൂടാന്‍ കാരണമാകുന്നു
ആല്‍ക്കഹോള്‍ ഉപയോഗത്തോടൊപ്പം മറ്റു കാരണങ്ങളും ഭാരക്കൂടുതലിന് വഴിവെക്കുന്നു. മദ്യപാനം ഇല്ലാത്തവരിലും അനാരോഗ്യകരമായ ജീവിതരീതി ഭാരക്കൂടുതലിന് ഇടയാക്കുന്നു. ശരിയായ ഭക്ഷണരീതിയും ജീവിതശൈലിയും ആവശ്യത്തിന് വ്യായാമവുമുള്ളവരില്‍ ദിവസവും ചെറിയ തോതില്‍ മദ്യപിക്കുന്നത് ഭാരക്കൂടുതലിനോ കൊഴുപ്പടിയലിനോ ഇടയാക്കുന്നില്ല.
കൊഴുപ്പിലടങ്ങിയിരിക്കുന്ന അതേ അളവ് കലോറി ആല്‍ക്കഹോളിലും
കൊഴുപ്പിലടങ്ങിയിരിക്കുന്ന കലോറിയുടേതിന് തുല്യമാണ് ആല്‍ക്കഹോളിലെ കലോറിയും. ഒരു ഗ്രാമില്‍ ഏഴു കലോറി.
ഓരോ ഡ്രിങ്കിലും അടങ്ങിയിരിക്കുന്ന കലോറി എത്രയെന്നു നോക്കാം.
12 ഔണ്‍സ് ബിയര്‍ : 153 കലോറി
12 ഔണ്‍സ് ലൈറ്റ് ബിയര്‍ : 103 കലോറി
9 ഔണ്‍സ് പൈന കൊളാഡ : 490 കലോറി
6 ഔണ്‍സ് മോജിറ്റോ : 143 കലോറി
5 ഔണ്‍സ് റെഡ് വൈന്‍ : 125 കലോറി
5 ഔണ്‍സ് വൈറ്റ് വൈന്‍ : 121 കലോറി
4 ഔണ്‍സ് ഷാമ്പെയ്ന്‍ : 84 കലോറി
3.5 സ്വീറ്റ് വൈന്‍ : 165 കലോറി
1.5 ഔണ്‍സ് ഡിസ്റ്റില്‍ഡ് സ്പിരിറ്റ് ( ജിന്‍, വോഡ്ക, ടെക്കീല, വിസ്‌കി, റം) : 97 കലോറി
1.5 ഔണ്‍സ് ലിക്വര്‍ : 165 കലോറി
2.75 ഔണ്‍സ് മാന്‍ഹട്ടണ്‍ : 146 കലോറി
2.25 ഔണ്‍സ് മാര്‍ടിനി : 124 കലോറി
ആല്‍ക്കഹോള്‍ = കാന്‍ഡീസ്, പൊട്ടറ്റോ ചിപ്‌സ്
യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ചില മദ്യങ്ങളിലെയും കാന്‍ഡീസ്, ചോക്ലേറ്റ് എന്നിവയിലെയും കലോറി താരതമ്യം ചെയ്തുനോക്കി. ഭാരം കുറക്കാന്‍ ശ്രമിക്കുന്ന സമയത്ത് നമ്മള്‍ കൈ കൊണ്ട് തൊടുക പോലും ചെയ്യാത്ത ചില കാന്‍ഡികളിലും ചിപ്‌സുകളിലും അടങ്ങിയിരിക്കുന്ന അതേ അളവ് ഷുഗര്‍ ആല്‍ക്കഹോളിലും അടങ്ങിയിരിക്കുന്നു എന്നു കണ്ടെത്തി. എല്ലാ ആല്‍ക്കഹോളിലും ചെറിയ അളവില്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ട്. ഒരു ദിവസം അഞ്ച് ടീസ്പൂണ്‍ പഞ്ചസാരയിലധികം കഴിക്കരുതെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഒരു പൈന്റ് സിഡറില്‍ അതിനേക്കാളധികം ഷുഗര്‍ ചേര്‍ന്നിട്ടുണ്ട്. പഞ്ചസാര എത്ര കുറയുന്നുവോ അത്ര നല്ലതാണ്. ചില ആല്‍ക്കഹോളുകളില്‍ ഷുഗര്‍ വളരെയധികം അടങ്ങിയിരിക്കുന്നു.
