spot_img

ഇൻസുലിൻ കുത്തിവെപ്പിനെ ഭയക്കേണ്ടതുണ്ടോ..???!

ഡയറ്റിഷ്യനും ഡയബറ്റീസ് എഡ്യൂക്കേറ്ററുമായ സുധ ശ്രീജേഷ് അവരുടെ ഒരു ക്ലിനിക്കൽ അനുഭവം പങ്കുവെക്കുന്നു.

കഴിഞ്ഞ മാസം ഒ.പിയിൽ ഒരു പ്രമേഹ രോഗി വന്നു….
6 വർഷമായി അവർക്ക് പ്രമേഹമുണ്ട്. ഒരു വർഷത്തോളമായി ഇൻസുലിൻ എടുക്കുന്നുമുണ്ട്. ദിവസത്തിൽ 120 യൂണിറ്റോളം ഇൻസുലിൻ എടുക്കുന്നുണ്ട്, എന്നിട്ടും ഷുഗർ നിയന്ത്രണത്തിൽ ആകുന്നില്ല എന്നാണ് അവരുടെ പരാതി.😥

ഇൻസുലിൻ എടുക്കുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇൻസുലിൻ എടുക്കുന്ന രീതി, ശരീരത്തിൽ കുത്തി വെക്കുന്ന സ്ഥലം, ഇൻസുലിൻ വീട്ടിൽ സൂക്ഷിക്കുന്ന സ്ഥലം എല്ലാം തെറ്റായിട്ടാണ് ചെയ്യുന്നത്. എല്ലാം ശരിയായി പറഞ്ഞു കൊടുത്തപ്പോൾ ഇൻസുലിൻ എടുക്കുന്നതിന് ഇത്രയും കാര്യങ്ങൾ നോക്കണം എന്ന് അറിയില്ലായിരുന്നു എന്നുള്ള സങ്കടകരമായ മറുപടി….😭 പറഞ്ഞു കൊടുത്ത എല്ലാ കാര്യവും ശരിയായി നോക്കിയതിന്റെ ഫലമായി രണ്ടാഴ്ചക്ക് ശേഷം ഒപിയിൽ വളരെ സന്തോഷത്തോടെ വന്നു. ഷുഗർ നിയന്ത്രണത്തിലായി….. അതോടൊപ്പം തന്നെ 120 ഓളം യൂണിറ്റ് ഇൻസുലിൻ ദിവസവും എടുത്തിട്ടും 400 നു മുകളിൽ ഷുഗർ നിന്നിരുന്ന അവർക്ക് 35 യൂണിറ്റോളം ഇൻസുലിൻ എടുക്കുമ്പോൾ തന്നെ ഷുഗർ നിയന്ത്രണത്തിലായിരിക്കുന്നു… അവരുടെ മുഖത്തെ ആ സന്തോഷം വാക്കുകൾക്കതീതം….😊.

ഇൻസുലിൻ കണ്ടുപിടിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ആണ് നാം എല്ലാവരും. 1921 ൽ ആണ് ഇൻസുലിൻ കണ്ടുപിടിച്ചത്. അതിനുശേഷം ഒത്തിരി പ്രമേഹബാധിതരുടെ ജീവൻ രക്ഷിക്കാൻ ഇൻസുലിൻ എന്ന ഹോർമോണിന് കഴിഞ്ഞു എന്നുള്ളത് വളരെ ചാരിതാർത്ഥ്യം ആയ കാര്യമാണ് എങ്കിലും പലരും ഇൻസുലിൻ കുത്തി വെക്കുന്നത് ശരിയായ രീതിയിലല്ല.

