spot_img

ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം; ഡിമെന്‍ഷ്യ അഥവാ മറവിരോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും

തലച്ചോറിലെ ന്യൂറോണുകള്‍ വളരെ സാവധാനം ദ്രവിച്ചു പോകുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ അഥവാ മറവിരോഗം. ഡിമെന്‍ഷ്യ ഇന്ന് വളരെ സാധാരണമാണ്. ഇന്ത്യയില്‍ ഏകദേശം പത്തുലക്ഷം പേര്‍ക്കും ലോകത്തില്‍ അഞ്ചുകോടി ആളുകള്‍ക്കും ഡിമെന്‍ഷ്യയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2050 ആകുമ്പോഴേക്കും ലോകത്ത് ഏകദേശം 10 കോടി ജനങ്ങള്‍ക്ക് മറവിരോഗം ബാധിച്ചിട്ടുണ്ടാകുമെന്നും ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രായമായവരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.

ഡിമെന്‍ഷ്യ പല തരത്തിലുണ്ട്. അതിലൊന്നാണ് അള്‍ഷിമേഴ്സ് ഡിമെന്‍ഷ്യ. തലച്ചോറിലെ ന്യൂറോണുകള്‍ മെല്ലെ ദ്രവിച്ചു പോകുന്നതിനെ തുടര്‍ന്നാണ് ഇതുണ്ടാകുന്നത്. ഓര്‍മ, ഭാഷ, ഓറിയന്റേഷന്‍ സ്‌കില്ലുകള്‍, സ്വഭാവം എന്നിവയെ ബാധിക്കുന്നവിധത്തിലാണ് ഇത് സംഭവിക്കുന്നത്. ഡിമെന്‍ഷ്യ മുഴുവനായും ഉണ്ടാകുന്നതിനു മുന്‍പത്തെ അവസ്ഥയെ മിനിമല്‍ കോഗ്‌നിറ്റീവ് ഡിക്ലൈന്‍ എന്നു പറയുന്നു. എഴുപത് വയസ് കഴിഞ്ഞ ആളുകളെ പരിശോധിച്ചാല്‍ അവരില്‍ 80 ശതമാനം ആളുകള്‍ക്കും മിനിമല്‍ കോഗ്‌നിറ്റീവ് ഡിക്ലൈന്‍ ഉണ്ടാകാം. 100 വയസ്സു കഴിഞ്ഞ 100 ശതമാനം ആളുകള്‍ക്കും മിനിമല്‍ കോഗ്‌നിറ്റീവ് ഡിക്ലൈന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഡിമെന്‍ഷ്യ വളരെ സാവധാനമാണ് വികസിക്കുന്നത്. വര്‍ഷങ്ങളെടുത്താണ് ന്യൂറോണുകള്‍ ദ്രവിക്കുന്നത്. പലരിലും ഓര്‍മ്മക്കുറവ്, ശ്രദ്ധയില്ലായ്മ എന്നീ ലക്ഷണങ്ങള്‍ നേരത്തേ അനുഭവപ്പെടാറുണ്ട്. അള്‍ഷിമേഴ്സ് ഡിമെന്‍ഷ്യയുടെ പ്രധാന ലക്ഷണം ഓര്‍മ്മക്കുറവ് തന്നെയാണ്. അടുത്തിടെ നടന്ന കാര്യങ്ങളാണ് ഇവര്‍ക്ക് ഓര്‍മ്മയില്ലാത്തത്. രാവിലെ കഴിച്ച ഭക്ഷണമോ ഇന്നലെ കണ്ട സിനിമയോ ഒന്നും അവര്‍ ഓര്‍ക്കണമെന്നില്ല. എന്നാല്‍ വളരെ പഴയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഓര്‍മ്മ ഉണ്ടാകുകയും ചെയ്യും. സ്‌കൂളില്‍ കൂടെ പഠിച്ച സഹപാഠികളെയോ പഴയ കാല സുഹൃത്തുക്കളെയോ അവര്‍ക്ക് തിരിച്ചറിയാനും ഓര്‍മ്മിച്ചെടുക്കാനും കഴിയും. എന്നാല്‍ അടുത്തിടെ അവരുടെ ജീവിതത്തിലേക്ക് വന്നവരെ മനസ്സിലാകുകയോ തിരിച്ചറിയുകയോ ചെയ്തെന്നുവരില്ല.

ഒരു കാര്യം പല തവണ ചോദിക്കുന്നത് ഇവരുടെ ലക്ഷണമാണ്. ഓരോ തവണ ഉത്തരം കേള്‍ക്കുമ്പോഴും ആദ്യമായി കേള്‍ക്കുന്ന കൗതുകത്തോടെ ശ്രദ്ധിക്കുകയും ചെയ്യും. പേരുകള്‍, വാക്കുകള്‍ എന്നിവ ഓര്‍ത്തുവെക്കാന്‍ കഴിയാതെ വരാറുണ്ട്. വളരെ അടുത്തറിയുന്നയാളുടെ പേര് പറയാനോ കൈയിലിരിക്കുന്ന പേനയെ പേന എന്നു പറയാനോ അവര്‍ക്ക് കഴിഞ്ഞെന്നുവരില്ല. മറ്റൊന്ന്, സ്ഥലങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിയാതെ വരുന്നതാണ്. ടോയ്ലറ്റില്‍ പോകുന്നതിനു പകരം ലിവിങ് റൂമിലേക്ക്, ബെഡ് റൂമില്‍ പോകേണ്ടതിന് കിച്ചണിലേക്കോ പോയെന്നുവരാം. ടൗണിലൊക്കെ പോയി തിരികെ വരാന്‍ വഴിയറിയാതെ അലഞ്ഞുനടക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