എന്നാല്‍ വോഡ്ക, ജിന്‍ എന്നിവയില്‍ ഷുഗറിന്റെ അളവ് കുറവാണ്. പക്ഷേ ഷുഗറടങ്ങിയ സോഡ ചേര്‍ത്തു ഉപയോഗിക്കുമ്പോള്‍ ഫലം മാറുന്നു. പാക്കേജ്ഡ് ജ്യൂസുകളിലും അമിതമായി ഷുഗര്‍ അടങ്ങിയിരിക്കുന്നു.
ഒരു പൈന്റ് ബിയറില്‍ ഒരു ഫുള്‍ പാക്ക് പൊട്ടറ്റോ ചിപ്‌സിലുള്ള അത്ര കലോറി അടങ്ങിയിരിക്കുന്നു. 1.7 ഔണ്‍സ് വൈനില്‍ ഒരു ബോര്‍ബോണ്‍ ബിസ്‌ക്കറ്റിലുള്ള അതേ അളവും. നിങ്ങള്‍ ഭാരം കുറക്കാന്‍ ബിസ്‌ക്കറ്റും ചിപ്‌സുകളും ഒഴിവാക്കി ശരിയായ ഡയറ്റിലാണെങ്കിലും മിതമായ രീതിയില്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഫലമുണ്ടാകുകയില്ല.
ആല്‍ക്കഹോള്‍ കുടവയറുണ്ടാക്കുന്നു
ആല്‍ക്കഹോള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാനിടയാക്കുന്നു. അടിഞ്ഞുകൂടുന്ന കൊഴുപ്പ് എപ്പോഴും ബെല്ലിയിലാണ് സംഭരിക്കപ്പെടുന്നത്. അത് കുടവയറിനു കാരണമാകുന്നു.
ആല്‍ക്കഹോളിനെ തുടര്‍ന്ന് കൂടുതല്‍ കലോറി കഴിക്കുന്നു
പലപ്പോഴും ആല്‍ക്കഹോളിനോടൊപ്പം സ്‌നാക്‌സോ മറ്റു ഭക്ഷണമോ കൂടി കഴിക്കുക പതിവാണ്. ആല്‍ക്കഹോളിന്റെ കലോറി കൂടാതെ അധികമായി കലോറി ശരീരത്തിലെത്തുന്നതിന് ഇത് കാരണമാകുന്നു.
ആരോഗ്യദായകമായ ഭക്ഷണം മിസ് ചെയ്‌തേക്കാം
ആല്‍ക്കഹോള്‍ കലോറി ഉള്‍പ്പെടെ കണക്കാക്കി ഭക്ഷണരീതി ക്രമീകരിക്കുന്നവര്‍ക്ക് ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ ശരീരത്തിലെത്തിയെന്നു വരില്ല. കാരണം, ശരീരത്തിനു പ്രയോജനപ്രദമായ ഒന്നും തന്നെ ആല്‍ക്കഹോളില്‍ നിന്നു ലഭിക്കുന്നില്ല. പൂജ്യം കലോറിയാണ് അത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നത്. അതുകൊണ്ട് ശരീരത്തിനാവശ്യമായ കലോറി കൃത്യമായ ഭക്ഷണത്തില്‍ നിന്നു തന്നെ ലഭ്യമാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പോഷകക്കുറവോ മറ്റ് അസുഖങ്ങളോ ആയിരിക്കും ഫലം.
