spot_img

മുഖക്കുരു നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നുണ്ടോ?; എങ്കില്‍ മാറ്റാന്‍ വഴികളുമുണ്ട്

ചെറുപ്പക്കാരുടെ പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് മുഖക്കുരു. മുഖത്തും നെറ്റിയിലും അവിടിവിടായി ഉണ്ടാകുന്ന പഴുപ്പ് നിറഞ്ഞ ഈ കുരുക്കള്‍ വേദനയുണ്ടാക്കുന്നു. അസ്വസ്ഥത ഉണ്ടാക്കുന്നതിനോടൊപ്പം നമ്മുടെ ആത്മ വിശ്വാസം ഇല്ലാതാക്കുകയും ചെയ്യും ഇവ. ചില ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. പ്രധാനമായും കൗമാരക്കാരിലും ചെറുപ്പക്കാരിലുമാണ് ഇത് കാണപ്പെടുന്നത്. ചില ബാക്ടീരിയകളുടെ പ്രവര്‍ത്തനങ്ങള്‍ മൂലവും ഇത് ഉണ്ടാകാറുണ്ട്.

ലോകാരോഗ്യ സംഘടനയുടെ പട്ടിക അനുസരിച്ച് മുഖക്കുരുവിനെ ഒരു ക്രോണിക് ഡിസീസ് അഥവാ വളരെ കാലം നീണ്ടു നില്‍ക്കുന്ന അസുഖമായാണ് കണക്കാക്കുന്നത്. ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്ന രീതിയില്‍ ഈ പ്രശ്‌നം വഷളായാല്‍ കൃത്യമായ ചികിത്സ തേടാന്‍ മടിക്കരുത്.

പത്തു മുതല്‍ പതിമൂന്നു വരെയുള്ള പ്രായത്തിലാണ് കൗമാരക്കാരില്‍ മുഖക്കുരു ഉണ്ടാകുന്നത്. നമ്മുടെ ശരീര ചര്‍മത്തെ മൃദുവാക്കാനായി സെബേഷ്യസ് ഗ്രന്ധികളില്‍ നിന്നും സീബം എന്ന ദ്രാവകം ഉത്പാദിപ്പിക്കുന്നുണ്ട്. മുഖം, കഴുത്ത്, നെഞ്ച്, മുതുക് എന്നീ ഭാഗങ്ങളിലാണ് സീബം കൂടുതലായി കണ്ടു വരുന്നത്. എന്നാല്‍ ചിലപ്പോള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം സീബം ഉത്പാദനം കൂടാന്‍ സാധ്യതയുണ്ട്. ഇത് സെബേഷ്യസ് ഗ്ലാന്‍ഡുകളിലെ സുഷിരങ്ങളില്‍ തടസമുണ്ടാക്കുന്നു. ഇതിനു പുറത്ത് ശരീരത്തിലെ ചില ബാക്ടീരിയകള്‍ പ്രവര്‍ത്തിച്ച് ചെറിയ നീര്‍ക്കെട്ടുകള്‍ ഉണ്ടാകുന്നു. ഇതാണ് കുരുവിന്റെ രൂപത്തില്‍ കാണപ്പെടുന്നത്.

തുടക്ക സമയത്ത് തന്നെ ചികിത്സ തേടിയാല്‍ മുഖക്കുരു വന്നു പോയതിനു ശേഷമുള്ള പാടുകളും കുഴികളും നീക്കാന്‍ സാധിക്കും. ആദ്യ ഘട്ടങ്ങളില്‍ ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിങ്ങനെയുള്ള രൂപത്തിലാകും ഇവ പ്രത്യക്ഷപ്പെടുക. ക്രമേണ ഇത് ചുവന്ന തടിപ്പുകളുടെ രൂപത്തിലും പഴുപ്പ് നിറഞ്ഞ കുരുക്കളായും മാറുന്നു. ഇത് പിന്നീട് പൊട്ടി പാടുകളും കുഴികളും ഉണ്ടാകുന്ന തരത്തില്‍ എത്തുന്നു. ആദ്യ ഘട്ടങ്ങളിലെ മുഖക്കുരു മുഖത്ത് പുരട്ടുന്ന ക്രീമുകളുടെ സഹായത്തോടെ നീക്കം ചെയ്യാവുന്നതാണ്. അവസാന ഘട്ടങ്ങളിലെ മുഖക്കുരു ഉള്ളില്‍ കഴിക്കാവുന്ന ചില മരുന്നുകളുടെ സഹായത്തോടെ മാത്രമേ ഭേദമാക്കാന്‍ സാധിക്കൂ എന്നതാണ് സത്യം. ആന്റി ബയോട്ടിക്, ആന്‍ഡ്രജന്‍ എന്നീ മരുന്നുകളാണ് ഇത്തരത്തില്‍ കഴിക്കേണ്ടി വരിക.

എന്തെങ്കിലും ഒക്കെ വാങ്ങി കഴിച്ച് സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ തന്നെ കൊണ്ട് കാണിക്കുക. അവസ്ഥ അനുസരിച്ച് മൈക്രോ നീഡിലിങ്, ലേസര്‍ ചികിത്സ, പിഗ്മെന്റേഷന്‍ എന്നീ ചികിത്സകളും മുഖക്കുരു മാറാന്‍ ചെയ്യാറുണ്ട്. മുപ്പത് വയസിനു മുകളിലുള്ള സ്ത്രീകളില്‍ മുഖക്കുരു കണ്ടു വരാറുണ്ട്. ജീവിത രീതിയിലെയും ഭക്ഷണ ക്രമത്തിലെയും മാറ്റങ്ങള്‍ മൂലം സ്ത്രീകളില്‍ ഇങ്ങനെ ഉണ്ടാകാറുണ്ട്. ഇതിനോടൊപ്പം പിസിഓഡി, തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍, എന്നിവയും സ്ത്രീകളില്‍ ഇതിനു കാരണമാകാറുണ്ട്. മുഖക്കുരു വന്നാല്‍ അത് കുത്തിപ്പൊട്ടിക്കുന്നത് പലരുടെയും വിനോദമാണ്. ഇത് പഴുപ്പ്
പൊട്ടി മുഖത്ത് പടരാന്‍ കാരണമാകും.

ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് മുഖക്കുരുവിന് കാരണമായേക്കാം. മധുരം കുറക്കാന്‍ ശ്രദ്ധിക്കുകയും ഒപ്പം ആരോഗ്യകരമായ ഭക്ഷണ ക്രമം പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നന്നായി പഴുത്ത പപ്പായ തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖ സംരക്ഷണത്തിന് നല്ലതാണ്. ആര്യവേപ്പില, മഞ്ഞള്‍ എന്നിവ അരച്ച് മുഖത്ത് തേക്കുന്നതും മുഖം വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും. ഇടക്ക് മുഖത്ത് ആവി കൊള്ളുന്നതും ചര്‍മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.