ഡോ.നവ്യ ജെ തൈക്കാട്ടില്‍
അസിസ്റ്റന്റ് സര്ജന്,
കുടുംബാരോഗ്യകേന്ദ്രം, പരപ്പനങ്ങാടി
‘ശരീരം മുഴുവന്‍ അസഹ്യമായ വേദനയാണ് ഡോക്ടര്‍..പല ഡോക്ടര്‍മാരെയും കണ്ടു, പരിശോധനകളും നടത്തി, കുറെ മരുന്നും കഴിച്ചു എന്നിട്ടും വേദനക്ക് മാത്രം ഒരു കുറവുമില്ല… എങ്ങനെയെങ്കിലും ഈ വേദനയൊന്നു മാറ്റി തരാമോ… ‘
ക്ലിനിക്കുകളില്‍ ഡോക്ടര്‍മാരെ തേടിയെത്തുന്ന മധ്യവയസ്കരായ സ്ത്രീകളുടെ പതിവ് പരാതിയാണിത്. ഇടയ്ക്കിടെ വേദനയുടെ കാര്യം ആവര്‍ത്തിക്കുന്നതിനാല്‍ കുടുംബാംഗങ്ങളില്‍ നിന്ന് തണുത്ത പ്രതികരണമാവും പലപ്പോഴും ഇവര്‍ക്ക് ലഭിക്കുക. ഇത് ഒരുപോലെ അവരുടെ ശരീരത്തെയും മനസ്സിനെയും അസന്തുഷ്ടമാക്കും.
എല്ലാ പ്രായത്തിലുള്ള സ്ത്രീകളിലും, പുരുഷന്മാരിലും, അപൂര്‍വമായി കുട്ടികളിലും ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥ കാണാറുണ്ടെങ്കിലും, മധ്യവയസ്കരായ (35 60) സ്ത്രീകളിലാണ് കൂടുതലായി ഇത് കണ്ടുവരുന്നത്. ലോകത്ത് 2 മുതല്‍ 7 ശതമാനം വരെ സ്ത്രീകള്‍ ഫൈബ്രോമയാള്‍ജിയ കൊണ്ടുള്ള വേദന അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കടുത്ത ശരീരവേദന മാത്രമല്ല പല മാനങ്ങളുള്ള ഒരു രോഗാവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ.
ലക്ഷണങ്ങള്‍:-
- ദേഹത്ത് പലയിടങ്ങളില്‍ വേദന
- ശരീരഭാഗങ്ങളില്‍ ആഴത്തില്‍ അമര്‍ത്തുമ്പോള്‍ കടുത്തവേദന
- സ്ഥിരമായ ഉറക്കക്കുറവ്
- കഠിനമായ ക്ഷീണം
- ഉന്മേഷക്കുറവ്
വിഷാദം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, മാനസികസമ്മര്‍ദ്ദം എന്നീ ലക്ഷണങ്ങളും ഒപ്പം ഉണ്ടാവാറുള്ളതു കൊണ്ടു തന്നെ, പലപ്പോഴും ഇവരുടെ വേദനകള്‍ കേവലം മാനസികം’ എന്നോ ‘തോന്നല്‍’ എന്നോ മുദ്രകുത്തി അവഗണിക്കപ്പെടാറുണ്ട്. കൃത്യമായ ഒറ്റപരിശോധന കൊണ്ട് രോഗം നിര്‍ണ്ണയിക്കാനാവാത്തതിനാലും, ഏക രീതിയിലുള്ള ചികിത്സയുടെ അഭാവം കൊണ്ടും, ഡോക്ടര്‍മാര്‍ക്കും ഈ രോഗാവസ്ഥ ഒരു സങ്കീര്‍ണ്ണതയായി തുടരുന്നു.