സ്വഭാവത്തിലും മാറ്റങ്ങളുണ്ടാകാറുണ്ട്. എല്ലാവരോടും സംസാരിക്കുകയും ഇടപെടുകയും ചെയ്തിരുന്നവര്‍ പെട്ടെന്ന് ഉള്‍വലിഞ്ഞ് അന്തര്‍മുഖരായെന്നു വരാം. വീട്ടിലുള്ളവരോടു പോലും സംസാരിക്കാതിരിക്കുകയും വീട്ടുകാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യാം. നേരേ തിരിച്ചും സംഭവിക്കാം. തീര്‍ത്തും അന്തര്‍മുഖരായവര്‍ പെട്ടെന്ന് എല്ലാവരോടും ഇടപെടുകയും സംസാരിക്കുകയും ചെയ്തെന്നും വരാം.

മറവിരോഗമുള്ളവര്‍ക്ക് ഉണ്ടാകുന്ന മറ്റൊരു പ്രയാസമാണ് സോഷ്യല്‍ ഡിസ് ഇന്‍ഹിബിഷന്‍. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നാം ചെയ്യാത്ത ചില കാര്യങ്ങളുണ്ട്. പൊതുവിടത്തില്‍ നിന്ന് വസ്ത്രം മാറുകയോ എല്ലാവരും കാണ്‍കെ മലവിസര്‍ജ്ജനം നടത്തുകയോ ഒന്നും നമ്മള്‍ ചെയ്യാറില്ല. തലച്ചോറിലെ ഫ്രോണ്ടല്ലോബ് ആണ് ഇതിനെ നിയന്ത്രിക്കുന്നത്. മറവിരോഗമുള്ളവരില്‍ ഈ പ്രവര്‍ത്തനം നടക്കാതെ വരുന്നതിനാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ മടി കാണിക്കുകയില്ല.

മറവിരോഗമുള്ളവര്‍ക്കുണ്ടാകുന്ന മറ്റൊരു ബുദ്ധിമുട്ടാണ് ഡെല്യൂഷനും ഹാലൂസിനേഷനും. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന തോന്നലും സംശയവുമാണ് ഇത്. അവിടിരുന്ന് ഒരാള്‍ സംസാരിക്കുന്നു, ഇവിടെ ആരൊക്കെയോ വന്നു പോകുന്നു, എന്റെ പണം തട്ടിയെടുക്കാന്‍ അയല്‍ക്കാരന്‍ ശ്രമിക്കുന്നു, ആരോ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു എന്നൊക്കെ ഇവര്‍ സംശയിക്കുകയും മറ്റുള്ളവരോട് പറയുകയും ചെയ്തേക്കാം. അങ്ങനെയൊരു കാര്യമേയില്ല എന്ന് മറ്റുള്ളവര്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അവരോട് ഇവര്‍ക്ക് ദേഷ്യമുണ്ടാകുകയും ചെയ്യും.

അള്‍ഷിമേഴ്സ് ഡിമെന്‍ഷ്യ പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാവുന്ന ഒന്നല്ല. എന്നാല്‍ ഡിമെന്‍ഷ്യയുടെ ചില ലക്ഷണങ്ങള്‍ മറ്റു രോഗങ്ങളുടേതാവാനുള്ള സാധ്യതയുണ്ട്. തൈറോയിഡ്, കരള്‍ – വൃക്ക രോഗങ്ങള്‍, തലച്ചോറിലുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ എന്നിവകൊണ്ടും ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാം. അതിനാല്‍ മറ്റു പ്രശ്നങ്ങളല്ല എന്നുറപ്പാക്കണം. കാരണം അവയില്‍ പലതിനും ചികിത്സയുണ്ട്. പല ലക്ഷണങ്ങളെയും ചികിത്സിച്ചു ഭേദമാക്കാനുള്ള സാധ്യത നഷ്ടമാക്കരുത്. അള്‍ഷിമേഴ്സ് ഡിമെന്‍ഷ്യയാണ് എന്നുറപ്പാക്കി കഴിഞ്ഞാല്‍ അവരെ പുനരധിവസിപ്പിക്കാനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. അതില്‍ പ്രധാനമാണ് കുടുംബാംഗങ്ങള്‍ക്കുള്ള കൗണ്‍സിലിങ്. മറവിരോഗമുള്ളവര്‍ എങ്ങനെയൊക്കെ പെരുമാറുമെന്നും അവരെ എപ്രകാരം കൈകാര്യം ചെയ്യണമെന്നും ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്തുകയാണ് പ്രധാനമായും ചെയ്യാനുള്ളത്. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്ന് രോഗമുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയില്ല.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.