spot_img

മദ്യപാനം മൂലം തലച്ചോറിനുണ്ടാകുന്ന ദോഷങ്ങൾ

വെറുതെ ഒരു തമാശയ്ക്കായോ, കൂട്ടുകാർക്കൊപ്പം ചെറുതായോ ആരംഭിക്കുന്ന മദ്യപാന ശീലം കൈവിട്ട് പോകുന്ന കാഴ്ചയാണ് മലയാളികൾക്കിടയിൽ കണ്ടുവരുന്നത്. ചെറിയ രീതിയിൽ തുടങ്ങുന്ന മദ്യത്തിന്റെ അളവ് കാലങ്ങൾ കഴിയുംതോറും കൂടി മദ്യപാനാസക്തിയിലേക്ക് ആളുകളെ കൊണ്ടെത്തിക്കുന്നത് ഇന്നത്തെ സാധാരണ കാഴ്ചകളിൽ ഒന്നാണ്. സങ്കടവും മാനസിക സമ്മർദവും അധികമാകുമ്പോൾ ഒരു റിലാക്‌സിനായി മദ്യത്തെ ആശ്രയിക്കുന്നവരും ഇന്ന് കുറവല്ല. എന്തുതന്നെയായാലും അമിത മദ്യപാനം വരുത്തിവെക്കുന്ന വിപത്തുകൾ ചെറുതല്ല. മദ്യപാനികളിൽ മറവിയും, പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. കരളിനൊപ്പം തന്നെ തലച്ചോറിന്റെ പ്രവർത്തനത്തേയും മദ്യപാനം ബാധിക്കുന്നു. ബ്രെയിൻ ഡാമേജ്, ടിഷ്യൂ ഡാമേജ് തുടങ്ങി പലവിധ രോഗങ്ങൾക്കും ഇത് കാരണമാകുന്നു. അതിൽ പ്രധാനമാണ് തലച്ചോറിനെ ബാധിക്കുന്നവ. ന്യൂറോട്രാൻസ്മിഷൻ വഴിയാണ് തലച്ചോർ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് സന്ദേശങ്ങൾ കൈമാറുന്നത്. എന്നാൽ മദ്യം ഉള്ളിൽ ചെല്ലുന്നതോടെ ക്യത്യമായ രീതിയിൽ ന്യൂറോട്രാൻസ്മിഷൻ നടക്കാതെ വരുന്നു.

 

തുടക്കത്തിൽ ആനന്ദകരമായി തോന്നാം

ആദ്യം മദ്യപിക്കുന്ന ഒരാൾക്ക് അല്ലെങ്കിൽ മദ്യപാനം ചെറിയ രീതിയിൽ തുടങ്ങിയ ഒരാൾക്ക് മദ്യം കഴിക്കുമ്പോൾ വളരെ സന്തോഷവും സുഖവും തോന്നുന്നത് സാധാരണയാണ്. നിങ്ങളുടെ ശരീരത്തിൽ ഡോപമിന്റെ അളവ് ഉയരുന്നതാണ് ഇതിന് കാരണം.  ടെൻഷൻ, സ്‌ട്രെസ്, ദുഖം, കഷ്ടപ്പാടുകൾ എന്നിവ മറക്കാൻ ഇവ സഹായിക്കുന്നു. മദ്യപാനത്തിൽ ആശ്വാസം കണ്ടെത്തുന്നത് ഇക്കാരണത്താലാണ്. ഇത് പിന്നീട് മദ്യം ഒഴിവാക്കാനാവാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു.

 

തലച്ചോറിനെ ബാധിച്ച് തുടങ്ങുന്നു

ആദ്യ സ്‌റ്റേജിൽ ആനന്ദം തരുന്ന മദ്യം പിന്നീട് ശീലത്തിന്റെ ഭാഗമാകുന്നതോടെ തലച്ചോറിനെ ബാധിച്ചു തുടങ്ങുന്നു. അശ്രദ്ധ, ചെയ്യുന്ന കാര്യങ്ങളിൽ താമസം, മറവിപ്രശ്‌നങ്ങൾ, മൂഡ് ചെയ്ഞ്ച്, വികാരങ്ങളെ നിയന്ത്രിച്ച് നിർത്താനാവാത്ത അവസ്ഥ എന്നിവയെല്ലാം തലച്ചോറിനെ മദ്യം ബാധിച്ചു എന്നതിന്റെ തെളിവാണ്.

അമിത മദ്യപാനം കൊണ്ടുള്ള പ്രധാന ദൂഷ്യങ്ങൾ എന്താണെന്ന് കാണാം.

 

അവ്യക്തമായ സംസാരവും സംശയവും

തലച്ചോറിനേയും കേന്ദ്ര നാഡീവ്യൂഹത്തേയും മദ്യം പിടികൂടുന്നതോടെ മദ്യപാനിയുടെ മനോനില തകരാറിലാകുന്നു. എന്താണ് പറയുന്നതെന്ന് മറ്റുളളവർക്ക് മനസിലാകാത്ത തരത്തിലുള്ള അവ്യക്തമായ സംസാരം, എന്ത് ചെയ്യുന്നതിലുമുള്ള താമസക്കുറവ്, താൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പെട്ടെന്ന് മറന്നുപോകുക, പറഞ്ഞ കാര്യം തന്നെ വീണ്ടും പറയുക എന്നതെല്ലാം മദ്യം നിങ്ങളുടെ തലച്ചോറിനെ ബാധിച്ചതിന്റെ വ്യക്തമായ തെളിവുകളാണ്.