ടൈപ്പ് 1 പ്രമേഹ ബാധിതരുടെ ജീവൻ രക്ഷാ മരുന്ന് ഇൻസുലിൻ ആണെങ്കിലും ടൈപ്പ് 2 പ്രമേഹരോഗികൾക്ക് പ്രമേഹത്തിന്റെ തുടക്കത്തിൽ ഭക്ഷണക്രമീകരണവും, വ്യായാമവും ഒപ്പം പ്രമേഹനിയന്ത്രണത്തിനായി ഗുളികകളും ആണ് ഒട്ടുമിക്ക ഡോക്ടേഴ്സും നിർദേശിക്കാറുള്ളത്. എന്നാൽ പ്രമേഹ ബാധിത വർഷങ്ങൾ കൂടുന്നതിനനുസരിച്ച് അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും മറ്റും കൊണ്ട് തന്നെ ചില രോഗികൾക്ക് ഇൻസുലിൻ കുത്തിവെപ്പ് അനിവാര്യമായി വരാറുണ്ട്. എന്നാലും ഇൻസുലിൻ കുത്തിവെപ്പ് എന്ന് ഡോക്ടർമാർ പറയുമ്പോൾ തന്നെ നമ്മുടെ നാട്ടിലുള്ള 80 ശതമാനത്തോളം രോഗികളും ഇൻസുലിൻ വേണ്ട പകരം ഗുളിക തന്നാൽ മതി എന്നാണ് പറയാറുള്ളത്. ഇൻസുലിൻ എന്നു കേൾക്കുമ്പോൾ തന്നെ അവർക്ക് ഭയങ്കര ഒരു പേടി ആണ്. എന്തോ വലിയ ഒരു സംഭവം ചെയ്യുന്ന രീതിയിലാണ് മിക്ക ആളുകളും പ്രതികരിക്കാറുള്ളത്.

ഞാൻ ഈ ഒരു ഫീൽഡിൽ (ഡയറ്റീഷ്യൻ & ഡയബറ്റിസ് എഡ്യുക്കേറ്റർ) വന്നിട്ട് 13 വർഷത്തോളമായി. ഏകദേശം 10 വർഷത്തോളമായി ഒരു എൻഡോക്രൈനോളജിസ്റ്റിന്റെ കൂടെയാണ് ജോലി ചെയ്തു വരുന്നത്. ആയതുകൊണ്ട് തന്നെ ഇൻസുലിൻ ആദ്യമായി എടുക്കേണ്ടുന്ന ഒത്തിരി രോഗികൾ എന്റെ മുന്നിൽ ദൈനംദിനേ വരാറുണ്ട്. ഡോക്ടർ ഇൻസുലിൻ തുടങ്ങാം എന്ന് നിർദ്ദേശിക്കുമ്പോൾ തന്നെ രോഗികൾ ഇപ്പോൾ തന്നെ വേണോ എന്നാണ് ചോദിക്കാറ്. ഇങ്ങനെയൊക്കെ ചോദിച്ചാലും, ചുരുങ്ങിയ സമയം കൊണ്ട് ഇൻസുലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോക്ടർ പറഞ്ഞുകൊടുക്കുകയും തുടർന്ന് ഇൻസുലിൻ കുത്തിവെപ്പ് പഠിപ്പിക്കാനായി അവരെ എന്റെ അടുത്തേക്ക് വിടുകയും ചെയ്യും.

ഇതു ഇപ്പോൾ തന്നെ തുടങ്ങണോ എന്ന് അവർ വീണ്ടും എന്നോട് സംശയം ചോദിക്കുകയും ചെയ്യും. ഒരു തവണ വെച്ച് കഴിഞ്ഞാൽ ജീവിതകാലം മുഴുവനും വെക്കണ്ടേ? ഇൻസുലിൻ മാറ്റി ഗുളിക തന്നൂടെ എന്നും ചോദിക്കും. അവരെ ഇൻസുലിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കുകയും തുടർന്ന് ഒരു മിനിമം ഡോസിൽ കുത്തിവെക്കാൻ അവരെ പഠിപ്പിച്ചു വിടുകയും ചെയ്തു കഴിയുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്ന ഒരു ആത്മവിശ്വാസം നമുക്ക് ശരിക്കും പറഞ്ഞാൽ ഒരു പാട് സന്തോഷം തരും.

തുടർന്ന് ഇൻസുലിൻ വേണ്ട എന്ന് വാശിപിടിച്ചവർ തന്നെ രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷം ഒ പി യിൽ വരുമ്പോൾ ഇതിത്ര സിംപിൾ ആയിരുന്നെങ്കിൽ മുന്നേ തുടങ്ങാമായിരുന്നു എന്നും, സാറേ ആ ഗുളികകൾ കൂടി മാറ്റി എനിക്ക് ഇൻസുലിൻ തരുമോ എന്നുകൂടി വളരെ ആത്മവിശ്വാസത്തോടുകൂടി പറയുമ്പോൾ ഡോക്ടർക്കും നമുക്കും അത് ഒരു ചാരിതാർത്ഥ്യം തന്നെ ആണ്.