രോഗകാരണം:-
ഈ രോഗാവസ്ഥയുടെ പിന്നിലെ പ്രക്രിയ പൂര്‍ണ്ണമായും വിശദീകരിക്കാനായിട്ടില്ല. ശരീരത്തില്‍, വേദനാ സിഗ്നലുകള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രനാഡീ വ്യവസ്ഥയ്ക്ക് സാധിക്കാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാധാരണയായി, ആരോഗ്യമുള്ള വ്യക്തികളില്‍ വേദന ഗ്രഹിക്കുന്നതിലും കുറഞ്ഞതോതില്‍ പോലും ഫൈബ്രോമയാള്‍ജിയ രോഗികളുടെ കേന്ദ്ര നാഡീവ്യവസ്ഥ വേദനയെ ഗ്രഹിക്കും. ദീര്‍ഘകാലമായുള്ള ഉറക്കക്കുറവിന്റെ അനന്തരഫലമായി ശരീരവേദനയുണ്ടാവുന്നു. തിരിച്ച്, കടുത്തവേദന ഉറക്കക്കുറവും ഉണ്ടാക്കുന്നു. ആരോഗ്യമുള്ള വ്യക്തികളില്‍ പോലും തുടര്‍ച്ചയായുള്ള ഉറക്കക്കുറവ് ശരീരവേദനയുണ്ടാക്കാം. വേദന എന്ന ധാരണയെ സംപ്രേഷണം ചെയ്യുന്ന നാഡീ പാതയെ ഉറക്കക്കുറവ് ബാധിക്കുന്നു, അതിനാല്‍ രോഗികള്‍ക്ക് വേദനയുടെ സിഗ്നലുകളെ ശരിയായരീതിയില്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും. ഇത് കടുത്ത വേദനയില്‍ കലാശിക്കുന്നു. കേന്ദ്ര നാഡീ വ്യവസ്ഥയെ തന്നെ ബാധിക്കുന്ന വിഷാദം, പലവിധ മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയും ഇതോടൊപ്പം ഉണ്ടാകുന്നു.
രോഗനിര്‍ണയം :-
ലാബ് പരിശോധനയെ ആസ്പദമാക്കിയല്ലാതെ, ചില മാനദണ്ഡങ്ങള്‍ കണക്കിലെടുത്തുള്ള, പൂര്‍ണമായും ക്ലിനിക്കല്‍ രോഗനിര്‍ണയ രീതിയാണ് ഇതിന് അവലംബിക്കുന്നത്.
മുന്‍വര്‍ഷങ്ങളിലെ മാനദണ്ഡങ്ങളെ നവീകരിച്ചു കൊണ്ട് 2016ല്‍ അമേരിക്കന്‍ കോളേജ് ഓഫ് റുമാറ്റോളജി മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ രോഗിക്കുണ്ടോ എന്ന് പരിശോധിച്ചാണ് അസുഖം സ്ഥിരീകരിക്കുന്നത്.
ഈ മാനദണ്ഡങ്ങളില്‍ രോഗിക്ക് അനുഭവപ്പെടുന്ന വേദനയുടെ തോത് അളക്കുന്ന ഒരു സൂചിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സൂചികയില്‍ ഉയര്‍ന്ന സ്കോറും (>7) ഉയര്‍ന്ന വേദനാ തോതും (>5) ഉണ്ടെങ്കില്‍ ഫൈബ്രോമയാള്‍ജിയയുടെ ഒരു മാനദണ്ഡമായി.
ഈ ലക്ഷണങ്ങള്‍, മൂന്നു മാസത്തിലധികം നില്‍ക്കുന്നതായിരിക്കും. തോളില്‍ വേദന, കൈകള്‍, അരക്കെട്ട്, കാലുകള്‍, താടിഭാഗം തുടങ്ങിയ ഇരുപതോളം ശരീരഭാഗങ്ങളില്‍ വേദനയുണ്ടോ എന്ന് കൂടി പരിശോധിച്ച് സ്കോര്‍ നിര്‍ണയിച്ചാണ് ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നോക്കുന്നത്. കടുത്ത ക്ഷീണം, ഉണര്ച്ചകുറവ് എന്നിവയും സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ലക്ഷണങ്ങള്‍ ഉള്ളവരില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ ക്രമക്കേടുകളും, മറ്റ് സന്ധിവാതങ്ങളുടെ സാധ്യതയും പരിശോധിക്കേണ്ടതുണ്ട്.