 

ചെയ്യുന്ന കാര്യങ്ങളിൽ താമസം

മദ്യം രക്തവുമായി കലരുന്നതും തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ കാരണമാകുന്നു. നിങ്ങളുടെ ചിന്തയേയും പ്രവർത്തിയെയും പതിയെയാക്കാനും പെട്ടെന്ന് തീരുമാനം എടുക്കാനുള്ള നിങ്ങളുടെ കഴിവിനെ നശിപ്പിക്കുകയും ചെയ്യുന്നു. മദ്യം കഴിയ്ക്കുമ്പോൾ ശരീരത്തിനുള്ളിലുണ്ടാകുന്ന വ്യത്യാസങ്ങൾ ശരീരത്തിന് പുറത്തും മദ്യപാനി കാണിക്കും. അതിനാലാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിനടക്കം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

 

തുടർച്ചയായി മറവിയുണ്ടാകുക

മദ്യപിക്കുന്ന ഒരാൾക്ക് മദ്യപാനത്തിന് മുന്നേയുള്ള കാര്യങ്ങൾ, അല്ലെങ്കിൽ മദ്യത്തിന്റെ ഹാങ്ഓവർ മാറുമ്പോൾ അതിന് മുന്നേ നടന്ന സംഭവങ്ങൾ പലതും ഓർമ്മയിൽ കണ്ടെന്നു വരില്ല. ഇത് പിന്നീട് താൽക്കാലിക മറവിക്കോ, മുഴുവൻ മറന്നുപോകുന്ന അവസ്ഥയിലോ കൊണ്ടെത്തിക്കും. വെറും വയറ്റിൽ അമിത അളവിൽ മദ്യപിക്കുന്നവർക്ക് ബോധം നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകാം. മൂന്ന് മണിക്കൂർ മുതൽ 3 ദിവസം വരെ ഇത്തരത്തിൽ ബോധം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ശരീരത്തിലെ രക്തത്തിൽ മദ്യത്തിന്റെ അളവ് 0.15 അളവ് ഉണ്ടായാൽ പോലും നിങ്ങളുടെ ഓർമ്മയെ അത് ചെറിയ രീതിയിൽ ബാധിച്ചേക്കാം.

 

മദ്യപാനാസാക്തി ഉണ്ടാകുന്നു

ദിനചര്യയിൽ മദ്യം ശീലമാക്കുന്നവരിൽ മദ്യാസക്തിയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പരിധിയിൽ അധികം അളവിൽ ദിവസവും മദ്യം കഴിക്കുന്നവർക്ക് മദ്യമില്ലാതെ മുന്നോട്ട് പോകാനാവില്ല എന്ന അവസ്ഥ എത്തും. നിങ്ങളുടെ തലച്ചോറിനെ തന്നെ മദ്യം കീഴ്‌പ്പെടുത്തും. മദ്യമില്ലാതെ ഒന്നും ചെയ്യാനാവില്ല എന്ന നിലയിലേക്ക് അല്ലെങ്കിൽ മദ്യത്തോടുള്ള ആസക്തിയിലേക്ക് ഇത്തരം ആളുകൾ എത്തിച്ചേരുന്നു.

 

തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുന്നു

മദ്യപാനം ശീലമാക്കിയ 80 ശതമാനം ആളുകളിലും തിയാമിന്റെ അളവ് കുറയുകയും വെർനിക് കോർസകോഫ് സിൻട്രോം എന്ന രോഗം തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കണ്ണുകളുടെ നാഡീഞരമ്പുകളെ ഇത് ബാധിക്കുന്നു. അതോടൊപ്പം തന്നെ പേശികളുടെ ബലം നഷ്ടപ്പെടുത്തുകയും മറവിരോഗം ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു.

സ്ഥിരമായി മദ്യപാനം ശീലമാക്കിയ ഒരാൾ പെട്ടെന്ന് അത് നിർത്തുമ്പോഴും തലച്ചോർ അസാധാരണമായി പ്രവർത്തിക്കും. പെട്ടെന്ന് ആ ശീലത്തിൽ നിന്ന് വിട്ടുപോരാനുള്ള ശരീരത്തിന്റെ വൈമനസ്യമാണ് ഇത്തരം ബുദ്ധിമുട്ടുകൾ. കാണാത്തത് പലതും കാണുന്നതായും, കേൾക്കാത്തത് കേൾക്കുന്നതായും, ആക്രമണ സ്വഭാവവും, ഇൻസോമാനിയ, സംശയം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. പരിമിതമായ അളവിൽ ഇടയ്ക്ക് മദ്യം കഴിയ്ക്കുന്നത് കുഴപ്പമില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ അമിതമായാൽ അത് വരുത്തിവെക്കുന്നത് വലിയ ദൂഷ്യങ്ങളാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.