ഒരേ സ്ഥലത്തുതന്നെ ഇൻസുലിൻ വയ്ക്കുന്നതു കൊണ്ടും, സിറിഞ്ച് / സൂചി മാറ്റാതെ കൂടുതൽ തവണ ഒരേ സ്ഥലത്ത് കുത്തിവയ്ക്കുന്നതു മൂലമുണ്ടാകുന്ന കല്ലിപ്പ്, പഴുപ്പ് എന്നിവ പല ആളുകളിലും കാണുന്നതിനാലുമാണ് ഇൻസുലിനോട് ആളുകൾക്ക് ഇത്ര ഭയം ഉള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇൻസുലിൻ എടുക്കേണ്ടുന്ന രീതി മനസ്സിലാക്കിയാൽ സ്വയം ചെയ്യാൻ പറ്റുന്ന ഒന്നാണ് ഇൻസുലിൻ കുത്തിവെപ്പ്.

ഓരോ രോഗിയുടെ ഷുഗറും വ്യത്യസ്തമാണ്. ഇൻസുലിന്റെ വ്യത്യാസത്തിനനുസരിച്ചു അതിന്റെ പ്രവർത്തനങ്ങളും വ്യത്യാസം ആയിരിക്കും. അതുകൊണ്ടുതന്നെ ഇൻസുലിൻ കുത്തിവെപ്പിനെ കുറിച്ച് ആധികാരികമായി നമ്മൾ പഠിച്ചു കഴിഞ്ഞാൽ ഇൻസുലിൻ എടുക്കുന്നതുകൊണ്ട് യാതൊരു ദോഷവുമില്ല.

നിങ്ങളുടെ ഡോക്ടർ നിങ്ങൾക്ക് ഇൻസുലിൻ എഴുതുമ്പോൾ അതിന്റെ ആവശ്യകത അവിടെ ഉണ്ടായിട്ടാണ് എന്ന് നിങ്ങൾ മനസ്സിലാക്കുക.

ഇൻസുലിൻ ശരീരത്തിൽ എവിടെയാണ് കുത്തി വയ്ക്കേണ്ടത്?എങ്ങനെയാണ് കുത്തി വെക്കേണ്ടത്? എങ്ങനെയാണ് സൂക്ഷിച്ചു വെക്കേണ്ടത്, എങ്ങനെയാണ് നമ്മൾ യാത്ര ചെയ്യുമ്പോൾ ഇൻസുലിൻ കൊണ്ടുപോകേണ്ടത്?, സൂചി എത്ര തവണ ഉപയോഗിക്കാം? നിങ്ങൾക്ക് എഴുതിയിരിക്കുന്ന ഇൻസുലിൻ ഏത് സമയത്താണ് എടുക്കേണ്ടത്? എന്നതിനെ കുറിച്ചെല്ലാം ഡോക്ടറുടെ ടീമുമായി സംശയനിവാരണം നടത്തി കഴിഞ്ഞാൽ ഇൻസുലിൻ കുത്തിവെപ്പ് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല.😊

പ്രമേഹം ഒരു നിശബ്ദകൊലയാളിയാണ്. അനിയന്ത്രിതമായ പ്രമേഹം നമ്മുടെ പല അവയവങ്ങളെയും ബാധിച്ചേക്കാം. മറ്റുള്ളവർ പറയുന്ന തെറ്റായ നിർദ്ദേശങ്ങൾ എടുക്കാതെ നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിലുള്ള ചികിത്സ തുടരുകയാണെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ നില നല്ല രീതിയിൽ തന്നെ നിങ്ങൾക്ക് കൺട്രോൾ ചെയ്തു കൊണ്ടു പോകാനും നല്ല ആരോഗ്യകരമായ ഒരു ജീവിതം മുന്നോട്ട് നയിക്കാനും നിങ്ങൾക്ക് സാധിക്കും.

തയാറാക്കിയത്

Sudha Sreejesh
Dietitian, Diabetes Educator & Insulin Pump Trainer
Endodiab Center, Perinthalmanna.
[email protected]

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.