ദൈനം ദിന ജീവിതത്തില്‍ ഒരുപാട് പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍. പ്രത്യേകിച്ചും ഒരു തവണ മാത്രം ഉപയോഗിച്ച് തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍. അതൊരു വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. മണ്ണില്‍ അതുമൂലം ഉണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. പോരാത്തതിന് അത് കത്തിക്കുമ്പോള്‍ ഉള്ള വായു മലിനീകരണവും.
വിദ്യാഭ്യാസമുള്ളവര്‍ പോലും പലപ്പോഴും ചെയ്യുന്ന കാര്യമാണ് പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്. വാസ്തവത്തില്‍ അവിടെ പരിസരം വൃത്തിയാകുമ്പോള്‍ മറ്റൊരിടത്ത് എന്താണ് സംഭവിക്കുന്നത്. പ്ലാസ്റ്റിക് ഒരിക്കലും കത്തിക്കാന്‍ പാടില്ലാത്ത ഒന്നാണ്. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ മാരകമായ രാസ പദാര്‍ത്ഥങ്ങളാണ് പുറം തള്ളപ്പെടുന്നത്. അതു വഴി കാന്‍സര്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. പുകവലിക്കുന്നതിന്റെ നൂറിരട്ടി വായു മലിനീകരണവും പ്രശ്നങ്ങളുമാണ് ഇത് സൃഷ്ടിക്കുന്നത്.
ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയ ഗുണങ്ങളാണ് നമുക്ക് വന്നു ഭവിക്കുന്നത്. അതുകൊണ്ട് പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കരുത്. പ്ലാസ്റ്റിക് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്ന രീതിയാണ് നാം സ്വീകരിക്കേണ്ടത്. വിവിധ സ്ഥലങ്ങളില്‍ ഇതിനായി പ്ലാസ്റ്റിക്കുകള്‍ സംഭരിക്കുന്ന യൂണിറ്റുകള്‍ ഉണ്ടാവും, അവര്‍ക്ക് ഇത്തരം പ്ലാസ്റ്റിക് വസ്തുക്കള്‍ കൈമാറുക. കത്തിക്കുക മാത്രമല്ല അലക്ഷ്യമായി വലിച്ചച്ചെറിയുകയും ചെയ്യരുത്. മഴക്കാലത്ത് അങ്ങനെ ചെയ്യുമ്പോള്‍ അവയില്‍ വെള്ളം കെട്ടി നില്‍ക്കുകയും കൊതുകുകള്‍ മുട്ടയിട്ട് വിരിയുന്നതിനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഇതിലൂടെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.