ചികിത്സ:-
ഫൈബ്രോമയാള്‍ജിയ കൊണ്ടുള്ള വേദന വഷളാക്കുന്ന ചില ഘടകങ്ങള്‍ ഒഴിവാക്കുകയോ ചികിത്സിക്കുകയോ വേണം.അവ ഇവയാണ്.
വേദനയുണ്ടാക്കുന്ന മറ്റ് രോഗാവസ്ഥകള്‍
ഉദാ: സന്ധിവാതങ്ങള്‍, ടേന്റിനോപതികള്
ഉറക്കത്തിന്റെ ക്രമക്കേടുകള്‍:
ഉറക്കത്തില്‍ ശ്വാസം കിട്ടാത്ത അവസ്ഥ
അമിതവണ്ണം
പുകവലി
വിഷാദരോഗം
മാനസികസമ്മര്‍ദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍
ഫൈബ്രോമയാള്‍ജിയയ്ക്ക് ഓരോ രോഗിക്കും അനുയോജ്യമായ ബഹുമുഖ ചികിത്സാ രീതിയാണ് സ്വീകരിക്കേണ്ടത്. നേരത്തെ തന്നെ രോഗനിര്‍ണയം നടത്തി, അനുയോജ്യമായ ചികിത്സ രീതികള്‍ അവലംബിക്കുന്നത് വളരെ പ്രധാനമാണ്.
ഒരു സന്ധിരോഗവിദഗ്ദ്ധന്റെ കൂടെ വേദനാവിദഗ്ദ്ധന്റെ സേവനവും ഇത്തരം രോഗികള്‍ക്ക് ആവശ്യമാണ്. കടുത്ത വേദന നിയന്ത്രണവിധേയമാക്കാന്‍ രോഗിയെ സ്വയം സജ്ജമാക്കുക എന്നതാണ് പ്രധാന രീതി. കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി ഫൈബ്രോമയാളജിയയ്ക്കും ഫലപ്രദമാണ്. ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയില്‍ അവരുടെ ജീവിതചര്യയില്‍ വരുത്തേണ്ട മാറ്റങ്ങളും, വ്യായാമ മുറകളും കണ്ടെത്തുകയും, അവ ശീലിക്കുകയും ചെയ്യുന്നതിലൂടെ വേദന നിയന്ത്രിക്കാന്‍ സാധിക്കും.
ഇതിന് വിദഗ്ധ പരിശീലനം നേടിയ സൈക്കോളജിസ്റ്റിന്റെയും ഫിസിയോതെറാപ്പിസ്റ്റിന്റേയും സേവനം അനിവാര്യമാണ്.
ചെറിയ അളവില്‍ നല്കുന്ന ചിലയിനം വേദനസംഹാരികളും ഫലം ചെയ്യാറുണ്ട് . നാഡീസംബന്ധമായ വേദനകള്‍ക്ക് നല്കുന്ന പ്രിഗാബാലിന്‍, വിഷാദരോഗത്തിന് നല്കുന്ന എസ്.എസ്.ആര്.ഐ വിഭാഗത്തിലെ മരുന്നുകള്‍, അമിട്രിപ്റ്റിലിന്‍ എന്നിവ നല്ലൊരു ശതമാനം വ്യക്തികളിലും ഫലപ്രദമാണ്. ചില ഓപിയോയിഡ് വേദനസംഹാരികള്‍ വേദന കൂട്ടാനുള്ള സാധ്യതയുള്ളതിനാല്‍, വേദനാ വിദഗ്ധന്റെയോ, വിദഗ്ധ ഡോക്ടറുടെയോ നിര്‍ദ്ദേശപ്രകാരം മാത്രമേ ഈ മരുന്നുകള്‍ സ്വീകരിക്കാവൂ. വിഷാദരോഗത്തിന്റെയും, മൂഡ് ഡിസോര്ഡറുകളുടെയും ചികിത്സകൂടി ചിലര്‍ക്ക് ആവശ്യമായി വരാം.