അമിതമായാല്‍ ഫാറ്റി ലിവറിനു സാധ്യത
കുറച്ചു ദിവസത്തേക്കായാല്‍ പോലും അമിതമായി മദ്യപിക്കുന്നത് കരളില്‍ കൊഴുപ്പടിയാന്‍ കാരണാകും. ആല്‍ക്കഹോള്‍ അധികമാകുന്നത് കരളിന് പലവിധത്തിലുള്ള രോഗങ്ങള്‍ വരുത്തിവെക്കും. കരളിന്റെ പ്രവര്‍ത്തനത്തില്‍ അപാകതകളുണ്ടെങ്കില്‍ വയറ്റിലും കണങ്കാലിലും മുഴ, മഞ്ഞപ്പിത്തം എന്നിവ കാണപ്പെടും. ഫാറ്റി ലിവര്‍ ഗുരുതരമല്ലെങ്കില്‍ കുറച്ചു ആഴ്ചകള്‍ മദ്യപാനം നിര്‍ത്തിവെച്ച് രോഗം ശമിക്കുന്നതു വരെ കാത്തിരിക്കാം. രോഗം ഭേദമാകുമ്പോള്‍ ചെറിയ തോതില്‍ വീണ്ടും മദ്യപിക്കാം.
ആരോഗ്യകരമായി എങ്ങനെ മദ്യപിക്കാം
മദ്യപാനം ആസ്വദിക്കുകയും അതേസമയം ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാന്‍ ചില കാര്യങ്ങളില്‍ ജാഗ്രതയുണ്ടായാല്‍ മതിയാകും.
- അമിതമായി കുടിക്കാതിരിക്കുക : പുരുഷന്മാര്‍ ദിവസവും നാലു ഡ്രിങ്കില്‍ കൂടുതലോ (ആഴ്ചയില്‍ 14 ല്‍ കൂടരുത്) സ്ത്രീകള്‍ മൂന്നു ഡ്രിങ്കില്‍ കൂടുതലോ (ആഴ്ചയില്‍ പരമാവധി 7) കുടിക്കാതിരിക്കുക.
- ആരോഗ്യദായകമായ അത്താഴം കഴിക്കുക. ഇത് അമിതമായി കുടിക്കാതിരിക്കാന്‍ സഹായിക്കും.
- ഡ്രിങ്കുകള്‍ക്കിടയില്‍ വെള്ളം കുടിക്കുക : ഓരോ ഡ്രിങ്കിനിടയിലും വെള്ളം കുടിക്കുക. ഇത് നിര്‍ജ്ജലീകരണം തടയാന്‍ മാത്രമല്ല, മദ്യത്തില്‍ നിന്നുള്ള കലോറി കുറക്കാനും സഹായിക്കുന്നു.
- ഇഷ്ടപ്പെട്ട ഡ്രിങ്കിന്റെ കലോറി കുറഞ്ഞ വേരിയന്റ് ഉപയോഗിക്കുക
നിങ്ങള്‍ക്ക് പ്രമേഹമോ മറ്റെന്തെങ്കിലും ഗൗരവതരമായ അസുഖങ്ങളോ ഇല്ലെങ്കില്‍ ഇപ്രകാരം ആരോഗ്യകരമായ രീതിയില്‍ ആല്‍ക്കഹോള്‍ ഉപയോഗിക്കാവുന്നതാണ്. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ നിര്‍ദ്ദേശപ്രകാരം മാത്രം മദ്യപിക്കുക. കഴിക്കുന്ന കലോറിയും ഷുഗറും സ്ഥിരമായി ശ്രദ്ധിക്കുകയും കൂട്ടത്തില്‍ ശരിയായ ഡയറ്റും വ്യായാമവും ജീവിതശൈലിയുമുണ്ടെങ്കില്‍ മദ്യപാനം ആസ്വാദ്യകരമാക്കാം.