വെള്ളം നാം ധാരാളം കുടിക്കുന്ന ഒന്നായിട്ടു പോലും പലപ്പോഴും ആവശ്യത്തിന് വെള്ളം ശരീരത്തിനു ലഭിക്കുന്നില്ല. പല ഗവേഷണങ്ങളും പറയുന്നത് ശരീരത്തിന്റെ നിര്‍ജ്ജലീകരണവും പൊണ്ണത്തടിയും തമ്മില്‍ ബന്ധമുണ്ടെന്നാണ്.
വെള്ളവും ഭാരവും തമ്മിലുള്ള ബന്ധം
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യത്തിന് ജലം ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യുട്രീഷന്‍ എക്സാമിനേഷന് സര്‍വേ 2009-2012 കാലത്ത് നടത്തിയ പഠനത്തില്‍ നിര്‍ജ്ജലീകരണവും പൊണ്ണത്തടിയും ഉയര്‍ന്ന ബിഎംഐയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി. ഭാരം കുറക്കലും വെള്ളം കുടിയും തമ്മില്‍ ബന്ധമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
കൂടുതല്‍ വെള്ളം കുടിക്കൂ, കൂടുതല്‍ ഭാരം കുറയ്ക്കൂ
കൂടുതല്‍ വെള്ളം കുടിക്കുന്നത് ഭാരം കുറക്കാന്‍ സഹായകമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാലിത് വലിയ കൂട്ടം ആളുകളില്‍ തെളിയിക്കപ്പെട്ടിട്ടില്ല. അമിതഭാരമുള്ള സ്ത്രീകളില്‍ നടത്തിയ ഡയറ്റില്‍ കൂടുതല്‍ വെള്ളം കുടിച്ചത് ഭാരം കുറച്ചതായി കണ്ടെത്തിയിരുന്നു.
കലോറി കൂടുന്നത് തടയുന്നു
ഭക്ഷണം കഴിക്കുന്നതിനു മുമ്പ് വെള്ളം കുടിക്കുന്നത് കൂടുതല്‍ കലോറി കഴിക്കുന്നത് തടയുന്നു. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് 500 മില്ലി ലിറ്റര്‍ വെള്ളം കുടിക്കുന്നത് ഒരുപാട് ഭക്ഷണം കഴിക്കാതെ നോക്കുന്നു. ഇത് ഭാരം കുറയാനും ഭാരം കൂടാതെ നോക്കാനും സഹായിക്കുന്നു.
മധുര പാനീയങ്ങള്‍ക്കു പകരം വെള്ളം
ദാഹിക്കുമ്പോള്‍ മധുര പാനീയങ്ങള്‍ കുടിക്കുന്നതിനു പകരം വെള്ളം കുടിച്ചു നോക്കൂ. വ്യത്യാസം വളരെ പെട്ടെന്ന് മനസ്സിലാകും. 21 മുതല്‍ 59 വയസ്സു വരെയുള്ളവരില്‍ നടത്തിയ പഠനത്തില്‍ വെള്ളം കുടിക്കുന്നതിന്റെ അളവില്‍ 100 മില്ലി ലിറ്റര്‍ കൂട്ടിയപ്പോള്‍ മധുര പാനീയങ്ങള്‍ കുടിക്കുന്നത് 20 മില്ലി ലിറ്റര്‍ കുറഞ്ഞതായി കണ്ടെത്തി.
മികച്ച വര്‍ക്കൗട്ടിന്
ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ വ്യായാമത്തെ മോശമായി ബാധിക്കും. വ്യായാമം ചെയ്യുമ്പോള്‍ ശരീരം ഹൈഡ്രേറ്റഡാണെന്ന് ഉറപ്പുവരുത്തുക. വ്യായാമം തുടങ്ങുമ്പോള്‍ ഹൈഡ്രേറ്റഡ് ആണെങ്കിലും അതിനിടയില്‍ വെള്ളം കുടിക്കാന്‍ പലരും മറന്നുപോകുന്നു. വ്യായാമം ചെയ്യുമ്പോള്‍ ശരീരം ചൂടാകുന്നത് ഇലക്ട്രോലൈറ്റ് ഇംബാലന്‍സിന് കാരണമാകാം. അതിനാല്‍ വ്യായാമത്തിനിടയിലും ആവശ്യത്തിനു വെള്ളം ഇടയ്ക്കിടെ കുടിക്കുക.
മെറ്റബോളിസം ശക്തിപ്പെടുത്തുന്നു
വെള്ളം കൂടുതല്‍ കുടിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ ശക്തിപ്പെടുത്തുന്നു. വെള്ളം കുടിച്ച് 10 മിനിറ്റിനു ശേഷം ഇത് സംഭവിക്കുന്നു. 30-40 മിനിറ്റിനു ശേഷം അങ്ങേയറ്റം വര്‍ധിക്കുന്നു. പുരുഷ ശരീരങ്ങള്‍ ലിപിഡുകളും സ്ത്രീകള്‍ കാര്‍ബ്സ് ഉപയോഗിച്ചുമാണ് മെറ്റബോളിസം വര്‍ധിപ്പിക്കുന്നത്.
എത്ര വെള്ളം കുടിക്കണം
ചില പഠനങ്ങള്‍ പറയുന്നത് 1-2 ലിറ്റര്‍ എന്നാണ്. എല്ലാവര്ക്കും അനുയോജ്യമായ ഒരു കണക്ക് ഇതിനില്ല എന്നു വേണം പറയാന്‍. ഓരോ വ്യക്തികളുടെയും ശരീര പ്രകൃതിയും പ്രവൃത്തികളും മെറ്റബോളിസവും ശരീരഭാരവും കാലാവസ്ഥാ-പരിസ്ഥിതി സാഹചര്യങ്ങളുമനുസരിച്ച് അവര്‍ കുടിക്കേണ്ട വെള്ളത്തില്‍ വ്യത്യാസമുണ്ട്. എങ്കിലും ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പറയപ്പെടുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് നിര്‍ദ്ദേശിക്കുന്നത് ദിവസവും 6 മുതല്‍ എട്ടു ഗ്ലാസ് വെള്ളമാണ്. ഇത് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുകയും നിര്‍ജ്ജലീകരണം തടയുകയും ചെയ്യുന്നു. എന്നാല്‍ കഠിനമായ വ്യായാമം ചെയ്യുന്നവര്‍ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്.