ഭക്ഷണരീതി :-
ഒരു പ്രത്യേക ഭക്ഷണരീതിയോ, ഒഴിവാക്കേണ്ട ആഹാര പദാര്‍ത്ഥങ്ങളോ, ഫൈബ്രോമയാള്‍ജിയ നിയന്ത്രിക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. എങ്കിലും ആന്റിഓക്സിഡന്റുകള്‍ പ്രദാനം ചെയ്യുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ (പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍,മറ്റു പച്ചക്കറികള്‍) ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അമിതവണ്ണമുള്ള സ്ത്രീകളിലാണ് കൂടുതലായി വേദനയുടെ ലക്ഷണങ്ങള്‍ കാണുന്നത് എന്നതുകൊണ്ട് ശരീരഭാരം കുറയ്ക്കാനും നിര്‍ദ്ദേശിക്കാറുണ്ട്.
സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ :-
രോഗികളുടെ വേദനകളും, മാനസികസമ്മര്‍ദ്ദത്തിന്റെ ആഴവും മറ്റു കുടുംബാംഗങ്ങള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ, ഡോക്ടര്‍ക്കോ വേണ്ടത്ര തിരിച്ചറിയാനാവുന്നില്ല എന്നതാണ് ഇവരെ അലട്ടുന്ന വലിയ മാനസിക പ്രശ്നം. ഈ രോഗാവസ്ഥയിലുള്ള വ്യക്തികള്‍ക്ക്, തങ്ങളുടെ പൂര്‍വ്വകാലത്തെ ആരോഗ്യവും, സ്വാഭാവികജീവിതവും നഷ്ടപ്പെട്ടു എന്നത് വലിയ ‘സ്വത്വ’ പ്രശ്നങ്ങള്‍ തന്നെ സൃഷ്ടിക്കുന്നു. വേദനമൂലം തങ്ങളുടെ സ്വത്വത്തെ നഷ്ടപ്പെട്ടുവെന്ന കടുത്ത നഷ്ടബോധം മിക്കവരിലും പ്രകടമാണ്.
വിദേശരാജ്യങ്ങളില്‍ ഫൈബ്രോമയാള്‍ജിയ രോഗംകൊണ്ട് വിഷമിക്കുന്നവരുടെ സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ഉണ്ട്. സമാന രോഗാവസ്ഥയുള്ളവരുടെ ചെറുസംഘങ്ങള്‍, വിദഗ്ധ സൈക്കോളജിസ്റ്റിനെ സഹായത്തോടെ ഇടയ്ക്കിടെ ഒത്തുകൂടും. ഇവിടെ, അവരവര്‍ക്ക് അനുയോജ്യമായ വേദനാ നിയന്ത്രണ രീതികള്‍ പരസ്പരം പങ്കുവയ്ക്കുന്നതും, പുനരധിവാസ രീതികള്‍ ചര്‍ച്ചചെയ്യുന്നതും, മാനസിക പിരിമുറക്കം കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍ നമ്മുടെ നാട്ടില്‍ ഇല്ല എന്നത് വലിയ കുറവു തന്നെയാണ്.
ഒരുപാടുപേരെ ദുരിതത്തിലാഴ്ത്തുന്ന, പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന രോഗാവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ. വിദഗ്ധ ഡോക്ടര്‍മാരും,വേദനാവിദഗ്ധനും, സൈക്കോളജിസ്റ്റും, ഫിസിയോതെറാപ്പിസ്റ്റും അടങ്ങുന്ന സംഘത്തിന്റെ സേവനം തന്നെ വേണം ഇതിനെ നിയന്ത്രണവിധേയമാക്കാന്‍.
രോഗിയുടെ കുടുംബാംഗങ്ങളുടെ ഭാഗത്തു നിന്ന് അനുഭാവപൂര്‍ണ്ണമായ സഹകരണമുണ്ടായാല്‍ മാത്രമേ നേരത്തെ രോഗനിര്‍ണയം നടത്താനും, അനുയോജ്യമായ ചികിത്സാരീതികളിലൂടെ രോഗം നിയന്ത്രിക്കാനും സാധിക്കൂ.